രാഹുൽജിയോ മോദിജിയോ 5ജിയോ, കാത്തിരുന്ന് കാണാം

ട്രെയിനിൽ കയറിയാൽ പണ്ടൊക്കെ പുസ്തക–മാസിക വായനക്കാരും ചുമ്മാ നേരംകൊല്ലി സല്ലാപക്കാരുമായിരുന്നു. അടുത്തിരിക്കുന്നവരെ പരിചയപ്പെടുക, ഏതെങ്കിലും വിഷയം കണ്ടുപിടിച്ചു ചർച്ചതന്നെ ചർച്ച. ടിവിയിലും റേഡിയോയിലുമൊക്കെ ചർച്ച കേട്ടുകേട്ട് ജനത്തിനു മടുത്തമട്ടാണ്. യാത്രയ്ക്കിടെ ചർച്ചയ്ക്ക് ആരെങ്കിലും തുടക്കമിട്ടാൽ ജനം ഓടും.

വായനക്കാരുടെ കുലം അന്യം നിന്നിട്ടില്ല. പുസ്തകവും മാസികയുമായി കയറി ആരോടും മിണ്ടാതെ വായനയിൽ തല പൂഴ്ത്തിയിരിക്കുന്നവർ ഇപ്പോഴുമുണ്ട്. പക്ഷേ ഭൂരിപക്ഷം പേരുടേയും പരിപാടി ചെവിയിൽ സ്പീക്കർവച്ച് സിനിമ കാണലാകുന്നു. അതിന് ലാപ്ടോപ്പോ ടാബോ വേണമെന്നില്ല. മൊബൈൽ മതി. കാലേ കൂട്ടി സിനിമ ഡൗൺലോഡ് ചെയ്തുകൊണ്ടു വന്നിരിക്കുകയാണ്. യാത്രയുടെ നേരം അനുസരിച്ച് പടം എത്ര വേണമെങ്കിലും കാണും.

ഇതൊക്കെ ഡൗൺലോഡ് ചെയ്തെടുക്കാൻ അഞ്ചാറു മിനിറ്റ് വീതം വേണം. പക്ഷേ 5ജി വരുന്നതോടെ സിനിമ ഡൗൺലോഡ് സമയം സെക്കൻഡുകളായി കുറയാൻ പോവുകയാണ്. കണ്ണടച്ചു തുറക്കുംമുൻപ് അഥവാ മിഷൻ ഇംപോസിബിൾ സിനിമകളിൽ ടോംക്രൂസ് ചെയ്യും പോലെ ചടേന്ന് ഡൗൺലോഡായി വരുന്നതാകുന്നു 5 ജി. കൊടിയേറ്റം ഗോപിയിലെ പോലെ ആരും പറഞ്ഞു പോകും–എന്തൊരു സ്പീഡ്....!

ലോകം മാറ്റിമറിക്കാൻ പോകുന്ന സംഗതിയാണിത്. അനേകം ബിസിനസ് അവസരങ്ങൾ അതിലൂടെ വരും. ഡ്രൈവറില്ലാതെ താനേ ഓടുന്ന കാർ വെറും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഓടുന്നതെങ്കിൽ അഞ്ചാംതലമുറ വയർലെസ് സാങ്കേതികവിദ്യയായ 5 ജി വരുന്നതോടെ വ്യാപകമാവും. ഒരു സന്ദേശം അയച്ച ശേഷം അത് ലഭിക്കാനെടുക്കുന്ന സമയം (ലേറ്റൻസി) ഇതിൽ തീരെ കുറവാണ്. ബഫർ വളയം കറങ്ങുന്നതു നോക്കിയിരിക്കേണ്ട. ലോഡിങ്...ലോഡിങ് എന്നു പാട്ടു പാടേണ്ട. എല്ലാം എടുപിടീന്നാണ്. ഡ്രൈവറില്ലാതെ കാർ ഓടണമെങ്കിൽ അനേകം ഡേറ്റ ഇൻപുട്ടുകൾ അതിവേഗം പ്രോസസ് ചെയ്ത് സന്ദേശങ്ങൾ കൈമാറണം. അതിന് 5ജി വേണ്ടി വരും.

ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ അടുത്ത തലമുറയാണിത്. ഫാക്ടറി പ്രൊഡക്‌ഷൻ ലൈനുകളിൽ തൊഴിലാളികൾക്കു പകരം റോബട്ടുകൾ വരണമെങ്കിലും 5 ജി വേണം. നിർമിത ബുദ്ധിയുടെ വൻ കുതിച്ചുചാട്ടം അതു കൊണ്ടുവരും. അതാണ് 2028 വരെയുള്ള 10കൊല്ലം കൊണ്ട് ലോകം തിരിച്ചറിയാത്തവിധം മാറിപ്പോകുമെന്നു പറയുന്നത്. 

അമേരിക്കയിലും ബ്രിട്ടനിലും ചൈനയിലും ദക്ഷിണകൊറിയയിലും അതിനുള്ള സാങ്കേതികസൗകര്യങ്ങളായി. അടുത്തവർഷം അവർ 5 ജി തുടങ്ങും. കമ്പനികൾ 5ജി ഫോണുകൾ ഇറക്കാനുള്ള തയാറെടുപ്പിലാണ്.

നമ്മുടെ 5ജി സ്പെക്ട്രം ലേലം 2020 പകുതിയോടെയാണു പ്ലാൻ ചെയ്തിരിക്കുന്നത്. ബിഎസ്എൻഎൽ ഇതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണുപോൽ. ആശ്വാസം അത്രയെങ്കിലും. 2020ൽ 5ജി ഇന്ത്യയിൽ വന്നാലും പരിമിതമായിരിക്കും. വ്യാപകമാവാൻ 2022 വരെ കാത്തിരിക്കേണ്ടി വരും.

ആദ്യകാലത്തിറങ്ങുന്ന 5ജി ഫോണുകൾക്കു വിലയും കുടുതലായിരിക്കും. സംഗതി വ്യാപകമായാൽ മാത്രമേ ബിസിനസുകൾക്കു പ്രയോജനമുള്ളു. അതിന് 15000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ വരണം. ആകെ മൊബൈൽ ഫോൺ വിപണിയുടെ 80% ഈ രംഗത്താണ്. ആദ്യം തങ്ങളായിരിക്കും 5 ജി ഫോണുകൾ ഇന്ത്യയിൽ ഇറക്കുകയെന്ന് ഹ്വാവെയ് പ്രഖ്യാപിച്ചിട്ടുണ്ട്. അവർ ഇന്ത്യൻ വിപണി പിടിക്കാൻ ഇപ്പോഴേ പ്ലാൻ ചെയ്യുന്നു. നമ്മൾ മോദിജി,രാഹുൽജി എന്നൊക്കെ പറഞ്ഞു നേരംകളയുന്നു.

ഒടുവിലാൻ∙ഇന്റർനെറ്റും സ്മാർട് ഫോണും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്തിന്? കൃഷിക്കും മെഡിക്കൽ ഉപയോഗത്തിനുമൊന്നുമല്ല. വിഡിയോ ഡൗൺലോഡ് ചെയ്യാനാണ് നെറ്റിന്റെ 65 ശതമാനത്തിലേറെ ഉപയോഗം. ജനം ഓരോന്ന് ഡൗൺലോഡ് ചെയ്തു കണ്ടുകണ്ടങ്ങിരിക്കുന്നു.