നിവിൻ പോളിയെ ഇങ്ങനെ ഭംഗി കെടുത്തിയ ആ കോസ്റ്റ്യൂം ഡിസൈനർ ആരാണ് ?

‘ഹേയ് ജൂഡി’ല്‍ നിവിനും തൃഷയും

കഴുത്തുവരെ മൂടി ബട്ടൺ അപ് ചെയ്ത, ചുളിവു വീണ, ബ്ലൂ, ഗ്രേ ഷർട്ടുകൾ, ലൂസ് ഫിറ്റ് ആയ നീളം കുറഞ്ഞ ട്രൗസർ, ഭംഗിയുള്ള കണ്ണുകൾ മൂടിക്കളയുന്ന ബോറൻ കണ്ണട –  സുന്ദരനും സുമുഖനും സർവോപരി ആരാധകരുടെ ഹൃദയത്തുടിപ്പുമായ നിവിൻ പോളിയെ ഇതുപോലെ ഭംഗി കെടുത്തിയ ആ കോസ്റ്റ്യൂം ഡിസൈനർ  ആരാണ് ? ഈ കേസിലെ പ്രതി സഖി എൽസ തോമസിനെ  മുങ്ങിത്തപ്പേണ്ടി വന്നെങ്കിലും കണ്ടെടുത്തത് കൊച്ചിയിൽ നിന്ന്. 

ശ്യാമപ്രസാദ് ചിത്രം ‘ഹേയ് ജൂഡി’ലെ കോസ്റ്റ്യൂം  ഡിസൈനർ സഖി എൽസയോട്  പത്തു മിനിറ്റു സംസാരിച്ചാൽ  അസ്പെർഗേഴ്സ്  സിൻഡ്രോമിനെക്കുറിച്ചു  തിസീസ് എഴുതാനുള്ളത്രയും കാര്യങ്ങളാവും പറയുക. കഥാപാത്രങ്ങൾക്കു ചേരുന്ന വസ്ത്രങ്ങൾക്കു വേണ്ടി ആഴത്തിലുള്ള പഠനം നടത്തിയതാണു സഖി. അതു സംസാരത്തിലും  നിറയുമ്പോൾ, മടുപ്പിക്കുന്നെങ്കിൽ  പറയണേ, എന്ന മുൻകൂർ ജാമ്യത്തോടെ ജൂഡിനെയും ക്രിസ്റ്റലിനെയും ഒരുക്കിയതിന്റെ വിശേഷങ്ങള്‍ സഖി പങ്കുവയ്ക്കുന്നു.

പേടിയുണ്ടായിരുന്നു !

നിവിന് ആരാധകരേറെയുള്ളതാണ്. ഇതുവരെ കണ്ടുപരിചയിച്ച  കഥാപാത്രമല്ല ഹേയ് ജൂഡിലേത്. അത്തരമൊരു രൂപമാറ്റം വരുമ്പോൾ സുമുഖനായി മാത്രം നിവിനെ കണ്ടുപരിചയിച്ച ആരാധകർക്ക് ഇഷ്ടമാകുമോയെന്ന  പേടിയുണ്ടായിരുന്നു.

‘ഹേയ് ജൂഡി’ലെ കോസ്റ്റ്യൂം ഡിസൈനർ സഖി എൽസ

കഥാപാത്രങ്ങളുടെ  വസ്ത്രം

ഓട്ടിസത്തോടു സാമ്യമുള്ള അസ്പെർഗേഴ്സ് സിൻഡ്രോമുള്ളയാളാണു  ജൂഡ്. അതിനെക്കുറിച്ച് വിശദമായ റിസർച്ച് നടത്തിയാണു വസ്ത്രങ്ങളും സ്റ്റൈലിങ്ങും തീരുമാനിച്ചത്. കാരണം അത്തരം ഡീറ്റെയ്‌ലിങ് വസ്ത്രത്തിൽ ആവശ്യമായി വരും. വിദേശത്ത് ഇവർക്കായി ഒട്ടേറെ സെൽഫ് ഹെൽപ് ഗ്രൂപ്പുകളും ബ്ലോഗുകളും ഉണ്ട്. അതു വഴി ആവശ്യമുള്ള വിവരങ്ങൾ സംഘടിപ്പിച്ചു. 

വസ്ത്രത്തിലും പെരുമാറ്റത്തിനും  അവർക്കു പ്രത്യേകമായ തിരഞ്ഞെടുപ്പുകളുണ്ട്. പൊതുവെ പൊതിഞ്ഞു മൂടിയ തരത്തിലുള്ള  വസ്ത്രങ്ങളാണ് അവർ‌ ധരിക്കുക. കാരണം  സോഷ്യൽ സ്കിൽസ് കുറവാണ് ഇവർക്ക്. അവരുടേതായ ലോകത്ത് ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളരുടെ കണ്ണിൽ നോക്കി സംസാരിക്കാനാകില്ല. ആ ക്യാപ്സൂളിങ് വസ്ത്രത്തിൽ കൊണ്ടുവന്നു. കണ്ണട ഉപയോഗിച്ചതും അങ്ങനെയാണ്. 

അടുക്കും ചിട്ടയും ഇഷ്ടമല്ല. അതുകൊണ്ടു തന്നെ തേച്ചു വൃത്തിയാക്കിയ ഷര്‍ട്ട് ധരിക്കില്ല. അതുപോലെ  ചില പ്രത്യേക പാറ്റേണുകളും പ്രിന്റുകളുമാകും  അവർക്കിഷ്ടം. ഇഷ്ടമുള്ള വസ്ത്രം പഴകിയാൽ പോലും ഉപേക്ഷിക്കില്ല, സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇവരുടെ വസ്ത്രധാരണത്തിനു കൃത്യമായ പാറ്റേൺ പോലും കണ്ടെത്താം. ഇതെല്ലാം നിവിന്റെ വസ്ത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ത്രിഷ

ത്രിഷയെ സ്റ്റൈൽ ചെയ്യാൻ പ്രയാസമില്ല. Her figure is a total plus. ഏതൊരു ഡിസൈനർക്കും പെർഫെക്ട് കാൻവാസാണ്  അവർ. ഏതു വസ്ത്രവും ഏറ്റവും മനോഹരമായി ധരിക്കാൻ തൃഷയ്ക്കു കഴിയും.

ഗോവൻ മലയാളിപ്പെൺകുട്ടിക്കു ചേരുന്ന വിധം ബോഹോ ബേസ്ഡ് സ്റ്റൈലിങ്. കെയർ ഫ്രീ ഗേൾ ആയതിനാൽ മിനിമൽ ആക്സസറീസ്. ചില സീനുകളിൽ സിംപിൾ സിൽവർ ജ്വല്ലറി ഉപയോഗിച്ചു. ബൈ പോളാർ സ്വഭാവ സവിശേഷതകൾ ഉള്ളതിനാൽ ഹാപ്പി, ഡൾ മൂഡ് മാറി വരും. ഇതു വസ്ത്രത്തിന്റെയും നിറത്തിന്റെയും തിരഞ്ഞെ‌ടുപ്പുകളിൽ ചേർത്തു. ലോങ് ഡ്രസസ്, സ്ട്രാപ് ടോപ്സ്, ഫ്രിൽഡ്, റഫിൾഡ് ടോപ്സ്, ലേസ് & ക്രോഷെ, ഡെനിം ഷോർട്സ്, ജംപ് സ്യൂട്ട്സ് എന്നിവയാണ് സ്റ്റൈൽ സ്റ്റേറ്റ്മെന്റ്. ഷ്രഗ്സ്, ബാന്ദനാസ്, സ്കാർഫ്സ്, ടംഫ്രൈസ്, ഷർട്സ് എന്നിവ ലെയറിങ്ങിനും ഉപയോഗിച്ചു. കാഷ്വൽ ലേസ് ഷൂസ് ആണ് മറ്റൊരു പ്രധാന ആക്സസറി.

ഹേയ് ജൂഡിൽ തൃഷയും നിവിൻ പോളിയും

നിവിൻ

നിവിൻ പോളിയുടെ വസ്ത്രങ്ങൾ ഡിഗ്ലാമറൈസ് ചെയ്ത് ഒരുക്കിയതിന്റ െടൻഷൻ ഉണ്ടായിരുന്നു. പക്ഷേ നിവിൻ അതു കൂളായി കൈകാര്യം ചെയ്തു. നിവിന്റെ പെർഫോമൻസിനൊപ്പം കഥാപാത്രത്തിനു മാത്രമല്ല   വസ്ത്രങ്ങൾക്കും ജീവൻ കിട്ടി.  Odd feeling വന്നതേയില്ല.

സിഗ്നേച്ചർ സ്റ്റൈലിങ്

ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്കും സിഗ്നേച്ചർ സ്റ്റൈലിങ് നൽകി. സിദ്ദിഖും  നീന കുറുപ്പും വിജയ് മേനോനും  ധരിക്കുന്ന വസ്ത്രങ്ങൾക്കു കഥാപാത്രങ്ങളുടെ  സ്വഭാവമാണ്. ചിത്രത്തിൽ സിദ്ധിഖ് വീട്ടിൽ ഉപയോഗിക്കുന്നതു സാധാരണ വസ്ത്രമാണെങ്കിൽ  അദ്ദേഹം ക്യൂരിയോസ് ഷോപ്പിൽ ധരിക്കുന്നത് വ്യത്യസ്തമായ ‘ഗവ്ബേര (Guaybera) ഷർട്സ് ആണ്. ചെറിയ പ്ലീറ്റ്സും എംബ്രോയ്ഡറിയും വരുന്ന മെക്സിക്കൻ ഷർട്ട് ആണിത്. 

18 സിനിമകൾ

2004 ൽ ഡൽഹി നിഫ്റ്റിൽ (NIFT) നിന്നു പാസ് ഔട്ട് ആയ ശേഷം  കുറച്ചുകാലം  അരവിന്ദ് മിൽസിൽ ഡിസൈൻ മാനേജരായി ജോലി ചെയ്തു. പിന്നീട് കേരളത്തിലെത്തി  ടെലിവിഷൻ മേഖലയിൽ. 2009–2010ൽ ആദ്യ ചിത്രം– കേരള കഫെയിലെ ഓഫ് സീസൺ. സെക്കൻഡ് ഷോ, തൽസമയം ഒരു പെൺകുട്ടി, അരികെ, കളിയച്ഛൻ, 3 ഡോട്സ്, വെള്ളിമൂങ്ങ, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങി ഹേയ് ജൂഡ് വരെ 18 ചിത്രങ്ങൾ.

5 ശ്യാമപ്രസാദ് ചിത്രങ്ങൾ

ടെലിവിഷൻ രംഗത്തുള്ള പരിചയത്തെ തുടർന്നാണ് ആദ്യത്തെ ശ്യാമപ്രസാദ് ചിത്രം ചെയ്യുന്നത് – ഓഫ് സീസൺ. പിന്നീട് ഇലക്ട്ര, അരികെ, ആർടിസ്റ്റ്, ഹേയ് ജൂ‍ഡ് അങ്ങനെ അഞ്ചു ചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം ജോലി ചെയ്തു.  നമ്മുടെ കഴിവിനെ, അഭിരുചിയെ  ഇഷ്ടപ്പെടുന്ന, അംഗീകരിക്കുന്ന സംവിധായകനൊപ്പം ജോലി ചെയ്യാനാകുക അനുഗ്രഹമാണ്.

കരിയർ

കണ്ണൂർ നിഫ്റ്റിലെ വിസിറ്റിങ് ഫാക്കൽറ്റിയാണ്. ഐഎഫ്ടികെ കോഴ്സ് കോര്‍ഡിനേറ്ററും  സീനിയർ ഫാക്കൽറ്റിയുമാണ്. അധ്യാപനം ഇഷ്ടമേഖലയാണ്. സിനിമാ കോസ്റ്റ്യൂം ഡിസൈനിങ്ങിനൊപ്പം സമ്പന്ന (Sampanna) എന്ന സ്വന്തം ബ്രാൻഡിന്റെ ജോലിത്തിരക്കുമുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam