റിമിക്കൊപ്പം ഉരുളയ്ക്കുപ്പേരിയുമായി രമ്യയും രാഹുലും

രാഹുൽ സുബ്രഹ്മണ്യൻ, രമ്യ നമ്പീശന്‍, റിമി ടോമി

പാട്ടും ഡാൻസും കളിചിരികളുമെല്ലാം നിറഞ്ഞ വേദിയാണ് ഒന്നും ഒന്നും മൂന്ന് കാഴ്ച്ചക്കാർക്കായി ഒരുക്കുന്നത്. ഗായിക റിമി ടോമിയുടെ നർമം കലർന്ന അവതരണശൈലിയും അതിഥികളെ കയ്യിലെ‌ടുക്കാനുള്ള കഴിവുമൊക്കെയാണ് പരിപാടിയെ വേറിട്ടു നിർത്തുന്നത്. ഇക്കഴിഞ്ഞ ഒന്നും ഒന്നും മൂന്നിൽ റിമിയുടെ ചോദ്യങ്ങൾക്കെല്ലാം ഉരുളയ്ക്കുപ്പേരിയായി മറുപടികൾ നൽകാൻ എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട രണ്ടു താരസഹോദരങ്ങളാണ്. നായികയും അതിലുപരി നല്ലൊരു ഗായികയും കൂടിയായ രമ്യ നമ്പീശനും സഹോദരനും സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യനുമായിരുന്നു അത്. 

സിനിമാലോകത്ത് നായിക എന്ന നിലയിൽ തന്റെ അരങ്ങേറ്റത്തിനു കാരണമായത് മനോരമ ആഴ്ച്ചപ്പതിപ്പിൽ അടിച്ചിറങ്ങിയ ഒരു കവർചിത്രമാണെന്നു പറഞ്ഞാണ് രമ്യ സംസാരിച്ചു തുടങ്ങിയത്. ആതു കണ്ടാണ് ആനച്ചന്തത്തിൽ നായികയാകുവാൻ സംവിധായകൻ ജയരാജ് ക്ഷണിക്കുന്നത്. പിന്നീടങ്ങോട്ട് തമിഴിലും മലയാളത്തിലുമായി ചെയ്ത ഒരുപിടി നല്ല ചിത്രങ്ങളുടെ അനുഭവങ്ങൾ രമ്യ പങ്കുവച്ചു. അനുജൻ രാഹുലിന്റെ സിനിമാ സംഗീത രംഗത്തേക്കുള്ള വരവ് രമ്യയുടെ തന്നെ ചിത്രമായ മങ്കിപ്പെന്നിലൂടെയായിരുന്നു. അതിനുശേഷം ഏറെ ജനപ്രീതി ലഭിച്ചത് മഞ്ജു വാരിയർ അഭിനയിച്ച ജോ ആൻഡ് ദി ബോയിലെയും മോഹൻ ലാൽ നായകനായ 1971 ബിയോണ്ട് ബോഡേഴ്സിലെയും സംഗീതമാണ്. 

ഇരുവരും പാട്ടുകാരായതുകൊണ്ടു തന്നെ പാട്ടുകൾ പാടിപ്പിക്കാതെ റിമി വിടില്ലെന്ന് ഉറപ്പാണല്ലോ. ഒപ്പം ഒട്ടേറെ രസകരമായ ഗെയിമുകളും നടത്തി. എന്തായാലും റിമിക്കൊപ്പം ചേർന്ന് രമ്യയും രാഹുലും നല്ലൊരു താരവിരുന്നാണ് സമ്മാനിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലോ.