ട്രംപും പുടിനും തമ്മിൽ കാണുമ്പോൾ

ശീതയുദ്ധകാലത്ത് അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും തലവന്മാർ തമ്മിൽ  കാണുമ്പോൾ ലോകം ശ്വാസമടക്കിപ്പിടിക്കുമായിരുന്നു. എന്നാൽ, യുഎസ് പ്രസിഡന്റ്് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിനും തമ്മിൽ ജൂലൈ 16നു ഫിൻലൻഡിലെ ഹെൽസിങ്കിയിൽ  നടക്കുന്ന ഉച്ചകോടി അങ്ങനെയാവാനിടയില്ല. 

ഉച്ചകോടിയെക്കുറിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂൺ 28) വാഷിങ്ടണിലും മോസ്്ക്കോയിലും ഒരേസമയത്തുണ്ടായ അറിയിപ്പ് അമേരിക്കക്കാർക്കിടയിൽതന്നെ  കാര്യമായ ഉൽസാഹമൊന്നും ഉണ്ടാക്കിയിട്ടില്ല. കൗതുകമാണ് പലർക്കും. 

അമേരിക്കയുമായി സഖ്യത്തിലുള്ള പല രാജ്യങ്ങൾക്കും ഇൗ ഉച്ചകോടിയുടെ അനന്തര ഫലങ്ങളെക്കുറിച്ച് ആശങ്കകളുമുണ്ട്. തങ്ങളെ കൈയൊഴിച്ചുകൊണ്ടു റഷ്യയെ പുണരാൻ ട്രംപ് ഒരുമ്പെടുമോയെന്നാണ് അവരുടെ ഭയം. അമേരിക്കയും റഷ്യയും തമ്മിലും ട്രംപും പുടിനും തമ്മിലുമുള്ള ബന്ധങ്ങളിലെ സവിശേഷതകൾ അത്തരത്തിലുള്ളതാണ്. 

ഒന്നര വർഷം മുൻപ് അമേരിക്കയുടെ ഭരണം ഏറ്റെടുത്ത ശേഷം ട്രംപ് പങ്കെടുക്കുന്ന മൂന്നാമത്തെ സുപ്രധാന ഉച്ചകോടിയാണിത്. ആദ്യത്തെ രണ്ടും ഇൗ ജൂണിലായിരുന്നു-കാനഡയിലെ ക്യൂബെക്കിൽ ഏഴു വൻ വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 അഥാവാ ഗ്രൂപ്പ്് ഒാഫ് സെവൻ നേതാക്കളുടെ ഉച്ചകോടി. തുടർന്നു സിംഗപ്പൂരിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി നടന്ന ചരിത്രപ്രധാനമെന്നു വിശേഷിപ്പിക്കപ്പെട്ട ചർച്ചകൾ.  

സിംഗപ്പൂരിനെപ്പോലെതന്നെ  ഒരു മൂന്നാം രാജ്യമാണ് ട്രംപ്-പുടിൻ ഉച്ചകോടിക്കും വേദിയാകുന്നത്. വാഷിങ്ടണിലേക്കു പോകാൻ പുടിനോ മോസ്ക്കോയിലെത്താൻ ട്രംപോ തൽക്കാലം ഒരുക്കമില്ലെന്നർഥം. പശ്ചിമ യൂറോപ്യൻ രാജ്യമായ ഫിൻലൻഡിന് ഇതിനുമുൻപും ഇതുപോലുള്ള ഉന്നതതല കൂടിക്കാഴ്ചകൾക്ക് ആതിഥ്യം വഹിച്ച പാരമ്പര്യമുണ്ട്. ഫിൻലൻഡിന്റെ നിഷ്പക്ഷത ചരിത്രപ്രസിദ്ധവുമാണ്. 

യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലെ അംഗരാജ്യങ്ങളുടെ നേതാക്കളുടെ  സമ്മേളനം ജൂലൈ 11, 12 തീയതികളിൽ ബെൽജിയത്തിലെ ബ്രസൽസിൽ നടക്കുന്നുണ്ട്. അതിൽ പങ്കെടുത്തശേഷം മൂന്നു ദിവസത്തെ ബ്രിട്ടൻ സന്ദർശനംകൂടി കഴിഞ്ഞായിരിക്കും ട്രംപ് ഹെൽസിങ്കിയിൽ എത്തുക. അദ്ദേഹത്തിനെതിരെ വൻപ്രതിഷേധപ്രകടനം നടത്താൻ ബ്രിട്ടനിലെ ട്രംപ് വിരുദ്ധർ കാത്തുനിൽക്കുന്നുമുണ്ട്. 

പുടിനും ട്രംപും തമ്മിൽ  നേരിൽകാണുന്നത്  ഇതാദ്യമല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ  ജർമനിയിലെ ഹാംബുർഗിലായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. ഇരുവരും അവിടെ  ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പിന്നീടു നവംബറിൽ വിയറ്റ്നാമിലെ ദാനാങ്ങിൽ നടന്ന ഏഷ്യ-പസിഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടയിലും തമ്മിൽക്കണ്ടു സംസാരിച്ചു. 

ജൂലൈയിൽ നടക്കുന്നത് ഒൗപചാരിക സ്വഭാവത്തിലുള്ള ആദ്യത്തെ ട്രംപ്-ഉച്ചകോടിയാണ്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ മോസ്ക്കോയിലെത്തി പുടിനുമായി നടത്തിയ ചർച്ചയെതുടർന്നാണ് തീയതിയും വേദിയും പ്രഖ്യാപിക്കപ്പെട്ടത്. 

ലോകത്തെ ചുട്ടുകരിക്കാൻ കെൽപ്പുള്ള  ഏറ്റവും വലിയ രണ്ടു സൈനിക ശക്തികളുടെ അധിപന്മാർ തമ്മിൽ കൂടിക്കാണുന്നതിനെ സ്വാഗതം ചെയ്യാത്തവർ ആരുംതന്നെയുണ്ടാവില്ല. കാരണം, സോവിയറ്റ് യൂണിയനുമായി ഉണ്ടായിരുന്നുതുപോലെ റഷ്യയുമായും അമേരിക്കയ്ക്കു പ്രശ്നങ്ങളുണ്ട്. അവയ്ക്കു പരിഹാരമുണ്ടാക്കേണ്ടതു ലോകസമാധാനത്തിനു കൂടിയേ തീരൂ. 

അയൽരാജ്യമായ യുക്രെയിനിൽ 2014ൽ റഷ്യ ഇടപെടുകയും യുക്രെയിന്റെ ഭാഗമായ കൈ്രമിയ സ്വന്തമാക്കുകയും ചെയ്തതാണ് ഇൗ പ്രശ്നങ്ങളിൽ ഇപ്പോൾ ഏറ്റവും പ്രധാനം. അതിന്റെ പേരിൽ റഷ്യയുമായി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കുണ്ടായ വൈരാഗ്യത്തിനു നാലു വർഷത്തിനുശേഷവും കുറവില്ല.

പ്രതിഷേധ സൂചകമായി പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ഇപ്പോഴും തുടരുന്നു.   ജി-8ൽ നിന്നു റഷ്യയെ മറ്റെല്ലാവരും കൂടി പുറത്താക്കുകയുംചെയ്തു. ജി-8 അങ്ങനെ ജി-7 ആയി. 

മറ്റൊരു പ്രശ്നം സിറിയയാണ്. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരെ പോരാടുന്നവരെ അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും  സഹായിക്കുമ്പോൾ റഷ്യ അസദിനെ സഹായിക്കുന്നു. സിറിയൻ ആഭ്യന്തരയുദ്ധം നീണ്ടുപോകുന്നതിനു പ്രധാന കാരണംതന്നെ റഷ്യൻ ഇടപെടലാണെന്നാണ്  അവർ കുറ്റപ്പെടുത്തുന്നത്. അമേരിക്ക ശത്രുതയോടെ കാണുന്ന ഇറാനുമായുള്ള റഷ്യയുടെ ചങ്ങാത്തം അവസാനിപ്പിക്കണമെന്നും ട്രംപ് ആഗ്രഹിക്കുന്നു.  

അതേസമയം, യുക്രെയിൻ, കൈ്രമിയ പ്രശ്നത്തിൽ ട്രംപ് അവലംബിക്കുന്നതു ദുരൂഹമായ സമീപനമാണ്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലം മുതൽക്കേ അതു പ്രകടമായിരുന്നു. പ്രശ്നത്തിനു കാരണം തന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമയുടെ പിടിപ്പുകേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയുമുണ്ടായി. റഷ്യയ്ക്കെതിരായ ഉപരോധത്തിൽ തനിക്കുള്ള എതിർപ്പ് അദ്ദേഹം മറച്ചുപിടിച്ചിട്ടുമില്ല. 

മിടുക്കനായ ഭരണാധിപനെന്നു പറഞ്ഞു പുടിനെ അദ്ദേഹം പ്രശംസിക്കുകയുമുണ്ടായി. ഇൗ വർഷത്തെ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജൂൺ ആദ്യത്തിൽ കാനഡയിൽ എത്തിയപ്പോൾ ട്രംപ് കുറേക്കൂടി മുന്നോട്ടുപോവുകയും റഷ്യയ്ക്ക് ആ കൂട്ടായ്മയിൽ വീണ്ടും പ്രവേശനം നൽകണമെന്നു പരസ്യമായി ആവശ്യപ്പെടുകയുംചെയ്തു.  

യുക്രെയിനിലും കൈ്രമിയയിലും റഷ്യ നടത്തിയ ഇടപെടൽ ഇനി കാര്യമാക്കേണ്ടതില്ലെന്നായിരുന്നു അതിനർഥം. അമേരിക്കയുമായി സഖ്യമുള്ള മറ്റു ജി-7 രാജ്യങ്ങളെ ഇതു ഞെട്ടിച്ചു. എന്നാൽ, റഷ്യയ്ക്കും പുടിനും ട്രംപിന്റെ മനസ്സിലുള്ള സ്ഥാനം നേരത്തെതന്നെ മനസ്സിലാക്കിയ ആരും അൽഭുതപ്പെടുകയുണ്ടായില്ല.    

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടുവെന്ന ആരോപണം നിലനിൽക്കേയാണ് ഇൗ സംഭവങ്ങളെന്നതു കൗതുകമുണർത്തുന്നു. ഇൗ ആരോപണത്തെപ്പറ്റി താൻ കഴിഞ്ഞ നവംബറിൽ വിയറ്റ്നാമിൽവച്ച് പുടിനോടുതന്നെ ചോദിച്ചുവെന്നും ഇടപെട്ടില്ലെന്നു പുടിൻ ആവർത്തിച്ചുവെന്നും പിന്നീടു ട്രംപ് വെളിപ്പെടുത്തുകയുണ്ടായി. പുടിനെ താൻ വിശ്വസിക്കുന്നുവെന്നാണ് ഇപ്പോഴും ട്രംപ് തറപ്പിച്ചുപറയുന്നത്. 

എന്നാൽ, അമേരിക്കയിൽതന്നെ എല്ലാവരും അതു വിശ്വസിക്കുന്നില്ല. മാത്രമല്ല, കോൺഗ്രസും (പാർലമെന്റ്) നീതിന്യായ വകുപ്പ് നിയമിച്ച  ഒരു പ്രത്യേക ഉദ്യോഗസ്ഥനും (സ്്പെഷ്യൽ കൗൺസൽ) റഷ്യൻ ഇടപെടലിനെപ്പറ്റി വിശദമായ അന്വേഷണം നടത്തിവരുന്നുമുണ്ട്. 

ട്രംപിന്റെ എതിർ സ്ഥാനാർഥിയായിരുന്ന ഡമോക്രാറ്റിക് പാർട്ടിക്കാരി ഹിലരി ക്്ളിന്റന്റെ ഇ-മെയിലുകൾ അവരുടെ കംപ്യൂട്ടറുകളിൽനിന്നു മോഷ്ടണം പോയതായിരുന്നു ഇൗ പ്രശ്നത്തിന്റെ പശ്ചാത്തലം. ഇ-മെയിലുകൾ പിന്നീട് ഹിലരിക്കെതിരേ ഉപയോഗിക്കപ്പെടുകയും ചെയ്തു. അതിന്റെ പിന്നിൽ റഷ്യൻ ചാരന്മാരാണെന്നാണ്് സംശയം.

യുഎസ് ഇന്റലിജൻസ് ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇൗ സംശയം സ്ഥിരീകരിക്കപ്പെടുകയാണ് ചെയ്തത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലെ ചിലർ റഷ്യൻ ഉദ്യോഗസ്ഥരുമായി രഹസ്യസമ്പർക്കം പുലർത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നു. ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂണിയർ, ജാമാതാവ് ജാരിദ് കുഷ്നർ എന്നിവർ ഇവരിൽ ഉൾപ്പെടുന്നു. 

ഒബാമയുടെ ഭരണത്തിന്റെ അവസാന നാളുകളിൽതന്നെ പൊട്ടിപ്പുറപ്പെട്ടതാണ് ഇൗ വിവാദം. പ്രതിഷേധ സൂചകമായി  അമേരിക്കയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരിൽ 35 പേരെ  ഒബാമ പുറത്താക്കുകയും ന്യൂയോർക്കിലും മേരിലാൻഡിലും റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന രണ്ടു കെട്ടിടങ്ങൾ പൂട്ടുകയും ചെയ്തു. 

കേന്ദ്ര കുറ്റാന്വേഷണ വിഭാഗം (എഫ്ബിഎെ)  തലവൻ ജെയിംസ് കോമി നടത്തിയ അന്വേഷണത്തെ സ്വാധീനിക്കാൻ പ്രസിഡന്റെന്ന നിലയിൽ ട്രംപ് ശ്രമിച്ചുവെന്ന ആരോപണവും സംശയം ബലപ്പെടുത്തുകയാണുണ്ടായത്. കോമിയെ ട്രംപ് പെട്ടെന്നു പിരിച്ചുവിട്ടത്  ഇതിന്് അടിവരയിടുകയും ചെയ്തു. 

ഇൗ സംഭവ വികാസങ്ങളെക്കുറിച്ചെല്ലാം പ്രചരിക്കുന്ന വാർത്തകളും സ്പെഷ്യൽ കൗൺസൽ റോബർട്ട് മുള്ളർ നടത്തുന്ന അന്വേഷണവും ട്രംപിനെ രോഷാകുലനാക്കുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യക്ഷിവേട്ടയെന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. സ്പെഷ്യൽ കൗൺസലിനെ പിരിച്ചുവിടാൻ തനിക്ക്് അധികാരമുുണ്ടെന്നു പോലും സൂചിപ്പിക്കുകയും ചെയതു. ഇതാണ് റഷ്യയുമായും പുടിനുമായുള്ള ട്രംപിന്റെ  ബന്ധത്തിന്റെ കൗതുകകരവും ദുരൂഹവുമായ സവിശേഷതകൾ. 

അമേരിക്കയുമായി ദീർഘകാലമായി സഖ്യത്തിൽ കഴിയുന്ന രാജ്യങ്ങളുമായി പലപ്പോഴും ട്രംപ് ഇടഞ്ഞുകൊണ്ടിരിക്കുന്നതും ഇൗ പശ്ചാത്തലത്തിൽ ചർച്ചാവിഷയമാകുന്നു. കാനഡയിൽ നടന്ന ജി-7 ഉച്ചകോടി അവസാനിച്ചത് അഭൂതപൂർവമായ ചേരിതിരിവ് വ്യക്തമാക്കിക്കൊണ്ടായിരുന്നു. അതിനുശേഷം ട്രംപ് യൂറോപ്യൻ യൂണിയനുമായി വ്യാപാരയുദ്ധം തുടങ്ങുകയും ചെയ്തു. 

പുടിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഏറെ സന്തോഷം പകരുന്ന സംഭവങ്ങളാണ്. സ്വാഭാവികമായും പാശ്ചാത്യലോകം ആശങ്കയിലാവുകയും ചെയ്യുന്നു. ഇതിനിടയിലാണ് ട്രംപ്-പുടിൻ ഉച്ചകോടി നടക്കാൻ പോകുന്നത്.