ട്രംപിനെ കടത്തിവെട്ടിയ നിക്കി

(അമേരിക്കയുടെ യുഎൻ അംബാസ്സഡർ നിക്കി ഹേലിയുടെ പെട്ടെന്നുളള നാടകീയ വിടവാങ്ങലിനു കാരണമെന്ത്് ? അതും കോൺഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പിനു കഷ്ടിച്ച് ഒരുമാസം മാത്രം ബാക്കിയുളളപ്പോൾ ? ഇൗ വർഷാവസാനത്തിൽ മാത്രം പിരിയുമെന്നു പറയുന്ന നിക്കി എന്തുകൊണ്ടാണ് ആ തീരുമാനം രണ്ടര മാസംമുൻപ്തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് ?)

ഇരുപതു മാസങ്ങളിലെ ഭരണത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ട ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം നാൽപ്പതോളംവരും.  ക്യാബിനറ്റ് പദവിയുളള സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്. ആർ. മക്്മാസ്റ്ററുംവരെ അക്കൂട്ടത്തിൽപ്പെടുന്നു. ഏറ്റവും ഒടുവിലായി പുറത്തുപോകുന്നതും ഏതാണ്ട് തുല്യ പദവിയുളള ഒരു പ്രമുഖ വ്യക്തിയാണ്. ട്രംപ് ഭരണകൂടത്തിലെ ചുരുക്കം ചില വനിതകളിൽ ഒരാളുമാണിവർ-എെക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസ്സഡർ നിക്കി ഹേലി. 

പക്ഷേ, നിക്കിയെ ട്രംപ് പുറത്താക്കിയതല്ല. അവർ സ്വമേധയാ പിരിയുകയാണ്. എന്താണ് കാരണം ? ട്രംപും നിക്കിയും തമ്മിൽ പിണങ്ങിയോ ? എന്തുകൊണ്ട് ഇത്ര പെട്ടെന്നുളള ഇൗ നാടകീയ വിടവാങ്ങൽ ? അതും ട്രംപിന്റെ രാഷ്ട്രീയ ഭാവിയെപ്പോലും ബാധിക്കാൻ ഇടയുള്ള കോൺഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പിനു കഷ്ടിച്ച് ഒരുമാസം മാത്രം ബാക്കിയുളളപ്പോൾ ? ഇൗ വർഷാവസാനത്തിൽ മാത്രം പിരിയുമെന്നു പറയുന്ന നിക്കി  എന്തുകൊണ്ടാണ് ആ തീരുമാനം രണ്ടര മാസംമുൻപ്തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് ? ഇൗ ചോദ്യങ്ങളെല്ലാം അന്തരീക്ഷത്തിൽ അലതല്ലുകയാണ്. ഉത്തരം തേടുന്നവർ ഇരുട്ടിൽതപ്പുന്നു.അമേരിക്കയിലെ ഇന്ത്യൻ വംശജരിൽനിന്ന് ഇത്രയും ഉയർന്ന  ഭരണകൂട പദവിയിൽ എത്തുന്ന ആദ്യത്തെ ആളാണ് നാൽപ്പത്താറുകാരിയായ നിക്കി ഹേലിയെന്ന നിമ്രത രൺധവ. ഏതാണ്ട് അര നൂറ്റാണ്ടുമുൻപ് പഞ്ചാബിൽനിന്ന് അമേരിക്കയിൽ എത്തിയ ഒരു സിക്ക് കൂടുംബത്തിലെ അംഗം. 

മുൻപ് ആറു വർഷം സൗത്ത് കാരൊലൈന സംസ്ഥാന ഗവർണറും അതിനുമുൻപ് അത്രയും കാലം ആ സംസ്ഥാനത്തിലെതന്നെ നിയമസഭാംഗവുമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റാകാനും ആഗ്രഹിക്കുന്നു.  ആ നിലയിൽ നിക്കി ഹേലിയുടെ  വർത്തമാനവും ഭാവിയും ഇന്ത്യക്കാരിലും ഏറെ കൗതുകം ജനിപ്പിക്കുന്നതു സ്വാഭാവികം. നിക്കിക്കുമുൻപ് മറ്റൊരു ഇന്ത്യൻ വംശജൻ മാത്രമേ അമേരിക്കയിൽ ഗവർണറായിരുന്നിട്ടുള്ളൂ- ലൂയിസിയാനയിലെ ബോബി ജിൻഡാൽ. നിക്കിയെപ്പോലെതന്നെ പഞ്ചാബിൽ കുടുംബ വേരുകളുളള റിപ്പബ്ളിക്കൻ പാർട്ടി അംഗമാണ് ബോബിയും. 

വിദേശകാര്യ പരിചയവും നയതന്ത്ര പ്രവർത്തന പശ്ചാത്തലവുമുള്ളവർക്കു പറഞ്ഞുവച്ചിട്ടുള്ളതെന്നു കരുതപ്പെടുന്ന യുഎൻ അംബാസ്സഡർ പദവിയിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നിക്കി  നിയമിതയായത് അതൊന്നുമില്ലാതെയാണ്. എങ്കിലും ഒന്നരവർഷത്തിനിടയിൽ മുൻഗാമികളിൽ പലരിലും അസൂയ ജനിപ്പിക്കുന്ന വിധത്തിൽ യുഎൻ വേദികളിൽ അവർ നിറഞ്ഞുനിന്നു. ട്രംപിന്റെ രാജ്യാന്തര വീക്ഷണം അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തേക്കാളേറെ വീറും വാശിയും പ്രകടിപ്പിക്കുകയും ചെയ്തു. ആ പ്രവർത്തനങ്ങൾക്കിടയിൽ നയതന്ത്ര മര്യാദകളുടെ അതിരുകൾ ലംഘിക്കാൻപോലും നിക്കി മടിച്ചുമില്ല. ഇൗ വർഷം ആദ്യത്തിൽ അമേരിക്കയ്ക്ക് അനിഷ്ടകരമായ ഒരു പ്രമേയം യുഎൻ  പൊതുസഭ പാസ്സാക്കുന്നതിന്റെ തലേന്ന്  അവർ മറ്റ് അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികൾക്കയച്ച കത്ത് ഇതിനുദാഹരണമായിരുന്നു. അമേരിക്കയ്ക്കെതിരെ വോട്ടുചെയ്യുന്നവർ ആരെല്ലാമാണെന്ന് അറിയിച്ചുകൊടുക്കാൻ ട്രംപ്  തന്നോട്  ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു പരുക്കൻ മട്ടിലുള്ള  ആ കത്തിന്റെ ചുരുക്കം.  

ജറൂസലം നഗരത്തെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള ട്രംപിന്റെ വിവാദ തീരുമാനമായിരുന്നു ആ സംഭവത്തിന് അടിസ്ഥാനം. യുഎൻ വേദികളിൽ ഇസ്രയേലിനുവേണ്ടി ശക്തമായി വാദിച്ച ഹേലി പലസ്തീൻകാർക്കു നീതി നിഷേധിക്കുന്നതിലും ഇറാനെ കഠിനമായി വിമർശിക്കുന്നതിലും മുന്നിട്ടുനിന്നു. ഇതിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഉറ്റ സുഹൃത്തുമായിത്തീർന്നു. അമേരിക്കയുടെ യുഎൻ അംബാസ്സഡർമാരിൽ എക്കാലത്തെയും വലിയ ഇസ്രയേൻ അനുകൂലിയെയാണ് നിക്കിയിൽ അദ്ദേഹം കണ്ടത്.  സ്ഥിതിഗതികൾ ഇൗ വിധത്തിലായിരിക്കേ, നിക്കിയുടെ രാജിതീരുമാനം എല്ലാവരെയും അൽഭുതപ്പെടുത്തുകതന്നെ ചെയ്തു. വിരമിക്കാനുള്ളആഗ്രഹം ആറു മാസംമുൻപ്തന്നെ നിക്കി സൂചിപ്പിച്ചിരുന്നുവെന്നാണ് ട്രംപ് പറയുന്നതെങ്കിലും മറ്റാരും അതറിഞ്ഞിരുന്നില്ല. വൈറ്റ്ഹൗസിൽനിന്നുളള അറിയിപ്പുണ്ടാകുന്നതിനുമുൻപ്, ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഒക്ടോബർ ഒൻപത്) സംഗതി പെട്ടെന്നു  പരസ്യമായതു ട്രംപിനു ക്ഷീണമുണ്ടാക്കുകയും ചെയ്തു.

നിക്കിയൂടെ  തീരുമാനത്തിന് തന്റെ അംഗീകാരമുണ്ടെന്നു വരുത്താനായി അദ്ദേഹം ഉടൻ അവരെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചുവരുത്തുകയും  ഇരുവരും അടുത്തടുത്തിരുന്നു മാധ്യമ പ്രതിനിധികളെ കാണുകയും ചെയ്തു. പ്രശംസകൾകൊണ്ട് അന്യോന്യം  പൊതിയുന്നതിൽ ഇരുവരും പിശുക്ക് കാണിച്ചുമില്ല. പ്രസിഡന്റിന്റെ മകൾ ഇവാങ്ക തനിക്കുപകരം യുഎന്നിലെ യുഎൻ അംബാസ്സഡറാകാൻ തികച്ചും യോഗ്യയാണെന്നു നിക്കി പറഞ്ഞപ്പോൾ ട്രംപ് അതിനോടു യോജിക്കുക മാത്രമല്ല, ഇവാങ്കയെ പുകഴ്ത്തുകയും ചെയ്തു. ഇവാങ്കയും ഭർത്താവ് ജാരിദ് കുഷ്നറും ഇപ്പോൾ ട്രംപിന്റെ സീനിയർ ഉപദേഷ്ടാക്കളാണ്. കുഷ്നറെയും വാഴ്ത്താൻ ഇൗ സന്ദർഭം നിക്കി ഉപയോഗപ്പെടുത്തി.2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നു നിക്കി പറഞ്ഞതായിരുന്നു ട്രംപിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷാവഹമായ കാര്യം. കാരണം, ആ തിരഞ്ഞെടുപ്പിലൂടെ രണ്ടാമതും പ്രസിഡന്റാകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ട്രംപിനെ വൈറ്റ്ഹൗസിൽ എത്തിച്ച 2016ലെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ റിപ്പബ്ളിക്കൻ പാർട്ടിയിൽ അദ്ദേഹത്തിനെതിരെ പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു നിക്കി. തന്നെപ്പോലെ ഒരു കുടിയേറ്റ കുടുംബത്തിലെ അംഗമായ ക്യൂബൻ വംശജൻ മാർക്കോ റൂബിയോയെയാണ് പിന്തുണച്ചത്. അദ്ദേഹം മൽസരരംഗം വിട്ടതോടെ ടെഡ് ക്രൂസിനുവേണ്ടി പ്രവർത്തിച്ചു. എന്നിട്ടും നിക്കിയെ ട്രംപ്  യുഎൻ അംബാസ്സഡറായി നിയമിച്ചത് പരക്കേ അൽഭുതം ജനിപ്പിച്ച ഒരു സംഭവമായിരുന്നു. 

അടുത്ത തിരഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ പല കാരണങ്ങളാൽ വനിതകൾക്കു മറ്റെന്നത്തേക്കാളും അനുകൂലമായിരിക്കുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. സ്ത്രീകൾക്കെതിരായ ലൈംഗികാക്രണത്തിനെതിരെ ശക്തി പ്രാപിച്ചുവരുന്ന മീ റ്റൂ പ്രസ്ഥാനം, സുപ്രീംകോടതി ജഡ്ജിയായി ട്രംപ് നോമിനറ്റ് ചെയ്ത വ്യക്തിക്കെതിരെ ഉന്നയിക്കപ്പട്ട ലൈംഗികാരോപണത്തെ തുടർന്നുണ്ടായ വിവാദം എന്നിവ ഇതിൽ വലിയ പങ്കുവഹിക്കുന്നു. നിക്കി രാജിവച്ചത് ഇൗ പശ്ചാത്തലത്തിലാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ അവർ തനിക്കൊരു ഭീഷണിയാകുമെന്നും ഒരുപക്ഷേ ട്രംപ് ഭയപ്പെട്ടിരിക്കാം. അതിനാൽ, 2020ൽ താൻ മൽസരിക്കില്ലെന്ന നിക്കിയുടെ പ്രസ്താവന അദ്ദേഹത്തിന് ആശ്വാസം പകരാൻ പര്യാപ്തമാണ്. അത്രയും അറിയപ്പെടുന്ന ഒരു വനിത ഇപ്പോൾ റിപ്പബ്ളിക്കൻ പാർട്ടിയുടെ മുൻനിരയിലില്ല. 2020ൽ താൻ ട്രംപിനുവേണ്ടിയുള്ള പ്രചാരവേലയിൽ പങ്കെടുക്കുമെന്നു നിക്കി വ്യക്തമാക്കിയിട്ടുമുണ്ട്. 

എങ്കിലും, തിരഞ്ഞെടുപ്പ് മൽസര രംഗത്തുനിന്നു നിക്കി എന്നെന്നേക്കുമായി മാറിനിൽക്കുകയാണെന്ന് ഇതിനർഥമില്ല. 2024ലെ തിരഞ്ഞുടുപ്പിൽ മൽസരിക്കാൻ നിക്കി കാലേക്കൂട്ടി ഒരുങ്ങുകയാണെന്നാണ് പൊതുവിലുള്ള അഭ്യൂഹം. അത്രവരെ കാത്തിരുന്നാലും പ്രായം 52 മാത്രമായിരിക്കും. പക്ഷേ, അതിനുവേണ്ടി ഇപ്പോൾതന്നെ ഉദ്യോഗം രാജിവയ്ക്കുന്നതെന്തിന്  ? ഇൗ ചോദ്യത്തിന് ഉത്തരം തേടുന്ന പലരും എത്തിച്ചേരുന്നതു നിക്കിയും കുടുംബവും നേരിടുന്നതായി പറയപ്പെടുന്ന സാമ്പത്തിക പ്രശ്നത്തിലാണ്.ലക്ഷക്കണക്കിനു ഡോളറിന്റെ കടബാധ്യതകളുണ്ടത്രേ. യുഎൻ അംബാസ്സഡർ ഉദ്യോഗത്തിൽനിന്നു കിട്ടുന്ന ശമ്പളംകൊണ്ട് കടം വീട്ടാനാവില്ല. രണ്ടു മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും ധാരാളം പണംവേണം. ഇതിനുള്ള പ്രതിവിധിയെന്ന നിലയിലാവാം സ്വകാര്യമേഖലയിൽ ജോലി കണ്ടെത്താനാണ് നിക്കിയുടെ പ്ളാൻ. ട്രംപിനു നൽകിയ രാജിക്കത്തിൽ ഇക്കാരം അവർ സൂചിപ്പിച്ചതായും പറയപ്പെടുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനുമുൻപ് ബിസിനസ് രംഗത്തു പ്രവർത്തിച്ച പരിചയമുണ്ടായിരുന്നു. ഗവർണർ പദവിയിലൂടെ ഭരണ പരിചയവും സമ്പാദിച്ചു, അത്തരമൊരാൾക്കു വലിയ കമ്പനികളിൽ ഉയർന്ന ജോലികിട്ടാൻ പ്രയാസമുണ്ടാവില്ലെന്നു കരുതപ്പെടുന്നു. 2024 ആകുമ്പോഴേക്കും രാഷ്ട്രീയരംഗത്തു തിരിച്ചുവരികയും ചെയ്യാം. 

 ഇന്ത്യയിൽ പഞ്ചാബിലെ അമൃതസറിൽ ജനിച്ച അജിത് സിങ് രൺധവ അരനൂറ്റാണ്ടുമുൻപ് ഭാര്യ രാജ് കൗറിനോടൊപ്പം കാനഡയിലേക്കു വിമാനം കയറുമ്പോൾ തുടങ്ങുന്നതാണ് വാസ്തവത്തിൽ നിക്കി ഹേലിയുടെ കഥ. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു ആ യാത്ര. കൃഷി ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ അജിത് സിങ് ജോലി തേടി കാനഡയിൽനിന്ന് അമേരിക്കയിലെ സൗത്ത് കാരൊലൈനയിലെത്തി. സർവകലാശാലയിൽ പ്രഫസറായി. മൂത്ത മകളായ നിമ്രതയെന്ന നിക്കിയുടെ ജനനം അവിടെ വച്ചായിരുന്നു. രണ്ടു പുത്രന്മാരുമുണ്ട്.   നിക്കിയെന്നതു നിമ്രതയയുടെ വീട്ടിലെ വിളിപ്പേരായിരുന്നു. പിന്നീട് അതു സ്ഥിരപ്പെട്ടു. 1996ൽ  മൈക്കൽ ഹേലിയെന്ന അമേരിക്കക്കാരനെ വിവാഹം ചെയ്തതോടെ നിക്കി ഹേലിയായി. എങ്കിലും, തന്റെ ഇന്ത്യൻ-സിക്ക് പാരമ്പര്യത്തിൽ നിക്കി അഭിമാനം കൊള്ളുന്നു. "എന്റെ പിതാവ് തലപ്പാവു ധരിക്കുന്നു, മാതാവ് സാരിയുടുക്കുന്നു'' എന്ന് ഒരു പ്രസംഗത്തിൽ നിക്കി പറഞ്ഞത് അമേരിക്കയിലെ ഇന്ത്യൻ വംശജർ എപ്പോഴും ഒാർക്കുന്നു