കായംകുളം കൊച്ചുണ്ണി ഇവിടെയുണ്ട്, വിശ്വാസികൾക്കു കാവലാളായി

മതസൗഹാർദത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി നിലകൊള്ളുന്ന ചരിത്രപുരുഷന്‍ കായംകുളം കൊച്ചുണ്ണിയെ ആരാധിക്കുന്ന ഇടം തേടി ജനം. ഇടപ്പാറ മലദേവർ മലനടയിലേക്ക്.പത്തനംത്തിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമത്തിലുള്ള ഇടപ്പാറ മലദേവത ക്ഷേത്രത്തിലാണ് കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ളത്. മതസൗഹാർദത്തിനു നൂറ്റാണ്ടുകൾക്കു മുൻപേ മലയാള മണ്ണിൽ ഇടമുണ്ടെന്നു കാട്ടിത്തന്ന ആ നല്ലവനായ കള്ളനെ ജാതിമതഭേദമന്യേ കൺകണ്ടദൈവമായി വിശ്വാസികൾ ആരാധിച്ചു വരുന്നു. 

ടി.കെ റോഡിൽ കാരംവേലി ജംക്‌ഷനു പടിഞ്ഞാറ് 2 കിലോമീറ്റർ ദൂരത്ത് പ്രകൃതി ഒരുക്കിയ പച്ചപ്പിനുള്ളിലെ മനോഹരമായ കാവിനുള്ളിൽ പാടത്തോടു ചേർന്നാണ് അദ്ദേഹമുള്ളത്. പ്രധാന നിവേദ്യമായ മെഴുകുതിരിയും ചന്ദനത്തിരിയും ഇവിടെ ആ ധീരനോടുള്ള ഭക്തിക്ക് പ്രകാശവും സുഗന്ധവും ചാർത്തുന്നു. 

19-ാം നൂറ്റാണ്ടിലാണ് സാമ്രാജ്യത്വത്തിനും ജാതിവ്യവസ്ഥിതികൾക്കുമെതിരെയുള്ള തുറന്നുപറച്ചിലായി കൊച്ചുണ്ണി ജീവിച്ചത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ 1830ലെ കേരള ചരിത്രത്തിന്റെ ഭാഗമായാണ് കൊച്ചുണ്ണിയുടെ ജീവചരിത്രം അവതരിപ്പിക്കുന്നത്. 

കായംകുളത്ത് രാജകൊട്ടാരത്തിലെ പടയണിക്കു ശേഷം മടങ്ങുകയായിരുന്ന ഇടപ്പാറ മലയിലെ ഊരാളി വഴിവക്കിലെ ആൽമരച്ചുവട്ടിൽ രാത്രിയിൽ വിശ്രമിക്കുമ്പോൾ മരത്തിന്റെ മുകളിൽ നിന്ന് അശരീരി ഉയർന്നു. ഞാൻ അലയുകയാണ് ഒരിരിപ്പിടം തരുമോയെന്നായിരുന്നു അത്. ഇറങ്ങിവന്ന ആൾ സ്വയം പരിചയപ്പെടുത്തി, ഞാൻ കായംകുളം കൊച്ചുണ്ണി. അന്ന് ഊരാളിക്കൊപ്പം കൂടിയ കൊച്ചുണ്ണി പുന്നയ്ക്കാട് ദേശത്തു വന്നാണ് പിന്നീട് കുടികൊണ്ടതെന്നും അവിടെ നിന്ന് ഇടപ്പാറ മലയച്ഛൻ ഇരിപ്പിടം നൽകുകയായിരുന്നു എന്നുമാണ് പ്രചരിക്കുന്ന കഥകളിൽ ഒന്ന്. 

ഉള്ളവനിൽനിന്നു ഇല്ലാത്തവനുവേണ്ടി പിടിച്ചുപറിച്ച ആ മനുഷ്യസ്നേഹി ഇന്നും ഇവിടെ ജീവിക്കുന്നു.