പാരിസ് ഓപ്പൺ: സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടിൽ

പാരിസ്∙ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൻ രണ്ടാം റൗണ്ടിലെത്തി. എന്നാൽ മറ്റൊരു ഇന്ത്യൻ താരം സമീർ വർമ ആദ്യ റൗണ്ടിൽ പുറത്തായി. കഴിഞ്ഞ ദിവസം ഡെന്മാർക്ക് ഓപ്പണിൽ റണ്ണർ അപ് ആയ സൈന ജപ്പാന്റെ സയേന കാവകാമിയെ 21–11, 21–11ന് അനായാസം മറികടന്നു.

നിലവിലുള്ള ചാംപ്യനായ ശ്രീകാന്ത് ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിൻസെന്റിനെ 21–19, 21–13ന് തകർത്തു. ലോക പത്താം നമ്പർ സൈന അടുത്ത റൗണ്ടിൽ 2017 ലോക ചാംപ്യൻ ജപ്പാന്റെ നോസോമി ഒകുഹാരയെയോ സ്പെയിൻ താരം ബിയാട്രിസ് കോറൽസിനെയോ നേരിടും. അഞ്ചാം സീഡ് ശ്രീകാന്തിന് കൊറിയയുടെ ലീ ഡോങ് ക്യൂൻ ആണ് എതിരാളി. ഏഷ്യൻ ഗെയിംസ് ചാംപ്യനോടാണു സമീർ വർമ പരാജയപ്പെട്ടത്. ഇന്തൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റി 16–21, 21–17, 21–15ന് സമീറിനെ തോൽപിച്ചു.