'ഗായികയാവാൻ കൊതിച്ച അപര്‍ണ, ആക്ഷൻ ഹീറോസ്റ്റാർ നിമിഷ'

അപർണ ബാലമുരളി, നിമിഷ സജയൻ

ഒരേ സംവിധായകന്റെയും നായകന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയവർ. ഒറ്റവാക്കിൽ നടിമാരായ അപർണ ബാലമുരളിയെയും നിമിഷ സജയനെയും അങ്ങനെ വിളിക്കാം. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരമാണ് അപർണയുടെ കരിയറിൽ പൊൻതൂവൽ ചാർത്തിയതെങ്കില്‍ േബാംബെ സ്വദേശിനിയായ നിമിഷയെ പ്രേക്ഷകര്‍ ഇഷ്ടപ്പെ‌ട്ടത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ്. രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തതാകട്ടെ ദിലീഷ് പോത്തനും. പറഞ്ഞുവന്നത് മറ്റൊന്നുമല്ല ഈ സുന്ദരികളായ യുവനടിമാരായിരുന്നു ഇത്തവണത്തെ ഒന്നും ഒന്നും മൂന്നിലെ അതിഥികൾ. 

മഹേഷിന്റെ പ്രതികാരത്തിൽ താൻതന്നെ പാടി അഭിനയിച്ച 'മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അപർണ വേദിയിലേക്കെത്തിയത്. ഗായികയാകുമെന്നു കരുതിയിരുന്നുവെങ്കിലും ഒരിക്കലും നായികയാവില്ലെന്നാണു കരുതിയിരുന്നതെന്ന ആമുഖത്തോടെയാണ് അപർണ ആരംഭിച്ചത്. അച്ഛനും അമ്മയും ഗായകരായതിനാൽ ചെറുപ്പംതൊട്ടേ പാട്ടിനോടായിരുന്നു കൂടുതൽ പ്രിയമെന്നു പറയുന്നു അപർണ. 

നിമിഷ സജയന് കുട്ടിക്കാലം തൊട്ടേ അഭിനയം പാഷനായിരുന്നുവെന്നു പറയുന്നു. അതുകൊണ്ടുമാത്രമാണ് ബോംബെയിൽ നിന്നും ഇപ്പോൾ കൊച്ചിയിൽ സ്ഥിര താമസമാക്കിയിരിക്കുന്നതും. അഭിനയം മാത്രമല്ല കക്ഷിക്കു വശമുള്ളത്, തൈക്കോണ്ടോയിൽ ഇന്റർനാഷണൽ ബ്ലാക്ബെൽറ്റ് കൂടിയാണ് നിമിഷ. സിനിമയിൽ നല്ലൊരു ആക്ഷൻ റോൾ ചെയ്യണമെന്നതാണ് നിമിഷ കാത്തുകാത്തിരിക്കുന്നൊരു സ്വപ്നം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam