അന്ന് നൃത്തവേദിയിലെ വിസ്മയം, ഇന്ന് മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ ആകാൻ ജാസ് ഡിസൂസ

ജാസ് ഡിസൂസ

രാജ്യത്തെ റിയാലിറ്റി ഷോ ചരിത്രത്തിൽ അത് ആദ്യസംഭവമായിരുന്നു. നൃത്തംമാത്രം മാനദണ്ഡമാക്കിയ ഷോയിൽ മറ്റെല്ലാവരേയുംപോലെ, ഒരംഗമായി ഭിന്നലിംഗക്കാരുടെ പ്രതിനിധി. പരിപാടിയിലെ മികച്ച പ്രകനത്തിലൂടെ നൃത്തപ്രേമികളുടെ മനസിൽ ഇടംപിടിച്ച ജാസ് ഡിസൂസയുടെ അടുത്ത ലക്ഷ്യമാണ് മിസ് ട്രാൻസ്ക്യൂൻ ഇന്ത്യാപട്ടം.

മുംബൈ അന്ധേരിയില്‍ സംഘടിപ്പിച്ച ഓഡീഷനിൽ പങ്കെടുത്ത ജാസ്, തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒപ്പം, മാറ്റിനിർത്തപ്പെട്ടിരുന്ന ഒരുവിഭാഗത്തെ, കേരളമടക്കമുളള സംസ്ഥാനങ്ങളിൽ സമൂഹം അംഗീകരിച്ചു തുടങ്ങുന്നതിൻറെ സന്തോഷവും.

കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നടന്ന, മിസ് ട്രാൻസ്ക്യൂൻ കേരളയ്ക്കുവേണ്ടിയുള്ള ഓഡിഷനിലും ജാസ് പങ്കെടുത്തിരുന്നു. ഇതിന്റെ അവസാനവട്ടമൽസരം ഉടനുണ്ടാകും. ഇതിനിടയിലാണ് ദേശിയതലത്തിലെ റാംപിലും ചുവടുവയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി നിരവധിപേര്‍ മുംബൈ ഓഡിഷന്റെ ഭാഗമായി. ട്രാൻസ്ക്യൂൻ പട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ സൗന്ദര്യംമാത്രം മാനദണ്ഡമാകില്ലെന്ന് അധികൃതർ പറയുന്നു.

മറ്റേതൊരു പൗരനേയുംപോലെ ഭിന്നലിംഗക്കാരെയും പൊതുസമൂഹത്തിൻറെ ഭാഗമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഓഡീഷൻ പൂർത്തിയാക്കി, ഡൽഹിയിലോ, മുംബൈയിലോ ഫൈനൽപോരാട്ടം സംഘടിപ്പിക്കാണ് തീരുമാനം.