അഭിനയമല്ല, സാമൂഹിക പ്രവർത്തനമാണ് എന്റെ ലക്ഷ്യം: ലക്ഷ്മി അതുൽ

ലക്ഷ്മി അതുല്‍

സൗന്ദര്യം മാത്രമല്ല കഴിവും ബുദ്ധിയും അനുകമ്പയുമൊക്കെ ഒത്തൊരുമിച്ച വ്യക്തിത്വങ്ങളെ തിര‌‍ഞ്ഞെടുത്ത് സ്ത്രീകള്‍ക്കൊരു മാതൃകയെ തിരഞ്ഞെടുക്കുന്ന വേദിയാണ് മിസിസ് ഇന്ത്യ ക്യൂൻ ഓഫ് സബ്സ്റ്റൻസ്. ചാരിറ്റി അംബാസിഡർമാരായി തിളങ്ങാൻ കഴിവുള്ള ശക്തയും എനർജറ്റികും സുന്ദരികളുമായ സ്ത്രീകളെ തിരഞ്ഞെടുക്കുന്ന ഈ മൽസര വേദിയിൽ ഇത്തവണ കേരളത്തിന് ഒരു അഭിമാനതാരകം കൂടിയുണ്ടായിരുന്നു. ഏരീസ് ഗ്രൂപ് ഓഫ് കംപനീസ് വൈസ് പ്രസിഡന്റു കൂടിയായ കൊച്ചി സ്വദേശിനി ലക്ഷ്മി അതുൽ ആയിരുന്നു അത്.  ഒട്ടേറെ നാളത്തെ സ്വപ്നങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമെന്നോണം മിസിസ് ഇന്ത്യ ക്യൂൻ ഓഫ് സബ്സ്റ്റൻസിൽ കേരളത്തിന്റെ ഒരേയൊരു പ്രതിനിധി കൂടിയായ ലക്ഷ്മി മിസിസ് ഇന്ത്യ ഫേസ് ഓഫ് സൗത്ത്, മിസിസ് ഇന്ത്യ ഇൻറലിജന്റ് എന്നീ പട്ടങ്ങൾ കരസ്ഥമാക്കി. ലക്ഷ്മിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.

ചിത്രം: ആല്‍ബര്‍ട്ട് തോമസ്

തുടക്കം മാംഗല്യം... പിന്നാലെ എന്റെ സ്വപ്നങ്ങൾ... 

ഈ അംഗീകാരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. സാക്ഷരതയിലും ലിംഗസമത്വത്തിലും പേരുകേട്ട കേരളം പോലൊരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മിസിസ് ഇന്റലിജന്റ് പട്ടം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. വിവാഹത്തോടെ സ്വാതന്ത്രമെല്ലാം നഷ്ടപ്പെട്ട് നാലു ചുവരുകൾക്കുള്ളിൽ ജീവിതം തീർക്കുന്നവരുണ്ട്. അത്തരക്കാരോട് ഒന്നേ പറയാനുള്ളു, നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണ് വിവാഹം. നിങ്ങളിൽ വിശ്വാസം അർപ്പിച്ച് പോസിറ്റീവായി മുന്നോട്ടു പോയാൽ നേട്ടങ്ങള്‍ പിറകെ വരും.

മിസിസ് ഇന്ത്യ ക്യൂൻ ഓഫ് സബ്സ്റ്റൻസിൽ പട്ടങ്ങൾ ലഭിക്കുന്നതിനു മുമ്പ് മറ്റൊരു കാലമുണ്ടായിരുന്നു. എന്നും സാമൂഹിക പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിരുന്നു. അറിയപ്പെടുന്നയാളാകുമ്പോൾ അത്തരക്കാരുടെ വാക്കുകൾക്ക് കുറച്ചുകൂടി വിലയുണ്ടാകും, അവർക്ക് ഈ സമൂഹത്തിനു വേണ്ടി പലതും ചെയ്യാനാകും. അങ്ങനെയാണ് തുടക്കം. കുറേ കോംപറ്റീഷൻസിനൊക്കെ പങ്കെടുത്തിട്ടുണ്ട്. ഒപ്പം പരസ്യങ്ങൾ ചെയ്യുകയും ആങ്കറിങ്ങും ഉണ്ടായിരുന്നു. അങ്ങനെ ഘട്ടംഘട്ടമായാണ് ഇപ്പോൾ കിട്ടിയ ഈ അംഗീകാരത്തിലേക്കുള്ള എത്തിപ്പെടൽ.

10 വർഷം, 95ൽ നിന്നും 58ലേക്ക്....

കുട്ടിക്കാലത്ത് നൃത്തത്തിലും സ്പോർട്സിലുമൊക്കെ ഒരുപാട് ആക്റ്റീവ് ആയിരുന്ന ആളായിരുന്നു ഞാൻ. പിന്നീട് പഠിത്തത്തിൽ മാത്രം ശ്രദ്ധയായപ്പോൾ ഇവയെല്ലാം ഉപേക്ഷിച്ചു. ശരീരത്തിന് യാതൊരു വ്യായാമവുമില്ലാതായതോടെ  95 കിലോ വരെയെത്തി. സത്യം പറഞ്ഞാൽ എന്റെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടു. നല്ല വസ്ത്രങ്ങളൊന്നും ഇടാൻ പറ്റാതാവുകയും പുറത്തേക്കിറങ്ങാനൊക്കെ മടി തോന്നുന്നുകയും ചെയ്തു. ആകെ ഇൻഫീരിയോരിറ്റി കോംപ്ലക്സുമായി നടക്കുന്ന ആ സമയത്താണ് ഞാൻ തീരുമാനിക്കുന്നത് ഇനി എന്റെ ശരീരത്തെ ഇങ്ങനെ വിട്ടാൽ പറ്റില്ല, പഴയപോലെ ഫിറ്റ് ആയ ശരീരം ബോഡി തിരികെ കൊണ്ടുവരണം എന്ന്. പിന്നീടൊരു പത്തുവർഷം എടുത്താണ് ഇപ്പോഴുള്ള 58ലേക്ക് എത്തുന്നത്. 

മിസിസ് ഇന്ത്യ ക്യൂൻ ഓഫ് സബ്സ്റ്റൻസിൽ കേരളത്തിന്റെ ഒരേയൊരു പ്രതിനിധി കൂടിയായ ലക്ഷ്മി മിസിസ് ഇന്ത്യ ഫേസ് ഓഫ് സൗത്ത്, മിസിസ് ഇന്ത്യ ഇൻറലിജന്റ് എന്നീ പട്ടങ്ങൾ കരസ്ഥമാക്കി...

അഭിനയം സ്വപ്നത്തിലേയില്ല

ഇപ്പോൾ ഞാൻ അഭിനയത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല. എന്റെ പ്രധാന ലക്ഷ്യം സമൂഹത്തിനു വേണ്ടി എന്തെങ്കിലും ഗുണപരമായ കാര്യങ്ങൾ ചെയ്യുക എന്നതാണ്. സിവിൽ സർവീസിന്റെ ഫൈനൽ ഇന്റര്‍വ്യൂ വരെയൊക്കെ എത്തിയിട്ടുണ്ട്. അതിനൊക്കെ ശേഷമാണ് അംബാസിഡേഴ്സ് ഓഫ് ചേ​ഞ്ച് അല്ലെങ്കിൽ ചാരിറ്റി അംബാസിഡർ എന്ന മേഖലയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. കുറച്ച് അറിയപ്പെടുന്ന വ്യക്തിയാണെങ്കിൽ സമൂഹത്തിനു വേണ്ടി കൂടുതൽ നൽകാൻ കഴിയും, അതേയുള്ളു എപ്പോഴും മനസിൽ.

ഫിറ്റ് ആൻഡ് ഹെൽത്തി ബോഡി

കുടുംബത്തിലെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം ജോലിയും സാമൂഹിക പ്രവർത്തനങ്ങളുമൊക്കെ ഒരുപോലെ കൊണ്ടുപോകുന്ന ആളാണു ഞാൻ. പക്ഷേ ഈ തിരക്കുകൾക്കെല്ലാം ഇടയിൽ ആരോഗ്യകരമായി എന്റെ ശരീരം നിലനിർത്താനായി ചിലതു ചെയ്യാൻ ശ്രമിക്കാറുണ്ട്. നൃത്തരൂപമായ സുംബ മിക്കപ്പോഴും ചെയ്യാറുണ്ട്. ബോക്സിങ് എനിക്കിഷ്ടമുള്ള ഒരു മേഖലയാണ്. യോഗ, വർക്ഔട്ട് ഇവയൊന്നും മുടക്കാറില്ല. ഇപ്പോൾ സൈക്ലിങും പരിശീലിച്ചു തുടങ്ങിയിട്ടുണ്ട്. ഇഷ്ടമുള്ളതെല്ലാം ചെയ്യുക, പോസിറ്റീവായി ഇരിക്കുകസ, നല്ലതെല്ലാം നമ്മളെ തേടി വന്നോളും – ഇതാണ് എന്റെ പോളിസി. ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ ചെലുത്തുക എന്നതിനപ്പുറം ഇഷ്ടമുള്ള കാര്യങ്ങൾക്കെല്ലാം സമയം കണ്ടെത്തുന്ന ആളാണു ഞാൻ. 

കല്ല്യാണത്തോടെ നിങ്ങളുടെ ജീവിതം അവസാനിക്കുന്നില്ല എന്നു മനസിലാക്കുക. നിങ്ങള്‍ക്കു തിളങ്ങാൻ ഒട്ടനവധി മേഖലകളുണ്ട്, ആ വഴികൾ കണ്ടുപിടിക്കുകയേ വേണ്ടു...

രക്തത്തിൽ അലിഞ്ഞ് സാമൂഹിക പ്രവർത്തനം

മുമ്പു പറഞ്ഞതുപോലെ സാമൂഹിക പ്രവർത്തനം എന്നും എന്റെ ഇഷ്ടപ്പെ‌ട്ട മേഖലയാണ്. മുല്ലപ്പെരിയാർ ഡാമിനു വേണ്ടിയുള്ള സേവിങ് സിങ്കിങ് കേരള മൂവ്മെന്റിനു വേണ്ടി പ്രവർത്തിച്ചിരുന്നു. സാമൂഹിക വിഷയങ്ങളിൽ അവബോധം ചെലുത്തുന്നതിനായി മാരത്തോണുകൾ സംഘടിപ്പിക്കാറുണ്ട്. നേപ്പാൾ ഭൂചലനത്തിന് ഇരയായവർക്കുള്ള ഫണ്ട് ശേഖരണത്തിലും മുന്നിലുണ്ടായിരുന്നു. സമൂഹത്തില്‍ വൈകല്യമുള്ള നിർധനരായ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സഹായഹസ്തങ്ങളെ ചേർത്തുപിടിക്കാനും ശ്രമിക്കാറുണ്ട്.

സ്വപ്നങ്ങളെ തേടാൻ പഠിപ്പിച്ച ഭർത്താവ്

വിവാഹത്തോടെ സാധാരണ വീട്ടമ്മമാരായി ഒതുങ്ങുന്നതിൽ നിന്നു നേർവിപരീതമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്. വണ്ണം കുറയാനുള്ള തീരുമാനം തന്നെ എടുക്കുന്നതിനു പിന്നിൽ ഭർത്താവായിരുന്നു. പിന്നീടങ്ങോട്ട് എന്റെ ഓരോ ആഗ്രഹങ്ങൾക്കും കൂടെനിന്ന് , അതിരില്ലാതെ സ്വപ്നം കണ്ട് ആഗ്രഹിച്ചതെല്ലാം നേടിയെടുക്കണമെന്നു പറഞ്ഞതും അദ്ദേഹമാണ്.

ചിത്രം: ആല്‍ബര്‍ട്ട് തോമസ്

കുടുംബം

ഭർത്താവ് അതുൽ ഒമാനിൽ ജോലി ചെയ്യുന്നു. ഒമ്പതു വയസുകാരി മകൾ ആർച്ച ഭവൻസ് സ്കൂളിൽ പഠിക്കുന്നു. 

വിവാഹിതരുടെ ശ്രദ്ധയ്ക്ക്..

കല്ല്യാണത്തോടെ നിങ്ങളുടെ ജീവിതം അവസാനിക്കുന്നില്ല എന്നു മനസിലാക്കുക. നിങ്ങള്‍ക്കു തിളങ്ങാൻ ഒട്ടനവധി മേഖലകളുണ്ട്,  ആ വഴികൾ കണ്ടുപിടിക്കുകയേ വേണ്ടു.