യഥാർഥ സമ്പാദ്യം

തന്റെ ശിഷ്യനാകാൻ വന്നയാളോട് ഗുരു തന്റെ കൂടെ കുറച്ചു ദിവസം താമസിക്കാൻ ക്ഷണിച്ചു. അയാൾ ഗുരുവിൽ ഒരു വിചിത്ര സ്വഭാവം കണ്ടു. ദക്ഷിണയായി കിട്ടുന്ന നാണയത്തുട്ടുകളുമായി ഗുരു പുഴയോരത്തു പോകും. അവിടെയിരുന്ന് നാണയത്തുട്ടുകൾക്കു തത്തുല്യമായ കല്ലുകൾ ശേഖരിക്കും. പിന്നീട് ഒരു കൈ കൊണ്ടു നാണയത്തുട്ടും മറുകൈകൊണ്ടു കല്ലുകളും മാറിമാറി നദിയിലേക്ക് എറിയും. അയാൾ ഗുരുവിനെ പരീക്ഷിക്കാൻ തീരുമാനിച്ചു. ഒരു നാണയത്തുട്ട് ഗുരുവറിയാതെ അദ്ദേഹത്തിന്റെ തലയണയ്‌ക്കടിയിൽ ഒളിപ്പിച്ചു. ഒന്നുമറിയാതെ കട്ടിലിൽ കിടന്ന ഗുരു ഷോക്കേറ്റതുപോലെ എഴുന്നേറ്റ് വിളിച്ചു പറഞ്ഞു. ‘അപകടം’. ശിഷ്യൻമാർ നാണയത്തുട്ട് കണ്ടെത്തി എടുത്തുമാറ്റി.  

സത്യവും നീതിയും മാനദണ്ഡമാക്കിയവർ പ്രലോഭനങ്ങൾക്കു വശംവദരാകില്ല. പണത്തോടുള്ള പ്രതികരണമായിരിക്കും ഒരാളുടെ മനഃസാക്ഷിയുടെയും മനോഭാവത്തിന്റെയും അളവുകോൽ. എന്തിനെയും വിലയ്‌ക്കു വാങ്ങാനും ചൊൽപടിക്കു നിർത്താനും ശേഷിയുള്ള പണത്തെ അപ്രധാനമെന്ന് ചിന്തിക്കാൻ കഴിയുന്നതുതന്നെ ദ്രവ്യവിമുക്തിയാണ്.

സമ്പത്തിന് ഒരു അപകടമുണ്ട് – അത് ആർക്കും സംതൃപ്‌തി നൽകില്ല. സ്വന്തമാക്കിയ ഒരു നേട്ടവും ആളുകളിൽ മതി എന്ന തോന്നൽ സൃഷ്‌ടിച്ചിട്ടില്ല. 

സമ്പത്ത് പിന്തുടർച്ചാവകാശികളെ സൃഷ്‌ടിക്കും; സന്മനസ്സ് പിൻഗാമികളെയും. സമ്പാദ്യം കണ്ട് കൂടെ കൂടിയവരെല്ലാം അതു തീരുമ്പോൾ തിരിച്ചുപോകും. കാൽപാടുകളെ പിന്തുടരുന്നവർ ഗുരുവിനേക്കാൾ വലിയ ശിഷ്യരാകും.