മാണിക്യമലരായ മമ്മൂട്ടി! അങ്കിളിൽ എത്തുക അഡാർ ലുക്കിൽ

അങ്കിൾ സിനിമയിൽ മമ്മൂട്ടി

ആയിരങ്ങളാണ് വയനാട്ടിലെ അങ്കിൾ സിനിമയുടെ ലൊക്കേഷനിലേക്ക് അന്ന് ഒഴുകിയെത്തിയത്. കാരവാനിൽ നിന്ന് മമ്മൂട്ടി ക്രീം കളർ ഷർട്ടിലും മുണ്ടിലും സോൾട്ട് ആൻഡ് പെപ്പർ ലുക്കുമായി ഇറങ്ങി വന്നപ്പോൾ എല്ലാ കണ്ണുകളും അങ്ങോട്ടേക്കു നീണ്ടു. ആവേശത്തിന്റെ തിര തള്ളൽ, കരഘോഷങ്ങൾ. തികച്ചും വ്യത്യസ്തമായൊരു മുഖമാണ് ജോയ് മാത്യു തിരക്കഥയെഴുതി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന ചിത്രത്തിൽ മെഗാതാരം മമ്മൂട്ടിക്ക്. 

ചിത്രത്തിൽ യഥാർഥത്തിൽ അങ്കിൾ ആരാണ്? മമ്മൂക്ക നെഗറ്റീവ് കഥാപാത്രമാണോ.. ഫെയ്‌സ്‌ബുക്കിൽ അങ്കിൾ സിനിമയുടെ പേജിലെ ചിത്രങ്ങൾക്കു താഴെ ആവേശം മൂത്ത ചോദ്യങ്ങൾ അനവധി. സംവിധായകൻ ഗിരീഷ് ദാമോദർ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച്  :

"മധ്യവസ്കനായ കഥാപാത്രമാണ് അങ്കിളിൽ മമ്മൂട്ടി. ഏറെക്കാലത്തിനു ശേഷമാകും അദ്ദേഹത്തെ ഇങ്ങനെയൊരു വേഷത്തിൽ ആരാധകർ കാണാൻ പോകുന്നത്. ജോയ് മാത്യുവിന്റെ കഥാപാത്രത്തിന്റെ സുഹൃത്താണ് മമ്മൂട്ടി. കൃഷ്ണകുമാർ എന്നാണ് പേര്. കെ കെ എന്നു വിളിക്കും.

സംവിധായകൻ ഗിരീഷ് ദാമോദറിനൊപ്പം മമ്മൂട്ടി

സോൾട്ട് ആൻഡ് പെപ്പർ വേഷത്തിലാണ് അങ്കിളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. വേഷത്തിലോ സ്റ്റൈലിങ്ങിലോ യാതൊരു അഭിപ്രായവും അദ്ദേഹം പറഞ്ഞില്ല. അഭിജിത്ത് ആണ് അദ്ദേഹത്തിനു വസ്ത്രാലങ്കാരം ചെയ്തത്. നേരത്തെ തിരക്കഥാകൃത്തുൾപ്പെടെ എല്ലാവരും കൂടി ആലോചിച്ച വേഷവിധാനമാണ് അദ്ദേഹത്തിനു നൽകിയത്. ഊട്ടിയിൽനിന്നു കോഴിക്കോട് വരെയുള്ള ഒരു യാത്രയാണ് സിനിമ. ലൊക്കേഷൻ ഊട്ടിയും വയനാടുമൊക്കെ ആയതിനാൽ തന്നെ സാധാരണ വസ്ത്രത്തിനൊപ്പം സ്കാർഫും അദ്ദേഹത്തിനു നൽകിയിരുന്നു, അത് വളരെ വ്യത്യസ്തമായൊരു ലുക്ക് മമ്മൂക്കയ്ക്കു നൽകിയെന്നു തോന്നുന്നു.

സമകാലിക പ്രാധാന്യമുള്ള വിഷയമാണ് അങ്കിൾ കൈകാര്യം ചെയ്യുന്നത്. മമ്മൂക്കയുടെ റോൾ തന്നെയാണ് ഇതിൽ പ്രാധാന്യത്തോടെ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വേഷം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നത് സിനിമ കാണുന്ന പ്രേക്ഷകന്റെ കാഴ്ചപ്പാടിനനുസരിച്ചാകുമെന്നാണ് ഇപ്പൊ പറയാനുള്ളത്. കാരണം ഓരോരുത്തരും മുന്നിൽ കാണുന്ന ആളെ വിലയിരുത്തുന്നത് വ്യത്യസ്തമായിട്ടാണല്ലോ. അതുകൊണ്ട് തൽക്കാലം എല്ലാം സസ്പെൻസിൽ തന്നെ ഇരിക്കട്ടെ!

ജോയ് മാത്യുവിനും സരിത ആൻ തോമസിനുമൊപ്പം മമ്മൂട്ടി

ജോയ് മാത്യു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളുമൊത്ത് ഊട്ടി മുതൽ കോഴിക്കോട് വരെ നീളുന്ന യാത്രയാണ് ഇത്. ഊട്ടിയും വയനാടുമായിരുന്നു മമ്മൂക്ക ഉണ്ടായിരുന്ന പ്രധാന ലൊക്കേഷനുകൾ. ഞാൻ അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്, എന്നാലും ആദ്യമായി അദ്ദേഹത്തെ പോലെയൊരാളെ വച്ച് സിനിമ ചെയ്യുമ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷേ വളരെ കൂൾ ആണ് മമ്മൂക്ക. ഒരു കാര്യത്തിലും ബുദ്ധിമുട്ടിച്ചതുമില്ല, അദ്ദേഹം വരുന്നതിനു മുൻപുതന്നെ സെറ്റൊക്കെ തയ്യാറായിരുന്നു. അദ്ദേഹം ആ കംഫർട്ട് തിരിച്ചു നമുക്കും തന്നിരുന്നു. 

ഈയടുത്തിറങ്ങിയ മമ്മൂക്കയുടെ സിനിമകൾ നോക്കിയാൽ അറിയാം, ഇപ്പോൾ റിലീസ് ചെയ്‌തതും ചെയ്യാൻ പോകുന്നതുമൊക്കെ  നവാഗതരായ സംവിധായകർക്കൊപ്പമാണ്.  ഏറ്റവും കൂടുതൽ പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്ത താരം എന്ന പദവിയും ഒരുപക്ഷേ അദ്ദേഹത്തിനായിരിക്കും. "

ഗിരീഷ് ദാമോദർ പറഞ്ഞു നിർത്തുന്നു.

അങ്കിൾ സിനിമയുടെ ലൊക്കേഷനിൽ നിന്ന്

മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, കാർത്തിക മുരളീധരൻ, മുത്തുമണി എന്നിവരും അങ്കിളിൽ അഭിനയിക്കുന്നു. അഴഗപ്പന്റേതാണ് ക്യാമറ. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥയെഴുതുന്ന അങ്കിൾ നിർമിക്കുന്നത് ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനുമാണ് .ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സരിത ആൻ തോമസ്.

നരയുള്ള മുടിയും താടിയുമുള്ള സോൾട്ട് ആൻഡ് പെപ്പർ ലുക്ക് ഇന്ന് മലയാള സിനിമയിൽ ട്രെൻഡ് ആണ്. മോഹൻലാലിന്റെ വില്ലനും ജയറാമിന്റെ അച്ചായൻസുമൊക്കെ ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടുകയും യുവാക്കൾക്കിടയിലും മധ്യവയസ്‌കർക്കിടയിലും തരംഗമാവുകയും ചെയ്തു. അതിനിടയിലേക്കാണ് അഡാർ ലുക്കിൽ ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ വരവ്. അങ്കിൾ ലൊക്കേഷനിലെ പല വാർത്തകളും മമ്മൂക്ക ചിത്രങ്ങളും ആവേശത്തോടെ ഏറ്റെടുത്ത ആരാധകരുടെ ദൃശ്യങ്ങൾ എല്ലാത്തിനും സാക്ഷി. എന്തായാലും മമ്മൂക്കയുടെ പുതിയ ലുക്ക് കാണാൻ ഏപ്രിൽ വരെ കാത്തിരിക്കണം. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പാട്ടുകളുമൊക്കെ ഇറങ്ങുന്നതിനു മുൻപേ ഹിറ്റായ മമ്മൂക്ക സ്റ്റൈൽ ഇപ്പോഴേ അനുകരിക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു!

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam