ജർമനിയിലെ വെജിറ്റേറിയൻകാർക്ക് വേണം തേങ്ങാപ്പാൽ, അതും 20 കണ്ടെയ്നർ!!

മൽസ്യമാംസാദികൾ കഴിക്കാത്ത വെജിറ്റേറിയൻമാരും പാലും തൈരും തേനുമെല്ലാം കഴിക്കും. ചിലർ മുട്ടയും കഴിക്കും. ചിലർ സ്വയം ചിക്കറ്റേറിയൻ എന്നു വിളിക്കുന്നു. എന്നു വച്ചാൽ ചിക്കൻ കഴിക്കുന്ന വെജിറ്റേറിയൻ. എന്നാൽ പിന്നെ മട്ടറ്റേറിയനും ആകാമല്ലോ എന്നു ചോദിച്ചാൽ അറിയാൻമേലേ...പക്ഷേ ‘വേഗൻ’ എന്നൊരു പുതിയ ഐറ്റം ഇറങ്ങിയിട്ടു കാലം കുറച്ചായി. സർവതും തിന്നു മടുത്തതുകൊണ്ടാണോന്നറിയില്ല പാശ്ചാത്യ രാജ്യങ്ങളിലാണു വേഗൻമാർ കൂടുതലും.

ഇക്കൂട്ടർ മൽസ്യമാംസാദികൾ മാത്രമല്ല മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും തേനീച്ചയിൽനിന്നു പോലും ഉണ്ടാകുന്ന ഒന്നും കഴിക്കില്ല. അതിൽ തന്നെ ചില തീവ്രവാദികൾ ഭൂമിക്കടിയിലോട്ടു വളരുന്ന ഒന്നും കഴിക്കില്ലെന്നു കൂടി വാശിപിടിക്കും. കപ്പയും കാച്ചിലും മാത്രമല്ല സാമ്പാറിലെ ഉരുളക്കിഴങ്ങുപോലും വർജ്യം. പല വൈറ്റമിനുകളും കിട്ടാതെ എനർജി ഇല്ലെന്നു പയ്യാരം പറഞ്ഞു നടക്കുന്ന വേഗൻമാരുണ്ട്. അതെന്തു കുന്തമോ ആകട്ടെ, നമ്മുടെ വിഷയം അതല്ല, സൂപ്പർ ബിസിനസ് അവസരമാകുന്നു ജർമൻ വേഗൻമാർ കൊണ്ടു വന്നിരിക്കുന്നത്.

കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിനെ കണ്ട് തേങ്ങാപ്പാൽ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മാസം 20 കണ്ടെയ്നർ നിറച്ച് തേങ്ങപ്പാൽ തരാമോ ഞങ്ങൾ എടുത്തോളാം. മാസം 20 കണ്ടെയ്നറോ? അതു ചില്ലറ തേങ്ങാപ്പാലൊന്നുമല്ലല്ലോ. കേരളത്തിലാണ് ഏറ്റവും നല്ല തേങ്ങയുള്ളതെന്നും (തേങ്ങയ്ക്ക് നാളികേരം എന്നാരെങ്കിലും പറയുമോ? പക്ഷേ പ്രസംഗഭാഷയിൽ നാളികേരം എന്നേ പറയൂ.) അതിനാൽ ഏറ്റവും നല്ല തേങ്ങാപ്പാൽ ഇവിടെ കിട്ടുമെന്നും ജർമൻകാരോട് ആരോ ഓതിക്കൊടുത്തിരിക്കുന്നു.

എന്തിനാ ഇത്രേം തേങ്ങാപ്പാൽ? കഞ്ഞിയിലൊഴിച്ചു കുടിക്കാനാണോ? അതോ പായസം ഉണ്ടാക്കാനോ? ഓലൻ എന്നു സംശയിക്കുന്നവരുണ്ട്. സായിപ്പല്ലേ സ്റ്റ്യൂ ആയിരിക്കും എന്നു പുത്തിയുള്ളവർ പറയുന്നു. ഇതിനൊന്നുമല്ല, വേഗൻമാർക്കാണ്. ജർമനിയിൽ സകലർക്കും യോഗർട്ട് വേണം. എന്നുവച്ചാൽ നമ്മുടെ കട്ടത്തൈര് മധുരവും മാംഗോ,ചോക്‌ലേറ്റ് പോലുള്ള ഫ്ളേവറുകളും ചേർത്തതാണ്. പാൽ മൃഗോൽപ്പന്നമായതിനാൽ വേഗൻമാർ കഴിക്കില്ലല്ലോ. പാൽ ഉറയൊഴിച്ചു തൈരാക്കിയ യോഗർട്ട് വർജ്യം. പിന്നെ? തേങ്ങാപ്പാൽ കൊണ്ടു യോഗർട്ടുണ്ടാക്കണം. തെങ്ങ് മൃഗമല്ലല്ലോ.

ഇത്രേ ഉള്ളോ എന്നാദ്യം ചോദിച്ചവരൊക്കെ മാസം 20 കണ്ടെയ്നർ എന്നു കേട്ടതോടെ കാൽ പിന്നോട്ടു വച്ചു. ശ്ശെടാ, തേങ്ങ ചിരകി പീരയാക്കി പാലുപിഴിഞ്ഞ് കയറ്റുമതി ചെയ്താൽ പോരേ എന്നു ചോദിക്കാനെളുപ്പമാണ്. ഒരേ ഗുണനിലവാരത്തിൽ വേണം. തേങ്ങയെ വളർത്താനായി കാക്കത്തൊള്ളായിരം ഏജൻസികളുണ്ടെങ്കിലും നീര പോലും ഇതേ വരെ ക്ളച്ച് പിടിച്ചിട്ടില്ല. പല ക്വാളിറ്റിയിൽ നീരയുണ്ടാക്കിയ കമ്പനികളെക്കൊണ്ട് ഒരേ ഗുണനിലവാരത്തിൽ നീരയുണ്ടാക്കിക്കാനുള്ള ശ്രമം നടക്കുന്നു. നീരയിൽ മുതൽമുടക്കിയവരെല്ലാം എങ്ങുമെത്താത്ത അവസ്ഥയിലാണ്.

ഇവിടെ വ്യവസായ രംഗത്തെ പ്രധാന പ്രശ്നം സ്കെയിലിങ് അപ് ആകുന്നു. എല്ലാവർക്കും ചെറുകിട രീതിയിൽ സമാധാനമായി കഴിയാനാണു താൽപ്പര്യം. ഏത് ഉത്പന്നവും വൻ തോതിൽ വേണമെന്നു പറഞ്ഞാൽ വിട്ടുപിടിക്കും. വ്യവസായ മേളകളിൽ വൻ തോതിൽ ഓർഡർ വന്നാൽ വ്യവസായി കണ്ടംവഴി ഓടും. കൂടുതൽ ജീവനക്കാരെ എടുക്കേണ്ടി വരും, യൂണിയനാകും മിനക്കേടാകും. നമുക്ക് വ്യവസായിയായി അറിയപ്പെടണം, വലിയൊരു കാർ വേണം, വലിയ വീട് വേണം, വൈകിട്ട് വീശാനുള്ള കാശ് വേണം...മൊത്തത്തിൽ നാട്ടിലെ പ്രമാണിയാവണം. അസോസിയേഷൻ വൈസ് പ്രസിഡന്റ് കൂടിയായാൽ ഗംഭീരായി. അതിലപ്പുറമൊന്നും വേണ്ട.

അതിനാൽ ആരും ഇതേവരെ ജർമൻ സായിപ്പിന്റെ തേങ്ങാപ്പാൽ ചാലഞ്ച് ഏറ്റെടുത്തിട്ടില്ല.

ഒടുവിലാൻ∙ പത്തുപതിനഞ്ചു കൊല്ലം മുമ്പ് ജർമനിയി നിന്നു തന്നെ വെർജിൻ കോക്കനട്ട് ഓയിൽ (ഉരുക്കു വെളിച്ചെണ്ണ)  300 ടൺ തരാമോ എന്നു ചോദിച്ചു വന്നിരുന്നു. എബഡെ? അവർ ഇപ്പോൾ തായ്‌ലൻഡി‍ൽനിന്ന് ഇറക്കുമതി ചെയുന്നു.