പറന്നു പിടിക്കാൻ ഡ്രോണുകളും, ഇനി കുറ്റവാളികളുടെ കാര്യം കട്ടപ്പൊക

കോഴിപ്പോര്, കള്ളുകുടി, ചീട്ടുകളി... പറയുമ്പോൾ എല്ലാം കളിതമാശ. പക്ഷേ, സമൂഹത്തിന്റെ മുന്നിൽ തെറ്റ്; പൊലീസിന്റെ കണ്ണിൽ കുറ്റകൃത്യം. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പൊലീസിനെവിടെ സമയം. അതുകൊണ്ടാണ് ആന്ധ്രപ്രദേശ് സർക്കാർ ഡ്രോണിനെ പൊലീസിലെടുത്തത്.

നൂറു പൊലീസുകാരുടെ പണി ഒറ്റയ്ക്കു ചെയ്യും. പോരാത്തതിന് അഴിമതിക്കാരനുമല്ല, ശമ്പളവും കൊടുക്കേണ്ട. വിജയവാഡയിലായിരുന്നു പാസിങ് ഔട്ട് പരേഡ്. സംക്രാന്തി ഉത്സവ ദിവസങ്ങളിൽ ആകാശത്തു റോന്തു ചുറ്റി കോഴിപ്പോർ സംഘങ്ങളെ പിടികൂടുകയാണു പൊലീസ് ഡ്രോണു (ചെറിയ ക്യാമറവിമാനം) കളുടെ ദൗത്യം.

കേരളാ പൊലീസും അനൗദ്യോഗികമായി ഡ്രോണുകൾ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. വൻജനത്തിരക്ക് അനുഭവപ്പെടുന്ന ഉത്സവപ്പറമ്പുകളിലും പെരുന്നാൾ സ്ഥലങ്ങളിലും കുറ്റകൃത്യങ്ങൾ തടയാനും കണ്ടെത്താനും നമ്മുടെ പൊലീസും ഡ്രോണുകളുടെ സേവനം തേടുന്നുണ്ട്. ഡ്രോണുകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിച്ചാണു മാലപൊട്ടിക്കൽ, പോക്കറ്റടി, അടിപിടി എന്നിവ കണ്ടെത്താനും തടയാനും പൊലീസിനു കഴിയുന്നത്. 

ഇത്തരം ദൃശ്യങ്ങൾ കുറ്റകൃത്യത്തിനുള്ള സമ്പൂർണ തെളിവായി സ്വീകരിക്കാൻ ഇന്ത്യൻ തെളിവു നിയമത്തിൽ ഭേദഗതി വരുത്തേണ്ടി വരും. ദൃക്സാക്ഷി മൊഴിക്കുള്ള നിയമസാധുത സാങ്കേതിക സംവിധാനങ്ങൾക്കു ലഭിച്ചിട്ടില്ല, നിലവിൽ നിരീക്ഷണ ക്യാമറദൃശ്യങ്ങൾ പോലെ കുറ്റകൃത്യം തെളിയിക്കാനുള്ള വഴിയായി മാത്രമേ ഡ്രോണുകളെ ഉപയോഗിക്കാൻ കഴിയൂ.

മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും 1 കിലോമീറ്റർ ദൂരപരിധിയിൽ നിന്നു ദൃശ്യങ്ങൾ പകർത്താനും ശേഷിയുള്ള ഡ്രോണുകളാണ് ആന്ധ്ര പൊലീസ് ഉപയോഗിക്കുന്നത്. 360 ഡിഗ്രിയിലുള്ള കാഴ്ചയാണ് അവയ്ക്കുള്ളത്. യുഎസ് കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നിർമിത ബുദ്ധി (എഐ)യുടെ സഹായത്തോടെ റോബട്ടിക് ഡ്രോണുകൾ വികസിപ്പിച്ചിട്ടുണ്ട്.

കാഴ്ചയ്ക്കു പുറമേ, മണം പിടിക്കാനും കേൾക്കാനും ശേഷിയുള്ള സെൻസറുകളും റോബട്ടിക് ഡ്രോണു (ആർഡി)കളിൽ സ്ഥാപിക്കുന്നതോടെ പൊലീസിന്റെ കുറ്റാന്വേഷണം പുതിയ തലത്തിലെത്തും. അസ്വാഭാവികമായ ശബ്ദം, വാസന, താപം എന്നിവയോടു സ്വയം പ്രതികരിക്കാനും ജിപിഎസ് സംവിധാനത്തിലൂടെ കുറ്റകൃത്യങ്ങൾ, അപകടങ്ങൾ എന്നിവ നടന്ന സ്ഥലം നിമിഷങ്ങൾക്കകം കണ്ടെത്തി ആകാശ മാർഗം പരസഹായമില്ലാതെ അങ്ങോട്ടു കുതിക്കാനും റോബട്ടിക് ഡ്രോണുകൾക്കു കഴിയും.

അവിടെ കാണുന്ന കാഴ്ചകൾക്കൊപ്പം സംഭവത്തിന്റെ ശബ്ദരൂപത്തിലുള്ള ലഘു വിവരണവും കൺട്രോൾ റൂമിൽ ലഭിക്കും.

ക്യാമറയിൽ നിന്നു റേഡിയോ ഫ്രീക്വൻസി, വൈഫൈ, 4 ജി സിം ഇവയിൽ ഏതെങ്കിലും ഉപയോഗിച്ചു രംഗങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യാൻ കഴിയും.

വെടിവയ്പ്പിന്റെ ശബ്ദം, മനുഷ്യന്റെ കരച്ചിൽ, തീപിടിത്തത്തിന്റെ പുക(ചൂട്) എന്നിവയടക്കം ഡ്രോണുകൾ സ്വയം തിരിച്ചറിഞ്ഞു പാഞ്ഞെത്തും.

കുറ്റകൃത്യം നടന്ന സ്ഥലത്ത് 5 മിനിറ്റിൽ താഴെ സമയം കൊണ്ട് എത്തുന്ന ഡ്രോണിനു പ്രദേശത്തെ അസ്വാഭാവിക ചലനങ്ങൾ മുഴുവൻ സ്കാൻ ചെയ്തു കുറ്റവാളിയെ അയാൾ പോലും അറിയാതെ പിന്തുടർന്നു തെളിവുകൾ ശേഖരിക്കാൻ കഴിയും.

ഡ്രോൺ പകർത്തുന്ന ദൃശ്യങ്ങൾ പൊലീസിന്റെ വെർച്വൽ റിയാലിറ്റി(വിആർ) തിയറ്ററിലെത്തുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ കുറ്റരംഗം പുനഃസൃഷ്ടിക്കാൻ അന്വേഷണ സംഘത്തിനു കഴിയും. ഇത്തരം ഡ്രോണുകൾ കുറ്റാന്വേഷണ ഏജൻസികൾ സ്വന്തമാക്കുന്നതിനേക്കാൾ വേഗത്തിൽ സ്വകാര്യ വ്യക്തികളുടെ ശേഖരത്തിലെത്തുമെന്ന വസ്തുത മുന്നിൽ കണ്ടു ശക്തമായ നിയമ നിർമാണത്തിന്റെ പണിപ്പുരയിലാണു കേന്ദ്ര സർക്കാർ.

നിയമം പാർലമെന്റ് പാസാക്കുന്നതോടെ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ഡ്രോണുകളും നമ്പറിട്ടു റജിസ്റ്റർ ചെയ്യും. സ്വകാര്യ ഡ്രോണുകൾക്കു മുകളിലേക്കു പറക്കാവുന്ന ഉയരത്തിനും നിയന്ത്രണമുണ്ടാകും. 

വാഹനങ്ങൾക്കു പ്രവേശന വിലക്കുള്ള പോലെ സുരക്ഷാപ്രദേശങ്ങളിൽ ഡ്രോണുകൾക്കും വിലക്കുവരും. രാജ്യാതിർത്തികളിലെ പറക്കലിനും നിയന്ത്രണമുണ്ടാകും