സമ്പത്തിൽ ‘അഞ്ചാം തമ്പുരാന്‍’ ആകാൻ ഇന്ത്യ; മറികടക്കുക ബ്രിട്ടനെ

ബ്രിട്ടിഷ് സായിപ്പിൽനിന്നു മോചനം നേടിയിട്ട് 72 വർഷം തികയുന്ന ഇക്കൊല്ലം ഇന്ത്യ സാമ്പത്തികമായി ബ്രിട്ടനെ മറികടക്കാ‍ൻ പോകുന്നു. സാമ്പത്തികമായി ലോകത്ത് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം ആറാമതും ബ്രിട്ടന്റേത് അഞ്ചാമതുമാണ്. ഇക്കൊല്ലം ഇന്ത്യ അഞ്ചാമതെത്തും, ബ്രിട്ടൻ ആറാം സ്ഥാനത്തേക്കു താഴും– ശങ്ക വേണ്ട, പറയുന്നത് ബ്രിട്ടിഷ് വാരിക ഇക്കണോമിസ്റ്റ് തന്നെ.

ബ്രിട്ടൻ ഇന്ത്യ ഭരിക്കാനെത്തുന്നതിനു മുൻപു ലോകഉത്പാദനത്തിന്റെ 25% ഇന്ത്യയും ചൈനയും ചേർന്നായിരുന്നു. ബ്രിട്ടിഷ് കോളനിയായതോടെ ഇന്ത്യ അധോഗതിയിലായി. നെയ്ത്ത് ഉൾപ്പടെ ഇവിടുത്തെ സകല വ്യവസായങ്ങളെയും തകർത്തു. 1947ൽ ഇന്ത്യ വിടുമ്പോൾ രണ്ടാംലോകമഹായുദ്ധത്തിൽ തരിപ്പണമായ ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥയുടെ പാതിമാത്രമായിരുന്നു ഇന്ത്യ. ഫ്രീമാർക്കറ്റ് ഇല്ലാതെ സോഷ്യലിസം പ്രസംഗിച്ച് 1991ലെത്തിയപ്പോഴേക്കും ജിഡിപിയിൽ ബ്രിട്ടന്റെ നാലിലൊന്നായി ഇന്ത്യ ചുരുങ്ങി.

പക്ഷേ നരസിംഹറാവു ഭരണകാലത്ത് മൻമോഹൻസിങിന്റെ വക ഉദാരവൽക്കരണം വന്നതോടെ ഇന്ത്യ കെട്ടഴിഞ്ഞ യാഗാശ്വമായി. ഇന്ന് ഇന്ത്യയുടെ ജിഡിപി 2.8 ലക്ഷം കോടി ഡോളർ. ബ്രിട്ടന്റേത് 2.9 ലക്ഷം കോടി ഡോളർ. കഷ്ടിച്ച് 10,000 കോടി ഡോളറിന്റെ കുറവ്. അതാണു നമ്മൾ ഓവർടേക് ചെയ്യാൻ പോകുന്നത്.

ഇന്ത്യയുടെ വളർച്ചനിരക്ക് 7.2% എന്നു ലോകബാങ്ക് പോലും പറയുന്നു. ബ്രിട്ടന്റെ ജിഡിപി വളർച്ചാ നിരക്ക് 1.5% മാത്രം. എന്നുവച്ചു നെഗളിക്കേണ്ട. ആളോഹരി വരുമാനത്തിൽ ബ്രിട്ടന്റെ ഏഴയലത്തു നമ്മൾ എത്തില്ല. ബ്രിട്ടന്റെ ആളോഹരി വരുമാനം 44,177 ഡോളറാണ്. 30 ലക്ഷം രൂപയിലേറെ രൂപ. ഇന്ത്യയുടേതു വെറും 2,134 ഡോളർ– കഷ്ടിച്ച് ഒന്നര ലക്ഷം രൂപ. ആളോഹരി വരുമാനത്തിൽ ലോകരാഷ്ട്രങ്ങളിൽ ബ്രിട്ടൻ 22–ാം സ്ഥാനത്തെങ്കിൽ ഇന്ത്യ 139–ാം സ്ഥാനത്താണ്. കാരണം ഇന്ത്യയുടെ ജനസംഖ്യ 135 കോടി, ബ്രിട്ടന്റേതു വെറും 6 കോടി.

ബ്രിക് രാജ്യങ്ങൾ 2030 ആകുമ്പോഴേക്കും ലോക സമ്പദ് വ്യവസ്ഥയിൽ മുന്നിലെത്തുമെന്നു ഗോൾഡ്മാൻ സാക്സിലെ ജിം ഒ നീലും മലയാളി രൂപ പുരുഷോത്തമനും ചേർന്നു നടത്തിയ പ്രവചനം ഇന്ത്യയുടെ കാര്യത്തിൽ നേരത്തേയാകുകയാണ്. 2020നു മുൻപുതന്നെ ഇന്ത്യ പുലിയാവും. ഇന്ത്യയും ചൈനയും മാത്രമാണ് ബ്രിക്സ് രാജ്യങ്ങളിൽ (ബാക്കി ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക) പ്രവചനം അനുസരിച്ചു വളർന്നിട്ടുള്ളത്.

ഇന്ത്യൻ ബിസിനസുകൾക്കെല്ലാം ഈ സ്ഥാനമാനം നേട്ടമാണ്. സാമ്പത്തികനിലയാണ് ഏതു രാജ്യത്തിന്റെയും മതിപ്പിന് അടിസ്ഥാനം. ലോകം വിലമതിക്കും, ഉത്പന്നങ്ങൾക്കു കയറ്റുമതി ആവശ്യം വർധിക്കും.

ഒടുവിലാൻ∙മുമ്പ് ഒരു കോളനി രാജ്യം മാത്രമേ സാമ്പത്തികമായി ബ്രിട്ടന്റെ മുന്നിലെത്തിയിട്ടുള്ളു. ആ രാജ്യത്തിനുമുന്നിൽ ബ്രിട്ടൻ ഒന്നുമല്ലാതായിപ്പോയി– യുഎസ്എ!