Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിലും ഡ്യൂപ്ലിക്കേറ്റ് വിൽ‍പന തകർക്കും; ഓണ്‍ലൈൻ പ്രേമികൾ സൂക്ഷിക്കുക

പി. കിഷോർ
duplicate-product-sale-increase-in-online-shopping

എൺപതുകളിൽ സാധാരണക്കാർക്കു 2 ഷോപ്പിങ് സ്വപ്നങ്ങളുണ്ടായിരുന്നു. ഇന്നു കേൾക്കുന്നവർക്ക് അദ്ഭുതം തോന്നാം– പുത്തൻ ബജാജ് ചേതക് സ്കൂട്ടറും സ്വർണ റോളക്സ് അല്ലെങ്കിൽ റാഡോ വാച്ചും!  ഗൾഫുകാരാണ് ഇമ്മാതിരി വാച്ചുകൾ ഇറക്കി നാട്ടുകാരിൽ അസൂയയുണ്ടാക്കിയത്. സ്കൂട്ടറിനും വാച്ചിനും വില സുമാർ 15,000 രൂപ. എന്നുവച്ചാൽ 30,000 രൂപയുണ്ടെങ്കിൽ സ്വപ്നം രണ്ടും സാധിക്കാം.

ബജാജ് സ്കൂട്ടർ കാലഗതി പ്രാപിച്ചു. പക്ഷേ എങ്ങനെയോ മേൽപറഞ്ഞ വാച്ചുകളോടുള്ള പ്രേമം ഇപ്പോഴും തുടരുന്നു. ഇതേ വാച്ചുകൾ ഇപ്പോൾ ഓൺലൈനായി വിൽക്കാൻ പരസ്യം വരും. വില 80%–90% കുറച്ചിട്ടുണ്ടു പോൽ. ഏതാണ്ട് 12,000–20,000 റേഞ്ചിൽ കിട്ടുമെന്ന പരസ്യം കണ്ടു പലരും വാങ്ങും. ഒരു കൊല്ലത്തിനകം വാച്ച് കേടാകും. ഡ്യൂപ്ലിക്കറ്റുമായി സർവീസ് സെന്ററിൽ കൊണ്ടുചെന്നിട്ടൊന്നും കാര്യമില്ല. 

എൺപതുകളിലും വിദേശവാച്ചുകൾക്ക് ഡ്യൂപ്ലിക്കറ്റുകളുണ്ടായിരുന്നു. ഒറിജിനലിനെ വെല്ലുന്ന സാധനം 500 രൂപയ്ക്കു കിട്ടും!

മൊട്ട വാച്ച് എന്നറിയപ്പെടുന്ന റാഡോ സ്വർണ വാച്ചിന് 55,000–60,000 രൂപയാണു യഥാർഥ വില. റോളക്സിന് മൂന്നു ലക്ഷത്തിലേറെ വില. 15 ലക്ഷത്തിലേറെ വിലയുള്ള വാച്ചുകൾക്കും എംആർപി ഒരു ലക്ഷമെന്നു കാണിച്ച് അതിൻമേൽ 80% ഡിസ്ക്കൗണ്ട് എന്നു പറഞ്ഞുപറ്റിച്ച് 20,000 രൂപയ്ക്കു വിൽക്കുന്നു. സാധനം കേടാകുമ്പോൾ കാശു പോയതു മിച്ചം. സമയം അറിയണമെന്നില്ലെങ്കിൽ വെറുതെ കെട്ടിക്കൊണ്ടു നടക്കാം. 

കടകളിൽ നിന്ന് (ഓഫ്‌ലൈൻ എന്നേ പറയൂ) ഷോപ്പിങ് ഓൺലൈനിലേക്കു മാറിയപ്പോൾ തുടങ്ങിയ ഇത്തരം തട്ടിപ്പുകളുടെ പൂരം പുതുവർഷത്തിലും പുഷ്ക്കലമാവുമെന്നാണു ഷോപ്പിങ് വിദഗ്ധർ പറയുന്നത്. വിദേശ ബ്രാൻഡിന്റെ ടീഷർട്ട് കുറഞ്ഞ വിലയ്ക്ക് ഓൺലൈനിൽ കാണുമ്പോൾ ഓർഡർ ചെയ്യും. ഡ്യൂപ്ലിക്കറ്റായിരിക്കും കിട്ടും. ലോകോത്തര ബ്രാൻഡ് ഹാൻഡ്ബാഗുകൾ 2 ലക്ഷം രൂപയുടേത് 5,000 രൂപയ്ക്കും ബെൽറ്റ് 40,000 രൂപയുടേത് 4,000രൂപയ്ക്കും 60,000 രൂപയുടെ ഷൂസ് 4,000–5,000 രൂപയ്ക്കും കിട്ടും. 

ജനം ഇമ്മാതിരി ബ്രാൻഡുകളുടെ പേരുകൾ പഠിച്ചിരിക്കുന്നു. അതുപയോഗിക്കുന്നതാണു പൊണ്ണക്കാര്യം എന്നു വിചാരിക്കുന്നു. ഡേവിഡോഫിന്റെ കൂൾ വാട്ടർ പെർഫ്യൂം 8,000 രൂപ വിലയുള്ളത് 1,500 രൂപയ്ക്കു കിട്ടുമെന്നുകേട്ട് ചാടി വീഴും. മോബ്ളായുടെ പേന 20,000 രൂപയ്ക്കു മേലാണു വില. പക്ഷേ വ്യാജ ഓൺലൈൻ സൈറ്റുകളിൽ 2,500–3,000 രൂപ. 

വസ്ത്രങ്ങളിലാണു കബളിപ്പിക്കൽ അതിലേറെ. ട്രൂ റിലിജൻ ബ്രാൻഡ് ജീൻസ് 35,000–40,000 രൂപ വിലയുള്ളത് 5000 രൂപയ്ക്കു ചൈനക്കാർ വിൽക്കുന്നു. ഡീസൽ ബ്രാൻഡ് പാന്റ്സ് ഇട്ടാലേ നടക്കാൻ പറ്റൂ? വില 30,000 രൂപയിലേറെ, പത്തിലൊന്നു തുകയ്ക്ക് ഡ്യൂപ്ലിക്കറ്റുണ്ട്. 

ബ്രാൻഡ് മൂല്യം നിലനിർത്താനായി ഇത്തരം വൻകിട ബ്രാൻഡുകളൊന്നും പരിധിയിൽ കവിഞ്ഞ് ഡിസ്ക്കൗണ്ട് കൊടുക്കാറില്ല. എന്തിനാ വെറും പൊങ്ങച്ചത്തിന്റെ പേരിൽ പറ്റിക്കപ്പെടാൻനിന്നു കൊടുക്കുന്നതെന്ന് കാശുമുടക്കുന്നവരാണ് ആലോചിക്കേണ്ടത്.

ഒടുവിലാൻ∙ ഓൺലൈനിൽ സൗന്ദര്യ സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക. ഡ്യൂപ്ലിക്കറ്റ് വാച്ച് പോലല്ലിത്. നിലവാരം കുറഞ്ഞ ലിപ്സ്റ്റിക്കും ക്രീമും മറ്റും വാങ്ങിത്തേച്ചതു പാണ്ടായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.