ആ മസിഡോണിയയും ഇൗ മസിഡോണിയയും

ഗ്രീസിൽ മസിഡോണിയ എന്നൊരു പ്രവിശ്യ. തൊട്ടടുത്തു മസിഡോണിയയെന്ന പേരിൽ ഒരു സ്വതന്ത്രരാഷ്ട്രം. പേരു സംബന്ധിച്ച ദീർഘകാല തർക്കം തീർക്കാനുള്ള ശ്രമം അവതാളത്തിൽ. പ്രശ്നത്തിൽ റഷ്യ ഇടപെടുന്നതായും ആരോപണം...

പല കാലങ്ങളിലായി പല കാരണങ്ങളാൽ പേരു മാറ്റിയ രാജ്യങ്ങളുടെ പട്ടിക ചെറുതല്ല. ഒന്നിലേറെ തവണ പേരുമാറ്റിയ രാജ്യങ്ങളുമുണ്ട്. തെക്കു കിഴക്കൻ യൂറോപ്പിലെ മസിഡോണിയ എന്ന കൊച്ചുരാജ്യം ഉദ്ദേശിക്കുന്നത് ഒരു ചെറിയ മാറ്റം മാത്രം. മസിഡോണിയ വടക്കൻ മസിഡോണിയയാകും. എന്നാൽ, ഇതിന്റെ പിന്നിലുള്ളത് മസിഡോണിയയിലെ ജനങ്ങളുടെ ആഗ്രഹമല്ല, അയൽരാജ്യമായ ഗ്രീസിന്റെ നിർബന്ധമാണ്്. അതിനാൽ ചെറിയ തോതിലുള്ള പേരുമാറ്റം പോലും വലിയ പ്രശ്നമായിരിക്കുന്നു. 

ഇക്കഴിഞ്ഞ ഞായറാഴ്ച (സെപ്റ്റംബർ 30) അവിടെ നടന്ന ഹിതപരിശോധന വിരൽ ചൂണ്ടിയത് അതിലേക്കാണ്. പേരു മാറുന്നതിനെ വീറോടെ എതിർക്കുന്നവരാണ് മസിഡോണിയയിലെ ഗണ്യമായ ഒരു വിഭാഗം. പ്രസിഡന്റ് ജോർജ് ഇവാനോവ് പോലും അക്കൂട്ടത്തിലൊരാളാണ്. പേരുമാറ്റത്തെ അവർ സാംസ്ക്കാരികമായ ആത്മഹത്യയെന്നു വിളിക്കുന്നു. 

പേരിനു മാത്രമുളള പേരുമാറ്റത്തെ ഗ്രീസിലെ വലിയൊരു ഭാഗവും ഇഷ്ടപ്പെടുന്നില്ല. മസിഡോണിയ എന്ന പേരു മസിഡോണിയക്കാർ അവരുടെ രാജ്യത്തിന്റെ പേരിന്റെ ഭാഗമായിപ്പോലും ഉപയോഗിക്കരുതെന്ന് ഇൗ ഗ്രീക്കുകാർ നിർബന്ധം പിടിക്കുന്നു. രാജ്യത്തിന്റെ പേരു വടക്കൻ മസിഡോണിയ എന്നാക്കിമാറ്റുന്നതു സ്വീകാര്യമാണോ എന്നായിരുന്നു ഹിതപരിശോധനയിലെ ചോദ്യം. വോട്ടുചെയ്തവരിൽ 91 ശതമാനം പേരും അതെയെന്നു മറുപടി നൽകി. 

പക്ഷേ, 18 ലക്ഷം വോട്ടർമാരിൽ 37 ശതമാനം മാത്രമേ പോളിങ് ബൂത്തുകളിൽ എത്തിയിരുന്നുളളൂ. പേരുമാറ്റത്തെ എതിർക്കുന്നവരുടെ ബഹിഷ്ക്കരണാഹ്വാനമായിരുന്നു അതിനു കാരണം. ഹിതപരിശോധന സാധുവാകാൻ ചുരുങ്ങിയത് 50 ശതമാനം പേർ വോട്ടുരേഖപ്പെടുത്തണമെന്നാണ് നിയമം. ഹിതപരിശോധന അസാധുവായതോടെ പേരുമാറ്റം സംബന്ധിച്ച് മസിഡോണിയയിലെയും ഗ്രീസിലെയും പ്രധാന മന്ത്രിമാർ-സോറാൻ സായെവും അലക്സിസ് സിപ്രാസും-തമ്മിൽ ഇക്കഴിഞ്ഞ ജൂണിലുണ്ടായ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായി.  

ഹിതപരിശോധനയുടെ ഫലം എന്തായാലും പേരുമാറ്റാൻ ഭരണഘടന ഭദഗതിചെയ്യണം. പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മാത്രമേ അതു സാധ്യമാകൂ. പ്രധാനമന്ത്രിയുടെ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിക്കും സഖ്യകക്ഷികൾക്കും കൂടി അത്രയും ഭൂരിപക്ഷമില്ല. പ്രതിപക്ഷ കക്ഷികൾ കൂടി പിന്തുണയ്ക്കേണ്ടിവരും. അതിനു സാധ്യതയില്ലെന്നു ഹിതപരിശോധനാ ഫലം ചൂണ്ടിക്കാട്ടുന്നു. 

പേരുമാറ്റത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റ് പാസ്സാക്കിയാലും താൻ അതിൽ ഒപ്പിടില്ലെന്നാണ് പ്രസിഡന്റ് ഇവാനോവ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സ്തംഭനാവസ്ഥ തുടർന്നാൽ താൻ പാർലമെന്റ് പിരിച്ചുവിടുകയും പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുമെന്നു പ്രധാനമന്ത്രി സായെവ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലിനും മസിഡോണിയയിൽ കളമൊരുങ്ങുന്നു. 

ഗ്രീസിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് മസിഡോണിയയ്ക്കു മുന്നോട്ടു പോകാനാവില്ല. കാരണം, നിലവിലുള്ള പേരുമായി അതു യൂറോപ്യൻ യൂണിയനിലും പാശ്്ചാത്യസൈനിക സഖ്യമായ നാറ്റോയിലും ചേരുന്നതിനെ ഗ്രീസ് ചെറുക്കുന്നു. ഇൗ രണ്ടു സുപ്രധാന പാശ്ചാത്യ  കൂട്ടായ്്മകളിലും നേരത്തെതന്നെ അംഗത്വമുളള രാജ്യമാണ് ഗ്രീസ്്. നിലവിലുള്ള ഏതെങ്കിലും അംഗം എതിർത്താൽ ആർക്കും നാറ്റോയിലോ ഇയുവിലോ പ്രവേശനം കിട്ടില്ല. മസിഡോണിയയാണെങ്കിൽ എത്രയും വേഗം അവയിൽ ചേരാൻ ഉഴറിനിൽക്കുകയും ചെയ്യുന്നു.

പ്രശ്നം അവിടയെയും അവസാനിക്കുന്നില്ല. മസിഡോണിയക്കു നാറ്റോയിൽ അംഗത്വം കിട്ടുന്നതു സമീപമേഖലയിലെ വൻശക്തിയായ റഷ്യയ്്ക്കും ഇഷ്ടമല്ല. മസിഡോണിയ ഉൾപ്പെടുന്ന ബാൽക്കൻ പ്രദേശം സോവിയറ്റ് യൂണിയന്റെ കാലംമുതൽക്കേ മോസ്ക്കോയുടെ സ്വാധീന മേഖലയാണ്. അവിടേക്കു പാശ്ചാത്യ സൈനിക സഖ്യം നുഴഞ്ഞുകയറുന്നതു തങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നു റഷ്യ ആശങ്കപ്പെടുന്നു. അതിനാൽ ഗ്രീസും മസിഡോണിയയും തമ്മിലുള്ള ഒത്തുതീർപ്പ് അട്ടിമറിക്കാൻ റഷ്യ എല്ലാ അടവുകളും പയറ്റുകയാണെന്ന പാരാതിയും ഉയർന്നിട്ടുണ്ട്. 

പേരുമാറ്റം സംബന്ധിച്ച ഹിതപരിശോധന പരാജയപ്പെടുത്തുന്നതിനു റഷ്യ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചതായും ആരോപിക്കപ്പെടുന്നു. ഇതെല്ലാംകൂടി മസിഡോണിയയുടെ പേരുമാറ്റ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു.   

ഗ്രീസിൽതന്നെ മസിഡോണിയ എന്ന പേരിൽ ഒരു പ്രവിശ്യയുളളതാണ് പ്രശ്നത്തിന്റെ മൂല കാരണം. വടക്കു ഭാഗത്തു മസിഡോണിയ എന്ന രാജ്യവുമായി ഇത് അതിർത്തി പങ്കിടുന്നു. കാലക്രമത്തിൽ ഇൗ പ്രദേശത്തിന്മേൽ മസിഡോണിയ അവകാശവാദം പുറപ്പെടുവിക്കുമോയെന്നു ഗ്രീസ് ഭയപ്പെടുന്നു. ഗ്രീക്ക് മസിഡോണിയൻ സംസ്ക്കാരത്തിന്റെ അടയാളങ്ങളും പ്രതീകങ്ങളും അവർ സ്വന്തമെന്ന പോലെ ഉപയോഗിക്കുകയാണെന്ന പരാതിയും ഗ്രീസിനുണ്ട്. 

ചരിത്രപ്രസിദ്ധനായ അലക്സാൻഡർ ചക്രവർത്തിയുടെ അനന്തരാവകാശികളാണ് തങ്ങളെന്നു മസിഡോണിയന്മാർ അവകാശപ്പെടുന്നതും അദ്ദേഹത്തിനു സ്മാരകങ്ങൾ സ്ഥാപിക്കുന്നതും ഇതിനുദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. സാംസ്ക്കാരിക മോഷണം എന്നാണ് ഇതിനെ ഗ്രീസ് വിളിക്കുന്നത്. 

അലക്സാൻഡറുടെ കാലത്തെ മസിഡോണിയയുടെ മിക്കഭാഗവും ഇപ്പോൾ ഗ്രീസിലാണെന്നും അതിനാൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾ തങ്ങളാണെന്നും ഗ്രീക്കുകാർ വാദിക്കുന്നു. ഇപ്പോൾ മസിഡോണിയയിലുളളതു യഥാർഥത്തിൽ മസിഡോണിയന്മാരെന്ന പേരിന് അർഹരല്ലെന്നും  അവർ സ്്ളാവ് വംശജരാണെന്നുമുള്ള  അഭിപ്രായവും ഗ്രീസിനുണ്ട്.   

ഇരുപത്തേഴു വർഷംമുൻപ് മസിഡോണിയ ഒരു സ്വതന്ത്ര രാജ്യമാകുന്നതുവരെ അതിന്റെ പേര് ഗ്രീസിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമായിരുന്നില്ല. സെർബിയ, ക്രൊയേഷ്യ, സ്ളൊവേനിയ, ബോസ്നിയ-ഹെർസഗോവിന, മോൺടിനെഗ്രോ എന്നീ പ്രദേശങ്ങളെപ്പോലെ മസിഡോണിയയും യുഗൊസ്ളാവിയയെന്ന ഫെഡറൽ റിപ്പബ്ളിക്കിന്റെ ഭാഗമായിരുന്നു. സെർബിയയുടെ മേധാവിത്തത്തിൽ പ്രതിഷേധിച്ച് മറ്റു  പ്രദേശങ്ങൾ ഒന്നൊന്നായി വേറിട്ടുപോവുകയും യുഗൊസ്ളാവിയ ഇല്ലാതാവുകയുംചെയ്തു.  

1991ൽ സ്വതന്ത്രമായ മസിഡോണിയ റിപ്പബ്ളിക്ക് ഒാഫ് മസിഡോണിയ എന്ന പേരു സ്വീകരിച്ചതോടെതന്നെ ഗ്രീസ് എതിർക്കാൻ തുടങ്ങി. മസിഡോണിയയ്ക്ക് എെക്യരാഷ്ട്രസംഘടനയിൽ അംഗത്വം ലഭിക്കാൻ രണ്ടു വർഷം വൈകിയതുപോലും അക്കാരണത്താലായിരുന്നു. 

ഗ്രീസിന്റെ എതിർപ്പ് മറികടക്കാൻ ഫോർമർ യുഗൊസ്ളാവ് റിപ്പബ്ളിക്ക് ഒാഫ് മസിഡോണിയ അഥവാ മസിഡോണിയ എന്ന മുൻ യുഗൊസ്ളാവ് റിപ്പബ്ളിക്ക്  എന്ന താൽക്കാലിക നാമം സ്വീകരിക്കേണ്ടിവന്നു. ഇൗ പേരിലെ ഇംഗ്ളിഷ് ആദ്യാക്ഷരങ്ങൾ ചേർത്തുള്ള ഫൈറോം എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.   

കഴിഞ്ഞ വർഷം ജൂണിനുമുൻപ് മസിഡോണിയയിൽ അധികാരത്തിലുണ്ടായിരുന്ന വലതുപക്ഷ ഗവൺമെന്റ് പ്രശ്നം മൂർഛിപ്പിക്കുന്നതിലാണ് കാര്യമായ പങ്കുവഹിച്ചത്. തലസ്ഥാന നഗരമായ സ്കോപ്യെയിലെ രാജ്യാന്തര വിമാനത്താവളത്തിനും ഗ്രീസിലേക്കുള്ള മുഖ്യ ഹൈവേക്കും അവർ അലക്സാൻഡറുടെ പേരിട്ടു. അലക്സാൻഡറുടെയും പിതാവായ ഫിലിപ് രണ്ടാമന്റെയും പ്രതിമകൾ നാടുനീളെ സ്ഥാപിക്കുകയും ചെയ്തു. അലക്സാൻഡറുടെ  അനന്തരാവകാശികൾ മസിഡോണിയന്മാരാണെന്നു സ്ഥാപിക്കുകയായിരുന്നു ഉദ്ദേശ്യം. സ്വാഭാവികമായും ഇതു ഗ്രീസിനെ രോഷം കൊള്ളിച്ചു.  

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിക്കാരനായ സോറാൻ സായെവിന്റെ നേതൃത്വത്തിലുളള പുതിയ ഗവൺമെന്റ് അധികാരത്തിൽ എത്തിയതോടെയാണ് ഗ്രീസുമായുള്ള ഒത്തുതീർപ്പിനു വഴിയൊരുങ്ങിയത്. വിമാനത്താവളത്തിന്റെയും ഹൈവേയുടെയും പേരിൽനിന്നു അലക്സാൻഡറുടെ പേര് അദ്ദേഹം നീക്കംചെയ്തു. 

വടക്കൻ മസിഡോണിയയെന്ന പേരു സ്വീകരിക്കുന്നതുസംബന്ധിച്ച് അദ്ദേഹം ഗ്രീക്ക് പ്രധാനമന്ത്രിയുമായി ഉണ്ടാക്കിയ കരാറിനെ പാശ്ചാത്യലോകം പൊതുവിൽ സ്വാഗതംചെയ്യുകയാണ്് ചെയ്തത്. ഹിതപരിശോധനയിലൂടെ ജനങ്ങൾ അതിന് അംഗീകാരം നൽകുന്നതു കാണാനും പാശ്ചാത്യ നേതാക്കൾ കാത്തിരിക്കുകയായിരുന്നു.  ഹിതപരിശോധനയുടെ പരാജയം സ്വാഭാവികമായും  അവരെ അസ്വസ്ഥരാക്കുന്നു. 

ഹിതപരിശോധന അട്ടിമറിക്കാൻ റഷ്യ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയും പണം വാരിക്കോരി ചെലവാക്കുകയും ചെയ്തുവെന്നാണ് ആരോപണം. റഷ്യയും പാശ്ചാത്യലോകവും തമ്മിലുള്ള ശത്രുത വർധിക്കാനും ഇതു കാരണമായിരിക്കുകയാണ്.