നൊവാക് ജോക്കോവിച്ച്: ചരിത്രമാകുന്ന വീഴ്ചകൾ

2016ലെ ഫ്രഞ്ച് ഓപ്പൺ വരെ നല്ലകാലമായിരുന്ന ജോക്കോവിച്ചിന്. ഫൈനലിൽ ആൻഡി മറെയെ കീഴടക്കിയതു ചരിത്രമായി. 1969ൽ ഓസ്ട്രേലിയൻ താരം റോഡ് ലാവെർ നാലു ഗ്രാൻസ്‌ലാം കിരീടങ്ങൾ തുടർച്ചയായി നേടിയ ശേഷം അതാവർത്തിക്കുന്ന ആദ്യയാൾ ജോക്കോവിച്ചായിരുന്നു. പക്ഷേ, പിന്നീടങ്ങോട്ട് സെർബിയക്കാരൻ ജോക്കോവിച്ചിനു കളത്തിൽനിന്നു കിട്ടിയതെല്ലാം തിരിച്ചടികൾ. 12 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന കൊടുമുടിയിൽനിന്നുള്ള വീഴ്ചകൾ. 

 വീണു, വിമ്പിൾഡനിൽ

കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാൻസ്‌ലാം കിരീടങ്ങളുമെന്ന സ്വപ്നവുമായി 2016 വിമ്പിൻഡനെത്തിയെ ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ യുഎസ് താരം സാം ക്വെറിയോടു തോറ്റു പുറത്ത്. ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ ക്വാർട്ടറിലെത്താതെ പുറത്താകുന്നത് 2009നു ശേഷം ആദ്യം. 

 റിയോ നിരാശ

റിയോ ഒളിംപിക്സിൽ അർജന്റീനക്കാരൻ യുവാൻ മാർട്ടിൻ ഡെൽ പോട്രോയോടു തോറ്റ് ആദ്യറൗണ്ടിൽത്തന്നെ പുറത്ത്. കരിയറിലെ ഏറ്റവും വലിയ തോൽവിയെന്ന് ജോക്കോവിച്ച്. 

 വാവ്റിങ്ക വീഴ്ത്തി

ഒരു വാക്കോവറും രണ്ട് എതിരാളികൾ റിട്ടയേഡ് ഹർട് പ്രഖ്യാപിച്ചതും വഴി യുഎസ് ഓപ്പൺ ഫൈനൽ വരെ ജോക്കോവിച്ച് ഓടിയെത്തി. നിലവിലെ ചാംപ്യനെ പക്ഷേ അവിടെ സ്വിസ് താരം വാവ്റിങ്ക നാലു സെറ്റു നീണ്ട പോരാട്ടത്തിൽ വീഴ്ത്തി. 

 ഒന്നാം സ്ഥാന നഷ്ടം

രണ്ടു വർഷത്തിലേറെ ഒന്നാം റാങ്ക് നിലനിർത്തിയ ജോക്കോവിച്ചിന് ആദ്യഭീഷണി. ഷാങ്ഹായ് ചാംപ്യൻഷിപ്പ് സെമിയിൽ റോബർട്ടോ ബൗട്ടിസ്റ്റ ഓഗട്ടിനോടു സെമിയിൽ തോറ്റു. പാരിസിൽ ക്വാർട്ടറിൽ മരിൻ സിലിച്ചിനു മുന്നിലും കീഴടക്കി. ബ്രിട്ടീഷുകാരൻ ആൻഡി മറെ ഒന്നാം സ്ഥാനത്ത്. 

 ബെക്കർ ഔട്ട്

പരിശീലകൻ ബോറിസ് ബെക്കറുമായി പിരിഞ്ഞു. മുൻ ഗ്രാൻസ്‌ലാം കിരീടജേതാവായ ബെക്കറുടെ കീഴിൽ മൂന്നുവർഷം ജോക്കോവിച്ച് പരിശീലിച്ചു. 12 ഗ്രാൻസ്‌ലാം നേട്ടങ്ങളിൽ ആറും നേടിയത് ബെക്കർക്കൊപ്പമായിരുന്നു. 

 ഓസ്ട്രേലിയൻ വീഴ്ച 

ഏഴു വർഷം ആധിപത്യം പുലർത്തിയ ഓസ്ട്രേലിയൻ ഓപ്പൺ കളത്തിൽ രണ്ടാം റൗണ്ടിൽ ജോക്കോവിച്ച് വീണു. ഉസ്ബെക്കിസ്ഥാൻ താരം ഡെനിസ് ഇസ്തോമിനോടാണു തോറ്റത്. 2008നു ശേഷം ഇത്ര പെട്ടെന്നു ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പിൽനിന്നു പുറത്താകുന്നതാദ്യം. 

 കോച്ചിങ് സ്റ്റാഫ് ഔട്ട് 

ദീർഘകാലം ജോക്കോവിച്ചിന്റെ മാർഗനിർദേശകനായിരുന്ന മരിയൻ വാഡ ഉൾപ്പെടെ കോച്ചിങ് സ്റ്റാഫിലെ സകലരുമായും പിരിഞ്ഞു. പഴയ കളി കൈമോശം വന്നെന്നും ഇനി ഒറ്റയ്ക്കുശ്രമിക്കുമെന്നും ജോക്കോവിച്ചിന്റെ വിശദീകരണം. 

 വീണ്ടും ഫ്രഞ്ച് ഓപ്പൺ 

ആന്ദ്രേ ആഗസിയെ പരിശീലകനായി നിയമിച്ചു. പക്ഷേ, ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഡൊമിനിക് തിയമിനോടു തോൽവി; അതും മൂന്നാം സെറ്റിൽ 6–0ന്. സെർബിയൻ ആരാധകരുടെ രോഷപ്രകടനത്തിനും ഗാലറികൾ വേദിയായി. 

വിമ്പിൾഡൻ വീഴ്ച 

ഈസ്റ്റ്ബോൺ ഗ്രാസ്കോർട്ട് കിരീടം നേടി തിരിച്ചുവരവ്. പക്ഷേ, വിമ്പിൾഡൻ ക്വാർട്ടർ ഫൈനൽ കളിക്കുന്നതിനിടെ കാൽമുട്ടിനു പരുക്കേറ്റ് പുറത്ത്. 

റാങ്കിങ് വീഴ്ച 

റാങ്കിങ്ങിൽ ജോക്കോവിച്ച് നാലാമത്. 2009നു ശേഷമുള്ള ഏറ്റവും താഴ്ന്ന റാങ്കിങ്. ഈ സീസണിൽ ഇനി കളിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ വീണ്ടും താഴേയ്ക്കു പോകാൻ സാധ്യത.