പരുക്കേറ്റു നദാൽ പിന്മാറി

പരുക്കേറ്റു മൽസരത്തിൽ നിന്നു പിന്മ‍ാറിയ നദാൽ മടങ്ങുന്നു.

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിൽ താരവീഴ്ച തുടരുന്നു. മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു പിന്നാലെ നിലവിലെ ഒന്നാം നമ്പർ താരം റാഫേൽ നദാലും പുറത്തേക്കുള്ള വഴി കണ്ടു. ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെതിരെ ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ തോളിനേറ്റ പരുക്കിനെത്തുടർന്ന് നദാൽ മൽസരത്തിൽനിന്നു പിൻമാറുകയായിരുന്നു.

മൽസരം അഞ്ചാം സെറ്റിലെത്തി നിൽക്കെയായിരുന്നു നദാലിന്റെ വിടവാങ്ങൽ (6–3, 3–6, 7–6, 2–6, 0–2). മൂന്നാം സീഡ് ഗ്രിഗർ ദിമിത്രോവിനെ ബ്രിട്ടന്റെ കൈൽ എഡ്മണ്ടും വീഴ്ത്തിയതോടെ സെമിഫൈനലിൽ സിലിച്ച്–എഡ്മണ്ട് പോരാട്ടത്തിനു കളമൊരുങ്ങി. വനിതാ വിഭാഗത്തിൽ ലോക നാലാം നമ്പർ താരം എലിന സ്വിറ്റോലിനയും അട്ടിമറിക്കാറ്റിൽ വീണു. ബൽജിയൻ താരം എലിസെ മെർട്ടൻസാണ് സ്വിറ്റോലിനയെ വീഴ്ത്തിയത് (6–4, 6–0).

നാലാം സെറ്റിൽ 1–4നു പിന്നിൽ നിൽക്കെ വലതു കൈയ്ക്കു മുകളിൽ കടുത്ത വേദന അനുഭവപ്പെട്ട നദാൽ വൈദ്യസഹായം തേടി. സെറ്റിനു ശേഷവും വേദനയിൽനിന്നു മുക്തനായിട്ടില്ല എന്നു വ്യക്തമായതോടെ നദാലിന്റെ വിധി ഉറപ്പായി. ദിമിത്രോവിനെതിരെ ആധികാരികമായി ജയിച്ചാണ് കൈൽ എഡ്മണ്ട് ഓപ്പൺ യുഗത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിലെത്തുന്ന നാലാമത്തെ ബ്രിട്ടിഷ് താരമായത് (6–4, 3–6, 6–3, 6–4).

വനിതാ വിഭാഗത്തിൽ സ്വിറ്റോലിനയെ നിഷ്പ്രഭയാക്കുന്ന പ്രകടനമാണ് മെർട്ടെൻസ് പുറത്തെടുത്തത്. ഈ മാസം ഹൊബാർട്ട് ഓപ്പൺ ജയിച്ച ശേഷം പത്തു കളികൾ തോൽവിയറിയാതെ മുന്നേറിയ മെർട്ടെൻസ് ഓസ്ട്രേലിയൻ ഓപ്പൺ അരങ്ങേറ്റത്തിൽ തന്നെ സെമിയിലെത്തുകയും ചെയ്തു.