വിവേചനത്തിന്റെ ഇസ്രയേൽ നിയമം

എഴുപതു വർഷംമുൻപ് ജൂതർക്കുവേണ്ടി സ്ഥാപിതമായ രാജ്യമാണ് ഇസ്രയേൽ. യൂറോപ്പിൽ ജൂതമത വിശ്വാസികൾക്കു നേരിടേണ്ടിവന്ന കൊടിയ പീഢനങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തമായി ഒരു നാടുണ്ടായിക്കാണാനുള്ള അവരുടെ ദാഹമാണ് അതിനു വഴിയൊരുക്കിയത്.ലോകത്തെവിടെയുമുള്ള ജൂതർക്ക് എപ്പോൾ വേണമെങ്കിലും ഇസ്രയേലിൽ വരാം. പൗരത്വം കിട്ടും. അതിലൊന്നും ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നിട്ടും ഇസ്രയേൽ പാർലമെന്റ് ഇതെല്ലാം ഉൗന്നിപ്പറയുന്ന ഒരു നിയമം ഇക്കഴിഞ്ഞ ജൂലൈ 19നു പാസ്സാക്കി. വിവാദങ്ങളുടെ ഒരു കൊടുങ്കാറ്റാണ് തുടർന്നുണ്ടായത്. 

ജുതർക്കു രാജ്യത്തിലെ മറ്റേതു ജനവിഭാഗത്തേക്കാളും പ്രാമുഖ്യം നൽകുന്നുവെന്നതാണ് നിയമം വിവാദമാകാൻ മുഖ്യകാരണം. രാജ്യത്തു സ്വയം നിർണയാവകാശം ജൂതർക്കു മാത്രമായിരിക്കുമെന്നു നിയമത്തിൽ പറയുന്നു. ജൂതർ ഉപയോഗിക്കുന്ന ഭാഷയായ ഹീബ്രുവായിരിക്കും ഏക ഔദ്യോഗിക ഭാഷ. തുടക്കം മുതൽ അറബി ഭാഷയ്ക്കും ഇൗ പദവിയുണ്ടായിരുന്നുവെങ്കിലും മേലിൽ അതു പരിഗണിക്കപ്പെടുന്നതു ഒരു പ്രത്യേക പദവിയുള്ള ഭാഷ എന്നനിലയിൽ മാത്രമായിരിക്കും. ക്രമേണ ആ പദവി പോലും നഷ്ടപ്പെട്ടേക്കാമെന്നും ഇസ്രയേലിലെഅറബികൾ ഭയപ്പെടുന്നു.  

ജൂത കുടിയേറ്റ കേന്ദ്രങ്ങൾക്കു നിയമം പ്രാധാന്യം കൽപ്പിക്കുകയും അവയുടെ വികസനത്തിനു രാജ്യത്തിന്റെ പ്രോൽസാഹനവും സഹായവും ഉണ്ടാകുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. അധിനിവേശ പലസ്തീൻ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ജൂത കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കുന്നതു തകൃതിയായി തുടർന്നുവരികയാണ്. രാജ്യാന്തര നിയമങ്ങൾക്കു കടക വിരുദ്ധമായ ഇൗ നടപടി ഇസ്രയേൽ-പലസ്തീൻ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തടസ്സമാകുന്നു. അതിനിടയിലാണ് സമാധാനത്തിലേക്കുളള വാതിലുകൾ തീർത്തും കൊട്ടിയടക്കുന്ന വിധത്തിലുള്ള പുതിയ പ്രഖ്യാപനം. 

ഇസ്രയേൽ ഒരു ജനാധിപത്യ രാജ്യമായിരിക്കുമെന്നും രാജ്യത്തിലെ നിമയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും  സമന്മാരായിരിക്കുമെന്നും അതിന്റെ സ്ഥാപക നേതാക്കൾ വ്യക്തമാക്കിയിരുന്നു. പുതിയ നിയമം അതിന്റെ ലംഘനമാണെന്നാണ് വിമർശനം. രാജ്യത്തിന്റെ സ്വഭാവം, സ്വത്വം, ദേശീയ ഗാനം, പതാക, തലസ്ഥാനം, ഹിബ്രു കലണ്ടർ, ഒഴിവു ദിനങ്ങൾ തുടങ്ങിയ പലകാര്യങ്ങളും അതിൽ എടുത്തു പറയുന്നുണ്ടെങ്കിലും ജനാധിപത്യത്തെയും സമത്വത്തെയുംപറ്റി ഒരു പരാമർശവുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇസ്രയേലിലെ 90 ലക്ഷം ജനങ്ങളിൽ അഞ്ചിലൊരു ഭാഗം വരുന്ന അറബികളെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയും  ഇൗ നിയമം രണ്ടാം കിട പൗരന്മാരാക്കുന്നുവെന്നതാണ് ഏറ്റവും വലിയ ആക്ഷേപം. അറബികളിൽ  മുസ്ലിംകളും ക്രൈസ്തവരുമുണ്ട്. യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചടക്കിയ പ്രദേശങ്ങളിലെ പലസ്തീൻകാരിൽനിന്നു വ്യത്യസ്തമായി ഇസ്രയേൽ പൗരത്വമുളളവരാണിവർ. തിരഞ്ഞടുപ്പിൽ അവർ വോട്ടുചെയ്യുക മാത്രമല്ല, മൽസരിക്കുകയും ചെയ്യുന്നു.  

ഒാട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പലസ്തീൻ പ്രദേശത്തു 1948ൽ ഇസ്രയേൽ സ്ഥാപിതമായതോടെ ലക്ഷക്കണക്കിനു പലസ്തീൻകാർക്ക് അവരുടെ ജന്മഗേഹം നഷ്ടപ്പെടുകയുണ്ടായി. പലരും അന്യരാജ്യങ്ങളിൽ ചേക്കേറി. അറബ് അയൽ രാജ്യങ്ങളിൽനിന്നു ഇസ്രയേൽ യുദ്ധത്തിൽ പിടിച്ചടക്കിയ പലസ്തീൻ പ്രദേശങ്ങളിലും ബഹുലക്ഷം പലസ്തീൻകാർ ജീവിക്കുന്നു. 

പുറത്തെവിടെയും പോകാതെ ഇസ്രയേലിനകത്തുതന്നെ തങ്ങിയവരും അവരുടെ പിന്മുറക്കാരുമാണ് ഇസ്രയേലിലെ അറബ് പൗരന്മാർ. ഇസ്രയേലിനകത്തു ജനിച്ചുവളർന്നവർ എന്നനിലയിൽ ആ രാജ്യത്തു മറ്റേതു ജനവിഭാഗത്തോടുമൊപ്പം ത്യല്യ പദവിയോടെ ജീവിക്കാൻ  അവകാശമുള്ളവരാണവർ. എന്നാൽ, ദശകങ്ങളായി അവർ അനുഭവിച്ചുവരുന്നതു പലവിധത്തിലുമുളള അവഗണനയും വിവേചനവുമാണ്. അവരുടെ വർത്തമാനവും ഭാവിയും പുതിയ നിയമത്തോടെ  കൂടുതൽ ഇരുളടഞ്ഞതായിത്തീരുന്നു.  

നിയമം പാസ്സായ ഉടനെ അതിന്റെ കോപ്പികൾ വലിച്ചുകീറികൊണ്ടാണ് അവരുടെ പാർലമെന്റ്അം ഗങ്ങൾ  അമർഷവും രോഷവും പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അവർ വംശീയവാദിയെന്നു വിളിക്കുകയും ചെയ്തു. 

പലപ്പോഴായി പാർലമെന്റ് പാസ്സാക്കിയ അടിസ്ഥാന നിയമങ്ങളാണ്  ഇസ്രയേലിന്റെ ഭരണഘടനയായി കണക്കാക്കപ്പെടുന്നത്. ഇതിനകം പാസ്സായ 15 അടിസ്ഥാന നിയമങ്ങളിൽ  ഏറ്റവും ഒടുവിലത്തേതാണ് ജൂതജനതയുടെ പ്രാമാണികത്വം ഉൗന്നിപ്പറയുന്ന പുതിയ നിയമം. ദിവസങ്ങൾ നീണ്ടുനിന്ന ചൂടുപിടിച്ച ചർച്ചകൾക്കുശേഷം  55നെതിരെ 62 വോട്ടുകളോടെയാണ് അതു സംബന്ധിച്ച ബിൽ പാസ്സായത്. ബില്ലിനു നേരിടേണ്ടിവന്ന എതിർപ്പിന്റെ ആഴത്തിലേക്കു വോട്ടുകളുടെ എണ്ണം വിരൽ ചൂണ്ടുന്നു. എതിർത്തത് അറബികൾ മാത്രമായിരുന്നില്ല. 

ഇസ്രയേലിന്റെ ജുതസ്വഭാവവും ജൂതർക്കുള്ള പ്രാമുഖ്യവും ഉൗന്നിപ്പറയണമെന്ന ആവശ്യം ശക്തമായി ഉയരാൻ തുടങ്ങിയത് ഏഴു വർഷംമുൻപാണ്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും യാഥാസ്ഥിതിക സ്വഭാവമുളള ഗവൺമെന്റിന്റെ ഭരണകാലത്ത് അതു നിയമമാക്കാനുളള സാഹചര്യങ്ങൾ ഒത്തുവന്നുവെന്നുമാത്രം. പ്രധാനമന്ത്രി നെതന്യാഹു ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. 

ഇസ്രയേലിനെ അതിനകത്തെ എല്ലാ പൗരന്മാർക്കും തുല്യാവകാശമുള്ള രാജ്യമാക്കാമെന്ന വ്യാമോഹം ഇനി നടപ്പില്ലെന്നാണ് ബില്ലിന്റെ അവതാരകനും നെതന്യാഹു നയിക്കുന്ന ലിക്കുഡ് പാർട്ടിയിലെ പ്രമുഖ അംഗവുമായ അവി ഡിച്ചർ പറഞ്ഞത്. ഇതുതന്നെയാണ്  ഇക്കാര്യത്തിലുളള നെതന്യാഹുവിന്റെ നിലപാടും. എതിർപ്പുകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു. 

ഇസ്രയേലിലെ പഴയ തലമുറയിലെ പ്രമുഖ നേതാവായിരുന്ന  ഷിമോൺ പെറസ് പ്രസിഡന്റായിരുന്നപ്പോൾ ഇത്തരമൊരു നിയമനിർമാണ ശ്രമത്തെ കഠിനമായി എതിർക്കുകയുണ്ടായി. രണ്ടു വർഷം മുൻപാണ് അദ്ദേഹം നിര്യാതനായത്. നെതന്യാഹുവിന്റെ പാർട്ടിക്കാരനായ  ഇപ്പോഴത്തെ പ്രസിഡന്റ് റ്യൂവൻ റിവ്ലിനും അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഇൗ നിയമം ഇസ്രയേലിന്റെ ശത്രുക്കളുടെ കൈകളിൽ ശക്തമായ ആയുധമായിത്തീരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.   

എങ്കിലും, രാഷ്ട്രത്തലവനെന്ന നിലയിൽ നിയമത്തിന് അംഗീകാരം നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്. അല്ലെങ്കിൽ രാജിവയ്ക്കേണ്ടിവരും. പ്രതിഷേധ സൂചകമായി അറബി ഭാഷയിലാണ് താൻ ഒപ്പുവയ്ക്കുകയെന്ന് അദ്ദേഹം തന്നെ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 

പരമ്പരാഗതമായി ഇസ്രയേലിന് ഏറ്റവും ഫലപ്രദമായ പിന്തുണ നൽകിവരുന്ന അമേരിക്കൻ ജൂതസമൂഹവും സന്തുഷ്ടരല്ല. പുതിയ നിയമം ഇസ്രയേലിന്റെ ജനാധിപത്യ സ്വഭാവം തകർക്കുകയാണെന്നതിൽ അവർ അസ്വസ്ഥരാണത്രേ. പാർലമെന്റിലെ വോട്ടെടുപ്പിനുമുൻപ് അവരുടെ ഒരു നേതാവ് ഇസ്രയേലിൽ എത്തുകയും ബില്ലിൽ മാറ്റം വരുത്താൻ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, ഫലമുണ്ടായില്ല. 

രാജ്യത്തിനു പുറത്തു പ്രതിഷേധം പ്രകടിപ്പിച്ചവരിൽ യൂറോപ്യൻ യൂണിയനും ഇസ്ലാമിക രാഷ്ട്ര സംഘടനയും അറബ് ലീഗും ഉൾപ്പെടുന്നു. അതേസമയം, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുഎസ് ഭരണകൂടം നിശ്ശബ്ദത പാലിക്കുകയാണ്. വാസ്തവത്തിൽ ട്രംപിന്റെ ഇൗ നിലപാടാണ് വിവാദ നിയമവുമായി മുന്നോട്ടുപോകാൻ നെതന്യാഹുവിനു പ്രോൽസാഹനം നൽകിയതെന്നും കരുതപ്പെടുന്നു. 

പുതിയ നിയമത്തിനെതിരെ പൊതുപണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഇസ്രയേലിലെ അറബികൾ. ഇടതുപക്ഷ കക്ഷികളുടെ പിന്തുണയും അവർക്കുണ്ട്. അടുത്ത തിങ്കളാഴ്ച പാർലമെന്റ് സമ്മേളിക്കുമ്പോൾ അതിന്റെ മുന്നിലുള്ള തെരുവിൽ കുത്തിയിരിപ്പ് സമരം നടത്താനും അവർ ഉദ്ദേശിക്കുന്നു. 

അറബികളുടെ എതിർപ്പ് നെതന്യാഹു പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ, മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ഡ്രൂസുകളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നില്ലെന്ന് ഇപ്പോൾ വ്യക്തമാകുന്നു. പശ്ചിമേഷ്യയിൽ, മുഖ്യമായി സിറിയയിലും ലെബനനിലും ഇസ്രയേലിലും ജീവിക്കുന്ന ഒരു ചെറിയ മതവിഭാഗമാണ് ഡ്രൂസുകൾ. 

ഇസ്രയേലിലെ ഒന്നേകാൽ  ലക്ഷത്തോളം ഡ്രൂസുകൾ അറബികളെ അപേക്ഷിച്ച് പരമ്പരാഗതമായി ജൂതരുമായി വളരെ അടുത്ത ബന്ധം പുലർത്തിവരികയായിരുന്നു. ഇസ്രയേൽ പട്ടാളത്തിലും പൊലീസിലും അവർ സേവനം ചെയ്തുവരുന്നു. ഒട്ടേറെ ഡ്രൂസുകൾ പട്ടാളത്തിലും പൊലീസിലും ഉന്നത പദവികളിൽ എത്തുകയുമുണ്ടായി. ജൂതർക്കു പ്രാമുഖ്യം കൽപ്പിക്കുന്ന പുതിയ നിയമത്തിലൂടെ നെതന്യാഹുവിന്റെ ഗവൺമെന്റ് തങ്ങളെ പിന്നിൽ നിന്നു കുത്തിയെന്നു വിലപിക്കുകയാണ് ഡ്രൂസ് നേതാക്കൾ. 

നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി അവർ പ്രധാനമന്ത്രിയെ കണ്ടു. പാർലമെന്റ് പാസ്സാക്കിക്കഴിഞ്ഞ അടിസ്ഥാന നിയമത്തിൽ മാറ്റംവരുത്താൻ സാധ്യമല്ലെന്നും ഡ്രൂസുകൾക്കു സാമ്പത്തിക പ്രയോജനം ലഭ്യമാക്കുന്ന മറ്റൊരു നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്നുമായിരുന്നു മറുപടി. തർക്കം മൂത്തപ്പോൾ ഒരു ഡ്രൂസ് നേതാവ് നെതന്യാഹുവിനെ വംശീയവാദിയെന്നു വിളിച്ചു. വാക്കേറ്റത്തിലും ബഹളത്തിലുമാണ് യോഗം അവസാനിച്ചത്. 

പാർലമെന്റിൽ നിയമം കൊണ്ടുവന്ന ലിക്കുഡ് നേതാവ് അവി ഡിച്ചറിനെ മറ്റൊരു സ്ഥലത്തുവച്ച് ഒരു ഡ്രൂസ് നേതാവ് കൈയേറ്റം ചെയ്തു. പുതിയ നിയമം ജനാധിപത്യവിരുദ്ധമാണെന്ന പേരിൽ അതിനെതിരെ ഡ്രൂസ് എംപിമാർ സുപ്രീം കോടതിയെ സമീപിച്ചു. പട്ടാളത്തിൽനിന്നും പൊലീസിൽനിന്നും കൂട്ടത്തോടെ പിരിഞ്ഞുപോകാൻ പോലും ഡ്രൂസുകൾ ആലോചിക്കുകയാണത്രേ. ഡ്രൂസുകൾക്കു പ്രത്യേക പരിഗണന നൽകാതെ നിയമം പാസ്സാക്കിയതു തെറ്റായിപ്പോയെന്ന വിമർശനം ഭരണ സഖ്യത്തിൽനിന്നുതന്നെ ഉയരാൻ തുടങ്ങിയിട്ടുമുണ്ട്. 

ഇത്തരമൊരു വിവാദനിയമത്തിന്റെ ആവശ്യമെന്തായിരുന്നുവെന്ന ചോദ്യത്തെയും നെതന്യാഹു നേരിടുകയാണ്. അടുത്തുതന്നെ നടക്കാനിടയുള്ള പാർലമെന്റ് തിരഞ്ഞെടുപ്പാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു കാരണമെന്നു കരുതപ്പെടുന്നു. തീവ്രവലതുപക്ഷക്കാരുടെ വോട്ടുകൾ കൂടുതലായി നേടിയെടുക്കാൻ ഇൗ നിയമം സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുകയാണത്രേ. അഴിമതിയാരോപണങ്ങളെ നേരിടുന്നതിനിടയിലാണ് അദ്ദേഹം ജനവിധിയെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നതും.