തലമുറകൾക്കിടയിലെ വിടവ്

കുറച്ചുകാലം മുൻപാണ് ഈ വാക്ക് അങ്ങ് സർവസാധാരണമായത് .പണ്ടുകാലത്ത് ഈ വാക്ക് കേട്ടിട്ടേയില്ല .തലമുറകൾക്കിടയിൽ അങ്ങനെ ഒരു വിടവുണ്ടോ ?പുതിയ തലമുറയെ മനസ്സിലാക്കാൻ മുതിർന്നവർക്ക് കഴിയും  എന്നാണ് എന്റെ വിശ്വാസം .ഞാൻ മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ ഞാൻ ഒരു സാധാരണ അമ്മയല്ല (21 വയസ്സിൽ അമ്മയായതു  മുതൽ ഇതാ  വയസ്സാകും മുൻപേ  അമ്മുമ്മയായിട്ടും )

ബാല്യവും കൗമാരവും യൗവനവും കടന്നു തന്നെയാണ് ഞാൻ സ്ത്രീയായതും അമ്മയായതും എന്നും അവർ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം എനിക്ക് മനസ്സിലാക്കാൻ കഴിയുന്ന തരംഗദൈർഘ്യത്തിൽ തന്നെയാണെന്നും  എന്റെ മക്കളെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞിരുന്നു .ഒരമ്മ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ നേട്ടമായി ഞാൻ കണ്ടതും അത് തന്നെ .

ഈ അമ്മ അവരുടെ ഏറ്റവും അടുത്ത സുഹൃത്താണ് .അമ്മയോട് എന്തും തുറന്നു പറയാം .ഏതു പ്രശ്നവും അമ്മയുടെ മുൻപിൽ അവതരിപ്പിക്കാം .തെറ്റിലും ശരിയിലും ആപത്തിലും ആനന്ദത്തിലും സുഖത്തിലും ദുഃഖത്തിലും അമ്മ അവരോടൊപ്പമുണ്ടാകും ,എന്നൊക്കെ ,ഓർമ്മ വച്ച നാൾ മുതൽക്കേ  പതുക്കെ പതുക്കെ ഞാൻ എന്റെ മക്കൾക്ക് ഉറപ്പു നല്കിപ്പോന്നു .

അത് കൊണ്ടാവാം എന്നെ അവർ നന്നായി മനസ്സിലാക്കി .പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നപ്പോഴൊക്കെ അവർ എന്നോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നു .അഹങ്കാരമോ ധിക്കാരമോ കാട്ടി എന്നെ വേദനിപ്പിച്ചിട്ടില്ല .ഞാൻ ഒരു ബെസ്ററ് അമ്മയാണെന്നോ എന്റെ മക്കൾ ബെസ്ററ് മക്കളാണെന്നോ അല്ല പറഞ്ഞു കൊണ്ട് വരുന്നത്.ഞങ്ങൾക്കിടയിൽ ഈ പറഞ്ഞ വിടവില്ലാതെയിരിക്കാൻ  പ്രത്യേകം ശ്രദ്ധിച്ചു എന്നേയുള്ളു .

ഒരു തലമുറ മുൻപ് എന്റെ അമ്മയുൾപ്പെടെ പല അമ്മമാരും അങ്ങനെയായിരുന്നില്ല .അമ്മയും അച്ഛനും പറയുന്നതൊക്കെ അനുസരിക്കണം .തെറ്റ് കുറ്റങ്ങൾക്ക് നിശിതമായ കുറ്റപ്പെടുത്തലുകളും ശകാരങ്ങളും ശിക്ഷകളും മുതിർന്നവരിൽ നിന്ന് ഏറ്റു  വാങ്ങേണ്ടി വരും .അത് തലമുറ വിടവുകൊണ്ടൊന്നുമല്ല .അന്നത്തെ രീതി അതാണ് .അതിനും മുൻപ് അതിലും കഠിനമായിരുന്നിരിക്കണം ഈ വിടവ് ! "ധീ എന്നാൽ എന്താണർത്ഥം .ബുദ്ധി അല്ലെ ?അപ്പോൾ ധീയോടെ കാര്യങ്ങൾ പറയുന്നവനാണ് ധിക്കാരി "തമാശക്കാരനായ ഒരനുജൻ പറയാറുണ്ടായിരുന്നു ."തെറ്റോ ശരിയോ എന്നൊന്നുമില്ല മൂത്തവർ പറയുന്ന മുതു നെല്ലിക്ക അങ്ങു വിഴുങ്ങിയേക്കണം "എന്ന് കൂടി പറഞ്ഞ് അവൻ ചിരിക്കും .

ഇപ്പോൾ കൊച്ചു മക്കളുമായി ഇടപഴകുമ്പോഴും ഇതേ രീതി തന്നെയാണ് ഞാൻ അവലംബിക്കുന്നത് . കളിക്കാനും ചിരിക്കാനും പാടാനും ആടാനും കുസൃതികൾ കാട്ടാനുമൊക്കെ ഞാൻ അവരുടെ കൂടെ കൂടാറുണ്ട് .അവരുടെ കൂട്ടുകാരും എന്നോട് കൂട്ട് കൂടിയിട്ട് പറയാറുണ്ട് "അമ്മുമ്മ അടിപൊളി കക്ഷി തന്നെ "

ഭയവും ലജ്ജയും കലരാത്ത ശൈശവത്തിന്റെയും കൗമാരത്തിന്റെയും നിഷ്ക്കളങ്കത ആവോളം ആസ്വദിച്ച് ജീവിക്കുമ്പോൾ ഞാൻ സ്വയം ചോദിക്കുന്നു .

തലമുറകൾക്കിടയിൽ എന്തിനാണൊരു വിടവ്