തുർക്കിയിലെ അതിശക്തൻ

പതിനൊന്നു വർഷം പ്രധാനമന്ത്രിയായ ശേഷം നാലു വർഷത്തോളം പ്രസിഡന്റ്. ഇപ്പോൾ പൂർവാധികം അധികാരങ്ങളോടെ അഞ്ചു വർഷത്തേക്കുകൂടി പ്രസിഡന്റാവുകയാണ് തുർക്കിയിലെ റസിപ് തയ്യിപ് എർദൊഗാൻ. പാർലമെന്റിൽ അദ്ദേഹത്തിന്റെ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടിയുടെ (എകെപി) നേതൃത്വത്തിലുള്ള  സഖ്യം ഭൂരിപക്ഷം നിലനിർത്തുകയും ചെയ്തു. 

പ്രസിഡന്റ് സ്ഥാനത്തേക്കും 600 അംഗ പാർലമെന്റിലേക്കും ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂൺ 24) നടന്ന തിരഞ്ഞെടുപ്പിൽ നേടിയ ഇൗ വിജയത്തിലൂടെ എർദൊഗാൻ ആധുനിക തുർക്കിയുടെ ചരിത്രത്തിൽ സുപ്രധാനമായ ഒരു പുതിയ അദ്ധ്യായത്തിനു തുടക്കം കുറിക്കുന്നു. ഇതിൽ ആഹ്ളാദിക്കുന്നവരും ആശങ്കപ്പെടുന്നവരുമുണ്ട്. 

ഇത്രയും ദീർഘകാലം അധികാരത്തിലിരുന്നവർ അദ്ദേഹത്തിന്റെ മുൻഗാമികളിൽ ആരുമില്ല. ഇൗ നില തുടർന്നാൽ പുതിയ അഞ്ചു വർഷക്കാലാവധി 2023ൽ പൂർത്തിയാകുന്നതോടെ പുതിയ ഭരണഘടനാ ഭേദഗതിയനുസരിച്ച് ഇനിയുമൊരു അഞ്ചു വർഷത്തേക്കുകൂടി (2028വരെ) പ്രസിഡന്റാകാൻ അദ്ദേഹത്തിനു മൽസരിക്കാം. 

ഇത് ഏകാധിപത്യത്തിലേക്കു നയിക്കുമോയെന്ന സംശയമാണ് ആശങ്കയുടെ പിന്നിൽ. എർദൊഗാൻ ഏകാധിപതിയാവുകയാണെന്ന സംശയത്തിനു വേറെയും കാരണങ്ങളുണ്ട്. പാർലമെന്റിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമായിരുന്നു. അഭൂതപൂർവമായ എതിർപ്പിനെയാണ് ഇത്തവണ എർദൊഗാനും എകെപിക്കും നേരിടേണ്ടിവന്നത്.

ഇതുകാരണം, ഇൗ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നില പരുങ്ങലിലാണെന്നും റിപ്പോർട്ടകളുണ്ടായിരുന്നു. ഏതാണ്ടു നാലു വർഷം മുൻപ് പ്രസിഡന്റായി സ്ഥാനമേറ്റ  എർദൊഗാൻ കാലാവധി പൂർത്തിയാകാൻ ഒന്നിലേറെ വർഷം ബാക്കിയുള്ളപ്പോളാണ് പുതിയ തിരഞ്ഞെടുപ്പിനു തയാറായത്. ജയിക്കാൻ പറ്റിയ അവസരം ഇതാണെന്ന്്് അദ്ദേഹം കരുതിയത്രേ. ഇൗ ചൂതാട്ടത്തിനു കനത്ത തിരിച്ചടിയേൽപ്പിക്കാൻ പ്രതിപക്ഷവും ഒരുങ്ങി. 

ഞായറാഴ്ചയിലെ വോട്ടെടുപ്പിൽ എർദൊഗാനു ജയിക്കാൻ ആവശ്യമായ 51 ശതമാനം വോട്ടു കിട്ടില്ലെന്നായിരുന്നു പ്രതിപക്ഷം പ്രതീക്ഷിരുന്നത്.  അങ്ങനെ സംഭവിച്ചാൽ ഏറ്റവുമധികം വോട്ടു നേടിയ രണ്ടു പേർ തമ്മിൽ ജൂലൈ എട്ടിനു രണ്ടാംവട്ട മൽസരം നടക്കുമായിരുന്നു. 

മുഖ്യപ്രതിപക്ഷ സ്ഥാനാർഥിയായ റിപ്പബ്്ളിക്കൻ പീപ്പിൾസ് പാർട്ടിയുടെ (സിഎച്ച്പി) നേതാവ് മുഹറം ഇൻജും എർദൊഗാനും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ. മറ്റു പ്രതിപക്ഷ കക്ഷികളെല്ലാംകൂടി ഇൻജിനെ പിന്തുണയ്ക്കുന്നതോടെ എർദൊഗാൻ പുറത്ത്. ഇതായിരുന്നു  പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. ആറു കോടിയോളം വോട്ടർമാരിൽ 86 ശതമാനംവരെ പേർ പോളിങ് ബൂത്തുകളിൽ എത്തിയതു എർദൊഗാൻ വിരുദ്ധ വികാരത്തിന്റെ അടയാളമായി അവർ കാണുകയും ചെയ്തു.   

എന്നാൽ, ആദ്യവട്ട വോട്ടെടുപ്പിൽതന്നെ എർദൊഗാൻ നിർണാകയ വിജയം നേടി. അദ്ദേഹത്തിനു 52.59 ശതമാനം വോട്ടു കിട്ടിയപ്പോൾ ഇൻജിനു കിട്ടിയതു വെറും 30.64 ശതമാനം. മറ്റു നാലു സ്ഥാനാർഥികൾക്കു 8.4 ശതമാനത്തിലധികം കിട്ടിയതുമില്ല. 

ഏതാണ്ട് ഇതുതന്നെയാണ് പാർലമെന്റിലെയും സ്ഥിതി.  ആനുപാതിക പ്രാതിനിധ്യ രീതിയിൽ  നടന്ന തിരഞ്ഞെടുപ്പിൽ എകെപിയും സഖ്യകക്ഷിയായ നാഷനലിസ്റ്റ് മൂവ്മെന്റ് പാർട്ടിയും (എംഎച്ച്പി) കൂടി 53 ശതമാനം വോട്ടും 344 സീറ്റും നേടി ഭൂരിപക്ഷം കരസ്ഥമാക്കി. 

സിഎച്ച്പിയുടെ നേതൃത്വത്തിലുള്ള  സഖ്യത്തിനു കിട്ടിയതു 33.94 വോട്ടും 189 സീറ്റും.   ന്യൂനപക്ഷവിഭാഗമായ കുർദുകൾക്കുവേണ്ടി വാദിക്കുന്ന പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിക്കു (എച്ച്ഡിപി) 11.70 ശതമാനം വോട്ടും 67 സീറ്റും കിട്ടി. പത്തു ശതമാനത്തിൽ താെഴെമാത്രം വോട്ടുകിട്ടിയവർക്കു പാർലമെന്റിൽ സീറ്റില്ല. 

എർദൊഗാനെപ്പറ്റി അടുത്തകാലത്തു വിമർശനങ്ങളും ആരോപണങ്ങളും ഏറെ ഉയരുകയുണ്ടായി. എന്നാൽ, അദ്ദേഹത്തെ കൈയൊഴിച്ചുകൊണ്ട് പ്രതിപക്ഷത്തെ വരിക്കാനും അങ്ങനെയൊരു പരീക്ഷണം നടത്താനും പ്രേരിപ്പിക്കാൻമാത്രം അതൊന്നും ജനങ്ങളെ സ്വാധീനിച്ചില്ല. ഇതാണ് ഇൗ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തൽ. 

ഇസ്ലാമിസ്റ്റ് കക്ഷിയെന്നു വിശേഷിപ്പിക്കപ്പെടുന്ന എകെപി 2002ൽ ആദ്യമായി അധികാരത്തിൽ എത്തുന്നതിനുമുൻപ് തുർക്കിയിൽ നടന്നുകൊണ്ടിരുന്നത് അൽപായുസ്സുകളായ മന്ത്രിസഭകളുടെ മ്യൂസിക്കൽ ചെയറായിരുന്നു. പിടിപ്പുകേടും അഴിമതിയുമായിരുന്നു അവരുടെ മുഖമുദ്രകൾ. പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ചുകൊണ്ട് രാഷ്ട്രീയാസ്ഥിരതയ്ക്ക്് എകെപി അറുതിവരുത്തി. 

എകെപിയുടെ ഭരണത്തിൽ സാമ്പത്തികരംഗത്തു തുർക്കി വരിച്ച നേട്ടങ്ങളും ലോകശ്രദ്ധ ആകർഷിക്കുകയുണ്ടായി. യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടാനുള്ള തുർക്കിയുടെ ശ്രമങ്ങൾക്ക് അത് ഉൗർജം പകരുകയും ചെയ്തു. എന്നാൽ, അടുത്തകാലത്ത് ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നതു സാമ്പത്തിക മാന്ദ്യമാണ്. തുർക്കിനാണയമായ ലീറയ്ക്കു ഡോളറുമായുള്ള വിനിമയ നിരക്കിൽ 20 ശതമാനം ഇടിവു സംഭവിച്ചു. നാണയപ്പെരുപ്പം 12 ശതമാനമായി. അവശ്യസാധനങ്ങളുടെ വില വാണംപോലെ ഉയർന്നു. 

കുർദ് വിഘടനവാദികളുടെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെയും ആക്രമണങ്ങൾ കാരണം ജനങ്ങൾ പരിഭ്രാന്തരായ സന്ദർഭങ്ങളും ഏറെയായിരുന്നു. പ്രധാന നഗരങ്ങളായ അങ്കറയും ഇസ്തംബൂളും പോലും ഭീകരാക്രമണത്തിനിരയാവുകയും ഒട്ടേറെപേർ മരിക്കുകയുംചെയ്തു.  ആഭ്യന്തര കലാപത്തിന്റെ പിടിയിലായ സിറിയയിൽനിന്നെത്തിയ ലക്ഷക്കണക്കിന് അഭയാർഥികളുടെ ഭാരവും തുർക്കിയെ വലച്ചുകൊണ്ടിരിക്കുന്നു. 

ഇതിനിടയിൽതന്നെയാണ് എർദൊഗാൻ ഏകാധിപതിയാകാൻ ശ്രമിക്കുകയാണെന്ന ആരോപണം ശക്തിപ്പെട്ടതും. 2016 ജൂലൈയിൽ നടന്ന പട്ടാളവിപ്ളവ ശ്രമത്തെ തുടർന്നുണ്ടായ കർശനമായ ശിക്ഷാ നടപടികൾ ഇതിന് അടിവരയിടുന്നു. പട്ടാളവിപ്ളവത്തിൽ സഹകരിച്ചുവെന്ന പേരിൽ  ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒന്നര ലക്ഷം പേർക്കു ജോലി നഷ്ടപ്പെട്ടു. മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ അരലക്ഷം പേർ തടങ്കലിലായി. അറസ്റ്റ്്് ഭയന്ന് ഒട്ടേറെ പേർ നാടുവിട്ടു. 

ഒട്ടേറെ രാഷ്ട്രീയ പ്രവർത്തകരും വിവിധ ജയിലുകളിലുണ്ട്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കുർദ് അനുകൂല എച്ച്ഡിപിയുടെ സ്ഥാനാർഥിയായിരുന്ന സലാഹുദ്ദീൻ ദെമിർത്താസും ജയിലിലാണ്. കഴിഞ്ഞ പാർലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിരുന്നു എച്ച്ഡിപി. പട്ടാളവിപ്ളവത്തെ തുടർന്നു മൂന്നു മാസത്തേക്കു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്നീടു പല തവണ നീട്ടി ഇപ്പോൾ രണ്ടു വർഷം പൂർത്തിയാകാറായി. 

ഇൗ തിരഞ്ഞെടുപ്പോടെ നിലവിൽവന്ന ഭരണഘടനാ ഭേദഗതികൾ എർദൊഗാന്റെ ഏകാധിപത്യത്തിനു വളമിട്ടുകൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇവ പാസ്സാക്കിയെടുക്കാൻ  ഭരണസഖ്യത്തിനു പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതിനാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഹിതപരിശോധനയിലൂടെ കാര്യം സാധിക്കുകയായിരുന്നു.  പക്ഷേ, നേരിയ ഭൂരിപക്ഷമേ കിട്ടിയൂള്ളൂ. പോളിങ്ങിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായും  ആരോപണമുണ്ടായി.  

പാർലമെന്റിനു മേൽകൈ്കയുണ്ടായിരുന്ന പഴയ രീതിക്കുപകരം പസിഡന്റിനു ഭരണനിർവഹണാധികാരം നൽകുന്ന രീതിയാണ് നടപ്പിലായിരിക്കുന്നത്്. പ്രധാനമന്ത്രിക്കു സ്ഥാനമില്ല. മുഖ്യ ഭരണനിർവഹണാധികാരി പ്രസിഡന്റ് തന്നെ. അദ്ദേഹത്തിനു വേണമെങ്കിൽ രണ്ടോ മൂന്നോ വൈസ് പ്രസിഡന്റുമാരെ നിയമിക്കാം. 

പാർലമെന്റിലൂടെയല്ലാതെതന്നെ പ്രസിഡന്റിനു നിയമങ്ങൾ നടപ്പാക്കാൻ അധികാരമുണ്ടായിരിക്കും. പാർലമെന്റ് പിരിച്ചുവിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യാം. മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ടു നിയമിക്കാനുള്ള അധികാരവും പ്രസിഡന്റിനുതന്നെ. മന്ത്രിമാർക്കു പാർലമെന്റിനോട് ഉത്തരവാദിത്തം ഉണ്ടാവില്ല. സുപ്രീം കോടതിയിലെ 15 ജഡ്ജിമാരിൽ ഭൂരിപക്ഷം പേരെയും പ്രസിഡന്റിനു  നിയമിക്കാം. 

ഇതെല്ലാം ചൂണ്ടിക്കാട്ടിയും ജനാധിപത്യം അപകടത്തിലാണെന്നു മുന്നറിയിപ്പ് നൽകിയുമാണ് പ്രതിപക്ഷം ഇത്തവണ വോട്ടർമാരെ സമീപിച്ചത്. മുഖ്യപ്രതിപക്ഷ സ്ഥാനാർഥിയായ മുഹറം ഇൻജിന്റെ പ്രസംഗങ്ങൾ ജനങ്ങളെ ആകർഷിക്കുന്നുവെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.  പാർലമെന്റ് അംഗമെന്നനിലയിൽ 16 വർഷത്തെ പ്രവർത്തനപരിചയമുള്ള മുൻ അധ്യാപകനാണ് ഇൗ അമ്പത്തിനാലുകാരൻ. അറുപത്തിനാലുകാരനായ എർദൊഗാന്് ഇത്രയും ഉൗർജസ്വലനായ ഒരെതിരാളിയെ മുൻപൊരിക്കലും നേരിടേണ്ടി വന്നിരുന്നില്ല. പക്ഷേ, എർദൊഗാനെ തോൽപ്പിക്കാൻ അദ്ദേഹത്തിനുമായില്ല. 

തിരഞ്ഞെടുപ്പ് വിജയത്തിൽ എർദൊഗാനെ അനുമോദിക്കാൻ ആദ്യംതന്നെ മുന്നോട്ടുവന്നതു റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിനും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമാണ്. അതേസമയം, പാശ്ചാത്യ മാധ്യങ്ങളിൽ പൊതുവെ നിറഞ്ഞുനിന്നതു തുർക്കി ഏകാധിപത്യത്തിലേക്കു വഴുതിപ്പോകുന്നുവെന്ന ആശങ്കളാണ്. 

എർദൊഗാന്റെ നേതൃത്വത്തിൽ അടുത്തകാലത്തു തുർക്കിയുടെ രാജ്യാന്തരബന്ധങ്ങളിൽ ഉണ്ടാകാൻ തുടങ്ങിയ മാറ്റങ്ങളിലേക്ക് ഇതു വിരൽ ചൂണ്ടുന്നു. യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലെ പ്രമുഖ അംഗമായ തുർക്കി അതിന്റെ പഴയ സുഹൃത്തുക്കളിൽനിന്ന് അകലുകയും റഷ്യയുമായും ഇറാനുമായും അടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.