ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വാവ്റിങ്കയെ വീഴ്ത്തി നദാലിന് ‘പെർഫെക്ട് ടെൻ’

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വാവ്റിങ്കയെ വീഴ്ത്തി പത്താം കിരീടം നേടിയ റാഫേൽ നദാലിന്റെ ആഹ്ലാദം.

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിൽ തോൽവിയേൽക്കാത്ത താരമെന്ന ബഹുമതിയോടെ റാഫേൽ നദാൽ പത്താം തവണയും റൊളാങ് ഗാരോസിൽ കപ്പുയർത്തി. ചരിത്രനേട്ടത്തിനു വെല്ലുവിളിയാകുമെന്നു കരുതിയ സ്വിസ് താരം സ്റ്റാൻവാവ്റിങ്കയെ ഫൈനലിൽ 6–2, 6–3, 6–1ന് അനായാസം മറികടന്നാണു നദാലിന്റെ സ്വപ്നസമാനമായ നേട്ടം. കളിച്ച ഗ്രാൻസ്‌ലാം ഫൈനലുകളിലെല്ലാം കിരീടം നേടിയ ചരിത്രമായിരുന്നു വാവ്റിങ്കയ്ക്ക്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇതുവരെ തോറ്റിട്ടില്ലാത്ത റെക്കോർഡായിരുന്നു നദാലിന്.

കളിമൺ കോർട്ടിൽ അസാധ്യമായ മികവിന്റെ റെക്കോർഡുള്ള നദാൽ ഫൈനലിൽ ലവലേശം പതറിയില്ല. ഇതോടെ നദാലിന്റെ ഗ്രാൻസ്‌ലാം കിരീടനേട്ടങ്ങൾ 15 ആയി. പീറ്റ് സംപ്രാസിനെക്കാൾ ഒരു കിരീടം കൂടുതൽ. 18 കിരീടമുള്ള റോജർ ഫെഡററിന് അരികെ. 2014ൽ ഫ്രഞ്ച് ഓപ്പൺ നേടിയശേഷം പരുക്കിന്റെ പിടിയിലായ നദാലിന്റെ ടെന്നിസ് കരിയർ അവസാനിച്ചുവെന്നുവരെ വിധിയെഴുതിയവരുണ്ട്. അവർക്കെല്ലാം ചുട്ടമറുപടി നൽകിയാണു രണ്ടുവർഷത്തിനുശേഷം റൊളാങ് ഗാരോസിലെ രാജാവിന്റെ മടങ്ങിവരവ്.

പത്താം തവണയും ഫ്രഞ്ച് ഓപ്പണിൽ വിജയിച്ച റാഫേൽ നദാൽ കിരീടവുമായി.

രണ്ടുമണിക്കൂറിനുള്ളിൽ നദാൽ ഫൈനൽ പൂർത്തിയാക്കി. കപ്പിലേക്കുള്ള യാത്രയിൽ നഷ്ടമായതു 35 ഗെയിമുകൾ മാത്രം. എതിരാളിക്കു കളിയിൽ ഇടം നൽകാതെയുള്ള മുന്നേറ്റമാണു നദാൽ നടത്തിയത്. പ്രഫഷനൽ ടെന്നിസ് കാലഘട്ടത്തിൽ ഒരു ഗ്രാൻസ്‌ലാം പത്തുതവണ നേടുന്ന ആദ്യ താരമായി നദാൽ. 1978ൽ ബ്യോൺബോർഗ് 32 ഗെയിമുകൾ മാത്രം നഷ്ടപ്പെടുത്തി ഫ്രഞ്ച് ഓപ്പൺ നേടിയതിനുശേഷം കളിയിൽ പൂർണാധിപത്യത്തോടെയുള്ള മറ്റൊരു വിജയഗാഥയായി നദാലിന്റേത്. ഫ്രഞ്ച് ഓപ്പണിൽ 81 കളികളിൽ 79 എണ്ണവും ജയിച്ചുവെന്ന അപൂർവ റെക്കോർഡും നദാലിനൊപ്പമെത്തി. മുപ്പത്തിരണ്ടുകാരനായ വാവ്റിങ്ക സെമിയിൽ ലോക ഒന്നാം നമ്പർ താരം ആൻഡിമറെയെയാണു തോൽപിച്ചത്. ഇവിടെ ജയിച്ചിരുന്നുവെങ്കിൽ 1972നു ശേഷം കപ്പുയർത്തുന്ന പ്രായമേറിയ താരം എന്ന ബഹുമതി ലഭിച്ചേനേ.

ഒരു തവണ ഓസ്ട്രേലിയൻ ഓപ്പണും രണ്ടു തവണ യുഎസ് ഓപ്പണും രണ്ടു തവണ വിമ്പിൾഡനും നദാൽ നേടിയിട്ടുണ്ട്. ക്ലേ കോർട്ടിൽ നദാലിന്റെ 53 ാം കിരീടനേട്ടമാണിത്. അർജന്റീനയുടെ ഗ്വില്ലർമോ വാസിനേക്കാൾ നാലെണ്ണം കൂടുതൽ. കാർലോസ് മോയയും നദാലിന്റെ അമ്മാവൻ ടോണി നദാലുമായിരുന്നു റാഫേലിന്റെ ആദ്യകാല പരിശീലകർ. 2011 ൽ യുഎസ് ഓപ്പൺ നേടിയപ്പോൾ നാലു ഗ്രാൻസ്ലാമുകളും നേടുന്ന ലോകത്തിലെ ഏഴാമത്തെ കളിക്കാരനായി നദാൽ മാറിയിരുന്നു.