എന്റെ മകൻ എങ്ങനെ നിങ്ങളെ ബാധിക്കുന്ന വിഷയമാകും? വീണ്ടും പൊട്ടിത്തെറിച്ചു കരീന

കരീന കപൂർ

ഗർഭകാലത്ത് സ്ത്രീകൾ അടങ്ങിയിരിക്കണം എന്ന സോ കോൾഡ് സങ്കൽപങ്ങളെയൊക്കെ തകർത്തെറിഞ്ഞാണ് കരീന അമ്മയായത്. പ്രസവത്തിനു ദിവസങ്ങള്‍ മുമ്പു വരെ െപാതുപരിപാടികളിലും റാമ്പുകളിലുമൊക്കെ താരം സജീവമായിരുന്നു. പക്ഷേ കാമറക്കണ്ണുകൾ തന്നെ വിടാതെ പിന്തുടരുന്നത് കരീനയ്ക്ക് അത്ര സുഖകരമായിരുന്നില്ല, ഒ‌ടുവിൽ പൊട്ടിത്തെറിച്ചു തന്നെ കരീന തന്റെ ഇഷ്ടക്കേട് പ്രക‌ടമാക്കുകയും ചെയ്തു. 

തന്നെയും ഭർത്താവ് സെയ്ഫ് അലി ഖാനെയും മകൻ ‌തൈമുറിനെയും കുറിച്ചു വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അസ്വസ്ഥയാക്കുന്നുവെന്നാണ് കരീന പറയുന്നത്. താനും സെയ്ഫും സോഷ്യൽ മീഡിയയിൽ ഇല്ലെന്നതിനാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തങ്ങളെ സംബന്ധിച്ച വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. തന്റെ ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ചും വണ്ണം കുറയ്ക്കലിനെക്കുറിച്ചുമൊക്കെയുള്ള റിപ്പോർട്ടുകൾ അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്. തൈമുറിനെ എത്ര സ്നേഹിക്കുന്നുണ്ടെന്നോ മാതൃത്വത്തെ എങ്ങനെയാണ് അനുഭവിക്കുന്നതെന്നോ റൂഫ്ടോപ്പിനു മുകളിൽ കയറിനിന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ ആഗ്രഹിക്കുന്നില്ല – കരീന പറയുന്നു.

കരീനയും തൈമുറും

തൈമുറിന്റെ പേരു സംബന്ധിച്ച വിവാദത്തെക്കുറിച്ചും കരീന പ്രതികരിച്ചു. എന്റെ കുഞ്ഞിന്റെ പേര് എങ്ങനെയാണ് മറ്റുള്ളവരെ ബാധിക്കുന്ന വിഷയമാകുന്നത്? ഒരമ്മയായി ഓരോ നിമിഷവും ആസ്വദിക്കാൻ തീരുമാനിച്ചപ്പോഴാണ് ഇതെല്ലാം പൊട്ടിമുളച്ചത്. ഇതെല്ലാം ഒരുവശത്തുവച്ച് തൈമുറിനൊപ്പം ആഹ്ലാദിക്കുകയാണ് ഞങ്ങൾ. അവനോടൊപ്പമുള്ള ഓരോ നിമിഷങ്ങളും ഞങ്ങള്‍ അനുഭവിച്ചറിയുകയാണ്.

എന്തായാലും ഇതോടെയെങ്കിലും പാപ്പരാസികൾ കരീനയുടെ കുഞ്ഞിന്റെ പേരും വിവാദമാക്കി നടക്കുന്നതു നിർത്തുമെന്നാണ് കരുതുന്നത്.