ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ നദാലിന് പതിനൊന്നാം മുത്തം

കിരീടവുമായി നദാൽ.

പാരിസ്∙ കളിമൺ പ്രതലത്തിലെ രാജകുമാരൻ താൻതന്നെയെന്നു വീണ്ടും തെളിയിച്ചു റഫാൽ നദാൽ. കലാശക്കളിയിൽ അട്ടിമറി പ്രതീക്ഷകളുമായി എത്തിയ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പതിനൊന്നാം വട്ടവും ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ നദാൽ മുത്തമിട്ടത്. സ്കോർ 6–4,6–3,6–2. 

രണ്ടു മണിക്കൂർ 42 മിനുറ്റ് നീണ്ട പോരാട്ടത്തിലെ ആദ്യ സെറ്റിൽ തീം പൊരുതിനോക്കിയെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളിലും നദാലിന്റെ മികവിന് അടുത്തെങ്ങും എത്താൻ തീമിന് ആയില്ല. ടൂർണമെന്റിൽ ഉടനീളം മികച്ച സെർവുകൾ പുറത്തെടുത്തിരുന്ന തീമിന് ഫൈനലിൽ സെർവിലെ മികവു പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ആദ്യ സെറ്റിൽത്തന്നെ നദാൽ തീമിനെ ബ്രേക്ക് ചെയ്തു.

തൊട്ടടുത്ത ഗെയ്മിൽ നദാലിനെ ബ്രേക്ക് ചെയ്ത് തീമും തിരിച്ചടിച്ചു. പക്ഷേ, രണ്ടാം വട്ടവും തീമിനെ ബ്രേക്ക് ചെയ്ത നദാൽ 6–4ന് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ നദാൽ 3–0 നു മുന്നിലെത്തിയതോടെ അസ്വസ്ഥനായ തീമിന് പിന്നീടു മികവിലേക്ക് ഉയരാൻ കഴിഞ്ഞതുമില്ല. കിരീടനേട്ടത്തോടെ ലോക ഒന്നാം നമ്പർ സ്ഥാനം ഉറപ്പിക്കാനും നദാലാനായി. ഇതുവരെ 17 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള നദാലിനു മുൻപിൽ 20 കിരീടങ്ങൾ നേടിയ റോജർ ഫെഡറർ മാത്രമാണുള്ളത്.