വഴങ്ങാതെ, വളയാതെ കിം

ഉത്തര കൊറിയയിൽനിന്നുള്ള ആണവ ഭീഷണി അവസാനിച്ചു....ഞാൻ അധികാരം ഏറ്റെടുത്തതിനു മുൻപുണ്ടായിരുന്നതിനേക്കാൾ സമാധാനത്തോടെ ഇനിയെല്ലാവർക്കും കഴിയാം....എല്ലാവർക്കും സ്വസ്ഥമായി  ഉറങ്ങാം.

ഇങ്ങനെ ലോകത്തെ അറിയിച്ചത് ജൂൺ 13ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്. അതിന്റെ തലേന്ന്  ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി സിംഗപ്പൂരിൽ നടന്ന ഉച്ചകോടി കഴിഞ്ഞു സന്തോഷപൂർവം വാഷിങ്ടണിൽ തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. അതിനുശേഷം ഏതാണ്ടു രണ്ടു മാസമായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഒാഗസ്റ്റ് മൂന്ന്) പുറത്തുവന്ന ഒരു യുഎൻ റിപ്പോർട്ട് ട്രംപിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു. 

ആണവ, മിസൈൽ പരിപാടി ഉത്തര കൊറിയ നിർബാധം തുടരുന്നുവെന്നാണ് യുഎൻ രക്ഷാസമിതി നിയോഗിച്ച വിദഗ്ധാന്വേഷണ സമിതി നൽകിയ  ഇൗ റിപ്പോർട്ട്. സിംഗപ്പൂർ ഉച്ചകോടിയിൽ ഉണ്ടായ തീരുമാനമനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളെല്ലാം ഉത്തര കൊറിയ ഉടൻ അവസാനിപ്പിക്കുമെന്നാണ് അമേരിക്ക കരുതിയിരുന്നത്. ആണവ, മിസൈൽ പരീക്ഷണങ്ങളെ തുടർന്നു രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കുന്ന വ്യാപാര ഇടപാടുകൾ ഉത്തര കൊറിയ രഹസ്യമായി നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടനിലക്കാർ മുഖേന ലിബിയ, യെമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉത്തര കൊറിയ ചെറുകിട ആയുധങ്ങൾ കയറ്റിയയക്കുകയാണെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്. 

ഉച്ചകോടിയിൽ ഇരുനേതാക്കളും ഒപ്പുവച്ച കരാർ പ്രകാരമുള്ള  ആണവ നിരായുധീകരണം ഉത്തര കൊറിയയിൽ നടക്കുന്നില്ലെന്ന പരാതി അമേരിക്കയും ഉന്നയിച്ചുവരികയായിരുന്നു.  യുഎൻ ഉപരോധം മറികടക്കുന്ന വിധത്തിലുളള രഹസ്യ വ്യാപാര ഇടപാടുകൾ  ഉത്തര കൊറിയ തുടരുകയാണെന്ന് അമേരിക്കയും കുറ്റപ്പെടുത്തുകയുണ്ടായി.  

അതേസമയം, ഉച്ചകോടിയിലെ കരാർ തങ്ങൾ അക്ഷരംപ്രതി നടപ്പാക്കാൻ തുടങ്ങിയിട്ടും അംതംഗീകരിക്കാനോ പ്രത്യുപകാര നടപടികൾ കൈക്കൊളളാനോ അമേരിക്ക വിസമ്മതിക്കുകയാണെന്ന ആക്ഷേപം ഉത്തര കൊറിയയ്ക്കുമുണ്ട്.   ഉത്തര കൊറിയയ്്ക്കെതിരെ നടപ്പാക്കിയ ഉപരോധങ്ങൾ പിൻവലിക്കാൻ അമേരിക്ക വിസമ്മതിക്കുന്നതാണ് ഇതിനുദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.

സിംഗപ്പൂരിൽ നടന്ന ചരിത്രപ്രധാനമെന്നു വിശേഷിപ്പിക്കപ്പെട്ട ട്രംപ്-കിം കൂടിക്കാഴ്ചയിൽ യഥാർഥത്തിൽ ഉണ്ടായ ഒത്തുതീർപ്പ് എന്തായിരുന്നുവെന്നു വീണ്ടും പരിശോധിക്കപ്പെടാൻ ഇതു കാരണമായിത്തീരുന്നു. സൗഹൃദത്തിന്റെയും സൗമനസ്യത്തിന്റെയും ഉജ്ജ്വല പ്രദർശനമായിരുന്നു സിംഗപ്പൂരിൽ. ഏതാനും മാസങ്ങൾക്കുമുൻപ് പരസ്പരം ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിന്റെ ഒാർമകൾ ട്രംപിനെയോ കിമ്മിനെയോ അലോസരപ്പെടുത്തുകയുണ്ടായില്ല. കിമ്മിനേക്കാൾ ട്രംപിനായിരുന്നു പ്രകടമായ ഉൽസാഹം. സ്വന്തം ഉപദേഷ്ടാക്കളെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ കിമ്മിന്റെ മേൽ പ്രശംസകൾ ചൊരിയാനും ട്രംപ് മടിച്ചില്ല. 

രണ്ടു തവണയായി അഞ്ചു മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കു ശേഷം ഒപ്പുവയ്ക്കപ്പെട്ട  രണ്ടു പേജുളള കരാറായിരുന്നു ട്രംപിന്റെ ആഹ്ളാദത്തിന് അടിസ്ഥാനം. ആവർത്തനം ഒഴിവാക്കിയാൽ വാസ്തവത്തിൽ ഒറ്റപ്പേജിൽ ഒതുക്കാവുന്ന കാര്യങ്ങളേ അതിലുണ്ടായിരുന്നുളളൂവെന്നതു മറ്റൊരു കാര്യം. 

നാലു കാര്യങ്ങളാണ് കരാറിൽ അക്കമിട്ടു പറഞ്ഞിരുന്നത്. 

ഒന്ന് : ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭീഷ്ടമനുസരിച്ച് സമാധാനത്തിനും സമ്പൽ സമൃദ്ധിക്കുമായി  പുതിയ ബന്ധം സ്ഥാപിക്കും. 

രണ്ട് : കൊറിയൻ അർധ ദ്വീപിൽ ശാശ്വതവും സുസ്ഥിരവുമായ സമാധാനം കെട്ടിപ്പടുക്കാൻ  ഒന്നിച്ചു ശ്രമിക്കും. 

മൂന്ന് : കൊറിയൻ അർധദ്വീപിൽ പൂർണമായ ആണവ നിരായുധീകരണം നടപ്പാക്കാൻ ഉത്തര കൊറിയ  പ്രവർത്തിക്കും. 

നാല് : 1950-1953ലെ യുദ്ധത്തിനിടയിൽ ഉത്തര കൊറിയയിൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ ജഢാവശിഷ്ടങ്ങൾ കണ്ടെത്തുകയും ഇതിനകം കണ്ടെത്തിയവ കൈമാറുകയും ചെയ്യും. 

നാലാമത്തേതൊഴികെ ബാക്കിയെല്ലാം സാമാന്യ സ്വഭാവത്തിലുള്ളതും ഏതുവിധത്തിലും വ്യാഖ്യാനിക്കപ്പെടാൻ അവസരം നൽകുന്നതുമായിരുന്നു. ജഢാവശിഷ്ടങ്ങൾ കൈമാറുന്നകാര്യത്തിലാണ് വ്യക്തമായ നടപടിയുണ്ടായതും.  55 പേരുടെ അവശിഷ്ടങ്ങൾ ഇൗയിടെ ഉത്തര കൊറിയ കൈമാറി. ഇവരിൽ ഒരാളെ മാത്രം തിരിച്ചറിയാൻ സഹായിക്കുന്ന അടയാളമാണ് ഒപ്പമുണ്ടായിരുന്നത്. അയ്യായിരത്തോളം പേരുടെ അവശിഷ്ടങ്ങൾക്കുവേണ്ടി അമേരിക്കയിലെ അവരുടെ ബന്ധുക്കൾ ഇനിയും കാത്തിരിക്കുന്നുമുണ്ട്. 

ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിയെന്നും  ഒരു ആണവ പരീക്ഷണ കേന്ദ്രവും ഒരു മിസൈൽ പരീക്ഷണയന്ത്ര സംവിധാനവും പൊളിച്ചുനീക്കിയെന്നും ഉത്തര കൊറിയ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം കണക്കിലെടുത്തു തങ്ങൾക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ തുടങ്ങേണ്ടതായിരുന്നു. എന്നാൽ അതിനു വിസമ്മതിക്കുക മാത്രമല്ല, ഉപരോധങ്ങൾ കർശനമാക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തുന്നു. 

ഉത്തര കൊറിയ ഇതിനകം നിർമിച്ച ആണവ ബോംബുകളും മിസൈലുകളും എന്തു ചെയ്യണമെന്നു ട്രംപ്-കിം കരാറിൽ വ്യക്തമാക്കിയിട്ടില്ല. ആവശ്യമുളളത്ര ഉണ്ടാക്കിക്കഴിഞ്ഞുവെന്നാണ് ഉച്ചകോടിക്കു മുൻപുതന്നെ  കിം പ്രഖ്യാപിച്ചിരുന്നത്. ആണവ ബോംബുകളുമായി അമേരിക്കയെവരെ ആക്രമിക്കാൻ പറ്റുന്ന വിധത്തിൽ അത്രയും ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും തയാറായിരുന്നുവത്രേ.

ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോംഗ്യാങ്ങിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞമാസം വീണ്ടും എത്തിയത് ഇൗ വക കാര്യങ്ങളിൽ ഇനിയെന്തു ചെയ്യണമെന്നു വ്യക്തത വരുത്താനുളള ഉദ്ദേശ്യത്തോടെയായിരുന്നു.  ആണവായുധങ്ങളുടെ കണക്കു ചോദിച്ച അദ്ദേഹം അവ നിർമാർജനം ചെയ്യുന്നതെങ്ങനെയെന്നു തിരക്കുകയും ചെയ്തുവത്രേ. പക്ഷേ, ഉത്തര കൊറിയൻ ഉദ്യോഗസ്ഥർക്കു രസിച്ചില്ല. അമേരിക്ക ഏകപക്ഷീയമായ ആവശ്യങ്ങൾ ഉന്നയിക്കുകയും കൊളളക്കാരെപ്പോലെ പെരുമാറുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ ആരോപണം.

അതിനുശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച സിംഗപ്പൂരിൽ പോംപിയോയും ഉത്തര കൊറിയൻ വിദേശമന്ത്രി റി യോങ് ഹോയും തമ്മിൽ വീണ്ടും കണ്ടുവെങ്കിലും ചർച്ചയൊന്നും നടക്കുകയുണ്ടായില്ല. തെക്കു കിഴക്കൻ ഏഷ്യൻ രാഷ്ട്ര സംഘടനയിലെ (ആസിയാൻ) വിദേശമന്ത്രിമാരുടെ സമ്മേനളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. പരസ്പരം കുശലാന്വേഷണം നടത്തുകയും പോംപിയോടൊപ്പം ഉണ്ടായിരുന്ന യുഎസ് ഫിലിപ്പീൻസ് അംബാസഡർ കിമ്മിനുള്ള ട്രംപിന്റെ കത്ത് കൈമാറുകയുംചെയ്തു. നേരത്തെ കിം ട്രംപിനയച്ച കത്തിനുളള മറുപടിയായിരുന്നു അത്. 

പോംപിയോ സിംഗപ്പൂർ വിട്ടശേഷം റി നടത്തിയത് അമേരിക്കയ്ക്കെതിരായ മറ്റൊരു ആക്രമണമാണ്. ഉത്തര കൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രമായ റോഡോങ് സിൻമുൺ പിന്നീട് അതാവർത്തിക്കുകയും ചെയ്തു. യുഎസ് സമീപനം കൊറിയൻ അർധ ദ്വീപിൽ സമാധാനം കൈവരുത്താനുള്ള ശ്രമങ്ങൾക്കു തടസ്സം  സൃഷ്ടിക്കുകയാണെന്ന വിമർശനവും അവരുടെ  പ്രസ്താവനകളിലുണ്ടായിരുന്നു. 

പക്ഷേ, ഇതിനിടയിലും ട്രംപോ കിമ്മോ പരസ്യമായ അഭിപ്രായ പകടനങ്ങളൊന്നും നടത്തിയിട്ടില്ല. അവർ തമ്മിലുണ്ടായ കത്തിടപാടുകളുടെ ഉള്ളടക്കം രഹസ്യമായിരിക്കുകയും ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഉദ്ദേശിക്കുന്നതിലും കവിഞ്ഞ കാര്യങ്ങളാണ്.   അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തിയിട്ടുളളതും ശ്രദ്ധേയമാണ്. 

ചൈനയും റഷ്യയും ഉപരോധത്തിൽ അയവു വരുത്തുകയാണെന്ന റിപ്പോർട്ടുകളും അമേരിക്കയെ  അസ്വസ്ഥമാക്കുന്നുണ്ട്. യുഎൻ ഉപരോധത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഒട്ടേറെ ഉത്തര കൊറിയക്കാർ ചൈനയിലും റഷ്യയിലും വീണ്ടും ജോലിചെയ്യാൻ തുടങ്ങിയിട്ടുണ്ടത്രേ.  

തുറമുഖത്തുവച്ച് നടക്കുന്ന കയറ്റിറക്കുമതി പ്രവർത്തനങ്ങൾ കണ്ടുപിടിക്കപ്പെടും. അതിനാൽ നടുക്കടലിൽ വച്ച് കപ്പലിൽനിന്നു കപ്പലിലേക്കു കൽക്കരിയും പെട്രോളിയം ഉൽപ്പന്നങ്ങളും മാറ്റുന്നുവെന്നാണ് റിപ്പോർട്ടുകൾ. റഷ്യയും ചൈനയും അതിൽ സഹകരിക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു.

 ഉപരോധത്തിൽ അയവു വരുത്തുന്നതിനെതിരെ റഷ്യക്കും ചൈനയ്ക്കും പോംപിയോ താക്കീതു നൽകുകയുണ്ടായി. അതേസമയം, ഉച്ചകോടിയിലെ കരാറനുസരിച്ച് പ്രവർത്തിക്കാത്തതിന്റെ പേരിൽ ഉത്തര കൊറിയയെ കടുത്ത ഭാഷയിൽ വിമർശിക്കാൻ അമേരിക്ക മടിക്കുകയും ചെയ്യുന്നു. 

ഇതിനിടയിലാണ് ആണവ പ്രശ്നത്തിന്റെ പേരിൽ ട്രംപ് ഇറാനെതിരായ ഉപരോധം പുനരാംരംഭിച്ചിട്ടുളളത്. ഇതിലൂടെ ഇറാനെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്താനും അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാൽ, ഏറ്റവുമൊടുവിൽ, ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഒാഗസ്റ്റ് ഏഴ്) ടെഹ്റാനിലെത്തി ഇറാൻ വിദേശമന്ത്രി ജവാദ് സെരിഫുമായി സംഭാഷണം നടത്തിയതു മറ്റാരുമല്ല, ഉത്തര കൊറിയൻ വിദേശമന്ത്രി റി യോങ് ഹോ.