ചന്തം ചാർത്താൻ ഈന്തില

പണ്ട് എന്ത് ആഘോഷം വന്നാലും ഈന്തിന് ഇലകൾ നഷ്ടം. കാരണം ഈന്തില ഇല്ലാതെ എന്ത് അലങ്കാരം? നാട്ടുമ്പുറങ്ങളിൽ സുലഭമായിരുന്ന ഈന്ത് എന്ന മരത്തിന് അന്നു രാജപദവിയായിരുന്നു. കല്യാണ പന്തൽ കമനീയമാക്കാൻ, ഉത്സവത്തിനും പെരുന്നാളിനും സ്വീകരണത്തിനും അലങ്കാരമൊരുക്കാൻ, ക്രിസ്മസ് പുൽക്കൂടൊരുക്കാൻ ഈന്തില ഇല്ലാതെ പറ്റില്ല. ഈന്തിലയുടെ രൂപഭംഗി ഒന്നു വേറെ തന്നെ.. പച്ചയുടെ പ്രൗഢി, ശാലീനത, ഗ്രാമത്തിന്റെ വിശുദ്ധി എല്ലാം പ്രകടമാക്കുന്ന ഇല. കുടിൽ തൊട്ട് കൊട്ടാരം വരെ ഒരുപോലെ സ്വീകാര്യൻ. 

നാട്ടുമ്പുറങ്ങളിലെ പറമ്പുകളുടെ മൂലകളിൽ ഒരു പരിചരണവും ഇല്ലാതെ നിശബ്ദം വളരുന്ന ഈന്തിന്റെ കായകൾ ഭക്ഷ്യയോഗ്യമാണ്. ഇതു സംസ്ക്കരിച്ചെടുക്കുക എന്നതു ഇത്തിരി പ്രയാസമുള്ള കാര്യമാണ്. എന്നാലും ഇതുണങ്ങി പൊടിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ രുചി പഴമക്കാർ പറഞ്ഞു തരും.  

പനയുടെ വർഗത്തിൽപ്പെട്ട ഈന്ത് മരത്തിന് ഭൂമിയോളം പഴക്കമുണ്ടെന്നാണ് പറയുന്നത്. ഇന്ത്യയിൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് സമൃദ്ധമായി കാണുന്നത്. ഇപ്പോൾ ആയുർവേദ മരുന്നിനായി പലയിടത്തും ഈന്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. CYCADS TREE എന്ന് ഇംഗ്ലിഷുകാരും CYCAS CIRCINALIS എന്നു ശാസ്ത്രവും ഇൗ മരത്തെ വിശേഷിപ്പിക്കുന്നു. 

അലങ്കാര ചെടിയായി ഇപ്പോള്‍ ഇൗന്തിനെ വളര്‍ത്തി തുടങ്ങിയിട്ടുണ്ട്. ഇൗന്തിന്റെ പല ഇനങ്ങളും ഗവേഷകര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. അതു പല രൂപത്തില്‍ നമ്മുടെയൊക്കെ പൂന്തോട്ടങ്ങളില്‍ കാണാം.