Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവന്‍ ഗർഭിണിയായ സമയം

വിനോദ് നായർ
Author Details
Pregnant Man നിത പെട്ടെന്ന് ഫോണെടുത്തു. അടുത്ത നിമിഷം പിന്നിൽ നിന്ന് അയാൾ പെരുമ്പാമ്പിനെപ്പോലെ സീറ്റുകൾക്കിടയിലൂടെ മുന്നിലേക്ക് ഇഴഞ്ഞു വന്നു...

രാത്രിയിൽ വാഹനങ്ങൾ ഒഴിഞ്ഞതോടെ ഇലക്ട്രോണിക് സിറ്റി റോഡ് ഒരു മൊബൈൽ ഫോൺ പോലെ ഹാങ് ആയി.

കലിപ്പുവന്ന പെൺപാമ്പിനെപ്പോലെ വീതിയുള്ള റോ‍ഡിലൂടെ അവൾ വളഞ്ഞുംപുളഞ്ഞു കാറോടിക്കാൻ തുടങ്ങി. 

ക്ളൈന്റ്സ്, പ്രസന്റേഷൻ, ബഗ്സ്, സ്പ്രിന്റ് ഡെഡ്‍ലൈൻ,  കുന്ത്രാണ്ടം.. നിത ഓഫിസിൽ ഇറങ്ങിയത് രാത്രി പതിനൊന്നര കഴിഞ്ഞാണ്.

ഇന്ന് ക്ളൈന്റ്സിന്റെ വരവോടെ എല്ലാം തെറ്റി. മീറ്റിങ്ങുകൾ കഴിയാൻ ഒരുപാട് വൈകി. 

ഒടുവിൽ എങ്ങനെയും തീർത്തിട്ട് പുറത്തിറങ്ങാൻ നേരം ടീമിലെ ഒരുത്തൻ പിന്നാലെ ചൊറിയാൻ വന്നു..  ഇത്രേം ലേറ്റ് ആയി നീ ഡ്രൈവ് ചെയ്യണ്ടാ, എന്റെ കൂടെ ബൈക്കിൽ വാ..

എങ്ങോട്ടാ, നിന്റെ കെട്ടിയോളുടെ അടുത്തേക്കാണോ എന്ന് കലിപ്പിച്ച് ഒരു  മറുപടിയും പറഞ്ഞ് അവൾ സ്റ്റെപ്പുകൾ ചാടിയിറങ്ങി. ഹൈഹീൽ ചെരിപ്പുകൾ കുതിരകളെപ്പോലെ കുളമ്പടിച്ചു.

അവൻ വിളിച്ചു പറഞ്ഞു.. പോടീ, ഝാൻസി റാണീ..

ഓഫിസിൽ നിന്ന് നിതയുടെ ഫ്ളാറ്റിലേക്ക് പതിനഞ്ചു കിലോമീറ്റർ നീളത്തിൽ കറുത്ത പെൻസിൽ കൊണ്ട് ഒറ്റ വരയാണ്. നല്ല റോഡ്. ഇരുപതു മിനിറ്റ് ഡ്രൈവ്.

നാലും അഞ്ചും ഗീയറുകൾ മാറ്റിമാറ്റി ഇട്ട് അവൾ കാറിനെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് റോഡിലെ വെളിച്ചം അണഞ്ഞു. സാധാരണ ഈ സിറ്റിയിൽ കറന്റു പോകാറേയില്ല. 

കറന്റ് പോകുന്നത് അവൾ ഏറ്റവും ആസ്വദിച്ചത് നിരഞ്ജൻ കൂടെയുള്ളപ്പോഴാണ്. റസ്റ്ററന്റുകളിൽ, റോഡിൽ, ഫ്ളാറ്റിൽ ഒക്കെ വച്ച് പെട്ടെന്ന് കറന്റുപോകുമ്പോൾ അവൻ തനിസ്വഭാവം പുറത്തെടുക്കുമായിരുന്നു.  സ്കെച്ച് പെൻ കൊണ്ട് കിട്ടുന്ന സ്ഥലത്ത് തോന്നുന്നതെല്ലാം വരയ്ക്കും. അടുത്ത മിനിറ്റിൽ ലൈറ്റ് തെളിയുമ്പോൾ അവളുടെ കുർത്തയിൽ, കൈയിൽ, കാലിൽ, ഷോർട് കുർത്തകളാണെങ്കിൽ തോളിൽ ഒക്കെ ചെറിയ ചിത്രങ്ങൾ കാണും !

അവൾ ഒരിക്കൽ ചോദിച്ചു.. എടാ അലവലാതീ, എവിടെ വരയ്ക്കണമെന്ന് നീ നേരത്തെ നോക്കി വയ്ക്കാറുണ്ടോ ?

അവൻ‌ പറഞ്ഞു.. ഇല്ല. പ്രണയത്തിൽ അത്തരം പ്ളാനിങ്ങുകൾക്കു സ്ഥാനമില്ല. 

ഒരിക്കൽ റസ്റ്ററന്റിൽ വച്ച് കറന്റ് പോയ തക്കത്തിന്  ടേബിളിലിരുന്ന ഫ്രൂട്ട് ജ്യൂസിന്റെ കാനെടുത്ത് നിരഞ്ജൻ നിതയുടെ തലയിലൂടെ കോരിയൊഴിച്ചു. 

തമാശയ്ക്ക് ചെയ്തതാണെങ്കിലും നിതയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല.  ആകെ സീനായി.  റസ്റ്ററന്റിൽ വച്ചു തന്നെ അവർ തമ്മിൽ വഴക്കായി

വഴക്കിടുന്ന അവരെ സമാധാനിപ്പിക്കാൻ ഹോട്ടലിലെ വെയ്റ്റർ ഓടിവന്നത് നീട്ടിപ്പിടിച്ച ഫോർക്കും നൈഫുമായാണ്. അത് കണ്ടു ഹോട്ടലിലുണ്ടായിരുന്ന കുറെ പിള്ളേർ ഉറക്കെ ചിരിച്ചു. അതോടെ അവരുടെ നേരെയായി നിരഞ്ജന്റെ ചാട്ടം.

അവിടെ പിരിഞ്ഞതാണ് നിതയും നിരഞ്ജനും.  ഇപ്പോൾ അവളുടെ വാട്സാപ്പിൽപ്പോലും അവനില്ല. 

നിതയുടെ മുന്നിലെ സ്ട്രീറ്റിൽ പെട്ടെന്ന് വെളിച്ചം തിരിച്ചു വന്നു.  ഒരു നാൽക്കവല കടന്ന് അവളുടെ കാർ മുന്നോട്ട് കുതിച്ചു. 

പെട്ടെന്ന് കാറിനു മുന്നിൽ റോഡിൽ രണ്ടു പേർ. ഒരു ചെറുപ്പക്കാരനും യുവതിയുമാണ്.

ഹെഡ് ലൈറ്റിന്റെ വെളിച്ചം കീറിമുറിച്ച് അയാൾ രണ്ടു കൈകളും ഉയർത്തി വീശിക്കൊണ്ടിരുന്നു. യുവതി റോഡിനു നടുവിലെ മീഡിയനിൽ ഇരിക്കുകയാണ്. 

നിതയുടെ കാൽ ബ്രേക്കിൽ അമർന്നു. റോഡിനു നടുവിൽ ഒരാൾ കാറിനു മുന്നിൽ നിൽക്കെ അവൾക്കു വേറൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

അയാൾ‌ കാറിനരികിലേക്ക് വന്ന് ചില്ലിൽ തട്ടാൻ തുടങ്ങി. ചില ഇംഗ്ളീഷ് സിനിമകളിൽ വലിയ കുരങ്ങന്മാർ വന്ന് കാറിന്റെ ചില്ലുകൾ ഇങ്ങനെ പൊളിക്കുന്നത് അവളുടെ ഓർമയിൽ വന്നു. 

നിത വേഗം ചില്ലു താഴ്ത്തി. ആ ചെറുപ്പക്കാരൻ ഉറക്കെ പറഞ്ഞു.. മാഡം, എന്റെ ഭാര്യയ്ക്കു പ്രസവവേദനയാണ്. അവളെ ആശുപത്രി വരെ  കൊണ്ടുപോകാൻ സഹായിക്കാമോ? ഞങ്ങൾ പാവങ്ങളാണ്. വണ്ടിയില്ല. 

അത്ര വൃത്തിയില്ലാത്ത ഹിന്ദിയിലായിരുന്നു അയാളുടെ സംസാരം. അതിലും വൃത്തികെട്ട ഒരു കുർത്തയാണ് അയാൾ ധരിച്ചിരുന്നത്.

നിത ആ യുവതിയെ സംശയത്തോടെ നോക്കി. മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ അവൾ മീഡിയനിൽ കാൽ കയറ്റി വച്ച് ഇരിക്കുകയാണ്. 

അതുകണ്ട് ആ ചെറുപ്പക്കാരൻ അവളോട് കയർത്തു..  നിന്റെ വയർ കാണിക്കൂ. ഇല്ലെങ്കിൽ ഈ മാഡം വിശ്വസിക്കില്ല.

പിന്നെ അയാൾ പറഞ്ഞത് ഹിന്ദിയിലെ ഏതോ ചീ​ഞ്ഞ വാക്കാണ്.  

മീഡിയനിൽ നിന്ന് ആ യുവതി ചാടിയെഴുന്നേറ്റ് അയാളുടെ അടുത്തേക്ക് ഓടി വന്നു. അയാൾ നിതയുടെ കാറിന്റെ ബാക്ക് ഡോർ തുറന്ന് അവളെ ഉള്ളിലേക്ക് തള്ളിയിട്ടു. അയാളും കൂടെക്കയറി. 

ആ സ്ത്രീയുടേത് നിറവയറാണ്. നിത അതു വ്യക്തമായി കണ്ടു. 

കാർ നീങ്ങിയപ്പോൾ നിത ചോദിച്ചു.. നിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടത് ?

അയാൾ വൃത്തികെട്ട ചിരി ചിരിച്ചു..  ഇവൾക്ക് പ്രസവിക്കണം. അതിനു പറ്റിയത് ആശുപത്രിയല്ലേ മാഡം ? അങ്ങോട്ടു വിട്ടോളൂ..

നിതയ്ക്ക് ദേഷ്യം വന്നു. അവൾ പറഞ്ഞു.. നിങ്ങളീ വൃത്തികെട്ട തമാശ നിർത്തൂ.. നാലുകിലോമീറ്റർ കഴിഞ്ഞാൽ ആശുപത്രിയുണ്ട്. നിങ്ങളെ ഞാൻ അവിടെ ഇറക്കാം.

അതോടെ അയാൾ സഹതാപം അഭിനയിക്കാൻ തുടങ്ങി...  അയ്യോ അതു വേണ്ട മാഡം, അവിടത്തെ ഡോക്ടർ ആണാണ്.  ആണുങ്ങളുടെ മുന്നിൽ ഇവൾ എങ്ങനെ പ്രസവിക്കും ? 

ആണുങ്ങളെ എനിക്കു പേടിയാ...  ഗർഭിണിയായ ആ സ്ത്രീയുടെ മറുപടി കേട്ട് നിത ഞെട്ടി. കല്ലുകൾ ഉരയ്ക്കുന്നതുപോലെ ഒരു കറുകറപ്പൻ ശബ്ദമായിരുന്നു അവരുടേത്. ഇത്ര വൃത്തികെട്ട ശബ്ദത്തിൽ സ്ത്രീകൾ സംസാരിക്കുമോ? 

പാട്ടുപോലെ ആ സ്ത്രീ ഹിന്ദിയിൽ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.. ഞാനിപ്പോൾ പ്രസവിക്കും.. ഞാനിപ്പോൾ പ്രസവിക്കും...

നിത ഒരു നിമിഷം റിയർവ്യൂ മിററിലൂടെ പിന്നിലേക്ക് നോക്കി. ആ ഒറ്റനിമിഷം മതിയായിരുന്നു കാറിന് ദുസ്വാതന്ത്ര്യം എടുത്ത് ബൈറോഡിലേക്ക് ചാടാൻ.. 

അയാൾ താക്കീതുപോലെ അലറി..  ശ്രദ്ധിച്ച് ഓടിക്കൂ. പറ്റില്ലെങ്കിൽ ഇവിടെ വന്ന് ഇവളുടെ പ്രസവം എടുക്ക്. ഞാൻ കാറോടിക്കാം. 

അയാൾ ആദ്യം ആ യുവതിയെ വിളിക്കാൻ ഉപയോഗിച്ച് വൃത്തികെട്ട ഹിന്ദി വാക്ക് തന്റെ നേരെ നീട്ടിയത് നിത അറിഞ്ഞു. അവൾ കരച്ചിലോടെ പറഞ്ഞു.. മിണ്ടാതിരിക്കൂ, പ്ളീസ്..

അയാൾ അതു ശ്രദ്ധിച്ചതേയില്ല. 

പിൻസീറ്റിൽ അവർ സംസാരിക്കുന്നത് നിത കേട്ടു തുടങ്ങി. 

അയാൾ: നീ പ്രസവിക്കാൻ പോകുവാണോ ?

അതെ..

എങ്കിൽ എന്റെ മടിയിലേക്ക് കിടന്നോളൂ. എന്നിട്ട് തുണികൾ അഴിക്കൂ..

നിങ്ങൾ അഴിച്ചാൽ മതി... എനിക്ക് നാണമാണ്. 

പിന്നിലിരുന്ന സ്ത്രീയുടെ വസ്ത്രങ്ങൾ ഓരോന്നായി കാറിനുള്ളിലൂടെ പറക്കാൻ തുടങ്ങി. ചിലത് മുന്നിലെ ചില്ലിൽത്തട്ടി ഡാഷ് ബോർഡിലേക്കും മുൻസീറ്റിലേക്കും വീഴുന്നത് നിത അറിഞ്ഞു.  ചില ചെറിയ തുണികൾ നിതയുടെ  ഉടലിലും വീണു. അതിൽ നിന്ന് വൃത്തികെട്ട വിയർപ്പും ചാരായവും മൂത്രവും മണത്തു. 

നിത പെട്ടെന്ന് ഫോണെടുത്തു.  അടുത്ത നിമിഷം പിന്നിൽ നിന്ന് അയാൾ പെരുമ്പാമ്പിനെപ്പോലെ സീറ്റുകൾക്കിടയിലൂടെ മുന്നിലേക്ക് ഇഴഞ്ഞു വന്നു.. സാലേ, കിസ്കോ ബുലാ രഹി ഹേ ? ദേ ഫോൺ ഇദർ..

നിതയുടെ ഫോൺ അയാൾ പിടിച്ചു വാങ്ങി. 

നിസ്സഹായതോടെ കാർ തന്റെ ഫ്ളാറ്റും കടന്ന് മുന്നോട്ട് ഓടുന്നത് നിത അറിഞ്ഞു. നിത കരയാൻ തുടങ്ങി.. നിങ്ങൾ ആരാ? എന്നെ വെറുതെ വിടാമോ?

പിന്നിൽ നിന്നു ഗർഭിണിയായ സ്ത്രീയുടെ ചിരി കേട്ടു.. ഞങ്ങളെ നിനക്കു മനസ്സിലായില്ലേ.. ? ഇന്നലെ ഇവനായിരുന്നു ഗർഭിണി.  ഇന്നു ഞാൻ. ഒരു രാത്രി കൊണ്ടാണ് ഞാൻ ഗർഭിണിയായതാണ്. നാളെ ഞാൻ ഇവനെ ഗർഭിണിയാക്കും. 

കാറിന്റെ വേഗത മെല്ലെ കുറഞ്ഞു. നിത പിന്നിലേക്ക് നോക്കി. പിന്നിലുള്ളത് രണ്ടും പുരുഷന്മാരാണെന്ന് അവൾക്കു മനസ്സിലായി. അവർ നിതയുടെ ഫോണിലെ ചിത്രങ്ങൾ നോക്കാനും ആർക്കൊക്കെയോ മെസേജ് അയയ്ക്കാനും തുടങ്ങി. 

നിത അപേക്ഷ പോലെ ചോദിച്ചു.. നിങ്ങൾക്ക് എത്ര പണം വേണം ?

ഒരുത്തൻ മറ്റൊരാളോടു ചോദിച്ചു.. നിനക്ക് എത്ര വേണം ?

അവൻ പറഞ്ഞു..  3000 രൂപ...

ഗർഭിണിയുടെ വേഷത്തിൽ വന്ന പുരുഷൻ പറഞ്ഞു.. എനിക്ക് 5000 വേണം. പ്രസവിച്ചതിന് എക്സ്ട്രാ..

നിതയുടെ കാർ അനുസരണയോടെ റോഡരികിലേക്ക് ഒതുങ്ങി നിന്നു.   അതിലും അനുസരണയോടെ നിത സ്വന്തം പഴ്സ് പിന്നിലേക്ക് നീട്ടി. 

കാറിൽ നിന്നു പുറത്തു ചാടിയ രണ്ടു രൂപങ്ങൾ പുറത്തിറങ്ങി റോഡരികിലെ കുറ്റിക്കാട്ടിലേക്ക് ഇഴയുന്നത് അവൾ കണ്ടു. അവരിൽ ഒരാൾ വിവസ്ത്രനായിരുന്നു.  

റോഡരികിൽ കുറെ ദൂരത്തേക്ക് ഊതനിറത്തിൽ കുറ്റിക്കാടുകളായിരുന്നു. ഇലപൊഴിഞ്ഞ് ദുർബലമായ ഉണങ്ങിയ കുറ്റിക്കാടുകൾ. 

മുറിവേറ്റ പെൺമനസ്സോടെ നിത അങ്ങോട്ടു നോക്കി. പെട്ടെന്ന് ആ കാടുകൾക്കു തീപിടിച്ചു. അവ ആകാശംമുട്ടെ ആളാൻ തുടങ്ങി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam