ബോളിവുഡ് താരറാണികളെ വിവാഹദിനത്തിൽ അതിസുന്ദരികളാക്കുന്നത്?

അസിൻ, ബിപാഷ ബസു, സാഗരിക, വിദ്യാ ബാലൻ എന്നിവർ സബ്യാസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍

ബോളിവുഡ് എന്നും യുവതലമുറയ്ക്ക് ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ്. എതു ഫാഷനും സ്റ്റൈലും നമ്മളില്‍ പലരും കണ്ടുപിടിക്കുന്നതും പഠിക്കുന്നതും ഫോളോ ചെയ്യുന്നതുമെല്ലാം ബോളിവുഡിന്‍റേതാണ്. എന്നാല്‍ ആ ബോളിവുഡിനെപ്പോലും തന്‍റെ മാസ്മരിക കരവിരുതുകൊണ്ട് കൈപ്പിടിയില്‍ ആക്കിയ ഒരു പ്രതിഭയുണ്ട്, സബ്യാസാചി എന്ന ഫാഷന്‍ ഡിസൈനര്‍ ആണത്.

സബ്യസാചി മുഖർജി

ബിടൗണിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനറാണ് ബംഗാളില്‍ നിന്നുള്ള സബ്യസാചി മുഖര്‍ജി. ബിടൗണിന്‍റെ എന്നുപറയുമ്പോള്‍ പ്രത്യേകിച്ചു താരറാണിമാരുടെ എന്നുതന്നെ പറയണം. കാരണം ഒരു ഡിസൈനര്‍ ഡ്രസെങ്കിലും സബ്യാസാച്ചി ലേബലില്‍ ഉള്ളതു വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഇന്ന് ബോളിവുഡിലുള്ളത്. 

ഇന്നു വാര്‍ത്തകളിലൊക്കെ താരം അനുഷ്കയാണല്ലോ. വിരാടുമായുള്ള വിവാഹം സീക്രട്ടായിരുന്നെങ്കിലും ലോകം മുഴുവന്‍ അു കൊണ്ടാടിക്കൊണ്ടിരിക്കുകയാണ്. അനുഷ്ക മാത്രമല്ല ബോളിവുഡിന്‍റെ താരറാണിമാരുടെ വിവാഹവസ്ത്ര സങ്കല്‍പ്പങ്ങളില്‍ എല്ലം തന്നെ നിറഞ്ഞുനില്‍ക്കുന്നത് സബ്യാസാചി എന്ന പേരുമാത്രമായിരിക്കും. വിവാഹദിനത്തിൽ ബോളിവുഡ് സുന്ദരിമാരെ തന്റെ ഡിസൈനുകളിലൂടെ അതിസുന്ദരികളാക്കുന്നതിന്റെ ക്രെഡിറ്റ് സബ്യസാചിക്കുള്ളതാണ്.

അനുഷ്കയും വിരാടും എൻഗേജ്മെന്റ്– വിവാഹ ചടങ്ങുകൾക്കിടെ

അനുഷ്കയും ഒരു സബ്യാസാചി ഫാനാണ് എന്നുപറയുന്നതില്‍ തെറ്റൊന്നും ഇല്ല. വിവാഹത്തിന് അനുഷ്ക ധരിച്ചത് സബ്യാസാചി ഒരുക്കിയ മനോഹരമായ ലഹംഗയായിരുന്നു. ബ്ലഷ് പിങ്ക് നിറത്തിലെ ലഹംഗയില്‍ അതിസുന്ദരിയായിരുന്നു അനുഷ്ക. വിവാഹതലേന്നു നടന്ന മെഹന്തി എന്ന ചടങ്ങിന് ഇളം പിങ്ക് നിറത്തിലുള്ള ലഹംഗയും അന്നേ ദിവസം തന്നെ നടന്ന വിവാഹനിശ്ചയത്തിന് അനുഷ്ക ധരിച്ച ഖല്‍കണ്ട് ബര്‍ഗണ്ഡി നിറത്തിലുള്ള വെല്‍വെറ്റ് സാരിയും സബ്യാസാചിയുടെ കരവിരുതില്‍ വിരിഞ്ഞവയായിരുന്നു. 

സഹീർ ഖാനും സാഗരികയും വിവാഹദിനത്തില്‍

ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ടു നാളേറെയായല്ലോ. വിരുഷ്ക സ്വന്തം വിവാഹം രഹസ്യവും എന്നാല്‍ അതിഗംഭീരവുമാക്കി നടത്തിയപ്പോള്‍ കേവലം രജിസ്റ്റര്‍ മാരേജിലൂടെ ചരിത്രം സൃഷ്ടിച്ച ജോഡിയാണ് സഹീര്‍ ഖാന്‍- സാഗരിക ഗാഡ്ഖെ. 

സാഗരികയും തന്‍റെ വിവാഹത്തിനായി സബ്യാസാചിയുടെ മാജിക് ബോക്സില്‍ നിന്നുതന്നെയാണ് ഡ്രസ് സെലക്ട് ചെയ്തത്. റിസപ്ഷനായി സാഗരിക ധരിച്ചത് സര്‍ദോസി എബ്രോയ്ഡറി ചെയ്ത ബനാറസി ലഹംഗയായിരുന്നു. ഒപ്പം അതിനു മാച്ച് ചെയ്യുന്ന മഹേശ്വരി ദുപ്പട്ടയും. 

ബിപാഷ ബസു വിവാഹ ദിനത്തിൽ

ബിപാഷ ബസുവാണ് ഫാന്‍ ക്ലബിലെ അടുത്ത മെമ്പര്‍. ബിപാഷയ്ക്കായി സബ്യാസാച്ചി സ്വര്‍ണ്ണവര്‍ണ്ണത്തിലും ചുവപ്പിലും  അതിമനോഹരമായ ലഹംഗയായിരുന്നു ഒരുക്കിയത്. 

മലയാളികളുടെ സ്വന്തം അസിനാണ് ഈ നിരയില്‍ അടുത്തത്. രാഹുല്‍ ശര്‍മ്മയുമായുള്ള പ്രണയസാഫല്യം വിവാഹത്തിലെത്തിയപ്പോള്‍ അസിനും സബ്യാസാചി അണിയിച്ചൊരുക്കിയ ബീജ് നിറത്തിലുള്ള ലഹംഗയായിരുന്നു തെരഞ്ഞെടുത്തത്. 

വിദ്യാ ബാലനും അസിനും വിവാഹ ദിനത്തിൽ

വിദ്യാബാലനു വിവാഹത്തിനായി 18 ഓളം സാരികളാണ് ഇദ്ദേഹം ഡിസൈന്‍ ചെയ്തത്. റാണി മുഖര്‍ജി, ശ്രീദേവി, ഐശ്വര്യ റായ് ബച്ചന്‍, കരീന കപൂര്‍, ശ്രദ്ധ കപൂര്‍ തുടങ്ങി ഹിന്ദി സിനിമാതാരങ്ങളുടെയെല്ലാം വാഡ്റോബില്‍ ഒരു സബ്യാസാചി ബ്രാന്‍ഡ് ഡ്രസ് എങ്കിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam