ആർക്കും വേണ്ടാത്ത ആയിരങ്ങൾ

ഉത്തരാഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽനിന്നുമുള്ള കുടിയേറ്റവും അഭയാർഥി പ്രവാഹവും യൂറോപ്പിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. ഏതാനും ചിലരൊഴികെ യൂറോപ്യൻ നേതാക്കൾ അതു മാനുഷിക പരിഗണനയോടെയാണ്  കൈകാര്യം ചെയ്തുവന്നിരുന്നതും.  എന്നാൽ, ഇപ്പോൾ അതൊരു രാഷ്ട്രീയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. അടുത്തകാലത്തു നടന്ന ചില സംഭവങ്ങൾ അതിനു സാക്ഷ്യംവഹിക്കുന്നു. 

ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ (ജൂൺ 28, 29) ബൽജയിത്തിലെ ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ (ഇയു) നേതാക്കൾ സമ്മേളിച്ചത് ഇൗ പ്രശ്നത്തിനു പരിഹാരം  കണ്ടെത്താനുള്ള അടിയന്തര ശ്രമമെന്ന നിലയിലായിരുന്നു. കുടിയേറ്റക്കാരോടും അഭയാർഥികളോടുമുള്ള സമീപനത്തിൽ ആഴത്തിലുള്ള ചേരിതിരിവാണ് അവിടെ പ്രകടമായത്. 

ഇരുപത്തെട്ടു രാജ്യങ്ങളുടെ നേതാക്കൾ പത്തു മണിക്കൂർ ചർച്ച നടത്തിയിട്ടും വ്യക്തമായ ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ല.  ഉച്ചകോടിയുടെ മുന്നോടിയായി ജൂൺ 24നു നടന്ന യോഗം ഒരു ഡസനോളം രാജ്യങ്ങൾ ബഹിഷ്ക്കരിക്കുകയായിരുന്നു.  

കഴിഞ്ഞ ചില വർഷങ്ങളിൽ അതീവ ഗുരുതരമായ നിലയിൽ എത്തിയ അഭയാർഥി പ്രവാഹം ഇപ്പോൾ ഗണ്യമായ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നതാണ് വാസ്തവം. 2015, 2016 വർഷങ്ങളിൽ എത്തിയതു 25 ലക്ഷം പേരായിരുന്നു. അധികവും പശ്ചിമേഷ്യയിലെ സിറിയയിൽനിന്നും ഉത്തരാഫ്രിക്കയിലെ ലിബിയയിൽനിന്നുമുള്ളവർ. 2017ൽ പ്രവാഹം വളരെ കുറഞ്ഞു. 

ഇൗ വർഷം ഇതുവരെയായി എത്തിയത് അരലക്ഷത്തിൽ കവിയില്ലെന്നാണ് കണക്ക്.  എന്നാൽ, അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും നേരെ പല കേന്ദ്രങ്ങളിൽനിന്നുമുളള എതിർപ്പിന്റെ  തീവ്രത കൂടിയിരിക്കുകയാണ്. 

ഇൗ പ്രശ്നം മറ്റൊരു രൂപത്തിൽ അമേരിക്കയിലും അലയടിക്കുന്നുണ്ട്. മെക്സിക്കോ അതിർത്തിയിൽനിന്ന് അമേരിക്കയിലേക്കു നുഴഞ്ഞുകയറിയവർക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കാൻ തുടങ്ങിയ വിട്ടുവീഴ്ചയില്ലാനയം അതിന്റെ ഭാഗമാണ്. അറസ്റ്റിലായവരുടെ കൂടെയുണ്ടായിരുന്ന രണ്ടായിരത്തിലേറെ 

കുട്ടികളെ മാതാപിതാക്കളിൽനിന്നു വേർപെടുത്തി തടങ്കൽ ക്യാംപുകളിൽ താമസിപ്പിച്ചു. നാട്ടിനകത്തും പുറത്തും അതു കടുത്ത വിമർശനത്തിനു കാരണമാവുകയും ചെയ്തു.  

ഏഴു രാജ്യങ്ങളിൽനിന്നുള്ളവർ അമേരിക്കയിൽ പ്രവേശിക്കുന്നതു സുരക്ഷാപരമായ കാരണം പറഞ്ഞു ട്രംപ് നിരോധിച്ചതു കഴിഞ്ഞ വർഷമാണ്. അതിൽ കോടതികൾ പല തവണ ഇടപെട്ടുവെങ്കിലും ഒടുവിൽ യുഎസ് സുപ്രീം കോടതി കഴിഞ്ഞ മാസം അതു ശരിവച്ചു.   

ട്രംപിനെപ്പോലെതന്നെ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും നേരെ അസഹിഷ്ണുത  പുലർത്തുന്നവരാണ് ഇപ്പോൾ ഇറ്റലി ഉൾപ്പെടെ പല യൂറോപ്യൻ രാജ്യങ്ങളും ഭരിക്കുന്നത്. ഉത്തരാഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽനിന്നും ബോട്ടുകളിൽ മെഡിറ്ററേനിയൻ കടൽ താണ്ടിക്കടന്നു മിക്കവരും എത്തിച്ചേരുന്നതു യൂറോപ്പിന്റെ ദക്ഷിണ തീരത്തുള്ള ഇറ്റലിയിലും ഗ്രീസിലുമാണ്. 

അവിടെനിന്നാണ് കൂടുതൽ സമ്പന്നമായ ജർമനി, ഒാസ്ട്രിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്കു കടക്കുന്നത്. ബോട്ടുകൾ തകർന്നു കടലിൽ മുങ്ങിമരിക്കുന്നവരും ഒട്ടേറെയാണ്. അത്തരം ബോട്ടുകളിൽനിന്നു യാത്രക്കാരെ രക്ഷപ്പെടുത്തി സ്വന്തം ബോട്ടുകളിലും ചെറുകപ്പലുകളിലും കയറ്റി കരയിലെത്തിക്കുന്ന യൂറോപ്യൻ സന്നദ്ധസംഘടനകളും (എൻജിഒ) പ്രവർത്തിച്ചുവരുന്നു. 

കഴിഞ്ഞ മാസം ആ വിധത്തിൽ 239 അഭയാർഥികളുമായി എത്തിയ ലൈഫ് ലൈൻ എന്ന ബോട്ട് ഇറ്റലിയുടെ തീരത്തടുക്കാൻ അവിടത്തെ പുതിയ ഗവൺമെന്റ് സമ്മതിച്ചില്ല. അഞ്ചു ദിവസം ബോട്ടിനു കടലിൽ കറങ്ങേണ്ടിവന്നു. ഒടുവിൽ മറ്റൊരു രാജ്യം-മാൾട്ട-അവരുടെ തീരത്തടുക്കാൻ അനുമതി നൽകി.

നേരത്തെ അക്വേറിയസ് എന്ന  മറ്റൊരു ബോട്ടിൽ എത്തിയ 630 അഭയാർഥികൾക്കുണ്ടായ അനുഭവവും സമാനമായിരുന്നു. ബോട്ട് തങ്ങളുടെ കരയ്ക്കടുക്കാൻ ഇറ്റലിയും മാൾട്ടയും സമ്മതിച്ചില്ല. ഒരാഴ്ചയോളം ബോട്ടിനു കടലിൽ അലയേണ്ടിവന്നു. ഒടുവിൽ കുറച്ചകലെയുള്ള മറ്റൊരു യൂറോപ്യൻ രാജ്യമായ സ്പെയിൻ അവരുടെ തീരത്തടുക്കാൻ അനുമതി നൽകി. 

ഉത്തരാഫ്രിക്കയിലെ സാമാന്യം ഭേദപ്പെട്ട രാജ്യമായ അൽജീരിയയും ഇൗയിടെ അഭയാർഥികളോടു പെരുമാറിയതു ക്രൂരമായിട്ടാണ്. നൈജർ, മാലി,  ഛാഡ് തുടങ്ങിയ സമീപ രാജ്യങ്ങളിൽനിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള  1300 അഭയാർഥികളെ അവർ പല ദിവസങ്ങളിലായി പൊലീസിനെ ഉപയോഗിച്ചു സഹാറ മരുഭൂമിയിലേക്കു തളളിവിട്ടു. 48 ഡിഗ്രി സെൽഷ്യസ്വരെ ചൂടിൽ ഭക്ഷണവും വെളളവുമില്ലാതെ  അലഞ്ഞുതിരിഞ്ഞ അവരിൽ ഒട്ടേറെപേർ മരിച്ചു.

കുടിയേറ്റക്കാരും അഭയാർഥികളും ആദ്യമെത്തുന്നത് ഏതു രാജ്യത്താണോ അവിടെ അവർ റജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് യൂറോപ്യൻ യൂണിയനിലെ വ്യവസ്ഥ. ഇതു കാരണം അവരിൽ പലരും ഇറ്റലിയിലും ഗ്രീസിലും തങ്ങിപ്പോകുന്നു. ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ളിക്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങൾ അവർക്കു പ്രവേശനം നൽകാൻ വിസമ്മതിക്കുന്നതും ഇറ്റലിയെ സാരമായി ബാധിക്കുന്നുണ്ട്.   

ഇൗ പ്രശ്നം ഇറ്റലിയിലെ രാഷ്്ട്രീയത്തെയും ഇളക്കിമറിക്കുകയാണ്.  കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും തള്ളിക്കയറ്റം കാരണം ഇറ്റലിയുടെ സാമ്പത്തിക സ്ഥിതിയും സംസ്ക്കാരവും അപകടത്തിലാണെന്നതായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ അവിടെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ കക്ഷികളുടെ പ്രചാരണം. അങ്ങനെ വോട്ടുകൾ വാരിക്കൂട്ടിയ അവരാണ് ഇപ്പോൾ ഭരണത്തിൽ. 

അഭയാർഥികളുമായി എത്തിയ ബോട്ടുകൾക്ക് ഇറ്റലിയുടെ തീരത്തടുക്കാൻ അനുമതി നിഷേധിച്ചത് അവയിലൊരു പാർട്ടിയുടെ നേതാവായ  ആഭ്യന്തരമന്ത്രി മാറ്റിയോ സാൽവിനിയുടെ നിർദേശ പ്രകാരമായിരുന്നു. കടലിൽ അഭയാർഥികളുടെ രക്ഷയ്ക്കെത്തുന്ന സന്നദ്ധ സംഘടനകളോട് അതിൽനിന്നു പിന്തിരിയാൻ അദ്ദേഹം ആവശ്യപ്പെടുകയും അവർ മനുഷ്യകള്ളക്കടത്തുകാരെ സഹായിക്കുകയാണെന്നു കുറ്റപ്പെടുത്തുകയുംചെയ്തു. 

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏറ്റവുമധികം (പത്തു ലക്ഷത്തിലേറെ) അഭയാർഥികളെ സ്വീകരിക്കാൻ തയാറായതു യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യമായ ജർമനിയാണ്. അതിന്റെ അനുരണനങ്ങൾ ജർമൻ രാഷ്ട്രീയത്തിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. അന്യസംസ്ക്കാര വിദ്വേഷം ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ സ്വഭാവം പുലർത്തുന്ന ആൾട്ടർനേറ്റീവ്   ഫോർ ഡ്യൂഷ്ലൻഡ് (എഎഫ്ഡി) കഴിഞ്ഞ സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിൽ 94 സീറ്റ് നേടിയത് അതിനുദാഹരണമായിരുന്നു. അവർ പാർലമെന്റിൽ എത്തുന്നതുതന്നെ ഇതാദ്യമാണ്.  

ജർമൻ ചാൻസലർ (പ്രധാനമന്ത്രി) ആംഗല മെർക്കലിനെ സംബന്ധിച്ചിടത്തോളം പ്രശ്നം അതുകൊണ്ട് അവസാനിച്ചില്ല. അവരുടെ നേതൃത്വത്തിലുളള ഭരണസഖ്യം അഭയാർഥി പ്രശ്നത്തിന്റെ പേരിൽ പിളർപ്പിന്റെ വക്കോളമെത്തി നിൽക്കുന്നു. ജർമനിയിലേക്ക് ഇനിയും അഭയാർഥികൾ തള്ളിക്കയറുന്നതു മെർക്കൽ തടഞ്ഞില്ലെങ്കിൽ താൻ  ഏകപക്ഷീയമായി അതിർത്തി അടച്ചിടുമെന്ന് ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീഹോവർ മുന്നറിയിപ്പ് നൽകുകയുണ്ടായി. പിന്നീട് അദ്ദേഹം രാജി ഭീഷണി മുഴക്കുകയും ചെയ്തു. 

മെർക്കലിന്റെ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയനും (സിഡിയു) സീഹോഫറിന്റെ ക്രിസ്ത്യൻ സോഷ്യൽയൂണിയനും (സിഎസ്യു) തമ്മിലുള്ള ദീർഘകാല പഴക്കമുളള സഖ്യത്തിന്റെ അവസാനത്തിലായിരിക്കും ഒരുപക്ഷേ ഇതെല്ലാം ചെന്നെത്തുക. അതോടെ ഗവൺമെന്റ് തകരുകയും പുതിയ തിരഞ്ഞെടുപ്പ് ആവശ്യമായി വരികയും ചെയ്തേക്കാം. 

ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയ കേന്ദ്രമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിഎസ്യു. സാമ്പത്തിക സ്ഥിതിയിലും ബവേറിയ ഏറെ മുന്നിലായതിനാൽ അഭയാർഥികൾ കുതിക്കുന്നത് അവിടേക്കാണ്. 

ഇതുകാരണം ബവേറിയയിലും രാഷ്ട്രീയം ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്നു.  ദീർഘകാലമായി അവിടെ തങ്ങൾക്കുള്ള മേധാവിത്തം നഷ്ടപ്പെടുമോയെന്നാണ് സിഎസ്യുവിന്റെ ഭയം. ഇതിനേക്കാൾ തീവ്രമായ നിലപാടെടുക്കുന്നവരും യൂറോപ്പിലുണ്ട്. ഉദാഹരണം ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ളിക്ക്, സ്്ളൊവാക്യ എന്നിവയുടെ നേതാക്കൾ. ചില രാജ്യങ്ങൾമാത്രം അഭയാർഥികളുടെ സംരക്ഷണഭാരം ചുമക്കേണ്ടിവരുന്നത് ഒഴിവാക്കാനായി 2015ൽ യൂറോപ്യൻ യൂണിയൻ ഒാരോ അംഗരാജ്യത്തിനും ക്വോട്ട നിശ്ചയിച്ചിരുന്നു. എന്നാൽ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ അതനുസരിക്കാൻ വിസമ്മതിക്കുന്നു.