'പ്രണയത്തിന്റെ രാജകുമാരൻ' ശ്രീനിഷ് മനസ്സു തുറക്കുന്നു

ശ്രീനിഷ്

‘പ്രണയത്തിന്റെ രാജകുമാരൻ’ – ശ്രീനിഷ് അരവിന്ദിന് ഇതിലും ചേരുന്നൊരു വിശേഷണമുണ്ടെന്നു തോന്നുന്നില്ല. പ്രണയം സീരിയലിലൂടെ മലയാളത്തിൽ വന്ന്, മഴവിൽ മനോരമയിലെ അമ്മുവിന്റെ അമ്മയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കൂടുതൽ സ്ഥാനം പിടിച്ച ശ്രീനിഷ് യഥാർഥത്തിൽ പ്രണയത്തിലാണോ? പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സീരിയലിനെക്കുറിച്ചും ശ്രീനിഷ് മനസുതുറക്കുന്നു.

അമ്മുവിന്റെ അമ്മയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

പ്രണയം സീരിയിൽ അവസാനിക്കാറായ സമയത്താണ് അമ്മുവിന്റെ അമ്മയിലേയ്ക്കു ക്ഷണം വരുന്നത്. ഷൂട്ടിങ്ങിന് കേരളത്തിൽ എത്തുന്ന സമയത്ത് അമ്മുവിന്റെ അമ്മ സീരിയിലിന്റെ പരസ്യവും ഹോർഡിങ്സുമൊക്കെ കാണാറുണ്ടായിരുന്നു. അന്ന് ആഗ്രഹിച്ചിട്ടുണ്ട് ഇതിന്റെ ഭാഗമാകാൻ സാധിച്ചിരുന്നെങ്കില്ലെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് മനു എന്ന കഥാപാത്രമാകാൻ വിളിക്കുന്നത്.

അമ്മുവിന്റെ അമ്മയിൽ മറ്റൊരു നടനു പകരം വന്നതല്ലേ. അതിൽ വിഷമമുണ്ടോ?

ഏയ്, അതിൽ വിഷമമൊന്നുമില്ല. ഒരാൾ മാറി മറ്റൊരാൾ പകരം വരുന്നത് സീരിയിൽ സർവസാധാരണമാണ്. പ്രണയത്തിൽ എന്റെ നായികയായിരുന്ന വരദയ്ക്ക് പകരമാണ് ദിവ്യ വന്നത്. കഥാപാത്രം നല്ലതാണോ എന്നു നോക്കിയാൽ പോരെ. 

ആദ്യം മലയാളം ഡയലോഗ് പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഉച്ചാരണമൊന്നും അത്ര കൃത്യമാകാറില്ലായിരുന്നു...

മനു എന്ന കഥാപാത്രത്തെക്കുറിച്ച്?

മാളവിക അവതരിപ്പിക്കുന്ന അമ്മുവിനെ പ്രണയിക്കുന്ന കഥാപാത്രമാണ് മനു. അമ്മു വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് അറിഞ്ഞിട്ടും പ്രണയം വേണ്ടെന്നു വയ്ക്കാത്ത ആളാണ് മനു. എന്റെ പ്രായത്തിനു യോജിച്ച കഥാപാത്രമാണ്. ആദ്യ സീരിയിൽ രണ്ടുകുട്ടികളുടെ അച്ഛനായിട്ടാണ് അഭിനയിച്ചത്.

ചെന്നൈയിൽ നിന്നും മലയാളത്തിൽ എത്തിയപ്പോഴുള്ള അനുഭവം?

ആദ്യം മലയാളം ഡയലോഗ് പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഉച്ചാരണമൊന്നും അത്ര കൃത്യമാകാറില്ലായിരുന്നു. പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലായതു കൊണ്ട് മലയാളം തീരെ അറിയില്ലായിരുന്നു. സഹപ്രവർത്തകരൊക്കെ നല്ല സഹകരണമായിരുന്നു. ഇപ്പോൾ മലയാളം നന്നായി എഴുതാനും വായിക്കാനും പറയാനുമറിയാം. 

തമിഴിൽ രമ്യാകൃഷ്ണനോടൊപ്പമുളള അഭിനയം?

രമ്യാകൃഷ്ണൻ മാഡത്തിന്റെ വംശം സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണ്. കുട്ടികാലത്ത് പടയപ്പ കണ്ട് മാഡത്തിനോട് ആരാധന തോന്നിയിരുന്നു. ആദ്യം ആരാധിക്കുന്ന താരത്തിന്റെ മുമ്പിൽ നിന്നു ഡയലോഗ് പറയാൻ കുറച്ചുപേടിയുണ്ടായിരുന്നു. പക്ഷെ അവർ വളരെ എളിമയോടെയാണ് പെരുമാറിയത്. 

രമ്യാകൃഷ്ണൻ മാഡത്തിന്റെ വംശം സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണ്. കുട്ടികാലത്ത് പടയപ്പ കണ്ട് മാഡത്തിനോട് ആരാധന തോന്നിയിരുന്നു...

മുഖത്തെ സൗന്ദര്യം സ്വഭാവത്തിലും പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. സീരിയലിന്റെ ഇടയ്ക്കാണ് മാഡം ബാഹുബലിയിൽ അഭിനയിക്കാൻ പോയത്. സിനിമ സൂപ്പർ ഹിറ്റ് ആയി മാധ്യമങ്ങളിൽ നിറഞ്ഞിട്ടും യാതൊരുവിധ താരജാഡകളുമില്ലാതെ പഴയതുപോലെ തന്നെയാണ് സെറ്റിൽ പെരുമാറുന്നത്.

അമ്മുവിന്റെ അമ്മയിലെ സഹതാരങ്ങളെക്കുറിച്ച്?

മാളവികയുടെ പൊന്നമ്പിളിയുടെ പോസ്റ്ററുകൾ നേരത്തെ കണ്ടിട്ടുണ്ട്. അന്നുതന്നെ ഈ കുട്ടിയുടെ കൂടെ അഭിനയിക്കാൻ സാധിച്ചിരുന്നെങ്കില്ലെന്നു വിചാരിച്ചിട്ടുണ്ട്. വളരെ ഫ്രണ്ട്‌ലിയാണ് മാളവിക. ഫിറ്റ്നസ് ഏറെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ്. ഞാൻ ഫിറ്റ്നസ് ഒന്നും ശ്രദ്ധിക്കാതെയിരിക്കുമ്പോൾ അവർ മോട്ടിവേറ്റ് ചെയ്യാറുണ്ട്. ഒരു ആർട്ടിസ്റ്റ് ആയിട്ട് സ്വന്തം ശരീരം ശ്രദ്ധിക്കാതെയിരിക്കുന്നത് ശരിയല്ല എന്നൊക്കെ പറയും.

സുഭാഷ് സീരിയലിൽ വില്ലനാണെങ്കിലും ജീവിതത്തിൽ ഞങ്ങൾ നല്ല കൂട്ടുകാരാണ്, പരസ്പരം അഭിനന്ദിക്കാറുണ്ട്. സീരിയലിൽ ഞാൻ കൂടുതൽ സീനുകൾ അഭിനയിച്ചത് വിനയപ്രസാദ് മാഡത്തിനൊപ്പമാണ്. വളരെ ശാന്തയും സൗമ്യയുമാണ് മാഡം. സെറ്റിൽ അവരുടെ ശബ്ദം ഉയർന്നു കേട്ടിട്ടേയില്ല.

മലയാളികൾക്ക് സീരിയിൽ താരങ്ങളോട് ഇഷ്ടം കൂടുതലാണെന്ന് തോന്നിയിട്ടുണ്ടോ?

പ്രണയം സീരിയിൽ കഴിഞ്ഞിട്ടും പ്രേക്ഷകർ എന്നെ ശരൺ എന്നാണ് വിളിക്കുന്നത്. ആഘോഷങ്ങൾക്കൊക്കെ പോകുമ്പോൾ പലരും വന്നിട്ടു ലക്ഷ്മിക്ക് (സീരിയലിലെ നായികയുടെ പേര്) സുഖമാണോ വീട്ടിലുണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട്. അവരോടൊക്കെ ലക്ഷ്മി അവരുടെ വീട്ടിൽ ഭർത്താവിനൊപ്പം സുഖമായിട്ടിരിക്കുന്നു എന്നു പറയും.

ആരാധികമാർ ഇഷ്ടംപോലെയുണ്ടോ?

ഫേസ്ബുക്കിലൊക്കെ നിരവധിപേർ മെസേജൊക്കെ അയക്കാറുണ്ട്. ധാരാളം പെൺകുട്ടികൾ വിളിക്കാറുണ്ട്. എന്റെ ഫോൺനമ്പർ എങ്ങനെയോ ലീക്ക് ആയി. അതിനുശേഷം നിരവധി ഫേക്ക് കോൾസും വരാറുണ്ട്. ഇന്റർവ്യൂവിനാണെന്നൊക്കെ പറഞ്ഞു വിളിച്ച് പറ്റിക്കാറുണ്ട്. 

മാളവികയുടെ പൊന്നമ്പിളിയുടെ പോസ്റ്ററുകൾ നേരത്തെ കണ്ടിട്ടുണ്ട്. അന്നുതന്നെ ഈ കുട്ടിയുടെ കൂടെ അഭിനയിക്കാൻ സാധിച്ചിരുന്നെങ്കില്ലെന്നു വിചാരിച്ചിട്ടുണ്ട്...

യഥാർഥ ജീവിതത്തിൽ പ്രണയമുണ്ടോ?

ഉണ്ടെന്നും ഇല്ലെന്നും പറയാം.  പ്രണയവിവാഹത്തിനോട് എതിർപ്പൊന്നുമില്ല. എന്നെക്കുറിച്ചും എന്റെ ജോലിയെക്കുറിച്ചും നന്നായിട്ട് മനസിലാക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. എല്ലാകാര്യങ്ങളും വിചാരിക്കുന്നത് പോലെ മുന്നോട്ടുപോയാൽ അടുത്തു തന്നെ വിവാഹമുണ്ടാകും. 

കുടുംബം?

അച്‌ഛന്‍ അരവിന്ദ്‌, അമ്മ ലക്ഷ്‌മി കുമാരി, രണ്ടു സഹോദരിമാരുണ്ട്‌. വീട്ടുകാരുടെ പിന്തുണയുള്ളത് കൊണ്ടാണ് എനിക്ക് അഭിനയ രംഗത്തേക്ക് വരാൻ സാധിച്ചത്. സാധാരണ ആരും ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്ക് ഇറങ്ങാൻ അനുവദിക്കാറില്ല. പക്ഷെ അച്ഛനും ചേച്ചിമാർക്കുമൊന്നും യാതൊരുവിധ പ്രശ്നവുമില്ലായിരുന്നു.

Read more: Glitz n Glamour, Trending