എന്റെ പെണ്ണ് 

ഒരു പ്രണയ സൗരഭ്യം പരക്കുന്നില്ലേ ?

"എന്റെ പെണ്ണ് എന്ന അവകാശവാദവുമായി ഒരു പുരുഷൻ മുന്നിൽ വന്നു നിന്നാൽ വീണുപോകുന്ന ആ പെൺകാലമൊക്കെ കഴിഞ്ഞു .എന്നാലും ഒരു ചെറിയ കോരിത്തരിപ്പ് മനസ്സിലെവിടെയോ കൊളുത്തിപ്പിടിക്കുന്നു ".

ഒരു പാട് വര്ഷങ്ങള്ക്കു മുൻപ് കേട്ട ഒരു റൊമാന്റിക് വാക്യമാണിത് .പറഞ്ഞത് അതി സുന്ദരിയായ ഒരു പെണ്ണ് .പ്രിയംവദ .അവളെ അങ്ങ്  കഠിനമായി പ്രേമിച്ചിരുന്ന മുരളി എന്ന സീനിയർ ക്ലാസ്സിലെ പയ്യൻസ് ഒരു ദിവസം ഞങ്ങളുടെ മുന്നിൽ വച്ചു  തന്നെ മറ്റൊരുത്തനുമായി അടിയുണ്ടാക്കി .എതിരാളിയുടെ ഷ ർട്ടിന് കുത്തിപ്പിടിച്ചു മറിച്ചിടുന്നതിനിടയിൽ അവൻ ആക്രോശിച്ചു ."നിനക്കെന്റെ പെണ്ണിനെ വേണം അല്ലേടാ ".

ഞാനുൾപ്പെടെയുള്ള മധുരപതിനെട്ടുകാരികൾ എല്ലാം കോരിത്തരിച്ചുപോയി .(ഞാനാണെങ്കിലോ പെൺസ്കൂളിൽ നിന്നും ,പെൺ കോളേജിൽ നിന്നും  വന്നവൾ).ആൺപെൺ കോളേജ് ലവ്വിനെക്കുറിച്ചു വലിയ ഗ്രാഹ്യമില്ല .പെട്ടെന്ന് പ്രിയംവദ ഓടിച്ചെന്ന് മുരളിയെ പിടിച്ചു വലിച്ചു ."മുരളീ വിട് വിട് ". എന്ന് തെരുതെരെ പറയുകയും ചെയ്തു .മുരളി അവളുടെ മുറുകെയുള്ള പിടിയെ കുടഞ്ഞെറിഞ്ഞ് ഒറ്റ നടത്തം .അടികൊണ്ടവൻ എതിർദിശയിലേക്കും നടകൊണ്ടു .ഞങ്ങളുടെ അമ്പരന്ന  മഞ്ഞ മുഖങ്ങൾ നോക്കി പ്രിയംവദ പറഞ്ഞു .

"ഓ ആ ജോൺ എന്നോടൊരു പ്രേമാഭ്യർത്ഥന നടത്തി .ഞാനതു നിരസിച്ചു .എന്റെ കഷ്ടകാലത്തിനു അവൻ പിറകെ നടന്നു ശല്യപ്പെടുത്തുന്ന കാര്യം മുരളിയോടങ്ങു പറഞ്ഞു പോയി ."

വര്ഷങ്ങള്ക്കു ശേഷം മുരളി "എന്റെ പെണ്ണിനെ "സ്വന്തമാക്കുന്ന ചടങ്ങിൽ ജോണിനെ കണ്ടപ്പോൾ ഞങ്ങൾ കൂട്ടു കാരികൾക്ക് നല്ല രസം തോന്നി ..

"എന്റെ പെണ്ണ് എന്റെ പെണ്ണ് എന്ന് വീമ്പടിച്ചു നടന്ന എല്ലാവര്ക്കും ആ 'എന്റെ പെണ്ണിനെ 'കിട്ടിയിട്ടുണ്ടോ ?ഇല്ല .അതൊക്കെ ഒരു കൗമാര പ്രണയം എന്ന് തള്ളിക്കളയാൻ അവർക്കു കഴിഞ്ഞു .

പെണ്ണ് എന്നത് അല്പം താഴ്ന്ന ഒരു പ്രയോഗമാണെന്ന് കരുതുന്ന സന്ദർഭങ്ങളുമുണ്ട് .എനിക്ക് പരിചയമുള്ള ഒരാഢ്യ ഗൃഹനായിക പണിക്കു വരുന്ന പെണ്ണുങ്ങളെ 'എടി പെണ്ണേ "എന്നേ വിളിക്കുമായിരുന്നുള്ളു .അവരുടെ പേര് പോലും പറയുകയില്ല .പ്രായമനുസരിച്ചു സഹായികളെ അക്കയെന്നോ ചേച്ചിയെന്നോ പേരുകൂടി അമ്മയെന്നോ (ദേവകിയമ്മ .കമലയമ്മ രാധമ്മ എന്നിങ്ങനെ )വിളിക്കുന്ന ഒരു രീതിയായിരുന്നു എന്റെ വീട്ടിൽ. ഈ പെണ്ണേ വിളി എന്നെ അദ്‌ഭുതപ്പെടുത്തി. ആ ബഹുമാന്യ സ്ത്രീ ജനത്തോടു ചോദിച്ചപ്പോൾ  "ഓ അവളുമാരെയൊക്കെ അങ്ങനെ വിളിച്ചാൽ മതി "എന്ന് മറുപടി ."നമ്മളും പെണ്ണല്ലേ ചേച്ചി "എന്ന് എന്റെ പെൺബോധം പ്രകടിപ്പിച്ചത് അവർക്കു തീരെ പിടിച്ചില്ല .ഞാൻ പിന്നെ തർക്കിക്കാനും പോയില്ല .

പോടി പെണ്ണേ  ,മണ്ടിപ്പെണ്ണേ ചക്കരപ്പെണ്ണേ എന്നൊക്കെയുള്ള വിളികൾ സ്നേഹത്തോടെയുമാവാം എന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട് .അതുകൊണ്ടു പെണ്ണ് ഒരു മോശം വാക്കല്ല തന്നെ .

മുതിർന്നവരെ സ്ത്രീ എന്നും കൊച്ചു പെണ്ണുങ്ങളെ പെണ്ണെന്നും ഞങ്ങളുടെ നാട്ടിൽ പറയാറുണ്ട് ."ദേ ഒരു പെണ്ണ് വന്നു നിൽക്കുന്നു "എന്ന് പറഞ്ഞാൽ "ഓ അത് പെണ്ണൊന്നുമല്ല വലിയ സ്ത്രീയാ "എന്ന് പറയുന്നത് കേട്ടിട്ടുണ്ട് .എന്റെ ചുറ്റു വട്ടത്തുള്ള ചില മുത്തശ്ശിമാർ ഭാര്യ എന്ന അർത്ഥത്തിലാണ് പെണ്ണ് എന്ന് പ്രയോഗിച്ചിരുന്നത് ."അത് ദേവന്റെ പെണ്ണല്ലേ ,രവിയുടെ പെണ്ണ് വന്നില്ലേ" എന്നൊക്കെ കേൾക്കുമ്പോൾ "ദൈവമേ ഈ പെണ്ണുങ്ങൾക്ക് പേരില്ലേ ,അവന്റെ പെണ്ണ് ഇവന്റെ പെണ്ണ് മറ്റവന്റെ  പെണ്ണ് ഓ കഷ്ടം എന്ന് ഞാൻ ചെറുപ്പത്തിൽ ചിന്തിച്ചിട്ടുണ്ട് .പിന്നീടല്ലേ എനിക്ക് തിരിഞ്ഞത് ആ പെണ്ണുങ്ങൾക്ക് ഈ മേൽവിലാസമാണ് അഭിമാനകരം എന്ന് .

കവിതകളിലും കഥകളിലും സിനിമകളിലുമൊക്കെ "പെണ്ണേ "വിളി വളരെ റൊമാന്റിക്കാവും പലപ്പോഴും . വിളിക്കുന്നവനും വിളികേൾക്കുന്നവൾക്കും പ്രിയം, പ്രിയകരം .സ്ത്രീ എന്നുവിളിക്കുന്നതിനേക്കാൾ സുന്ദരമല്ലേ പെണ്ണേ എന്ന വിളി .

ഒരു എഴുത്തുകാരൻ ഈയിടെ പറയുകയുണ്ടായി "ഏറ്റവും നല്ല വരികൾ ഞാൻ കുറിച്ചത് എന്റെ പെണ്ണിനെഴുതിയ കത്തുകളിലാണ്‌ " എന്ന് .

ഓർമക്കുളിരുകളിൽ   "എന്റെ പെണ്ണ് "  എന്ന possessive pronoun   തേന്മലരായി സൂക്ഷിക്കുന്നുണ്ട് എന്നെപ്പോലെയുള്ള കാല്പനിക വിഡ്ഢികളെങ്കിലും എന്ന് എനിക്കതു കേട്ടപ്പോൾ തോന്നി.