കാശുണ്ടെങ്കിൽ ലോകകപ്പിൽ കേറിപ്പറ്റാമോ!

ലോകകപ്പിൽ കളിക്കുന്ന ടീമുകളിലൊരു വിഭാഗം സാമ്പത്തികമായി വലിയ നിലയിലുള്ള വികസിത രാജ്യങ്ങളാണ്. അപ്പോൾ ഫുട്ബോളിൽ വൻശക്തിയാവാൻ വേണ്ടതു സാമ്പത്തിക നിലയാണോ? 

എമ്പാടും സ്റ്റേഡിയങ്ങൾ, സ്കൂളുകളിൽ ഫുട്ബോൾ ഗ്രൗണ്ടുകൾ, വമ്പൻ ഫുട്ബോൾ ക്ലബ്ബുകൾ, താരങ്ങളായ കോച്ചുകൾ, കുട്ടികളേയും കൊണ്ട് വിദേശരാജ്യങ്ങളിൽ ഫുട്ബോൾ കളിക്കാൻ കറക്കം, ശതകോടികളുടെ കിലുക്കം...  ഇതൊക്കെയുണ്ടെങ്കിലേ ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടാൻ പോലും കഴിയൂ എന്നാണോ?

സാമ്പത്തികനിലയും സ്പോർട്സിൽ പങ്കെടുക്കലും തമ്മിൽ ബന്ധമുണ്ടെന്നുള്ളതൊരു വസ്തുതയാണ്. നിങ്ങളുടെ ചുറ്റുമൊന്നു നോക്കിയേ. ക്ലബ്ബുകളിലും ഇൻഡോർ സ്റ്റേഡിയങ്ങളിലും പോയി ബാഡ്മിന്റനും ടെന്നിസും ക്രിക്കറ്റും കളിക്കുന്നവർ പാവങ്ങളല്ലല്ലോ. മിഡിൽ ക്ലാസ് മുതൽ മുകളിലേക്കുള്ളവരാണു ഭൂരിപക്ഷവും. രാവിലെ നടക്കാനിറങ്ങുന്നവർ പോലും സാമ്പത്തികമായി ഭേദപ്പെട്ട സ്ഥിതിവഴിയിലുള്ളവരാണ്. അവരാണ് ആരോഗ്യം നോക്കുന്നവരും, അതിനായി അധ്വാനിക്കുന്നവരും. ജിമ്മിൽ പോകണമെങ്കിൽ ഫീസ് കൊടുക്കാനുള്ള പാങ്ങ് വേണം. ഒരു കുട്ടിക്കു ദൂരെയുള്ള സ്റ്റേഡിയത്തിൽ പോയി പ്രാക്ടീസ് ചെയ്യണമെങ്കിൽ അതിലേറെ ചെലവ്. ബസ്കൂലി പോലും പ്രശ്നമാണെങ്കിൽ പോകാനൊക്കില്ല. പിന്നെ ജേഴ്സി, ഷോർട്സ്, ഷൂസ്, പോഷകഭക്ഷണം... എല്ലാറ്റിനും വേണം പണം.

അങ്ങനെ ആലോചിച്ചാൽ ലോകകപ്പിൽ കളിക്കാൻ ഇന്ത്യ ഇനിയും സാമ്പത്തികമായി വളരണമെന്നും ദാരിദ്ര്യം തുടച്ചു നീക്കണമെന്നും തോന്നും. പക്ഷേ, സാമ്പത്തികമായി ഒന്നും പറയാനില്ലാത്ത ആഫ്രിക്കൻ–ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഷൈൻ ചെയ്യുന്നതോ? വെറും 34 ലക്ഷം ജനം മാത്രമുള്ള യുറഗ്വ‌ായ്ക്കാകാമെങ്കിൽ പിന്നെ ഇന്ത്യയ്ക്കെന്തുകൊണ്ട് ആയിക്കൂടാ? സുവാരസും കവാനിയും പോലുള്ള അവരുടെ താരങ്ങൾ തെരുവുകളിൽ കളിച്ചു തെളിഞ്ഞവരാണ്.

ഇവിടെ 130 കോടി ജനം  ഉണ്ടായിട്ട് ലോകകപ്പ് കളിക്കാൻ ക്വാളിഫൈ ചെയ്യാൻ പോലും കഴിയുന്നില്ലെന്നോർത്തു നമ്മൾക്കു വൈക്ലബ്യം വേണ്ട. നമ്മേക്കാളും എത്രയോ വളർന്ന ചൈന ശ്രമിച്ചിട്ടു നടന്നില്ല. 

യുദ്ധം മൂലം നാറാണക്കല്ലായി മാറിയ സിറിയയോട് യോഗ്യതാ റൗണ്ടിൽ തോറ്റു, നാണക്കേടായി. ഇന്ത്യയേക്കാൾ സാമ്പത്തികമായി വളർന്ന മറ്റനേകം രാജ്യങ്ങൾക്കും കഴിയുന്നില്ല.

ഈ വിഷയം സാമ്പത്തികമായി അവലോകനം ചെയ്തു നോക്കിയിട്ടുണ്ട് ഇക്കണോമിസ്റ്റ് വാരിക. പണച്ചാക്കുമായി ഇതിനു ബന്ധം വേണമെന്നില്ലെന്നാണ് അവരുടെ നിഗമനം. എന്നാൽ തീരെ പണമില്ലാതെയും നടക്കില്ല. അതിന്റെ ലൈൻ മനസിലാക്കണം.

നാലു കാര്യങ്ങളുണ്ടത്രെ. 1. ടാലന്റുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കണം. 2. കൗമാരമാകുമ്പോൾ അവർ വഴുതിപ്പോകാതെ നോക്കണം. എൻജിനീയറിങ്, മെ‍ഡിസിൻ എന്നും പറഞ്ഞു മാറരുത്. 3. ഫുട്ബോളിന്റെ ആഗോള ശൃംഖലയെ ഉപയോഗപ്പെടുത്തണം. ഉദാ. പുറത്തു നിന്നുള്ള  കോച്ചുകൾ. 4. ടൂർണമെന്റുകൾക്കായി ശരിക്കു പരിശീലനം നടത്തുകയും വേണം.

ചെറു പ്രായത്തിൽ തന്നെ കളി തുടങ്ങി തെരുവിൽ പരിശീലനം നടത്തുന്നതു പ്രയോജനം ചെയ്യുന്നുണ്ട്. കോച്ചിന്റെ കീഴിൽ ചിട്ടയോടെ പഠിച്ചു തുടങ്ങും മുൻപു നൂറു കണക്കിനു മണിക്കൂറുകൾ പയറ്റി തെളിയണം. സ്ട്രീറ്റ് സ്മാർട് ആയിട്ടു വരുന്നവനെ ബാക്കി വിദ്യകൾ കൂടി പഠിപ്പിച്ചാൽ മതി. സമ്പന്ന രാജ്യങ്ങളുടെ പ്രശ്നമാണിത്. അവിടെങ്ങും തെരുവിലെ കളിയില്ല. സ്വർണക്കൂട്ടിലെ ബ്രോയിലർ കോഴികളായി വളരും. നാടൻ പിള്ളാര് അപ്പോഴേക്കും ജഗജില്ലികളായി മാറിയിരിക്കും. റോഡിൽ കളിക്കാതെ അക്കാദമികളിൽ മാത്രം പഠിച്ചവരും വൻ താരങ്ങളിലുണ്ട്.

വ്യക്തമായിട്ടൊന്നും പറയാനില്ല, പക്ഷേ, ഫുട്ബോൾ ഭ്രാന്ത് വേണം. നമ്മൾ ക്രിക്കറ്റ് ഭ്രാന്തുമായി നടന്നാൽ ഫുട്ബോളിൽ രക്ഷപ്പെടണമെന്നില്ല.

ഒടുവിലാൻ ∙ 2050ൽ ഫുട്ബോൾ സൂപ്പർപവർ ആവണമെന്ന് ചൈനീസ് പ്രസിഡന്റ് തീരുമാനിച്ചിരിക്കുകയാണത്രെ. 2025ൽ ആകുമ്പോഴേക്കും അരലക്ഷം ചൈനീസ് സ്കൂളുകളിൽ ഫുട്ബോൾ കോച്ചിങ്. എത്ര കോടി വേണമെങ്കിലും ചെലവാക്കാം കപ്പടിക്കണം. മുൻ ഫുട്ബോളറായ ഹംഗറിയുടെ പ്രധാനമന്ത്രി ഇക്കുറി കോടികൾ ചെലവിട്ടു നോക്കിയതാണ്, പച്ച തൊട്ടില്ലെന്നു മാത്രം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam