ചേമ്പില –അയലത്തെ ആനച്ചെവിയൻ

അയലത്തെ, അല്ലെങ്കിൽ പറമ്പിലെ  ആനച്ചെവിയൻ എന്നു പറഞ്ഞാൽ ഓർക്കുക.. അതൊരു പരിഹാസമല്ല. നമ്മുടെ ചേമ്പിലക്ക് അങ്ങനെയും ഒരു വിശേഷണമുണ്ട്. ഒന്നു പുറത്തേക്ക് കണ്ണോടിച്ചാൽ മതി.. എത്രയിനം ചേമ്പിനങ്ങളാണ് നമ്മുടെ മുന്നിൽ നിരന്നിരിക്കുന്നത്. പൂച്ചട്ടിയിലും പൂന്തോട്ടത്തിലും അലങ്കാര ചേമ്പിനങ്ങൾ, വഴിയോരങ്ങളിൽ കാട്ടുചേമ്പുകൾ, കൃഷിയിടങ്ങളിൽ നട്ടു വളർത്തിയ ഭക്ഷ്യയോഗ്യമായ ചേമ്പുകൾ.. അതെ, ചേമ്പ് നമ്മുടെ ജീവിത ചുറ്റുപാടുകളിൽ സജീവ ചിത്രമാണ്.

ഏതാനും വർഷങ്ങൾ മുൻപുവരെ ചേമ്പ് ഇല്ലാത്ത പറമ്പ് കാണാനില്ലായിരുന്നു. പ്രത്യേകിച്ചും നാട്ടുമ്പുറങ്ങളിൽ..പ്ളാസ്റ്റിക് കൂടുമായി ആയിരുന്നില്ല  അന്നു മീൻ വിൽപനക്കാരൻ മീനുമായി വിൽപനക്ക് നടന്നിരുന്നത്. മീൻ വാങ്ങുന്നയാൾക്ക് തൊട്ടടുത്ത പറമ്പിലെ, അല്ലെങ്കിൽ വഴിയിലെ ചേമ്പില രണ്ടെണ്ണം അടർത്തി അതിൽ മീൻ പൊതിഞ്ഞു കൊടുക്കും. ആർക്കും കുറച്ചിലില്ല, പരിഭവം ഇല്ല, പരിസിഥിതി പ്രശ്നമില്ല. 

വീടുകളിൽ പണി കഴിഞ്ഞു പോകുന്ന ജോലിക്കാർക്ക് വീട്ടുടമ ഭക്ഷണം  പൊതിഞ്ഞു കൊടുത്തുവിടാൻ ചേമ്പിലകളാണ് ഉപയോഗിച്ചിരുന്നത്. വീട്ടിലിരിക്കുന്ന മക്കൾക്ക് പണി സ്ഥലത്തു നിന്നു കിട്ടുന്ന ഭക്ഷണം ഒരു പങ്ക് കരുതി വയ്ക്കാനും ചേമ്പില തന്നെയായിരുന്നു ആശ്രയം. പണികഴിഞ്ഞ്, വീട്ടിലേക്ക് പോകും വഴി കള്ളുഷാപ്പിൽ കയറി രണ്ട് കുപ്പി കള്ള് അടിക്കുന്നവർ ‘ടച്ചിങ്ങ്സ് ’ പൊതിഞ്ഞുകൊണ്ടുപോയിരുന്നതും തോട്ടിൽ ചൂണ്ടയിട്ട് മീൻ പിടിച്ചു കഴിഞ്ഞ് അതെല്ലാം കൂടി വീട്ടിലേക്ക് കൊണ്ടുപോയിരുന്നതും പ്രകൃതിയുടെ ഈ പായ്ക്കിങ് കവർ ഉപയോഗിച്ചായിരുന്നു. പെരുമഴയത്ത് തല നനയാതെ ചേമ്പില ചൂടി നടക്കുന്ന കാരണവൻമാരെ പഴയ ചിത്രങ്ങളിൽ കാണാം. 

കേരളത്തിൽ ശീമ ചേമ്പ്, ചെറു ചേമ്പ്, നന ചേമ്പ് എന്നിങ്ങനെ അറിയപ്പെടുന്ന ചേമ്പിനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ശീമ ചേമ്പിന്റെ തണ്ട് കറിവയ്ക്കാനുപയോഗിക്കുമ്പോൾ, ചെറു ചേമ്പിന്റെ കൂമ്പിലയാണ് കറി വയ്ക്കാൻ ഉപയോഗിക്കുന്നത്. പഴമക്കാരുടെ നാവിന്റെ തുമ്പിൽ മാത്രം ഈ രുചി ഇപ്പോഴും വിളയാടുന്നുണ്ടാവും. കാരണം, ഇതിന്റെ പാചക പരിചയം പുതു തലമുറയ്ക്ക് അന്യമാണ്. നന്നായി കൈകാര്യം ചെയ്യാനറിയാത്തവർ ചേമ്പ് വച്ചാൽ ചൊറിയും.. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.. എന്ന പ്രയോഗത്തിനു പിന്നിലും ഒരു പക്ഷേ ചേമ്പുണ്ടാവാം. 

COLOCASIA എന്നതാണ് ചേമ്പിന്റെ ഔദ്യോഗിക നാമം. ഗ്രീക്ക് ചരിത്രത്തില്‍ൽ വരെ ഇതിനെ പറ്റി പരാമർശമുണ്ട്. അതിനാല്‍ നമ്മുടെ പൂര്‍വികര്‍ക്കും ചേമ്പ് ഏറെ പ്രിയങ്കരം ആയിരുന്നു എന്നുറപ്പ്.