Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിൽ മുടക്കിയാലുള്ള അനുഭവങ്ങൾ

പി.കിഷോർ
investments-column-by-p-kishore

അതിവിശാലമായ കായൽത്തീരത്ത് റിസോർട്ട് സ്ഥാപിക്കുമ്പോൾ എന്തൊക്കെ ലോക്കൽ കുത്തിത്തിരിപ്പുകളാണുണ്ടാവുക എന്ന കാര്യം ആലോചിച്ചതേയില്ല. കേരളത്തിൽ അതുവരെ ഇല്ലാതിരുന്ന രാജ്യാന്തര ഹോട്ടൽ മാനേജ്മെന്റ് ബ്രാൻഡിനെത്തന്നെ റിസോർട്ട് ഏൽപ്പിച്ചു. സഞ്ചാരികളും രാജ്യാന്തര സമ്മേളനങ്ങളും വന്നുമറിഞ്ഞു. കാശുണ്ടെങ്കിലും കായൽ കണ്ടിട്ടില്ലാത്ത ഉത്തരേന്ത്യൻ ഗോസായികളും കോട്ടേജുകളുടെ ബാൽക്കണിയിൽനിന്നു നോക്കി ‘എന്താ വെള്ളം’ എന്ന് അന്തംവിട്ടു!

അങ്ങനെയിരിക്കെ, ഒരു ലോക്കൽ ചേട്ടായി വന്ന് റിസോർട്ട് വക സ്ഥലത്തു നീന്തൽക്കുളത്തിനടുത്തു തന്നെ ചൈനീസ് വല സ്ഥാപിച്ചു. ഇതു ഹോട്ടലിന്റെ സ്ഥലമാണെന്നു പറഞ്ഞപ്പോൾ തലമുറകളായി കായൽ തന്റേതാണെന്നായിരുന്നു മറുപടി. ചേട്ടായിയുടെ അപ്പന് അവിടെ നിന്ന് അഞ്ചു കിലോമീറ്റർ ദൂരത്തിൽ കായലുണ്ടായിരുന്നത്രെ. ഇതു കുരിശായല്ലോ, എങ്കിലും ടൂറിസ്റ്റുകൾക്ക് ചൈനീസ് വലയിൽ മീൻ പിടിക്കുന്നതു കാണാമല്ലോ എന്നു കരുതി ഇരുന്നോട്ടെന്നു വിചാരിച്ചു.

ശകലം കാശടിക്കാനുള്ള തന്റെ ചൂണ്ടയിൽ റിസോർട്ട് കൊത്തുന്നില്ലെന്നു കണ്ടയാൾ വേറേ ചില നമ്പരുകൾ ഇറക്കാൻ തുടങ്ങി. സ്വിമ്മിങ്പൂളിൽ മീൻ കഴുകിയ വെള്ളം കൊണ്ടുവന്ന് ഒഴിക്കുക, ടൂറിസ്റ്റുകൾക്ക് അലോസരമായ ചില സീനുകൾ അവതരിപ്പിക്കുക, വലയിൽ പിടിച്ച ആപ്പഊപ്പ മീനുകളെ അവിടെത്തന്നെ  ഉപേക്ഷിക്കുക...നിവൃത്തിയില്ലാതായപ്പോൾ റിസോർട്ടുകാർ ചോദിച്ചു: ചേട്ടായി ഇതൊന്നു മാറ്റി തരുന്നതിന് എത്ര തുക വേണം? ചേട്ടായി ഗാഢമായി ആലോചിക്കുംപോലെ അഭിനയിച്ചു, എന്നിട്ടു പറഞ്ഞു– 80 ലക്ഷം!!

ജീവിതകാലം മുഴുവൻ പണിയൊന്നും ചെയ്യാതെ വെള്ളമടിച്ചു സുഖമായി കഴിയാൻ വേണ്ടിവരുമെന്നു തോന്നിയ തുകയാണു ചോദിച്ചത്.  എത്ര കാലം വേണമെങ്കിലും ചേട്ടായി ഇവിടെത്തന്നെ ഇരുന്നോ എന്നു സുല്ലിടാനേ കഴിഞ്ഞുള്ളു ഹോട്ടലുടമകൾക്ക്. 

വേറൊരിടത്തു ലോക്കൽ കക്ഷികൾ ആഘോഷത്തിനു സംഭാവന ചോദിച്ചു. അരലക്ഷം അവർ തന്നെ തീരുമാനിച്ചിട്ടാണു വന്നിരിക്കുന്നത്. 5000 രൂപ കൊടുത്തപ്പോൾ പിണങ്ങിപ്പോയി. പിറ്റേന്നു മുതൽ ബീച്ചിലേക്കുള്ള വഴിയടച്ച് ഉപരോധമായി. പലതരം പരിസ്ഥിതി പ്രശ്നങ്ങളുണ്ടെന്നായി. പൊലീസ് മാസങ്ങളോളം കാവൽ കിടക്കേണ്ടി വന്നു. ബീച്ച് ആരുടേയും സ്വന്തമല്ലെന്നും എല്ലാവരുടേതും കൂടിയാണെന്നും ചിലർക്ക് പെട്ടെന്നു ബോധോദയുമുണ്ടാകും. ബീച്ചിൽ വെയിൽ കായാൻ കുടയും കിടക്കയും സ്ഥാപിക്കുന്നതു കുറ്റമാകും. ജോലികൾക്ക് തങ്ങളുടെ യൂണിയൻ നൽകുന്നവരെ മാത്രമേ നിയമിക്കാവൂ എന്നു ഇണ്ടാസ് ഇറക്കും.

വിദേശത്തു പോകുന്ന പത്രക്കാരും ബിസിനസുകാരുമായ മലയാളികളോട് അവിടുത്തെ മലയാളികൾ ചോദിക്കുന്നതാണ് ‘നാട്ടിൽ ഒരു ബിസിനസ് നടത്താൻ എവിടെയാണ് ചാൻസ്?’ എന്തു മറുപടി കൊടുക്കും? ടൂറിസം രംഗത്തേക്കൂ വരൂ എന്നു വിളിച്ചാൽ ഇതിലും ഭീകര അനുഭവങ്ങൾ വേറേയുണ്ട്. സിംഗപ്പൂരും കുവൈത്തും സംസ്ഥാന സർക്കാരും ഉൾപ്പെട്ട 150 കോടിയുടെ നിക്ഷേപം അഞ്ചാറു വർഷമായി പൂട്ടിക്കിടക്കുന്നു പിന്നാ!

ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിൽ കേരളം 21–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു പോയത് ഇതൊക്കെക്കൊണ്ടുതന്നെ. റാങ്കിങ്ങിനു മുൻപു നിക്ഷേപം നടത്തിയവരോട് അനുഭവം ചോദിക്കും. അവരുടെ ‘അനുഭവങ്ങൾ’ എങ്ങനെയിരിക്കുമെന്നു നമുക്കറിയാമല്ലോ.

ഒടുവിലാൻ∙ കുഗ്രാമത്തിൽ റിസോർട്ട് വന്നതോടെ നാട്ടിലെ യുവാക്കളുടെ മദ്യപാനം കുറഞ്ഞു. പണിയില്ലാതെ കുടിയും  അലമ്പുമായി നടക്കന്നതു നിന്നു.  പരിസരത്തുള്ള ഇരുനൂറോളം പേർക്ക് നേരിട്ടും അല്ലാതെയും പലതരം ജോലികളായി. ഡ്രൈവർ, സെക്യൂരിറ്റി, ഹൗസ് കീപ്പിങ്, ഭക്ഷണസാധനങ്ങളുടെ സപ്ലൈ, ഡാൻസും പാട്ടും...