സായിപ്പിനെ വേപ്പില കൊണ്ട് അടിക്കാം, രസം കുടിപ്പിക്കാം; വേണം പുതിയ നമ്പറുകൾ

സ്റ്റേജിൽ ടൂറിസ്റ്റുകൾക്കു വേണ്ടി ജപ്പാൻകാരുടെ ഡ്രം അവതരണത്തിൽ രണ്ടു പെണ്‍കുട്ടികളാണു മുൻപിൽ. പിറകിൽ മൂന്ന് ആണുങ്ങൾ. അഞ്ചോ പത്തോ നിമിഷം നീളുന്ന ഓരോ അവതരണത്തിലും ഡ്രം അടിച്ചു തകർക്കുന്ന പെൺകുട്ടികളാണ് പ്രധാന ആകർഷണം. അവസാനം അവരുടെ വക അലർച്ചകളുമുണ്ട്. ഇതു പരമ്പരാഗതം വിട്ട് ടൂറിസ്റ്റുകൾക്കു വേണ്ടിയാണെന്നു വേഷംകെട്ടു കണ്ടാലറിയാം.

നമുക്ക് ചെണ്ടമേളം ഇതുപോല അവതരിപ്പിച്ചു കൂടേ? ശൃംഗാരി മേളത്തിന്റെ വേറൊരു രൂപം. സ്റ്റേജിൽ നാലഞ്ചു ചെണ്ടക്കാരും ചെണ്ടക്കാരികളും. കൊട്ടലും അലർച്ചയും ഉൾപ്പടെ ആകെയൊരു ഷോ...സൂപ്പറായിരിക്കും. അടഞ്ഞ ഹാളിൽ അസുരവാദ്യം കേട്ട് സായിപ്പ് കണ്ണുതള്ളും.

റഷ്യയിൽ ആരും എത്തിനോക്കാത്ത കൊടും തണുപ്പു കാലത്ത് റിസോർട്ടുകളിൽ ആവിക്കുളിയുണ്ട്. ബാനിയ എന്നാണു പേര്. ആദ്യം വോഡ്ക കഴിക്കുന്നു. ഫിറ്റായി കഴിയുമ്പോൾ സൗനയിലേക്ക് ഇറങ്ങുന്നു. വിവസ്ത്രരായിരുന്ന് വിയർക്കുന്നു. പുറത്തിറങ്ങി കട്ടൻചായയോ നാരങ്ങാ വെള്ളമോ കുടിക്കുന്നു. പിന്നെ വോഡ്ക പാടില്ല. വീണ്ടും അകത്തു കയറുമ്പോൾ നീണ്ടു നിവർന്നു കിടന്നിട്ട് ഓക്ക് മരത്തിന്റെ ഇലകൾ കൊണ്ടുള്ള അടിയാണ്. ഇലകളുള്ള ചില്ലകൾ പറിച്ചു കൂട്ടിക്കെട്ടി അതുകൊണ്ടാണ് ചൂടുപിടിച്ചു വിയർത്തിരിക്കുന്ന ശരീരത്തിന്റെ എല്ലാ ഭാഗത്തും അടി. ചത്ത കോശങ്ങൾ പൊഴിയുന്നു. 

പുറത്തിറങ്ങി, മുകളിൽ വച്ചിരിക്കുന്ന ബക്കറ്റിൽ നിന്ന് കൊടും തണുപ്പുള്ള വെള്ളം തലയിലേക്കു മറിക്കും. അല്ലെങ്കിൽ തണുത്ത വെള്ളമുള്ള പൂളിൽ മുങ്ങി നിവരും. ഇങ്ങനെ വിയർക്കലും ചായകുടിയും ഓക്കില കൊണ്ടുള്ള അടിയും ഐസ് വെള്ളത്തിൽ കുളിയും പലതവണ ആവർത്തിക്കും. അവസാനം പുറത്തിറങ്ങി മഞ്ഞുതരികൾ വാരി ദേഹത്തു തേക്കും.

റഷ്യക്കാർക്ക് തണുപ്പുകാലത്ത് എന്നും കുളിക്കാൻ കഴിയില്ല. ആഴ്ചയിലൊരിക്കൽ കുളിക്കുമ്പോൾ ഒന്നൊന്നര കുളിയാണ്. ആണും പെണ്ണും ഒരുമിച്ച് സൗനയിൽ വിവസ്ത്രരായിരിക്കും. ഓക്കിലകൾകൊണ്ടുള്ള അടി നടത്തുന്നത് കുടെയിരിക്കുന്നവർ പരസ്പരമാകുന്നു. 

നമുക്കും ഇമ്മാതിരി നമ്പരുകൾ ഇറക്കാവുന്നതാണ്. ഓക്കിലകൾക്കു പകരം ആര്യവേപ്പില ആയിക്കോട്ടെ. കർപ്പൂരമിട്ടു കാച്ചിയ എണ്ണതേപ്പിച്ചു നടത്തുന്ന മസാജിനു പകരം പുതിയ നമ്പരുകൾക്കു സമയമായി. ടൂറസത്തിലെ ആശയ സമ്പന്നരായ സംരംഭകരാണ് ഇമ്മാതിരി നമ്പരുകൾ പരീക്ഷിക്കേണ്ടത്. 

ഹൗസ് ബോട്ടും ട്രീ ഹൗസുമെല്ലാം ഇങ്ങനെ ചെറുതായി തുടങ്ങിയ നമ്പരുകളായിരുന്നു. രണ്ടും സൂപ്പർ ഹിറ്റായി. പോരട്ടെ പുതിയ നമ്പരുകൾ.

ഒടുവിലാൻ∙ വിദേശ മലയാളി റസ്റ്ററന്റുകളിൽ വെൽക്കം ഡ്രിങ്ക് പോലെ കുടിക്കാൻ ഗ്ളാസിൽ ചൂടു തക്കാളി രസം കൊടുക്കും. നമ്മൾ ചോറിന്റെ കൂടെയല്ലാതെ ഇങ്ങനെ രസം കുടിക്കാറില്ലല്ലോ. ടൂറിസ്റ്റ് രസത്തിന് എരിവുമില്ല മണവുമില്ലൊന്നുമില്ല. എന്നാലും സായിപ്പിന് ആകെക്കൂടി രസം.