ആദ്യം കഴുത്തറുത്തു; പിന്നെ പിടച്ചിൽ തീരും വരെ കണ്ടിരുന്നു

മാണിക്യൻ

പഴയ പാലേരി മാണിക്യത്തിന്റെ കഥ നമ്മൾ ഏറെ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമാണ്. ഇതു പക്ഷേ, ചിറ്റൂരിലെ മാണിക്യന്റെ കഥയാണ്! മാണിക്യൻ നടത്തിയ പാതിരാക്കൊലപാതകത്തിന്റെ ചോരയുറയുന്ന കഥ! സംശയത്തിന്റെ വാൾത്തലയിൽ അറ്റ് പോയത് ഒന്നല്ല. മൂന്ന് തലകൾ!

കരി പോലെ കറുത്ത രാത്രിയിൽ ഇസ്തിരിപ്പെട്ടിക്കുള്ളിലെ കനലുകൾ പോലെ മാണിക്യന്റെ നെഞ്ചിൽ പകയുടെ കനലുകൾ തിളങ്ങി. ഉറക്കത്തിൽ ഞെട്ടി മാണിക്യൻ എണീറ്റിരുന്നു. മേശപ്പുറത്ത് ഓടുകൊണ്ട് ഉണ്ടാക്കിയ വലിയ ഇസ്തിരിപ്പെട്ടി ഇരിപ്പുണ്ട്. കനലുകൾ പൊള്ളിക്കുന്ന തന്റെ നെഞ്ചിൻ കൂടാണ് അത് എന്നു മാണിക്യന് തോന്നി. മാണിക്യൻ എണീറ്റു. അപ്പുറത്തെ മുറിയുടെ വാതിൽക്കൽ എത്തി. വാതിൽ പതിയെ തുറന്നു. മുറിയുടെ അരണ്ട വെളിച്ചത്തിൽ ഭാര്യയും മക്കളും ഉറങ്ങിക്കിടക്കുന്നത് കാണാം. മാണിക്യൻ തിരികെ മുറിയിലേക്കു വന്നു. പിന്നെ, ഒരു ബീഡിക്ക് തീ പടർത്തിക്കൊണ്ട് മുറിയിലൂടെ ഇടം വലം നടന്നു. മനസ്സിൽ രണ്ടേ രണ്ടു ചോദ്യങ്ങൾ മാത്രം.

കൊല്ലണോ ? വേണ്ടയോ ?

ഒരു തീരുമാനത്തിൽ മാണിക്യൻ പെട്ടെന്ന് എത്തി. പിന്നെ, അടുക്കളയിലേക്കു വന്ന് വാക്കത്തി എടുത്തു. അരകല്ലിനു മീതെ ഒന്നുകൂടി രാകി മൂർച്ച കൂട്ടി. എന്നിട്ട് , ഭാര്യയും മക്കളും കിടക്കുന്ന മുറിയിലെത്തി.

പിറ്റേന്ന് ചിറ്റൂർ ഉണർന്നത് നാടിനെ അപ്പാടെ നടുക്കിയ ഒരു കൂട്ടക്കൊലപാതക വാർത്ത കേട്ടുകൊണ്ടാണ്. തുണി അലക്കിയും ഇസ്തിരിയിട്ട് കൊടുത്തും കുടുംബം പുലർത്തിയിരുന്ന ആൾ ആണ് മാണിക്യൻ. പുറമെ ശാന്തൻ. ആരോടും ഒന്നിനും പോവാത്ത സാധു. ഭാര്യ കുമാരിയും പതിനാലും പന്ത്രണ്ടും വയസ്സുള്ള മക്കളായ മനോജും മേഘയും അടങ്ങിയതാണ് മാണിക്യന്റെ കുടുംബം. പക്ഷേ, വീട്ടിലെ അന്തരീക്ഷം അത്ര സുഖകരമായിരുന്നില്ല. ഇസ്തിരിപ്പെട്ടിക്കുള്ളിലുള്ളതിനേക്കാൾ കൂടുതൽ  തീക്ഷ്ണതയുള്ള  കനലുകൾ വീട്ടിലായിരുന്നു.

പാതിരാക്കൊലപാതകത്തിന്റെ പിറ്റേന്ന്. രാവിലെ പതിവുപോലെ കവലയിലെ ചായക്കടയിൽ മാണിക്യൻ എത്തി. തുണി അലക്കാനും തുണി തേയ്ക്കാനുമൊക്കെ പോവുന്നതിനു മുമ്പ് പതിവുള്ളതാണ് ചൂടുള്ള ഒരു ചായ. പക്ഷേ, അന്നു മാണിക്യൻ പറഞ്ഞത് ചുട്ടുപൊള്ളുന്ന ഒരു വാർത്ത ആയിട്ടായിരുന്നു. "രാത്രി ഞാൻ എന്റെ ഭാര്യയെയും മക്കളെയും അങ്ങ് തീർത്തു കേട്ടോ. കത്താളിന് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്നും തീരുന്നത് അടുത്തിരുന്ന് ഞാൻ കണ്ടു."

കേട്ടവർ ആരും ഇത് ആദ്യം വിശ്വസിച്ചില്ല. മാണിക്യൻ പിന്നെ, നേരെ പോയത് ചിറ്റൂർ പൊലീസ് സ്റ്റേഷനിലേക്ക്. അപ്പോഴേക്കും അരുംകൊലയുടെ ചോര മണക്കുന്ന കാറ്റ് ചിറ്റൂരിലെ ആകാശത്തിനു മീതെ പറന്നു തുടങ്ങിയിരുന്നു. പാലക്കാട് ചിറ്റൂർ ടെക്നിക്കൽ സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുക ആയിരുന്ന മാണിക്യൻ തന്റെ ഭാര്യ കുമാരിയെയും മക്കളായ മനോജിനെയും മേഘയെയും വെട്ടിക്കൊന്നിരിക്കുന്നു .ഒക്ടോബർ രണ്ടാം തീയതി അർദ്ധരാത്രി ആയിരുന്നു സംഭവം. 

നല്ലേപ്പിള്ളി കരിഞ്ഞാലിപ്പള്ളത്ത് ചന്ദനപ്പറമ്പിലാണ് മാണിക്യന്റെ കുടുംബ വീട്. ജോലിയുടെ സൗകര്യാർഥമാണ് മാണിക്യൻ കുടുംബത്തെയും കൂട്ടി ചിറ്റൂരിലേക്കു താമസം മാറ്റിയത്. മാണിക്യന്റെ മകൻ മനോജ് കൊല്ലങ്കോട് അമ്മാവൻമാർക്ക് ഒപ്പമായിരുന്നു താമസം. കൊലപാതകത്തിനു തൊട്ടുമുമ്പ് മാണിക്യൻ മകനെ അവിടെനിന്നു വീട്ടിലേക്കു കൂട്ടിക്കൊണ്ട് വരികയായിരുന്നു. മാണിക്യനെയും കൊണ്ടു പൊലീസ് വാഹനങ്ങൾ ചിറ്റൂരിലെ വാടക വീട്ടിലേക്ക് തിരിച്ചു.

അടുത്ത ആഴ്ച

എന്തിനാണ് മാണിക്യൻ ഇതു ചെയ്തത്?