മാതൃദിന ചിന്തയിൽ, അമ്മയെന്ന സ്നേഹം

അമ്മിഞ്ഞപ്പാലിനൊപ്പം എന്റെ നാവിൻതുമ്പിൽ പകർനെത്തിയ നാമം. അ...മ്മ... അമ്മ.  എവിടെയായിരുന്നു അതുവരെ ഞാനെറിയില്ല. അമ്മയെ അതികഠിനമായി വേദനിപ്പിച്ചുകൊണ്ടാണ് ഞാൻ ഭൂമിയുടെ പച്ചപ്പിലേക്ക് ശിരസുതൊട്ടത്. പിന്നീടറിഞ്ഞു. വേദനയുടെ മൂർധന്യതയിൽ എന്നെ നെഞ്ചോട് ചേർത്ത് വച്ചപ്പോൾ അമ്മയുടെ വേദനയെല്ലാം ഒഴുകിപ്പോയെന്ന്. പിന്നീടൊരിക്കൽ വാക്കുകൊണ്ട് വേദനിപ്പിച്ചപ്പോൾ അമ്മ പറഞ്ഞതുകേട്ട് ഞാനൊരുപാട് കരഞ്ഞു. നെഞ്ചിൽ പറ്റിചേർന്ന് കിടന്ന് അമ്മിഞ്ഞപ്പാൽ ഊറ്റികുടിക്കുമായിരുന്ന്രേത ഞാൻ. ആദ്യമായി ഞാൻ ശബ്ദിച്ചത് കരഞ്ഞുകൊണ്ടാണ് ആ കരച്ചിലിൽ അ..മ്മ..എന്ന രണ്ടക്ഷരമുണ്ടായിരുന്നു. ആദ്യമായി വിളിച്ചതും അമ്മ എന്നു തന്നെയായിരുന്നു. 

  'അമ്മ' എന്ന നന്മ 

  ഇവിടെ വള്ളത്തോൾ നാരായണ മേനോൻ എന്ന മഹാകവിയുടെ വരികൾ ഓർമ്മിക്കാതെ വയ്യ. 

  ''മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം 

ചുണ്ടിന്മേൽ അമ്മിഞ്ഞപ്പാലോടൊപ്പം 

അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ 

സമ്മേളിച്ചീടുന്നതൊന്നാമതായ് 

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 

മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ 

മാതാവിൻ വാത്സല്ല്യ ദുഗ്ധം നുകർന്നാലെ 

പൈതങ്ങൾ പൂർണ്ണ വളർച്ച നേടു

അമ്മതാൻ തന്നെ പകർന്നു തരുമ്പോഴേ 

നമ്മൾക്കമൃതും അമൃതായ് തോന്നു'' 

അമ്മയെന്ന സങ്കല്പത്തെ സ്വർണ നൂലുകൊണ്ട് തൊട്ടിലുണ്ടാക്കി താരാട്ടു പാടിയുറക്കുന്ന ഒരു കഥാകൃത്തുണ്ട് നമ്മൾക്ക്. "അമ്മയെ കണ്ട ഒാർമ്മയില്ല, എന്നെ പ്രസവിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. അമ്മ എന്തെന്ന് അറിഞ്ഞത് ബാപ്പയുടെ അമ്മ തന്ന വാല്സല്യത്തിൽ നിന്നാണ്. പിന്നെ ബാലാമണി അമ്മയുടെ കവിതകളിലൂടെ, വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ. അമ്മയെക്കുറിച്ച് ആരുപറയുമ്പോഴും അതീവ താല്പര്യത്തോടെ കേൾക്കാറുണ്ട് "- മലയാളത്തിൻറെ പ്രിയ കഥാകാരൻ യു എ ഖാദറിൻറേതാണ് ഈ അമ്മ സങ്കല്പങ്ങൾ. ഓർമ്മകളിൽ പോലും ഇല്ലാത്ത അമ്മയെ സങ്കല്പങ്ങളുടെ സ്വർഗലോകത്ത് കൂടെ കൂട്ടുകയാണ് ഈ കഥാകാരൻ.

'അമ്മ' എന്ന രണ്ടക്ഷരം എല്ലാംകൊണ്ടും മഹത്തരം തന്നെ. അമ്മമനസ്സ് എന്താണെന്നു അറിയാൻ ഒരു അമ്മയ്ക്ക് മാത്രമേ കഴിയൂ. ഒരു ഭ്രൂണത്തെ പത്തുമാസം ചുമന്ന്, വേദനകൾ മറന്ന്, അതിനെ നൊന്തു പ്രസവിക്കുന്ന ഒരു സ്ത്രീക്കു മാത്രമേ ആ വികാരം മനസ്സിലാക്കാൻ സാധിക്കൂ. സഹനത്തിന്റെയും കനിവിന്റെയും നിറകുടമാണമ്മ.

ജീവിതം എന്ന തിരിനാളം കൊളുത്തിയ നാൾ മുതൽ അതണയും നാൾവരെ നമ്മൾ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന വാക്ക് "അമ്മ'. നമ്മുടെ എല്ലാ തെറ്റുകളും ക്ഷമിക്കുകയും പ്രതിഫലേച്ഛ കൂടാതെ രാപ്പകൽ നമുക്കുവേണ്ടി പ്രാർത്ഥിക്കുകയും നമുക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന അമ്മ, ദൈവതുല്യയാണ്. 

വഴിയിൽ ഉപേക്ഷിക്കാനും ദൈവാലയ മുന്നിൽ നടയിരുത്താനും അഗതി മന്ദിരത്തിലേക്കു തള്ളിവിടാനും പറ്റിയ ഒരനാവശ്യവസ്തുവാണ് ചിലർക്കിന്ന് അമ്മ.  മക്കൾ എത്ര പ്രായമായാലും അമ്മയ്ക്കു കുഞ്ഞാണ് മക്കൾ. എന്നാൽ അമ്മയ്ക്ക് പ്രായമാകുന്തോറും മക്കൾക്ക് അമ്മ പഴഞ്ചനാണ്, പാഴ്വസ്തുവാണ്. അത്തരക്കാർക്ക്  വൃദ്ധയാകുന്തോറും അമ്മ ശല്യമാകുന്നു.  ഉപേക്ഷിക്കപ്പെടുമ്പോഴും അമ്മ മക്കളെ കുറ്റപ്പെടുത്താറില്ല. അവർക്കായി പ്രാർഥനയുടെ കരുതലിലും വാത്സല്യത്തിന്റെ ജാഗ്രതയിലുമാവും അമ്മ.

ഒരമ്മയും മകനും ഒരിടത്തു താമസിച്ചിരുന്നു. ഭർത്താവ് മരിച്ച വിധവയായ, നിരാലംബയായ ആ സ്ത്രീ വളരെ കഷ്ടപ്പെട്ടാണ് തന്റെ ഏക മകനെ വളർത്തിയത്. മുണ്ട് മുറുക്കി ഉടുത്തും പട്ടിണി കിടന്നും ആ അമ്മ തന്റെ മകനെ വളർത്തി. വളർന്ന് പ്രായപൂർത്തിയായ മകന്  അവൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവഹാം കഴിച്ചു കൊടുത്തു. സന്തുഷ്ടകരമായി കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് കടന്നുവന്ന ആ പെൺകുട്ടിയുടെ പഞ്ചാര വാക്ക് കേട്ട് സ്വന്തം മകന് അമ്മ ഒരു ഭാരമായി തോന്നാൻ തുടങ്ങി. ഭാര്യയുടെ ശല്യം സഹിക്കാൻ ആകാതെ ആ മകൻ അമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ തീരുമാനിച്ചു. ഒരു ദിവസം അവൻ തന്റെ മാതാവിനെയും കൂട്ടി ദൂരെയുള്ള ഒരു വൃദ്ധസദനത്തിൽ പോകുവാൻ തയ്യാറായി. ഒരു ഉൾപ്രദേശത്തായിരുന്നു ആ വൃദ്ധസദനം. ഒരു കാട്ടുവഴിയിലൂടെ വേണം അങ്ങോട്ട് പോകാൻ. ആ മകനും അമ്മയും ആ വഴിയിലൂടെ നടന്ന് നീങ്ങുകയായിരുന്നു. ആ മകൻ നോക്കുമ്പോൾ അമ്മ നടക്കുന്ന വഴി നീളെ ഓരോ ചുവടു വെക്കുമ്പോഴും ഓരോ ഇല നിലത്തു ഇടുന്നത് ആ മകൻ ശ്രദ്ധിച്ചു. ഒന്നും മനസ്സിലാകാതെ നിന്ന ആ മകൻ അമ്മയോട് ഇത് എന്താണ് എന്ന് ചോദിച്ചു. അമ്മ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്റെ മകനോട് പറഞ്ഞു "നീ തിരികെ പോകുമ്പോൾ വഴി തെറ്റാതെ ഇരിക്കാൻവേണ്ടി ചെയ്തതാണ്. നീ തിരികെ പോകുമ്പോൾ നിനക്ക് നേർവഴി കാണിച്ചുതരാൻ ഞാൻ കൂടെ ഉണ്ടാകില്ലല്ലോ'' എന്ന് പറഞ്ഞു. 

അതാണ് അമ്മ. അതാണ് ജനനി. 

അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടെതായ നിർവചനങ്ങൾ ഉണ്ടാവും. അമ്മ, അതൊരു സത്യമാണ്. ഇന്ന് നമ്മളിൽ പലരും മറക്കുന്നതും ആ സത്യത്തെയാണ്. അമ്മ എന്ന സ്മരണക്ക് ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമാണുള്ളത്. അമ്മയെ സ്നേഹിക്കാത്തവനെ ദൈവം സ്നേഹിക്കില്ല. ദൈവം സ്നേഹിക്കാത്തവൻ ഭൂമിയിൽ അധികപറ്റാണ്. അമ്മയെ വറ്റാത്ത സ്നേഹപ്പാലാഴിയിൽ നീരാടാൻ ഓരോ മനുഷ്യനും സാധിക്കണം. അതുതയൊണ് ഈ മാതൃദിനത്തിലെ എന്റെ ആശംസ.