തകർന്നടിഞ്ഞ ഓസ്‌ലോ സ്വപ്നങ്ങൾ

ഇസ്രയേലിനു സമാധാനത്തിന്റെയും പലസ്തീൻകാർക്കു ഭൂമിയുടെയും ആവശ്യമാണുണ്ടായിരുന്നത്. അതവർ പരസ്പരം കൈമാറാൻ തയാറായി. പക്ഷേ...

ഇസ്രയേലിനും പലസ്തീൻകാർക്കുമിടയിൽ സമാധാനം സാധ്യമാണെന്നു പ്രഖ്യാപിക്കപ്പെട്ട ദിനമായിരുന്നു ഇരുപത്തഞ്ചു  വർഷം മുൻപത്തെ സെപ്റ്റംബർ 13. വാഷിങ്ടണിൽ വൈറ്റ്ഹൗസ് അങ്കണത്തിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങ് ഇന്നും ഒാർമകളിൽ പച്ചപിടിച്ചുകിടക്കുന്നു. 

പക്ഷേ, ഒാർമകൾ മാത്രമേ അവശേഷിക്കുന്നുളളൂ. സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപനങ്ങളുമെല്ലാം തകർന്നു മണ്ണടിഞ്ഞു. ഇസ്രയേൽ-പലസതീൻ പ്രശ്നത്തിൽ മാധ്യസ്ഥം വഹിക്കാനുളള അമേരിക്കയുടെ അർഹതയും ഇല്ലാതായി.  സമാധാനത്തിനു പകരം ഭൂമി എന്നതായിരുന്നു വാഷിങ്ണിൽ ഇസ്രയേൽ പ്രധാനമന്ത്രി യിത്സാക് റബീൻ, പലസ്തീൻ വിമോചന സംഘടനയുടെ (പിഎൽഒ) തലവൻ യാസ്സർ അറഫാത്ത് എന്നിവരുടെ സാന്നിധ്യത്തിൽ  ഒപ്പുവച്ച കരാറിന്റെ കാതൽ. അതിന്റെ മറ്റൊരു ശിൽപിയായ ഇസ്രയേൽ വിദേശമന്ത്രി ഷിമോൺ പെറസും സന്നിഹിതനായിരുന്നു. മൂന്നൂപേരും നൊബേൽ സമാധാന സമ്മാനത്തിന് അർഹരാവുകയുംചെയ്തു.

കരാർ ഒപ്പുവയ്ക്കപ്പെട്ടതു വാഷിങ്ടണിലാണെങ്കിലും അതു പലപ്പോഴും പരാമർശിക്കപ്പെടുന്നത് ഒാസ്ലോ കരാറെന്ന പേരിലാണ്. കരാറിലേക്കു നയിച്ച ഒത്തുതീർപ്പു ചർച്ചകൾ നടന്നത് യൂറോപ്യൻ രാജ്യമായ നോർവെയിലെ ഓസ്‌ലോയിലായിരുന്നുവെന്നതാണ് അതിനു കാരണം.  

ഇസ്രയേലിനു സമാധാനത്തിന്റെയും പലസ്തീൻകാർക്കു ഭൂമിയുടെയും  ആവശ്യമാണുണ്ടായിരുന്നത്. അതവർ പരസ്പരം കൈമാറാൻ തയാറായി. സമാധാന പ്രക്രിയയുടെ തുടക്കമെന്ന നിലയിൽ ഇസ്രയേലിനെ പിഎൽഒ അംഗീകരിച്ചു. പലസ്തീൻ പ്രദേശത്തു സ്ഥാപിതമായ രാജ്യമെന്ന കാരണത്താൽ ഇസ്രയേലിനെ അംഗീകരിക്കാൻ പിഎൽഒ വിസമ്മതിക്കുകയായിരുന്നു. ഇസ്രയേലിനെതിരെ യുദ്ധത്തിലുമായിരുന്നു അവർ. 

ഇസ്രയേൽ സ്ഥാപിതമായതോടെ സ്വന്തം നാട്ടിൽനിന്നു   പുറംതള്ളപ്പെട്ട പലസ്തീൻ അഭയാർഥികൾക്ക് ഒരു രാജ്യമാണ് ആവശ്യമുണ്ടായിരുന്നത്്. 1967ലെ യുദ്ധത്തിൽ അറബ് രാജ്യങ്ങളിൽനിന്നു പിടിച്ചെടുത്ത ഗാസയും വെസ്റ്റ്ബാങ്കും അതിനുവേണ്ടി വിട്ടുകൊടുക്കാൻ ഇസ്രയേൽ സമ്മതിച്ചു. ഇരുകൂട്ടരും അവകാശവാദം ഉന്നയിക്കുന്ന ജറൂസലം നഗരത്തിന്റെ ഭാവി പിന്നീടു തീരുമാനിക്കാമെന്നുംവച്ചു.  

പക്ഷേ, ഇരുപക്ഷത്തെയും തീവ്രവാദികൾക്ക് ഇൗ ഒത്തുതീർപ്പ് രസിച്ചില്ല. 1995ൽ റബീനെ ഒരു ഇസ്രയേൽ തീവ്രവാദി വെടിവച്ചുകൊന്നു. പിൽക്കാലത്ത് ഇസ്രയേലിൽ പ്രധാനമന്ത്രിപദത്തിൽ എത്തിയ ആരിയൽ ഷറോണും ബെന്യാമിൻ നെതന്യാഹുവും ഓസ്‌ലോ കരാറിനു നിരന്തരമായി തുരങ്കം വയ്ക്കുകയും ചെയ്തു. പലസ്തീൻ രാഷ്ട്രം ഉണ്ടാക്കാനായി വിട്ടുകൊടുക്കാൻ സമ്മതിച്ചിരുന്ന വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സ്വന്തം പൗരന്മാരെ കുടിയിരുത്തിക്കൊണ്ടിരിക്കുന്നത് ഇതിനുദാഹരണമാണ്. 

പലസ്തീൻ അഭയാർഥികൾ ഇപ്പോഴും അഭയാർഥികളായിത്തന്നെ തുടരുന്നുവെന്നതാണ് ഇതിന്റെയെല്ലാം അനന്തരഫലം. 1948ൽ ഏഴു ലക്ഷമായിരുന്ന ഇവരുടെ എണ്ണം മൂന്നും നാലും തലമുറയിലെത്തിയപ്പോൾ 50 ലക്ഷമായി. ലോകത്തിൽ വച്ചേറ്റവും വലിയ അഭയാർഥിസമൂഹമായ  ഇവരുടെ പ്രശ്നങ്ങളും ഓസ്‌ലോ കരാറിന്റെ  25ാം വാർഷികത്തിൽ പെട്ടെന്നു ചർച്ചാവിഷയമായിരിക്കുന്നു. അവരെ സഹായിക്കാനായി യുഎൻ ആഭിമുഖ്യത്തിൽ ഏഴു  പതിറ്റാണ്ടു കാലമായി സേവനം ചെയ്തുവരുന്ന ഏജൻസി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു.  

യുഎൻആർഡബ്ളിയുഎ അഥവാ യുനർവ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇതിനു (യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ്് ഏജൻസി) ഏറ്റവുമധികം പണം നൽകിവന്നത് അമേരിക്കയായിരുന്നു. ഇൗ തുകയുടെ ഭൂരിഭാഗവും ഇനി നൽകില്ലെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരാഴ്ചമുൻപ് (സെപ്റ്റംബർ മൂന്ന്) പ്രഖ്യാപിച്ചത്. 

കമ്മി നികത്താനായി മറ്റു ചില രാജ്യങ്ങൾ മുന്നോട്ടു വന്നുവെങ്കിലും പ്രവർത്തനം പഴയതുപോലെ തുടരാൻ അതു മതിയാകില്ല. അടുത്ത ഒരു മാസത്തിനകം പുതിയ ധനാഗമ മാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ യുനർവയുടെ പ്രവർത്തനം അവതാളത്തിലാവുകയും അഭയാർഥികൾ കൂടുതൽ കഷ്ടത്തിലാവുകയും ചെയ്യും. 

ലെബനൻ, സിറിയ, ജോർദാൻ എന്നീ അറബ് രാജ്യങ്ങളിലും ഗാസ, വെസ്റ്റ് ബാങ്ക് എന്നീ ഇസ്രയേൽ നിയന്ത്രിത പ്രദേശങ്ങളിലും ജീവിക്കുന്നവരാണ് ഇൗ  അഭയാർഥികൾ. ഒരു രാജ്യത്തും പൗരത്വമില്ലാത്ത ഇവർക്കു ഭക്ഷണം, പാർപ്പിടം, ചികിൽസ, കുട്ടികളുടെ വിദ്യാഭ്യാസം, തുടങ്ങിയ ഏറ്റവും  മൗലികമായ ആവശ്യങ്ങൾക്കുപോലും രാജ്യാന്തര സഹായം വേണം. ആ സഹായമാണ് 1949 മുതൽ യുനർവയിലൂടെ  അവർക്കു കിട്ടിവരുന്നത്. 

സ്വന്തം വീടുകളിലേക്കു തിരിച്ചുപോകാൻ കഴിയുന്നതുവരെയുളള അവരുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം യുഎൻ ഏറ്റെടുക്കുകയായിരുന്നു. അതനുസരിച്ച് 1949ൽ യുഎൻ പൊതുസഭ അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ  രൂപംകൊണ്ടതാണ് യുനർവ. യുഎൻ അഭയാർഥി കമ്മിഷണറുടെ അധികാരപരിധിയിൽ ഉൾപ്പെടാത്ത അഭയാർഥി സേവന സംഘടനയെന്ന സവിശേഷതയും ഇതിനുണ്ട്. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമെന്ന നിലയിൽ അമേരിക്കയാണ് യുനർവയുടെ പ്രവർത്തനച്ചെലവിനു വേണ്ടി ഏറ്റവും വലിയ സംഭാവന നൽകിവന്നിരുന്നത്്. ഇതുവരെയുളള എല്ലാ യുഎസ് പ്രസിഡന്റുമാരും റിപ്പബ്ളിക്കൻ പാർട്ടിക്കാരോ ഡമോക്രാറ്റിക് പാർട്ടിക്കാരോ എന്ന വ്യത്യാസമില്ലാതെ ആ പതിവ് തുടരുകയായിരുന്നു. അതിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഡോണൾഡ് ട്രംപ്. 

ഇസ്രയേൽ-പലസ്തീൻ തർക്കത്തിനു തീർപ്പുണ്ടാക്കാൻ ട്രംപ് നടത്തിവരുന്ന ശ്രമവുമായി ഇതിനു ബന്ധമുണ്ടെന്നു  വ്യാഖ്യാനിക്കപ്പെടുന്നു. പ്രശ്നപരിഹാരത്തിനുള്ള പുതിയ യുഎസ് ഫോർമുല മിക്കവാറും തയാറായിക്കഴിഞ്ഞുവെന്നാണ് സൂചനകൾ. ഇസ്രയേലിന്റെ വാദമുഖങ്ങൾ ശരിവയ്ക്കുന്ന ഇതു പക്ഷേ പലസ്തീൻ നേതൃത്വം സ്വീകരിക്കാനിടയില്ല. എങ്കിലും, അതു സംബന്ധിച്ച ചർച്ചകൾക്കു തയാറാവാൻ പലസ്തീൻ നേതൃത്വത്തെ പ്രേരിപ്പിക്കണം. 

സമാധാനത്തിനു പകരം ഭൂമിയെന്ന ഓസ്‌ലോ ആശയം സമാധാനത്തിനു പകരം പണമെന്ന ആശയത്തിനു വഴിമാറുന്നു. ഒാസ്ലോ കരാറനുസരിച്ച് പലസ്തീൻ പ്രദേശങ്ങളുടെ താൽക്കാലിക ഭരണത്തിനുവേണ്ടി രൂപീകരിച്ച പലസ്തീൻ അതോറിറ്റിക്കു നൽകിവരുന്ന സംഭാവനയും ട്രംപ് നിർത്തിയിരിക്കുകയാണ്. പലസ്തീൻ വിമോചന സംഘടനയുടെ വാഷിങ്ടൺ ഒാഫീസ് പൂട്ടാനും തീരുമാനിച്ചു. 

ആരും ഇതിൽ അൽഭുതപ്പെടുന്നില്ല. കാരണം, ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തോടുള്ള ട്രംപിന്റെ നിലപാട് തന്റെ മുൻഗാമികളുടേതിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നു നേരത്തെതന്നെ വ്യക്തമായിരുന്നു. അതിനുദാഹരണമായിരുന്നു ജറൂസലം നഗരം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള കഴിഞ്ഞ വർഷം ഡിസംബറിലെ അദ്ദേഹത്തിന്റെ തീരുമാനം. ജറൂസലമിന്റെ ഭാവി പിന്നീടു തീരുമാനിക്കാമെന്ന ഓസ്‌ലോ കരാറിലെ വ്യവസ്ഥയ്ക്കു വിരുദ്ധമായിരുന്നു അത്. 

ഇസ്രയേലിലെ യുഎസ് എംബസ്സി ഇക്കഴിഞ്ഞ മേയിൽ ടെൽ അവീവിൽനിന്നു ജറൂസലമിലേക്കു മാറ്റുകയും ചെയ്തു. ട്രംപിന്റെ മകൾ ഇവാൻകയുടെയും ഭർത്താവ് ജാറിദ് കുഷ്നറുടെയും സാന്നിധ്യത്തിലായിരുന്നു ആ ചടങ്ങ്. ഇരുവരും ട്രംപിന്റെ ഉപദേഷ്ടാക്കളുമാണ്. 

ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനും ട്രംപ് ജാമാതാവിനെത്തന്നെയാണ്  അധികാരപ്പെടുത്തിയിരുന്നത്. മധ്യപൂർവദേശത്തെ കാര്യങ്ങൾ നന്നായി അറിയുന്ന രണ്ടു മുതിർന്ന നയതന്ത്രജ്ഞരെ അദ്ദേഹത്തിന്റെ സഹായത്തിനു നിയമിക്കുകയുമുണ്ടായി.    

കുഷ്നറുടെ ഫോർമുല ഇനിയും വെളിച്ചം കണ്ടിട്ടില്ല. എങ്കിലും, അതിലെ ചില നിർദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലസ്തീൻകാർക്കിടയിൽ ഓസ്‌ലോ കരാർ ഉണ്ടാക്കിയ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം അവ പൂർണമായി കുഴിച്ചുമൂടുന്നുവെന്നാണ്  വിമർശനം.