അങ്ങനെയിരിക്കെ എല്ലാം യാന്ത്രികമാവും

ഐടി രംഗത്ത് സായിപ്പിന്റെ നാടുകളിൽ നിന്നുള്ള കോൾ സെന്ററുകൾ കേരളത്തിൽ അധികമില്ല. മലയാളിയുടെ ഇംഗ്ലിഷ് ഉച്ചാരണമാവാം പ്രശ്നം. സായിപ്പിനെ പോലെ ആഷ്പുഷ് അടിക്കാനറിയാവുന്നവർക്കാണ് അവിടെ ഡിമാൻഡ്. അതിനാൽ വൻ മെട്രോ നഗരങ്ങളിലാണു കോൾ സെന്ററുകൾ തമ്പടിച്ചത്. കേരളത്തിലേക്ക് മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, മെഡിക്കൽ കോഡിങ് പോലുള്ള ബിസിനസുകൾ വന്നു. കാര്യമായി വളർന്നില്ലെങ്കിലും ചില തുരുത്തുകളിൽ അവ പടർന്നു. ഇപ്പോഴിതാ പുതിയ സാങ്കേതിക വിദ്യകൾ വന്ന് കോൾ സെന്ററുകൾക്കൊപ്പം ഇവയുടേയും കാറ്റു പോവുകയാണ്.

ഈ പണി റോബട്ടുകളെ ഏൽപ്പിച്ചാലോ? ഉപഭോക്താക്കളുടെ വിഡ്ഢിച്ചോദ്യങ്ങൾക്കു സമാധാനമായി മറുപടി പറയത്തക്ക രീതിയിലുള്ള ബുദ്ധി റോബട്ടുകൾക്കുണ്ടാവണമെന്നു മാത്രം. കേട്ടാൽ ഏതോ നാട്ടുകാരി പെണ്ണോ ചെക്കനോ സംസാരിക്കുകയാണെന്നു സായിപ്പിനു തോന്നുകയും വേണം. 

അത്തരം ചാറ്റ്ബോട്ടുകൾ വന്നതോടെ കോൾ സെന്ററുകളുടെ കഥ കഴിഞ്ഞുകൊണ്ടിരിക്കുന്നു. 5ജിയും വന്നു നിർമിത ബുദ്ധി കുറച്ചു കൂടി വികസിക്കുന്നതോടെ ഇമ്മാതിരി പണികൾക്കു മനുഷ്യനെ വേണ്ടാതാകും. കട്ടപ്പാ എന്നു വിളിച്ചാൽ ‘എന്നതാ കൊച്ചേ’ എന്നു തിരിച്ചു ചോദിക്കുന്ന റോബട്ടുകൾ വന്നേക്കും. അതിൽ കൂടുതലെന്നാ വേണം?

അതിനിടയിലാണു മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻകാർക്കൊരു ഓട്ടമേഷൻ പാര വന്നത്. നമ്മുടെ നാട്ടിൽ ഡോക്ടർമാർ തന്നെ കടലാസിൽ രോഗിയുടെ വിവരങ്ങൾ കുറിച്ചുവയ്ക്കുന്ന പരിപാടി ഇപ്പോഴുമുണ്ട്. കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നവരുമുണ്ട്. സീനിയർ ഡോക്ടർ പറഞ്ഞു കൊടുക്കുന്നതു ജൂനിയർ ഡോക്ടർ എഴുതുന്ന രീതിയുമുണ്ട്. സായിപ്പിന്റെ നാടുകളിൽ അങ്ങനെ എഴുതാൻ മണിക്കൂർ കണക്കിനു ഡോളർ കൊടുത്ത് ഡോക്ടറെ ഇരുത്താൻ കഴിയില്ല. അതിനാ‍ൽ രോഗിയുടെ പേരും രോഗ വിവരങ്ങളും മറ്റും ഡോക്ടർ റെക്കോർഡ് ചെയ്ത് അങ്ങു ദൂരെയുള്ള നാടുകളിലേക്ക് അയയ്ക്കുന്നു.

അവിടെ പട്ടാളം പോലെ ട്രാൻസ്ക്രിപ്ഷൻകാർ നിരന്നിരിക്കുന്നു. അവർ അതു കേട്ടു ടൈപ് ചെയ്ത് തിരിച്ചെത്തിക്കും. ഇന്നു റെക്കോർഡ് ചെയ്യുന്നതെല്ലാം നാളെ രാവിലെ ഡോക്ടർ വരുമ്പോൾ റെഡി. പക്ഷേ അവിടെയും ശബ്ദത്തെ ടെക്സ്റ്റ് ആക്കി മാറ്റുന്ന സോഫ്റ്റ്‌വെയർ വന്നു. ടെംപ്ലേറ്റ് വരും– രോഗിയുടെ പേര്, മറ്റു വിവരങ്ങൾ എല്ലാം. അതനുസരിച്ചു പറഞ്ഞു കൊടുത്താൽ ഉടനുടൻ ടെക്സ്റ്റ് ആയി മാറും. അതു വന്ന ആശുപത്രികളിലെ ബിസിനസ് നഷ്ടപ്പെട്ടു. പഴയ രീതി തുടരുന്നിടങ്ങളിൽ മാത്രം ഇപ്പോഴും പഴയ ട്രാൻസ്ക്രിപ്ഷൻ പരിപാടിയുണ്ട്. അതും അവസാനിക്കാം താമസിയാതെ. പകരം വേറെന്തെങ്കിലും വരും. വരാതിരിക്കില്ല.

ഒടുവിലാൻ∙ ഇമെയിൽ വന്നതോടെ അന്യം നിന്ന കത്തെഴുത്തിനും സോഫ്റ്റ്‌വെയറുണ്ട്. മെഡിക്കൽ റഫറൻസ് കത്തുകൾ എഴുതാൻ അതുമതി. എഞ്ചുവടിക്ക് റോബട്ടുണ്ടോ? പതിനെട്ടഞ്ച് എന്നു ചോദിച്ചാലുടൻ 90 എന്നുത്തരം പറയുന്നതരം?