sections
MORE

ടെന്നിസിൽ ‘ഒസാക വസന്തം’; യുഎസ് ഓപ്പണിനു പിന്നാലെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം

naomi-osaka-win
SHARE

മെൽബൺ∙ യുഎസ് ഓപ്പൺ കിരീട വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ ഓപ്പണിലും കിരീടം ചൂടി വനിതാ ടെന്നിസിൽ ജപ്പാൻ താരം നവോമി ഒസാകയുടെ അവതാരപ്പിറവി. വാശിയേറിയ കലാശപ്പോരിൽ ചെക്ക് റിപ്പബ്ലിക്കിന്റെ എട്ടാം സീഡ് താരം പെട്ര ക്വിറ്റോവയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കു വീഴ്ത്തിയാണ് നാലാം സീഡായ ഒസാകയുടെ തുടർച്ചയായ രണ്ടാം ഗ്രാൻസ്‌ലാം കിരീടനേട്ടം. ഒസാകയുടെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലും കന്നിക്കിരീടവുമാണിത്. സ്കോർ: 7-6(2) 5-7 6-4.

2001ൽ യുഎസ് താരം ജെന്നിഫർ കപ്രിയാറ്റിക്കുശേഷം കന്നി ഗ്രാൻസ്‌ലാം കിരീടം നേടി തൊട്ടടുത്ത ഗ്രാൻസ്‍ലാമിലും കിരീടം ചൂടുന്ന ആദ്യ താരമാണ് ഒസാക. ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലുമാണ് കപ്രിയാറ്റി കിരീടം ചൂടിയത്. അതേസമയം, ഈ കിരീടവിജയങ്ങൾക്കു മുൻപ് ഗ്രാൻസ്‌ലാം ടൂർണമെന്റുകളുടെ നാലാം റൗണ്ട് കടന്നിട്ടില്ലാത്ത താരമാണ് ഒസാക. യുഎസ് ഓപ്പൺ കിരീടം ചൂടുന്നതിനു മുൻപ് ഒസാക്ക നേടിയത് ഒരേയൊരു ഡബ്ല്യുടിഎ കിരീടം മാത്രമാണ് – ഇന്ത്യൻ വെൽസ് ഓപ്പൺ.

ഹെയ്തിക്കാരനായ ലിയൊനാർഡ് സാൻ ഫ്രാൻസ്വായുടെയും ജപ്പൻകാരി തമാകി ഒസാക്കയുടെയും മകളാണ് 1997 ഒക്ടോബർ 16നു ജനിച്ച നവോമി. സെറീന വില്യംസ് ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾക്ക് കാലിടറിയ ആവേശപ്പോരിലാണ് ഇക്കുറി ഒസാകയുടെ കിരീടനേട്ടം. ഫൈനൽ വിജയത്തോടെ വനിതാ റാങ്കിങ് പുതുക്കുമ്പോൾ ഒസാക ഒന്നാം സ്ഥാനത്തേക്ക് ഉയരും. ഫൈനലിൽ പരാജയപ്പെട്ട ക്വിറ്റോവ രണ്ടാം സ്ഥാനത്തെത്തും. 2016ൽ ചെക്ക് റിപ്പബ്ലിക്കിലെ വീട്ടിൽ ആക്രമണം നേരിടേണ്ടി വന്ന ക്വിറ്റോവയുടെ ‘രണ്ടാം കരിയറിലെ’ മികച്ച നേട്ടമാണ് ഈ രണ്ടാം സ്ഥാനം.

നേരത്തെ, വാശിയേറിയ സെമിപോരാട്ടത്തിൽ ഏഴാം സീഡായ കരോലിന പ്ലിസ്കോവയെ കീഴടക്കിയാണ് ഒസാക ഫൈനലിൽ കടന്നത്. 6–2, 4–6, 6–4 എന്ന സ്കോറിനായിരുന്നു ഒസാകയുടെ വിജയം. അതേസമയം, അമേരിക്കൻ അരങ്ങേറ്റ താരം ഡാനിയേല കോളിൻസിന്റെ പോരാട്ടവീര്യം അതിജീവിച്ചാണ് ക്വിറ്റോവ ഫൈനലിൽ എത്തിയത്. 7–6 (7/2), 6–0 എന്ന സ്കോറിനായിരുന്നു രണ്ടു തവണ വിംബിൾഡൻ കിരീടം ചൂടിയിട്ടുള്ള ക്വിറ്റോവയുടെ വിജയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA