തടിച്ചുരുക്കൽ യജ്ഞം

അമിതമായ വണ്ണം അഥവാ തടി നമുക്ക്  പ്രശ്നമായത് അതി വിദൂര ഭൂതത്തിലൊന്നുമല്ല .തടി കൂടുന്നു ,ഭക്ഷണം കുറയ്ക്കണം , തടി  ചുരുക്കണം എന്ന ചിന്തകൾ കുറച്ചു കാലം മുൻപ് മാത്രമാണ് സർവസാധാരണമായി കേട്ട് തുടങ്ങിയത് .കഠിനമായി ദേഹാദ്ധ്വാനം ചെയ്തിരുന്ന പഴയ തലമുറയ്ക്ക് തടി കുറക്കാൻ വ്യായാമങ്ങളുടെയോ ആഹാരം ചുരുക്കലിന്റെയോ ആവശ്യമുണ്ടായിരുന്നില്ല .ഇന്നുള്ളവർ കഴിക്കുന്നതിനേക്കാളധികം  ഭക്ഷണം അവർ കഴിക്കുകയും ചെയ്തിരുന്നു .പക്ഷെ അത് ഇന്നത്തെപ്പോലെയുള്ള ആഹാരരീതി ആയിരുന്നില്ല .ചോറ് ,നല്ല പച്ചക്കറിക്കറികൾ ,മീൻകറി , നല്ല തൈരോ മോരോ .സുഭിക്ഷമായ പ്രാതൽ (അത്  പുട്ടും പഴവും  ,ഇഡ്‌ലി സാംബാർ അല്ലെങ്കിൽ കഞ്ഞിയും പയറും .പഴഞ്ചോറ് കഴിക്കുന്നവരുമുണ്ടാകും ).ചക്ക പുഴുക്കൊ ,കപ്പകുഴച്ചതോ മധ്യാഹ്ന ഊണിനോടൊപ്പം ഉണ്ടാകും .ലഘുവായ അത്താഴം .(അത്  ചോറോ കഞ്ഞിയോ ആകാം )ഇറച്ചിയും വറുത്ത  മീനുമൊക്കെ വിശേഷ സന്ദർഭങ്ങളിലെ ഉള്ളു  .പായസവും പലഹാരങ്ങളുമൊക്കെയും അതുപോലെ വിശേഷങ്ങൾക്ക് മാത്രം .ഇത് ജാംബവാന്റെ കാലത്തെ  കഥയൊന്നുമല്ല .കുറച്ചു വർഷങ്ങൾ മുൻപുള്ള കാര്യം .ദരിദ്രരുടെ വീട്ടിലെ കാര്യവുമല്ല .വളരെ സമ്പന്നമായ തറവാടുകളിലെ  ദിനചര്യയും ഇതൊക്കെ ത്തന്നെ .

കാലം മാറി .ഭക്ഷണരീതികളിൽ സമൂല പരിവർത്തനം വന്നു .കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത വിഭവങ്ങൾ(ജങ്ക് ഫുഡ്സ് ) നമ്മുടെ ഊണു മേശകൾ അലങ്കരിച്ചു .രുചിയോ മെച്ചം ,ഗുണമോ തുച്ഛം ഹാനികരം ! .കുട്ടികൾക്കു മുതൽ മുതിർന്നവർക്കു  വരെ അമിത വണ്ണത്തിനും അനാരോഗ്യത്തിനും ഇത് കാരണമായി . 

പിന്നെ ദേഹമനങ്ങാതെ യുള്ള ജോലികളും .ജോലിത്തിരക്കിനിടയിൽ ശരീരമിളക്കുന്ന ജോലികൾക്കോ വ്യായാമങ്ങൾക്കോ സമയവുമില്ല .ഉദ്യോഗങ്ങൾ ഉള്ളവർക്കും പണ്ടുകാലത്ത് ഒഴിവു  സമയം ധാരാളം . വീട്ടു ജോലികൾ ചെയ്യും .ആണായാലും പെണ്ണായാലും വീട് വൃത്തിയാക്കാനും മുറ്റമടിക്കാനും ചെടികൾ നടാനും നനക്കാനുമെന്തിന് വെട്ടാനും കിളക്കാനും വരെ അവർ തയാറായിരുന്നു .

ഇന്നോ ?വ്യായാമത്തിനു ജിമ്മിൽ പോകും .വീടൊന്നു വൃത്തിയാക്കണമെങ്കിൽ അതിനു കൂലി കൊടുത്ത്  ആളെ വയ്ക്കും .

തടി കൂടി, ആരോഗ്യം കുറയുന്നു,രക്ത സമ്മർദ്ദവും പ്രമേഹവും ഭീഷണി മുഴക്കുന്നു  എന്ന് തോന്നിയാൽ തുടങ്ങുകയായി ഏറ്റവും പരിഷ്കൃതമായ ഡയറ്റിങ് രീതികൾ .വീട്ടിലുണ്ടാക്കുന്ന രുചിയേറിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കും .ജി ഡയറ്റിംഗ്  കീറ്റോ ഡയറ്റിങ് ,വീഗൻ ഡയറ്റിങ് (പിന്നെയുമുണ്ട് അനേക രീതികൾ )ഒക്കെ നെറ്റ്  നോക്കി പഠിച്ചു പ്രാ വർത്തികമാക്കും .പട്ടിണിയിൽ തുടങ്ങി പച്ചക്കറികളിലൂടെ പഴങ്ങളിലൂടെ ,പുഴുങ്ങി വച്ച മത്സ്യ മാംസാദികളിലൂടെ ഉള്ള ഒരു ആഹാര നീഹാര രീതിയാണ് ഇതിന്റെയൊക്കെ ടൈംടേബിൾ.ഇതിനൊക്കെ ഉണ്ടാവുന്ന ചെലവോ ,കേട്ടാൽ ഞെട്ടും .ഇതൊന്നും ആവശ്യമില്ല .സാധാരണ ആഹാരരീതികൾ തന്നെ മതി .അളവ് കുറയ്ക്കുക .ആയാസമില്ലാത്ത ഭക്ഷണം ചുരുക്കലും  അതി പ്രയത്നം അനുഭവപ്പെടാത്ത വ്യായാമങ്ങളും   മതി .ആയുസ്സും ആരോഗ്യവുംനേടാൻ .ഇത് കേട്ടാൽ തുടങ്ങുകയായി പരിഹാസം .

"ഈ ദേവിയമ്മയ്ക് എന്തറിയാം?വെറും പഴഞ്ചൻ ".ഈ അഭിനന്ദനം കേൾക്കണോ ?ഞാൻ മിണ്ടാതിരിക്കും .മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും ,എന്തിനു ചെറുപ്പക്കാരായ പരിചയക്കർക്കും  എല്ലാം വയസ്സായവർ അറുപഴഞ്ചൻ  തന്നെ .കുറെ ദിവസം വെട്ടി വിഴുങ്ങുക ,പിന്നീട് കുറച്ചു നാൾ പട്ടിണി കിടക്കുക .പേരോ ഡയറ്റിങ് .!

  

പണ്ടുള്ളവർ എന്തും മിതമായേ കഴിക്കൂ .ചെറിയ ജോലികൾ വ്യായാമത്തിനു പകരമാകും .പിന്നെ ഇടയ്ക്കിടെ നോക്കുന്ന വ്രതങ്ങളും നൊയമ്പുകളും ഡയറ്റിങ്ങിന്റെ ഫലം ചെയ്യും .ഇങ്ങനെ ജീവിച്ച എന്റെ അച്ഛനപ്പൂപ്പന്മാർ (അമ്മയും മുത്തശ്ശിയും ) ദീർഘകാലം ആയുസ്സോടെ ആരോഗ്യത്തോടെ  ജീവിച്ചിരുന്നു എന്ന ഉദാഹരണം ഞാൻ ചൂണ്ടിക്കാട്ടിയാലും ഫലം തഥൈവ .പുതിയ ജീവിത ശൈലികൾ,പരിഷ്കൃതശാരീരിക സംരക്ഷണങ്ങൾ (?)അതല്ലേ പുതിയ തലമുറയ്ക്ക് പഥ്യം !