Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ വിട്ടിട്ടില്ല, സീരിയലുകളിൽ സജീവമായെന്നേ ഉള്ളൂ'

ഷഫ്ന ഷഫ്ന

1998ൽ, ശ്രീനിവാസൻ സംവിധാനം ചെയ്ത "ചിന്താവിഷ്ടയായ ശ്യാമള" എന്ന സിനിമയിൽ ബാലതാരമായാണ് ഷഫ്ന അഭിനയജീവിതം തുടങ്ങുന്നത്. അതേ വർഷം സിബിമലയിലിന്റെ "പ്രണയവർണങ്ങൾ" എന്ന സിനിമയിലും ബാലതാരമായ ഷഫ്ന, പഠനാർഥം അഭിനയത്തിനു കൊടുത്ത നീണ്ട ഇടവേളയ്ക്ക് ശേഷം 2007ൽ "കഥ പറയുമ്പോൾ" എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷം ചെയ്തുകൊണ്ട് സിനിമയിലേയ്ക്ക് തിരിച്ചെത്തി ഇപ്പോൾ സീരിയലുകളിൽ സജീവമാണ്. ഇത്തവണ മികച്ച സീരിയൽ നായികയ്ക്ക് ഉള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഷഫ്ന മനോരമ ഓൺലൈനുമായി മനസ്സ് പങ്ക് വെക്കുന്നു.

ഷഫ്ന ഷഫ്ന

സ്റ്റേറ്റ് അവാർഡിന്റെ നിറവിലാണ് ഷഫ്ന ഇപ്പോൾ.എന്ത് പറയുന്നു?

സഹയാത്രിക എന്ന സീരിയലിലെ അഭിനയത്തിനാണ് സ്റ്റേറ്റ് അവാർഡ് കിട്ടിയത്. അത് ചെയ്തിട്ട് കുറച്ചു നാളായി. അത്കൊണ്ട് തന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവാർഡ് ആയിരുന്നു ഇത്. അതിൽ സന്തോഷമുണ്ട്. സ്റ്റേറ്റ് അവാർഡിന്റെ ഫങ്‌ഷൻ ഇപ്പോ കഴിഞ്ഞു തിരുവനന്തപുരത്ത് 22നായിരുന്നു. അവാർഡ് സ്വീകരിച്ചു.

ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന നോക്കെത്താ ദൂരത്ത് എന്ന സീരിയലിനെ പറ്റി?

ഇത് ഹീറോ ഓറിയന്റഡ് ആയിട്ട് പോകുന്ന ഒരു സീരിയൽ ആണ്‌. നായകന്റെ ജീവിതത്തിൽ തുല്യപ്രാധാന്യത്തോടെ നിൽക്കുന്ന രണ്ട് പെൺകുട്ടികളുടെ ജീവിതവും അത് നായകനുമായി ബന്ധപ്പെട്ട് കിടക്കുന്നതുമൊക്കെയായിട്ടു പോകുന്ന ഒരു കഥയാണ്. എന്റെ കഥാപാത്രത്തിന്റെ പേര് അശ്വതി എന്നാണ്. അഗ്രഹാരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി ആണ്. പക്ഷെ പലരുടെയും പദ്ധതി അനുസരിച്ച് ഞാൻ സുഹറ എന്നു പേരു മാറ്റി ഞാൻ ദുബൈയിൽ പോയി അവിടെ ഒരു ട്രാപ്പിൽ പെട്ട് അവിടന്ന് രക്ഷപെട്ടു വരുമ്പോൾ ഈ നായകന്റെ കൈയില് വന്നു പെടുകയും അവനെന്നെ രക്ഷിക്കുകയും തുടർന്ന് നാട്ടിലോട്ട് കൊണ്ട് വരികയും ചെയുന്നു. അവിടം തൊട്ട് രണ്ടാളുടെയും ജീവിതം പ്രതീക്ഷിക്കാത്ത തരത്തിൽ മാറുകയാണ്. പക്ഷേ ഇത് വരെയും അവര് രണ്ട് പേരും നല്ല സുഹൃത്തുക്കളായി മാത്രം പോകുന്ന രീതിയിൽ ആണ് കഥ.

ഷഫ്ന ഷഫ്ന

സിനിമയിലെ അഭിനയം വിട്ട് സീരിയലിലേക്ക്‌ പൂർണ്ണമായും മാറിയോ?

ഇല്ല. നല്ല സിനിമ വരുവാണെങ്കിലും നല്ല കഥാപാത്രങ്ങൾ വരുകയാണെങ്കിലും ചെയ്യും.

സിനിമയിൽ നിന്ന് സീരിയലിലേക്കുള്ള മാറ്റം എങ്ങനെ സംഭവിച്ചു?

കഥപറയുമ്പോൾ കഴിഞ്ഞ സമയം തൊട്ട് എനിക്ക്‌ സീരിയലുകളിലേക്ക് വിളി വരുന്നുണ്ടായിരുന്നു. പക്ഷെ അപ്പൊ പഠിത്തവും അത് പോലെ തന്നെ മറ്റു ഫിലിംസ് ഒക്കെ ആയി തിരക്കായത് കൊണ്ട് ഞാൻ അപ്പൊ സീരിയലുകൾ ചെയ്തില്ല. പിന്നീട് കല്യാണം കഴിഞ്ഞു ഞാൻ ഒരു വർഷം ബ്രേക്ക് എടുത്ത സമയത് സിനിമകൾ വരുന്നുണ്ടെങ്കിലും കുറവായിരുന്നു. അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് സുന്ദരിയുടെ ടീം എന്നെ ഇങ്ങനെ വിളിക്കുന്നത്. സുന്ദരി ആണെന്റെ ആദ്യ സീരിയൽ. പക്ഷെ ഞാൻ ഇപ്പൊ സീരിയൽ ചെയ്യുന്നില്ല എന്നുള്ള രീതിയിൽ അത് വേണ്ടാ എന്നു വെച്ചു. പക്ഷെ പിന്നീട് അത് തന്നെ വീണ്ടും തിരഞ്ഞെടുത്തു. അങ്ങനെയാണ് സീരിയലിലെക്ക്‌ വരുന്നത്.

ശ്രീനിവാസന്റെ മകളായി ബിഗ്സ്ക്രീനിൽ തിളങ്ങിയ ഷഫ്നയെ കുറിച്ച് പറയാമോ?

ശ്രീനിയങ്കിളിന്റെ മകളായി മൂന്നു സിനിമകൾ ചെയ്തു. ചിന്താവിഷ്ട ശ്യാമള ആയിരുന്നു അദ്ദേഹത്തോടൊപ്പം ഉള്ള ആദ്യ സിനിമ.അത് പ്രണയ വർണ്ണങ്ങൾ ചെയ്ത് കഴിഞ്ഞു ഉടൻ തന്നെ ചെയ്ത ഒന്നായിരുന്നു. അതിനു ശേഷം ബാലതാരമായി കുറെ ചെയ്‌തു. പിന്നെ പഠിത്തത്തിലേക്ക്‌ തിരിഞ്ഞു. പ്ലസ്‌ടുവിൽ പഠിക്കുമ്പോഴാണ് കഥ പറയുമ്പോളിലേക്ക് അവസരം വരുന്നത്. അത് ഞങ്ങളുടെ ഒരു കോമൺ ഫാമിലി ഫ്രണ്ട് വഴി ആണ് വരുന്നത്. അന്ന് ആദ്യം കുറച്ചു ഒഴിഞ്ഞു മാറി എങ്കിലും അത് തിരഞ്ഞെടുത്തു പിന്നെ. ശ്രീനിയങ്കിളിന്റെ ഭാര്യയാണ് എന്നെ ആ കഥാപാത്രത്തിനായി അന്ന് നിർദ്ദേശിച്ചത്. അതിനു ശേഷം ആത്മകഥ എന്ന സിനിമയിൽ ശ്രീനിയങ്കിളിന്റെ മകളായി വീണ്ടും അഭിനയിച്ചു.

പ്രേക്ഷകരിൽ നിന്നു സീരിയൽ അഭിനയത്തിന് ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച്?

വീട്ടിലുള്ള ഓടിയൻസ് ആണ് സീരിയലിന് ഉള്ളത്.. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ എണ്ണം കൂടുത്തലാണ്. കുടുംബ പ്രേക്ഷകർ എല്ലാം തന്നെ സീരിയൽ കണ്ടിട്ട് കുറെ വന്നു സംസാരിക്കാറുണ്ട്. മാത്രമല്ല, അവർ നമ്മളെ അവരുടെ വീട്ടിലെ ഒരു കുട്ടിയെ പോലെ സ്നേഹത്തോടെ സമീപിക്കുന്നുണ്ട് എപ്പോഴും.

shafna ഷഫ്നയും സജിനും

കുടുംബ പിന്തുണ എത്തരത്തിലാണ്?

എന്റെ കുടുംബം ആണേലും ഭർത്താവിന്റെ കുടുംബം ആണെങ്കിലും നല്ല സപ്പോർട്ട് ആണ്. പിന്നെ ഭർത്താവ് സജിനും ഞാനും പ്ലസ് ടു സിനിമയിൽ ഒരുമിച്ചഭിനയിക്കുമ്പോൾ ആണ് കാണുന്നതും ഇഷ്ടമാകുന്നതും. അത് കൊണ്ട് തന്നെ ആൾക്ക് എന്നെ അംഗീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സാധിക്കും. കാരണം ആളും കലാകാരൻ ആണല്ലോ. അത് കൊണ്ട് തന്നെ സന്തോഷമായി പോകുന്നു.

Read More on Life Style Magazine