Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചെയ്ഞ്ചിനു പിന്നിൽ ഒരു കാരണമുണ്ട്: അമൃത സുരേഷ്

Amrutha Suresh അമൃത സുരേഷ്

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു റിയാലിറ്റി ഷോയില്‍ പട്ടു പാവാടയൊക്കെ അണിഞ്ഞ് കണ്ണടയൊക്കെ വച്ചെത്തിയ തീര്‍ത്തും സാധാരണ ലുക്കുള്ളൊരു പെണ്‍കുട്ടിയായിരുന്നു അമൃത സുരേഷ്. വര്‍ഷങ്ങള്‍ക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോള്‍  പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയയാണ്. ഫാഷനില്‍ വന്ന മാറ്റത്തെ കുറിച്ച് അമൃത.

പഴയ അമൃതയില്‍ നിന്ന് പുതിയ അമൃതയിലേക്ക്!

അത് ബോധപൂര്‍വ്വം നടത്തിയൊരു ശ്രമമൊന്നും ആയിരുന്നില്ല. ഞാന്‍ എന്നെ കൂടുതല്‍ അറിയാനും എന്നെ കൂടുതല്‍ സ്‌നേഹിക്കാനും തുടങ്ങിയപ്പോള്‍ ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ കാണുന്ന ലോകം കുറേ കൂടി വലുതായപ്പോള്‍ വന്നുപോയതാണ്. ഞാന്‍ എന്നെ കൂടുതല്‍ സ്‌നേഹിക്കാനും കരുതാനും തുടങ്ങിയപ്പോള്‍, കുറേ കൂടി ആളുകളുടെ മുന്‍പിലേക്കെത്തിയപ്പോള്‍ എനിക്ക് എന്നെ ഏറ്റവും നന്നായി അവതരിപ്പിക്കണം, ഭംഗിയായി നിലനിര്‍ത്തണം എന്നു തോന്നി. അതാണ് ഈ ചെയ്ഞ്ചിനു പിന്നില്‍...

പണ്ടൊക്കെ എനിക്ക് ഫാഷനെ സംബന്ധിച്ച് കുറേ സംശയങ്ങളായിരുന്നു. അതാണ് അന്നൊക്കെ അങ്ങനെ നടന്നിരുന്നത്. എന്തെങ്കിലും വ്യത്യസ്തത പരീക്ഷിക്കാനൊക്കെ ഭയങ്കര ചമ്മല്‍. ആളുകള്‍ എന്തു വിചാരിക്കും എന്ന തോന്നല്‍. പക്ഷേ നമ്മുടെ സൗഹൃദങ്ങളും സംഗീത രംഗത്ത് പരിപാടികളും ഒക്കെയായി കുറേക്കൂടി സജീവമായപ്പോള്‍ ആ തോന്നല്‍ പതിയെ മാറി. കാലക്രമേണെ വന്ന മാറ്റമാണ് എന്നില്‍ കാണുന്നത്. 

amritha-3 നമ്മള്‍ നമുക്കു തന്നെ ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുങ്ങിയാല്‍ നമ്മു‌ടെ ആത്മവിശ്വാസം കൂടും എന്നാണ് എന്‌റെ ഒരു അനുഭവം. ഞാന്‍ നന്നായി ഒരുങ്ങിയിട്ടുണ്ട്...

അമൃതയുടെ ഫാഷന്‍ നിലപാട്!

കോണ്‍ഫിഡന്‍സ് ആണ് ഫാഷന്‍. നമുക്ക് ആത്മവിശ്വാസം തരുന്ന എന്തു വസ്ത്രവും ധരിക്കാം എന്നാണ് എന്‌റെ നിലപാട്. ഞാന്‍ അങ്ങനെയാണ് ചെയ്യാറ്. സാരിയോട് ഒരല്‍പം ഇഷ്ടക്കൂടുതലുണ്ട് എന്നതൊഴിച്ചാല്‍ വേറെ ഒരു വസ്ത്രത്തോടും പ്രത്യേക അടുപ്പമില്ല. കല്യാണത്തിനോ അമ്പലത്തിലോ മറ്റോ പോകുമ്പോള്‍ ചിലപ്പോള്‍ സാഹചര്യങ്ങള്‍ക്കിണങ്ങിയ വസ്ത്രം തിരഞ്ഞെടുക്കാറുണ്ട്. അല്ലാത്തപ്പോള്‍ ഷോകള്‍ക്കൊക്കെ പോകുമ്പോള്‍ മുന്നിലെത്തുന്ന എനിക്കപ്പോൾ ഇഷ്ടം തോന്നുന്ന വസ്ത്രം തിരഞ്ഞെടുക്കാറാണ് പതിവ്.

ഏതാണ് ഇഷ്ട നിറം!

വെള്ള...അതിനോട് പണ്ടു തൊട്ടേ വല്ലാത്ത ക്രേസ് ആണ്. എല്ലാവരും പറയാറില്ലേ പോസിറ്റീവ് എനര്‍ജി തരുന്ന വസ്ത്രമാണ്, സമാധാനത്തിന്‌റെ അടയാളമാണ് എന്നൊക്കെ. എനിക്ക് വെള്ള അതിനും അപ്പുറമാണ്. കയ്യിലുള്ള മിക്ക വസ്ത്രങ്ങളും വെള്ള കലര്‍ന്നതോ അല്ലെങ്കില്‍ തൂവെള്ളയോ ആണ്!

amritha-4 വലിയ ആഗ്രഹമായിരു്ന്നു ഒരു മാഗസിനില്‍ കവര്‍ ഗേളായി എത്തണമെന്നത്. ഒരു ഫോട്ടോ ഷൂട്ട് ചെയ്യണമെന്ന്. അത് രണ്ടും സാധിച്ചു...

ഫാഷനില്‍ ഫോളോ ചെയ്യുന്നത് ആരെയൊക്കെയാണ്!

നന്ദിത ദാസ്, നയന്‍താര, ദീപിക പദുക്കോണ്‍, വലിയ വട്ടപ്പൊട്ടും പ്രത്യേക ഭംഗിയുള്ള സാരിയും അണിഞ്ഞെത്തുന്ന ബോംബെ ജയശ്രീ, പിന്നെ എന്‌റെ അനുജത്തിയും. ഇവരുടെയൊക്കെ ഫാഷനാണ് കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. എനിക്കിഷ്ടമാണ് അവരുടെ ലുക്കും ഫാഷന്‍ സെന്‍സും

ഫാഷന്‌റെ കാര്യത്തില്‍ അനിയത്തിയും മകളും!

മകള്‍ക്ക് അങ്ങനെ ചിന്തിക്കാനുള്ള പ്രായം ആയിട്ടില്ലല്ലോ. ഞാന്‍ അവള്‍ക്ക് എല്ലാത്തരം വസ്ത്രവും വാങ്ങി കൊടുക്കാറുണ്ട്.  എല്ലാത്തരം വ്യത്യസ്തമായ വസ്ത്രങ്ങളും അണിയിക്കാറുണ്ട്. അമ്പലത്തിലൊക്കെ പോകുമ്പോള്‍ പട്ടു പാവാടയാണ് കൂടുതലും ധരിപ്പിക്കാറ്. അവള്‍ക്ക് അറിവുള്ള പ്രായമാകുമ്പോള്‍ ഇഷ്ടമുള്ളത് ഇട്ടോട്ടെ. ഇപ്പോള്‍ എന്‌റെ ഇഷ്ടത്തിനാണ് ആള് നടക്കുന്നത്.

amritha-1 അമൃത സുരേഷ് അനുജത്തി അഭിരാമിയോടൊപ്പം

അനിയത്തി അഭിരാമിയുടെ ഫാഷന്‍ ഞാന്‍ ഫോളോ ചെയ്യാറുണ്ട് എന്നു പറഞ്ഞത് വെറുതെയല്ല. സത്യമാണ്. ഫാഷന്‌റെ കാര്യത്തില്‍ രണ്ടറ്റത്ത് നില്‍ക്കുന്നവരാണ് ഞങ്ങള്‍. അവളുടെ ഫാഷന്‍ സെന്‍സിനു മുന്‍പില്‍ ഞാന്‍ ആരുമല്ലെന്നു തോന്നാറുണ്ട്. അവളാണ് എനിക്ക് ഫാഷനെ സംബന്ധിച്ച് എല്ലാം പറഞ്ഞു തരുന്നത്. വസ്ത്രവും മേക്ക് അപ്പും എല്ലാം അവളുടെ നിര്‍ദ്ദേശത്തിലാണ് മിക്കപ്പോഴും നടക്കുന്നത്. പിന്നെ അമ്മയും. അമ്മയ്ക്കും എന്നേക്കാള്‍ എന്‌റെ കാര്യത്തില്‍ ഫാഷന്‍ സെന്‍സ് ഉണ്ട്. എന്നെ ഫാഷനില്‍ സഹായിക്കുന്നത് അമ്മയും അവളുമാണ്. 

ഏറ്റവും ക്രേസ്!

അങ്ങനെ ഒന്നിനോടുമില്ല. വസ്ത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഒരുപാട് ശ്രദ്ധിക്കാറുണ്ട്. ആക്‌സസറീസിന്‌റെ കാര്യത്തില്‍ അത്രയ്ക്കില്ല. മിക്കപ്പോഴും കമ്മല്‍ ഇടാനൊക്കെ മറന്നു പോകും. അപൂര്‍വ്വം അവസരങ്ങളിലാണ് അത് കൃത്യമായി ഓര്‍ത്തെടുത്ത് ചെയ്യാറുള്ളത്.

amritha-2 അമൃത സുരേഷ് മകളോടൊപ്പം

റാമ്പ് വാക്ക് നടത്തി, ആല്‍ബത്തില്‍ അഭിനയിച്ചു. സിനിമയിലേക്കെത്തുമോ

അതൊന്നും അറിയില്ല. ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നില്ല ഞാന്‍. വലിയ ആഗ്രഹമായിരു്ന്നു ഒരു മാഗസിനില്‍ കവര്‍ ഗേളായി എത്തണമെന്നത്. ഒരു ഫോട്ടോ ഷൂട്ട് ചെയ്യണമെന്ന്. അത് രണ്ടും സാധിച്ചു. ഫോര്‍വേഡ് മാസിനില്‍. അതൊരു വലിയ അനുഭവമായിരുന്നു. തീര്‍ച്ചയായും ഫോട്ടോ ഷൂട്ട് ഇനിയും ഒരുപാട് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഒരിക്കല്‍ പാട്ടു പാടി റാംപ് വാക്ക് ചെയ്തു. അത് ഇനിയും ചെയ്യണമെന്നുണ്ട്. സിനിമയിലേക്ക് മുന്‍പൊരിക്കല്‍ അവസരം കിട്ടിയിരുന്നു. അന്ന് അത് ചെയ്യാനായില്ല. ഇനി അവസരങ്ങള്‍ വന്നാല്‍ സാഹചര്യം പോലെ എല്ലാം നോക്കിയിട്ട് തീരുമാനിക്കും. റാമ്പ് വാക്കും ഫോട്ടോ ഷൂട്ടും എന്നെന്നും പ്രിയപ്പെട്ടതാണ്. 

പാട്ടും ലുക്കും!

നമ്മള്‍ നമുക്കു തന്നെ ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുങ്ങിയാല്‍ നമ്മു‌ടെ ആത്മവിശ്വാസം കൂടും എന്നാണ് എന്‌റെ ഒരു അനുഭവം.  ഞാന്‍ നന്നായി ഒരുങ്ങിയിട്ടുണ്ട്, നല്ല ലുക്കിലാണ് എന്നു തോന്നുന്ന ദിവസങ്ങളില്‍ പാട്ട് നന്നായി പാടിയെന്ന് തോന്നാറുണ്ട്. അത്രേയുള്ളൂ, കാണാന്‍ സുന്ദരിയാണോ അല്ലയോ എന്നുള്ളതല്ല. നമ്മുടെ രൂപത്തിന് ചേരുന്ന വിധത്തില്‍ നമ്മളെ ഭംഗിയായി അവതരിപ്പിക്കുന്നത് നമ്മുടെ ആത്മവിശ്വാസം കൂട്ടും. അതാണല്ലോ എല്ലാത്തിന്റെയും ആധാരം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam