സ്വകാര്യവൽക്കരണം യുദ്ധത്തിലും

സ്വകാര്യവൽക്കരണത്തിന്റെയും പുറംകരാർ ജോലിയുടെയും കാലമാണിത്. ഗവൺമെന്റ് ജീവനക്കാർ മുൻപ് ചെയ്തിരുന്ന പല ജോലികളും ഇപ്പോൾ ചെയ്യുന്നതു സ്വകാര്യവ്യക്തികളാണ്. വാണിജ്യ,വ്യവസായ സ്ഥാപനങ്ങൾ സ്വന്തം ജീവനക്കാരെക്കൊണ്ടു ചെയ്യിച്ചിരുന്ന ജോലികൾ നിർവഹിക്കാൻ സ്ഥാപനത്തിനു പുറത്തുള്ളവർക്കു കരാർ കൊടുക്കുന്നതും വിരളമല്ല. ഇതിനെയാണ് ഒൗട്സോഴ്സിങ് എന്നു പറയുന്നത്. അതാണത്രേ ലാഭകരം. 

എങ്കിൽപിന്നെ എന്തുകൊണ്ടു യുദ്ധവും സ്വകാര്യവൽക്കരിക്കുകയോ ഒൗട്സോഴ്സ് ചെയ്യുകയോ ചെയ്തുകൂടാ എന്നൊരു ചോദ്യം ഉയർന്നുവന്നിരിക്കുകയാണ്. പതിനേഴു വർഷമായി അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിവരുന്ന യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച പുതിയ ചർച്ചകളിൽ ഇൗ ആശയവും ഉൾപ്പെടുന്നു. അഫ്ഗാൻ യുദ്ധത്തിൽ യുഎസ് തന്ത്രം അടിക്കടി പാളിപ്പോവുകയാണെന്ന  അഭിപ്രായമാണ് ഇതിന്റെ പശ്ചാത്തലം. കഴിഞ്ഞ ചില ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താലിബാൻ നടത്തിയ ആക്രമണങ്ങൾ സ്ഥിതിഗതികളുടെ അപകടകരമായ സ്വഭാവത്തിലേക്കു വിരൽചൂണ്ടുന്നു. 

കാബൂളിലെ അധികാരത്തിൽനിന്നു 2001ൽ അമേരിക്കൻ സൈന്യം പുറത്താക്കിയ താലിബാൻ അന്നുമുതൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. അവരെ തടയുക എളുപ്പമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ അവരുമായി ഒത്തുതീർപ്പുണ്ടാക്കാനുള്ള ശ്രമവും നടന്നുവരുന്നു. ഇതിനിടയിൽതന്നെ  താലിബാനും അഫ്ഗാൻ ഗവൺമെന്റിനും യുഎസ് സൈന്യത്തിനും നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വെല്ലുവിളിയും ഉയർന്നുകൊണ്ടിരിക്കുന്നു. 

അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കുകയും യുഎസ് സൈനികരെ മുഴുവൻ അഫ്ഗാനിസ്ഥാനിൽനിന്നു തിരിച്ചുകൊണ്ടുവരികയും ചെയ്യുമെന്നായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ ഡോണൾഡ് ട്രംപ് നൽകിയിരുന്ന വാഗ്ദാനം. അധികാരമേറി ഒന്നര വർഷമായിട്ടും അതു പാലിക്കാൻ കഴിയാത്തതിൽ അദ്ദേഹം നിരാശനാണത്രേ. അതിനിടയിലാണ് അഫ്ഗാൻ യുദ്ധം സ്വകാര്യവൽക്കരിക്കുകയോ അതിനുവേണ്ടി പുറംകരാർ നൽകുകയോ ചെയ്യുന്ന കാര്യം യുഎസ് ഭരണകൂടത്തിന്റെ ഉന്നത തലങ്ങളിൽ സജീവ ചർച്ചാവിഷമായിരിക്കുന്നത്. 

പട്ടാളം ചെയ്യുന്ന പലകാര്യങ്ങളും പട്ടാളത്തിന്റേതിനു സമാനമായ  പരിശീലനം ലഭിച്ചവർ ഉൾപ്പെടുന്ന സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങൾ ചെയ്യുന്നതു അമേരിക്കയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. പല വിദേശ രാജ്യങ്ങളിലെയും യുഎസ് എംബസ്സികളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും  സംരക്ഷണച്ചുമതല ഏൽപ്പിച്ചിരിക്കുന്നതു ഇത്തരം സ്ഥാപനങ്ങളെയാണ്. ഇവർ പ്രൈവറ്റ് കോൺട്രാക്റ്റേഴ്സ് എന്നറിയപ്പെടുന്നു. സമാനമായ സ്ഥാപനങ്ങൾ ഇസ്രയേൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ആസ്ഥാനമായും പ്രവർത്തിക്കുകയും വിവിധ രാജ്യങ്ങളിൽ സേവനം നൽകിവരികയും ചെയ്യുന്നണ്ട്. 

സ്വന്തം നാടുകളിൽ സൈന്യത്തിലായിരുന്ന ഇത്തരം വ്യക്തികൾ പല ആഫ്രിക്കൻ രാജ്യങ്ങളിലെയും ആഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുക്കുന്നതും വിരളമായിരുന്നില്ല. മെർസിനറീസ് അഥവാ കൂലിപ്പട്ടാളക്കാർ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. 

അമേരിക്കൻ സൈന്യത്തോടൊപ്പം സ്വകാര്യ മിലിട്ടറി കോൺട്രാക്റ്റർമാരും യുദ്ധത്തിൽ പങ്കെടുക്കുന്ന കാര്യം പെട്ടെന്നു ലോകശ്രദ്ധയിലെത്തിയതു 2007ൽ ഇറാഖിൽ നിന്നായിരുന്നു. ബ്ളാക്ക്വാട്ടർ എന്ന സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാർ ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിൽ നടത്തിയ കൂട്ടക്കൊലയാണ്  അതിനു നിമിത്തമായത്. യുഎസ് എംബസ്സിയുടെ വാഹനങ്ങൾക്ക് അകമ്പടി സേവിക്കുകയായിരുന്ന അവർ  വഴിയിൽവച്ച് എതിരെ വന്ന ഒരു വാഹനത്തിനുനേരെ തുടർച്ചയായി വെടിവച്ചു. അതിലുണ്ടായിരുന്ന നിരായുധരായ 17 സിവിലിയന്മാർ മരിക്കുകയും 20 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

ബ്ളാക്ക്വാട്ടർ അങ്ങനെ പെട്ടെന്നു കുപ്രസിദ്ധമായി. അതുകാരണം സ്ഥാപനത്തിന്റെ പേരുമാറ്റി അക്കാഡമിയെന്നാക്കി. എങ്കിലും, അതിന്റെ സ്ഥാപകനായ എറിക് പ്രിൻസ് ഇപ്പോഴും സക്രിയനായി രംഗത്തുണ്ട്. അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയണമെങ്കിൽ അതു സ്വകാര്യവൽക്കരിക്കണമെന്നു പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് അദ്ദേഹമാണ്. അതാണ് ലാഭകരമെന്നും അദ്ദേഹം വാദിക്കുന്നു. 

യുഎസ് നാവികസേനയിലെ പ്രത്യേക വിഭാഗമായ സീലിലെ ഉദ്യോഗസ്ഥനായിരുന്നു നാൽപത്തെട്ടുകാരനായ പ്രിൻസ്. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചു താമസിക്കുകയായിരുന്ന അൽഖായിദ ഭീകര സംഘത്തലവൻ  തലവൻ ഉസാമ ബിൻ ലാദനെ 2011ൽ കമാൻഡോ ആക്രമണത്തിലൂടെ വധിച്ചതു യുഎസ് നേവി സീലാണ്. 

ശതകോടികളുടെ ആസ്തിയുള്ള ബിസിനസുകാരനാണ് ഇപ്പോൾ പ്രിൻസ്. ബ്ളാക്ക്വാട്ടർ വിറ്റശേഷം മറ്റൊരു സെക്യൂരിറ്റി സ്ഥാപനം നടത്തിവരുന്നു. ട്രംപിന്റെ ആരാധകനായ അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ ട്രംപിനെ സാമ്പത്തികമായി  ഏറ്റവുമധികം സഹായിച്ചവരിലും ഉൾപ്പെടുന്നു. പ്രിൻസിന്റെ സഹോദരിയായ ബെറ്റ്സി ഡെവോസാണ് ട്രംപിന്റെ ക്യാബിനറ്റിലെ വിദ്യാഭാസ സെക്രട്ടറി. 

അഫ്ഗാൻ യുദ്ധം സ്വകാര്യവൽക്കരിക്കണെമെന്ന നിർദേശവുമായി പ്രിൻസ് ആദ്യമായി മുന്നോട്ടുവന്നത് ഒരു വർഷം മുൻപാണ്.അഫ്ഗാനിസ്ഥാനിലെ അടിക്കടി വഷളായിക്കൊണ്ടിരുന്ന സ്ഥിതിഗതികളിൽനിന്നു തലയൂരാൻ എന്തു ചെയ്യണമെന്ന തീവ്രമായ ആലോചനയിലായിരുന്നു ട്രംപ്  അപ്പോൾ. അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന റെക്സ് ടില്ലേഴ്സനും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എച്ച്. ആർ. മക്മാസ്റ്ററും പ്രിൻസിന്റെ നിർദേശം പുഛിച്ചുതള്ളിയത്രേ. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, വൈറ്റ് ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് ജോൺ കെല്ലി എന്നിവരുടെ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. 

ടില്ലേഴ്സനും മക്മാസ്റ്ററും പിന്നീടു പുറത്തായി. പകരംവന്ന സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും തന്റെ നിർദേശത്തെ പിന്തുണയ്ക്കുമെന്നു പ്രിൻസ് പ്രതീക്ഷിക്കുന്നു. ട്രംപിന്റെ ഉപദേഷ്ടാവും മകളുടെ ഭർത്താവുമായ ജാറിദ് കുഷ്നറുടെ പിന്തുണയും അദ്ദേഹം തേടിയിട്ടുണ്ട്. തന്റെ ആശയത്തിന്റെ സ്വീകാര്യത മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമവും പ്രിൻസ് നടത്തിവരുന്നു. ഇക്കാര്യം ചർച്ചചെയ്യാൻ ഇതുവരെ ട്രംപിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ട്രംപിന്റെയും അനുകൂല നിലപാടിനുവേണ്ടി പ്രിൻസ് കാത്തിരിക്കുകയാണത്രേ. 

അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനുവേണ്ടി പ്രതിവർഷം അമേരിക്കയ്ക്കു ചെലവാകുന്നത് 40 ശതകോടി ഡോളറാണ്. സ്വകാര്യ കോൺട്രാക്റ്റർമാരെ ദൗത്യം എൽപ്പിക്കുകയാണെങ്കിൽ പത്തു ശതകോടി മതിയാവുമെന്നും അങ്ങനെ 30 ശതകോടി ലാഭിക്കാനാവുമെന്നും പ്രിൻസ് അവകാശപ്പെടുന്നു. 

അഫ്ഗാനിസ്ഥാനിൽ  ഇപ്പോഴുള്ള  യുഎസ്, നാറ്റോ സേനയുടെ ദൗത്യം ഏറ്റെടുക്കാൻ പ്രിൻസിന്റെ പദ്ധതിയനുസരിച്ച് അതിന്റെ പകുതിയോളം സ്വകാര്യ സെക്യൂരിറ്റി കോൺട്രാക്റ്റർമാർ മതിയാകും. യുഎസ് ഭരണകൂടം നിയമിക്കുന്ന ഒരു പ്രത്യേക ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലായിരിക്കും ഇവർ പ്രവർത്തിക്കുക. വൈസ്റോയ് എന്നാണ് ഇൗ ഉദ്യോഗസ്ഥനു പ്രിൻസ് നൽകിയിരിക്കുന്ന സ്ഥാനപ്പേര്. സ്ഥിതിഗതികൾ വൈസ്റോയ് പ്രസിഡന്റിനെ അപ്പപ്പോൾ അറിയിക്കുകയും ഉപദേശ നിർദേശങ്ങൾ തേടുകയും ചെയ്യും. 90 യുദ്ധവിമാനങ്ങൾ അടങ്ങുന്ന ഒരു സ്വകാര്യ വ്യോമസേനയും പ്രിൻസിന്റെ പദ്ധതിയിലുണ്ട്. 

ഇതെല്ലാം എത്രത്തോളം പ്രായോഗികമാണെന്നു പല കേന്ദ്രത്തിൽനിന്നും ഉയർന്നിട്ടുളള സംശയം തീർക്കാൻ പ്രിൻസിനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഇൗ പദ്ധതിയെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. 

അഷ്റഫ് ഗനി

അതീവഗുരുതരമായ ഒരു സ്ഥിതിയെയാണ് ഗനി ഇപ്പോൾ അഭിമുഖീകരിക്കുന്നത്. മുൻപ് താലിബാൻ മാത്രമായിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയും നേരിടേണ്ടിവരുന്നു. ഇരുകൂട്ടരുടെയും ആക്രമണങ്ങളിൽ ഇൗ വർഷത്തെ ആദ്യത്തെ ആറുമാസത്തിനിടയിൽ സിവിലിയന്മാർ മാത്രം 1600 പേർ മരിച്ചുവെന്നാണ് കണക്ക്. 

കാബൂളിൽനിന്നു 100 കിലോ മീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാനമായ ഗസ്നി നഗരം പിടിച്ചടക്കാൻ ഒാഗസ്റ്റ് 10 മുതൽ അഞ്ചുദിവസം താലിബാൻ നടത്തിയ ശ്രമത്തിൽ കൊല്ലപ്പെട്ടത് ഇരുനൂറോളം പേരാണ്. പത്തു ദിവസത്തിനുശേഷം മൂന്നുമാസത്തേക്കു വെടിനിർത്താൻ ഗനി സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും താലിബാൻ അതു തള്ളിക്കളഞ്ഞു.

വ്രതമാസമായ റമസാനു സമാപനം കുറിക്കുന്ന ഇൗദുൽ ഫിത്ർ അഥവാ  ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഗവൺമെന്റും താലിബാനും ജൂണിൽ മൂന്നു ദിവസം വെടിനിർത്തിയിരുന്നു. അതിന്റെ ഒാർമയിലായിരുന്നു ബക്രീദ് അഥവാ വലിയ ബലിപെരുന്നാളിനോടനുബന്ധിച്ച്  ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒാഗസ്റ്റ് 20) മുതൽ നവംബറിൽ നബിദിനം വരെ വെടിനിർത്താനുള്ള ഗനിയുടെ പുതിയ നിർദേശം. താലിബാൻ അതു തള്ളിക്കളയുക മാത്രമല്ല, പെരുന്നാൾ ദിവസംതന്നെ കാബൂളിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനുനേരെ റോക്കറ്റാക്രമണം അഴിച്ചുവിടുകയും ചെയ്തു. 

യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടി ഗനിയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്താനും താലിബാൻ ഒരുക്കമില്ല. യുഎസ് സൈനിക സാന്നിധ്യമാണ് അഫ്ഗാനിസ്ഥാനിലെ പ്രശ്്നമെന്നും അമേരിക്കയുമായി മാത്രമേ തങ്ങൾ ചർച്ചനടത്തുകയുള്ളൂവെന്നും അവർ ശഠിക്കുന്നു. 

തൽക്കാലത്തേക്കാണോ എന്നറിയില്ല, അമേരിക്ക അതിനു വഴങ്ങി. ഗൾഫ് രാജ്യമായ ഖത്തറിലെ ദോഹയിൽ കഴിഞ്ഞ മാസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസ് താലിബാൻ പ്രതിനിധികളുമായി നടത്തിയ ചർച്ച ഇൗ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു.