കമ്പനികൾക്ക് പാര, ചാട്ടക്കാർക്ക് ചാകര; ഇത് ചെറിയ കളിയല്ല

ചില ലോകപ്രശസ്ത ഐടി കമ്പനികൾ കേരളത്തിലേക്കു വരുന്നെന്നു കേട്ട മാത്രയിൽ തന്നെ അവരുടെ വെബ് വിലാസത്തിലേക്ക് ജോലി അപേക്ഷകളുടെ പ്രവാഹമായി. പതിനായിരക്കണക്കിന് അപേക്ഷകളാണു പ്രവഹിച്ചത്. റിക്രൂട് ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ പതിന്മടങ്ങ്. അപേക്ഷകരിലെത്ര പേർക്ക് കമ്പനി ഉദ്ദേശിക്കുന്ന തരം സ്കിൽ സെറ്റ് കാണുമെന്നതു വേറേ കാര്യം.

കേരളത്തിലേക്ക് വരാനുദ്ദേശിക്കുന്ന വൻകിട ഐടി കമ്പനികളുടെ പ്രധാന പ്രശ്നം അവർക്കു വേണ്ടതരം ‘ടാലന്റ് പൂൾ’ ഇവിടെ ഉണ്ടോ എന്നതാണത്രെ. ബെംഗുളൂരുവിലും വൻകിട നഗരങ്ങളിലും അതിനു പഞ്ഞമില്ല. കേരളത്തിൽ എൻജിനീയറിങ് പാസായി വരുന്ന വിദ്യാർഥികളിൽ നിന്നു മികച്ചവരെ എടുക്കാം. പക്ഷേ കുറച്ചു കൂടി മുതിർന്ന മിഡ് ലവൽ അല്ലെങ്കിൽ അതിലും ഉയർന്ന തലത്തിൽ ആവശ്യത്തിന് ആളെ  കിട്ടുന്നില്ല. വൻ നഗരങ്ങളിൽ നിന്നു കേരളത്തിലേക്കു വരാൻ അഥവാ റീലൊക്കേറ്റ് ചെയ്യാൻ മലയാളികൾ പോലും തയ്യാറല്ല. ഒരു ബീയർ കുടിക്കാൻ പോലും ഇവിടുത്തെ സൗകര്യക്കേടും മിനക്കേടും വേറെങ്ങുമില്ലല്ലോ. 

പക്ഷേ ബഹുരാഷ്ട്ര ബ്രാൻഡുള്ള കമ്പനികളാണെങ്കിൽ ഈ പ്രശ്നം കുറവാണ്. ചെറുകിട കമ്പനികളിൽ നിന്നു വലുതിലേക്കു മാറാൻ താൽപ്പര്യമുള്ളവർ ക്യൂ നിൽക്കും. ചെറിയ കുളത്തിലെ വലിയ മീൻ ആകുന്നതിനേക്കാളും വലിയ കുളത്തിലെ ചെറിയ മീൻ  ആവാനാണ് ഇടി. ഈ തക്കം മുതലാക്കി ചെറിയ കുളങ്ങളിൽ നിന്നു വലിയ കുളങ്ങളിലേക്കുള്ള ചാട്ടം ഐടിയിലെ എംഎസ്എംഇ അഥവാ ചെറുകിട–ഇടത്തരം കമ്പനികൾക്ക് വൻ പാരയായി മാറിയിരിക്കുകയാണ്.

ചെറിയ കമ്പനിയിലെ നാലഞ്ചു വർഷത്തെ പരിചയവും തിണ്ണമിടുക്കുമുള്ള വിദ്വാൻ വലിയ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടെന്നു വിചാരിക്കുക. രാജി വച്ചു രണ്ടു മാസത്തെ നോട്ടിസ് കാലാവധിയിൽ പ്രവേശിക്കുന്നു. വൻ കമ്പനിയുടെ ഓഫർ ലെറ്റർ കയ്യിലുള്ള കലാകാരൻ അതോടെ കളി തുടങ്ങുകയായി.

കലാകാരൻ മറ്റു ചില കമ്പനികളിൽ കൂടി അപേക്ഷിക്കുന്നു. അവിടങ്ങളിൽ നിന്നു കൂടി ഓഫർ ലെറ്റർ തരപ്പെടുത്തും. അപ്പോഴേക്കും ആദ്യ കമ്പനിയിലെ രണ്ടു മാസ നോട്ടിസ് കാലാവധി അവസാനിക്കാറാവും. ചങ്ങായി അതോടെ പുതിയൊരു നമ്പർ ഇറക്കുന്നു. ഒരാഴ്ചയ്ക്കകം ജോയിൻ ചെയ്യണോ? എങ്കിൽ ഇത്ര ശമ്പളം വേണം. ആളെ കിട്ടാതെ കുഴഞ്ഞിരിക്കുന്ന ചെറുകിട കമ്പനികൾ ഈ ഓഫറിൽ വീഴുന്നു. അതോടെ അവിടെ ചേരും. നോട്ടിസ് കാലാവധിയും അപ്പോഴേക്കും അവസാനിച്ചിട്ടുണ്ടാവും.

ഇമ്മാതിരി കളികളിൽ ചെറുകിട–ഇടത്തരം ഐടി കമ്പനികളുടെ ശമ്പളച്ചെലവു കൂടുന്നു, അവർക്ക് മൽസരത്തിൽ പിടിച്ചു നിൽക്കൻ ബുദ്ധിമുട്ടാവുന്നു. നേരേ ചൊവ്വേ സോഫ്റ്റ്‌വെയർ കോഡിങ് നടത്താനാറിയാവുന്നവരെ കിട്ടാനും കിട്ടിയാലും ഇമ്മാതിരി ബുദ്ധിമുട്ടുകളുണ്ട്. പുതിയ കമ്പനിയിൽ ചേർന്ന വിദ്വാൻ ഏതാനും മാസം കഴിഞ്ഞ് അവിടെ വീണ്ടും ഇതേ കളി അടുത്ത റൗണ്ട് നടത്തുന്നു. 

ഇങ്ങനെ ചാടിച്ചാടി വളയമില്ലാതെ ചാടുന്നവരേറെയുണ്ട്. ആദ്യം ഓഫർ ലെറ്റർ കൊടുത്ത കമ്പനിയെ വഞ്ചിച്ചിട്ടാണ് ഈ വരവെന്ന് എടുക്കുന്ന കമ്പനിക്കാർക്കും അറിയാമായിരിക്കും. അവർ അത്യാവശ്യം കൊണ്ടു ചെയ്യുന്നതാണ്. പുതിയ പ്രോജക്ടിൽ 25 ആൻഡ്രോയിഡുകാരെ ഉടൻ എത്തിക്കണം എന്ന സ്ഥിതിയോ മറ്റോ ഉണ്ടാവാം. ആ ധൃതി ചാട്ടക്കാർക്ക്  ചാകരയാവുന്നു.

ഒടുവിലാൻ∙രാജി വച്ചിട്ടു നോട്ടീസ് കാലാവധിയിലുള്ളവർക്ക് ബയോഡേറ്റ പോസ്റ്റ് ചെയ്യാവുന്ന വെബ്സൈറ്റ് പോലുമുണ്ട്. ആളെ കിട്ടാൻ ധൃതിയുള്ള കമ്പനികൾ ഇവിടെ നിന്ന് പറ്റിയവരെ പൊക്കും.