Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർഹിക്കുന്ന വില

അർഹിക്കുന്ന വില

നഗരത്തിൽ ഒരു അപകടം നടന്നു. സ്ഥലത്ത് ആളുകൂടി. അൽപം വൈകിവന്ന ഒരാൾക്ക് അടുത്തെത്താനായില്ല. അത്രയ്ക്കു തിരക്കായിരുന്നു. അയാൾ ഉറക്കെ നിലവിളിച്ചു – ‘എന്നെ അങ്ങോട്ടു കടത്തിവിടൂ, ആ കിടക്കുന്നത് എന്റെ അച്ഛനാണ്’. പെട്ടെന്ന് ജനക്കൂട്ടം അകന്നുമാറി. അപകടസ്ഥലത്തെത്തിയ അയാൾ നാണിച്ചു തലതാഴ്ത്തി. അവിടെ കിടന്നിരുന്നത് കാറിടിച്ചു പരുക്കേറ്റ ഒരു കഴുതയായിരുന്നു. 

എല്ലാം സാധിക്കണമെന്നു കരുതി, ഏതു വിധേന‌യും വഴി വെട്ടിത്തെളിക്കുമ്പോൾ ഒന്നാലോചിക്കണം – നേടുന്നതിനെക്കാൾ വലുതായ എന്തെങ്കിലും നഷ്‌ടപ്പെടുന്നുണ്ടോ? വെട്ടിപ്പിടിക്കുന്നതിനിടയിൽ വിട്ടുപോകുന്നവയും സമ്പാദിക്കുന്നതിനിടയിൽ ചോർന്നുപോകുന്നവയും പലപ്പോഴും ശ്രദ്ധിക്കാതെ വരും. ഓരോന്നിനും നൽകേണ്ട വിലയുണ്ട്. എല്ലാത്തിനും അത് അർഹിക്കുന്ന വില മാത്രം നൽകുക. രത്നങ്ങൾ നഷ്‌ടപ്പെടുത്തി എന്തിനാണ് കടലാസുകിരീടം വാങ്ങുന്നത്; അതുകൊണ്ടു താൽക്കാലിക രാജാവാകാമെങ്കിൽപോലും. 

ഒരാളുടെ ജീവിതത്തെ വിലയിരുത്തേണ്ടത് അയാൾ എന്തൊക്കെ സമ്പാദിച്ചു എന്നതു മാത്രം അടിസ്ഥാനമാക്കിയല്ല; അവ നേടിയെടുക്കാൻ അയാൾ എന്തു വിലകൊടുത്തു എന്നതുകൂടി കണക്കിലെടുത്താകണം. ബന്ധങ്ങൾ നഷ്‌ടപ്പെടുത്തി സമ്പാദ്യം ഉണ്ടാക്കുന്നവരെയും ഉള്ളതു മുഴുവൻ വിറ്റുപെറുക്കി പദവികളിൽ എത്തുന്നവരെയും കണക്കുപുസ്തകത്തിന്റെ ഏതു കോളത്തിൽ ഉൾപ്പെടുത്തണം? ദൂരെ കണ്ടപ്പോൾ മിന്നിത്തിളങ്ങിയവയെല്ലാം അടുത്തെത്തിയപ്പോൾ വെറും വളപ്പൊട്ടുകൾ ആയിരുന്നു എന്നറിയുന്നതല്ല യഥാർഥ ദുരന്തം. ആ വളകൾക്കുവേണ്ടി നഷ്‌ടപ്പെടുത്തിയ സൗന്ദര്യവും സമ്പത്തും സമാധാനവുമാണ് ആയുസ്സു മുഴുവൻ ചോദ്യം ചെയ്യപ്പെടുന്ന പരാജയം.

 ആൾക്കൂട്ടമുള്ളിടത്തെല്ലാം അർഥമുണ്ടാകണമെന്നില്ല. ആൾക്കൂട്ടം എപ്പോഴും ഒരു സാധ്യതയല്ല, ചിലപ്പോൾ അത് ബാധ്യതയുമാകും.