കലാനിക് കോഡ് എഴുതിയ വർക്കല

യൂറോപ്പിൽ കേരളമെന്നു കേട്ടിട്ടുള്ള സായിപ്പും മദാമ്മയും ഒരു പാടുണ്ട്. അവർ കേരളത്തിൽ വന്നിട്ടുണ്ടെന്നു പറയും. എവിടെ എന്നു ചോദിച്ചാൽ കിട്ടുന്ന ഉത്തരം–വർക്കല!

വർക്കല ബീച്ചിലാണു വന്നു താമസിച്ചിരിക്കുന്നത്. കേരള ടൂറിസം കാര്യമായി പ്രമോട്ട് ചെയ്യാത്തൊരു ഡെസ്റ്റിനേഷനാണ് വർക്കല. പക്ഷേ കുന്നും കടലും ചെർന്ന വർക്കലയുടെ കൗതുകം അന്യനാട്ടുകാർക്കൊക്കെ ഇഷ്ടമാണ്. ക്ളിഫിന്റെ മുകളിലെ നടപ്പാതയ്ക്കരികിലുള്ള റസ്റ്ററന്റുകളിൽ പ്രദർശിപ്പിക്കുന്ന മീനും കൊഞ്ചും മറ്റും തിരഞ്ഞെടുത്ത് ഗ്രിൽ ചെയ്യാൻ കൊടുത്തു കാത്തിരിക്കുന്നത് ആഗോള ബില്യണർമാരാകാം. കണ്ടാൽ ഹിപ്പിയാണെന്നേ തോന്നൂ. പക്ഷേ ആള് കിടിലനാണ്. 

അങ്ങനെയൊരു കിടിലൻ ഒരിക്കൽ വർക്കലയിൽ വന്നു. 2008 ജനുവരിയിൽ. പേര് ട്രവിസ് കലാനിക്. ഉബർ ടാക്സി സർവീസ് തുടങ്ങുന്നതിനു തൊട്ടുമുമ്പ്. ജിപിഎസ് അടിസ്ഥാനമാക്കി ടാക്സി സർവീസ് നടത്തുന്ന നൂതന പരിപാടിയുടെ സോഫ്റ്റ്‌വെയർ കോഡ് കലാനിക് എഴുതിയത് വർക്കലയിൽ വച്ചിട്ടാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ വാസ്തവമാണ്. അവിടെ ഇരുന്നെഴുതിയ കോഡ് ലോകത്തെ ടാക്സി ബിസിനിസിനെ ആകെ ഡിസ്റപ്റ്റ് ചെയ്തു അഥവാ മാറ്റി മറിച്ചു. അതേ മോഡലിൽ അനേകം ടാക്സി സർവീസുകൾ വന്നു. 

ഉബർ കമ്പനിക്ക് ശതകോടികൾ നിക്ഷേപമായി വന്നു മറിഞ്ഞു. പഴയ ടാക്സി കമ്പനികളും ഒറ്റയ്ക്ക് ടാക്സി ഓടിച്ചിരുന്നവരും ഇതിലേക്കു ചേർന്നു. തോൽപ്പിക്കാൻ കഴിയില്ലെങ്കിൽ കൂടെ ചേരുക (ഇഫ് യൂ കാണ്ട് ബീറ്റ് ദെം, ജോയിൻ ദെം) എന്ന ആപ്തവാക്യം ലോകമാകെ അക്ഷരാർഥത്തിൽ നടപ്പായത് ഉബറിന്റെ കാര്യത്തിലാണ്.

പിന്നീടാണ് 2015ൽ ഏതാണ്ടിതേ മോഡലിൽ ഉബർ ഈറ്റ്സ് തുടങ്ങിയത്. അതിന്റെ കോഡ് എഴുതിയത് വർക്കലയിലാണോ ചെല്ലാനത്താണോ എന്നറിയില്ല. പക്ഷേ ഉബർ ഈറ്റ്സ് എന്ന ഫുഡ് ഡെലിവറി പ്ളാറ്റ്ഫോം തുടങ്ങിയതോടെയാണ് ലോകമാകെ ഓൺലൈൻ ഭക്ഷണ ആപുകൾ പച്ചപിടിച്ചത്. അതിനു മുമ്പ് ആപ് സഹായമില്ലാതെ ഹോം ഡെലിവറി പരിമിതമായി നടന്നിരുന്നു.

ഭക്ഷണ വിതരണം എങ്ങനെ ഓൺലൈൻ കമ്പനിക്കു മുതലാകുന്നു എന്ന സംശയം ന്യായം. ഹോട്ടലിൽ നിന്നു കിട്ടുന്ന ലാഭവീതത്തേക്കാൾ അവർക്കു നോട്ടം കമ്പനിയുടെ മൂല്യവർധയും (വാല്യുവേഷൻ) അതിലൂടെ വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ നടത്തുന്ന ആയിരക്കണക്കിനു കോടി ഡോളർ മുതൽമുടക്കുമാണ്. അങ്ങനെ നിക്ഷേപിച്ചവരുടെ കാശാണിട്ടു കളിക്കുന്നത്.

 ഇതിന്റെ ലൈൻ പിടികിട്ടിയാൽ പിന്നെ നമ്മളും ഷൈൻ ചെയ്യുമല്ലോ. അങ്ങനെ ബാംഗ്ളൂരിൽ തുടങ്ങിയ സ്വിഗ്ഗിക്ക് 200–250 കോടി ഡോളർ വാല്യുവേഷനായി. 1500 കോടിയുടെ നിക്ഷേപത്തിനായി സോഫ്റ്റ് ബാങ്ക്, ജനറൽ അറ്റ്ലാന്റിക് പോലുള്ള കമ്പനികളുമായി ചർച്ചയിലാണ്. വിന്നർ എന്നു തോന്നുന്ന സ്റ്റാർട്ടപ്പുകളിൽ വന്നുമറിയുന്ന മൂലധനത്തിനു കണക്കില്ല. 

ഒടുവിലാൻ∙ ഐടിയും ടൂറിസവും വളർത്താൻ നടക്കുന്ന വകുപ്പുകൾ ഇത്തരം കഥകളിലല്ലേ ഫോക്കസ് ചെയ്യേണ്ടത്? വർക്കലയിൽ വന്നിരുന്നാണ് കലാനിക് ഉബർ കോഡ് എഴുതിയതെന്നതിനു പ്രചാരം കൊടുത്താൽ അത് ടൂറിസത്തിനും ഐടിക്കും ഒരുപോലെ നേട്ടമാവില്ലേ?