ഒരു ആകാശയാത്ര

44 വർഷങ്ങൾക്ക്  ശേഷം ഒരു വിമാനയാത്ര നടത്തി .ഇതിൽ ഇത്ര പറയാനെന്തിരിക്കുന്നു എന്നല്ലേ ?ഉണ്ടല്ലോ .ഒരു നീണ്ട കഥ തന്നെ പറയാനുണ്ട് .

പണ്ട് പണ്ട് പണ്ട് ദേവി ഒരു യുവതിയായിരുന്ന കാലത്ത് തിരുവനന്തപുരത്തു നിന്ന് ബോംബെ വരെ അന്നത്തെ ജെറ്റ് വിമാനത്തിൽ കയറിപ്പോയി .പിന്നെ പ്ലെയിനിൽ കയറിയില്ല .ഒരു എയർപോർട്ട് പോലും കണ്ടിട്ടില്ല .കഴിഞ്ഞ കൊല്ലം ഒരു കശ്മീർ യാത്ര കഴിഞ്ഞു വന്നപ്പോൾ പേരക്കുട്ടികൾ  ചോദിച്ചു ."അമ്മുമ്മ പണ്ടെന്നോ പ്ലെയിനിൽ  പോയിട്ടല്ലേ ഉള്ളു .ഇപ്പോൾ ഒന്ന് പോകരുതോ "

"നമുക്ക് അഹമ്മദാബാദിൽ പോയാലോ ,സലോമിയുടെ അടുത്ത് "പെട്ടെന്ന് പൊട്ടി വീണു എന്റെ ഉള്ളിലൊരു ഐഡിയ !കുട്ടികൾക്ക് ഉത്സാഹമായി .എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ സലോമി അവർക്കും പരിചിത മാത്രമല്ല പ്രിയങ്കരിയുമാണ് .അങ്ങനെ ഓണാവധിക്കാലത്ത് പോകാൻ ഞങ്ങൾ പ്ലാനിട്ടു  .സലോമിക്കും സന്തോഷവും സൗകര്യവും തന്നെ .മകളും മരുമകനും സമ്മതിച്ചു .രാമുവിനും മിലിക്കും അമ്മുമ്മയുടെ വക ഗംഭീരമായ ഒരു ഓണസമ്മാനം .ഒരു യാത്ര !.പിന്നെയുമില്ലേ പ്രശ്‌നം .സുഖമില്ലാത്ത മകനെ വിട്ടു എങ്ങനെ പോകും ?അവന്റെ ഹോംനഴ്സ്‌ പറഞ്ഞു" ചേച്ചി ധൈര്യമായിപ്പോയിട്ടു വരൂ .ഞാനില്ലേ ഇവിടെ ".അവരുടെ മകനും  സൂരജിനെ നോക്കിക്കൊള്ളാമെന്നേറ്റു .ഇവിടെ വന്നു നിൽക്കാം ഒരാഴ്ചക്കാലം എന്ന് സമ്മതിച്ചു .പിന്നെ താഴത്തെ ഫ്ലാറ്റിൽ മകളും മരുമകനും ഉണ്ടല്ലോ .

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താൽ ലാഭമുണ്ടല്ലോ .ജൂണിൽ തന്നെ ടിക്കറ്റ്കൾ ബുക്ക് ചെയ്തു .എന്റെ ചെറിയ പെന്ഷന്  താങ്ങാവുന്നതേയുള്ളു ചാർജസ്സ്‌ .ഞങ്ങൾ മനസ്സ് കൊണ്ട് ഒരുങ്ങിത്തുടങ്ങി .ഇതിനിടെ കുട്ടികളുടെ പരീക്ഷയുണ്ട് .അവർ അതിൽ മുഴുകി . ഞാനും അതിന്റെ തിരക്കിലായി .പരീക്ഷ ഓഗസ്റ്റ് 17 നു തീരും .18 ന് സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് സ്കൂളടയ്ക്കും  .ഞങ്ങൾ ദിവസങ്ങൾ  എണ്ണിത്തുടങ്ങി .20 ന്  പോകാനാണ് ഞങ്ങളുടെ ടിക്കറ്റ് .കൊച്ചി അഹമ്മദാബാദ് ഇൻഡിഗോ ഫ്ലൈറ്റ് . ഇതേക്കുറിച്ച്  എനിക്കൊരു  ഗ്രാഹ്യമേ .ഇല്ല രാമു ഉണ്ടല്ലോ എന്നാണ് ധൈര്യം.

അപ്പോഴതാ മാനത്ത് മഴക്കാറുകൾ തിങ്ങിക്കൂടുന്നു   ,തോരാത്ത പേമാരിയും  വെള്ളപ്പൊക്കവും. പരീക്ഷകൾ   നിർത്തിവച്ച്  സ്കൂൾ പൂട്ടി .ഓണാവധി വെട്ടിക്കുറച്ച് 20  നും 21നും ക്ലാസ്  ഉണ്ടാവുമെ ന്നും അന്ന്  പരീക്ഷ നടത്തുമെന്നും സ്കൂളിൽ നിന്ന് അറിയിപ്പ് വന്നു .ഞങ്ങൾ വിഷമത്തിലായി .21  നു  രാത്രിക്കു യാത്രതിരിക്കാനായി  ടിക്കറ്റ് മാറ്റി .  അപ്പോഴുണ്ട്  കൊച്ചി എയർപോർട്ട് പ്രളയത്തിൽ  മുങ്ങി . സ്കൂളുകൾ  ഓണാവധി  കഴിഞ്ഞേ തുറക്കൂ എന്ന്   വിജ്ഞാപനമുണ്ടായി .ഈശ്വരാ ! നിരാശരാകാൻ ഞങ്ങൾ തയാറായില്ല .തിരുവനന്തപുരത്തു നിന്ന് പോകാനായി വീണ്ടും ടിക്കറ്റ് മാറ്റി .(എന്റെ പദ്ധതികൾ അവതാളത്തിലാക്കുന്നതിൽ   എന്നും ദൈവത്തിന്റെ കുസൃതികൾക്കു പങ്കുണ്ടായിരുന്നു.എന്റെ ബാല്യകാലസ്വപ്നങ്ങൾ മുതൽ യൗവനമോഹങ്ങളും വാർദ്ധക്യപ്ലാനുകളും വരെ അവൻ  തട്ടി ത്തെറിപ്പി ച്ചു കളഞ്ഞില്ലേ ?ഇത്തവണ ഞാൻ വിട്ടു തരില്ല .ഞാനുറപ്പിച്ചു ) 

ഒരു ഉല്ലാസ യാത്രക്ക് പറ്റിയ സമയമൊന്നുമല്ല .കേരളമാകെ ഒരു ദുരന്തത്തിൽ കേഴുകയല്ലേ ? പക്ഷെ ഇതൊരു വിനോദയാത്രയല്ലല്ലോ ?ഒരു സുഹൃത്ത് .  അല്ലെങ്കിൽ അനിയത്തിയെ സന്ദർശിക്കുന്നു  .ആ കുടുംബത്തോടൊപ്പം   രണ്ടു മൂന്നു നാൾ കഴിയുന്നു .അതിനപ്പുറം ഒന്നുമില്ല .എനിക്കും വേണ്ടേ എന്റെ  ദുരിത കടലിൽ നിന്നൊരു ഇടവേള .കുട്ടികളെയും ഞാൻ മോഹിപ്പിച്ചു പോയില്ലേ ? പോകാൻ തന്നെ ഞാനുറച്ചു ."അതാണ് സ്പിരിറ്റ് " സലോമിയും എന്നെ അഭിനന്ദിച്ചു .

 അങ്ങനെ ഞങ്ങൾ പോകാനൊരുങ്ങി  19 ന്  തിരുവനന്തപുരത്തെത്തി . 20 നു  3 വലിയ പെട്ടി കളുമായി ഞങ്ങൾ തിരുവനന്തപുരം എയർ പോർട്ടിലെത്തി .റോഡിലൂടെ പോകുമ്പോൾ ശംഖുംമുഖം ബീച്ചു മുഴുവൻ കടലെടുത്തു പോയതായി കണ്ടു .കുട്ടിക്കാല ഓർമകളിൽ  മിഴിവാർന്നു നിൽക്കുന്ന   ഒന്നാണ് ആ ബീച്ചിൽഅച്ഛനും അമ്മയും ഒത്ത്  പോയിരുന്ന സായാഹ്നങ്ങൾ !എയർപോർട്ട് എനിക്കൊരു അത്ഭുതമായി .പണ്ടെന്നോ വന്നു പോയതല്ലേ ?ഒരുപാടു മാറ്റങ്ങൾ ഉണ്ട് .ബാഗുകൾ ഏൽപ്പിക്കുക സെക്യൂരിറ്റി ചെക്ക് ഇങ്ങനെ ചടങ്ങുകൾ ഓരോന്നായി കഴിഞ്ഞുപോയി .എല്ലാത്തിനും രാമു തന്നെ .ഞാനും മിലിയും വാലുപോലെ പിന്തുടർന്നു .പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് വെറും സാധാരണ വേഷങ്ങൾ ധരിച്ച് ബസിൽ കയറാൻ വരുന്നതു പോലെയുള്ള യാത്രക്കാർ .പ്ലെയിൻ യാത്ര ഇപ്പോൾ ഒരു ആഡംബരമല്ലാതായിരിക്കുന്നു .

അങ്ങനെ ഞാൻ പ്ലെയിനിൽ കയറി .ഡൽഹിയിൽ ഇറങ്ങി അടുത്ത ഫ്ലൈറ്റിൽ അഹമ്മദാബാദ്‌ലേക്ക് .മടക്കയാത്രയും അതുപോലെ തന്നെ .അഹമ്മദാബാദിൽ നിന്ന് ബംഗളൂർക്ക് .അവിടെ നിന്ന് തിരവനന്തപുരത്തേക്ക്   .അങ്ങനെ കാലം കുറെ കഴിഞ്ഞെങ്കിലെന്താ നാല് എയർപോർട്ട് കണ്ടില്ലേ .നാലു പ്ലെയിനുകളിൽ  കയറിയില്ലേ ?ഇനിയെന്ത് വേണം എന്നല്ലേ ചോദിക്കാനൊരുങ്ങുന്നത് .?ഇനി പറയൂ ഇതൊരു കഥ തന്നെയല്ലേ ?