അഭിമുഖം കണ്ട് ഞെട്ടിപ്പോയി, ആ ചിത്രത്തെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല : അനുഷ്ക ശർമ

അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും

സെലിബ്രിറ്റികൾ പറഞ്ഞതും പറയാത്തതുമൊക്കെ വാർത്തയായി വരാറുണ്ട്, എന്നാൽ ചിലരൊക്കെ ഇത്തരം കാര്യങ്ങളെ അവഗണിക്കുമ്പോൾ ചിലർ പ്രതികരിക്കുക തന്നെ ചെയ്യും. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നു വരുന്ന വാർത്തയെ അങ്ങനെ കണ്ണടച്ചു കളയേണ്ട കാര്യമില്ലല്ലോ എന്ന നിലപാടാണ് അനുഷ്ക ശർമയ്ക്കും ഉള്ളത്. അതുകൊണ്ടാണ് ഒരു മാധ്യമത്തിൽ തന്റെ സ്വകാര്യജീവിതം സംബന്ധിച്ച് താൻ പറയാത്ത കാര്യങ്ങൾ വാർത്തയായി വന്നപ്പോൾ അനുഷ്ക ഞെട്ടിയതും അതിനു പരസ്യമായി തന്നെ മറുപടി നൽകിയതും.

ഒരു പ്രമുഖ പ്രാദേശിക പത്രത്തിനെതിരെയാണ് അനുഷ്ക ആരോപണം ഉന്നയിച്ചിരിക്കുന്നത്. അനുഷ്കയുടെയും ഭർത്താവ് വിരാട് കോഹ്‌ലിയുടെയും അഭിമുഖം കെട്ടിച്ചമച്ചതിനെതിരെയാണ് അനുഷ്ക രോഷത്തോടെ പ്രതികരിച്ചിരിക്കുന്നത്. 

അഭിമുഖം കണ്ട് ഞെട്ടിപ്പോയി എന്നാണ് അനുഷ്കയുടെ ട്വീറ്റ്. താൻ ആരോടും സ്വകാര്യജീവിതത്തെക്കുറിച്ച് മനസുതുറന്നിട്ടില്ല. സെലിബ്രിറ്റികളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ജീവിതത്തെയും എത്ര ലാഘവത്തോടെയും അശ്രദ്ധയോടുമാണ് പ്രസ്തുത മാധ്യമം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് അറിയിക്കാനാണ് ഈ ട്വീറ്റെന്നും അനുഷ്ക അറിയിച്ചു.

34 മില്ല്യൺ വ്യൂസ് ലഭിച്ച വിരാട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത 'മൈ വൺ ആൻഡ് ഒൺലി' എന്ന ചിത്രത്തെക്കുറിച്ച് അനുഷ്ക പറയുന്നതായിട്ടാണ് അഭിമുഖം. വ്യക്തിപരമായ കാര്യങ്ങൾ വളരെ സൂഷ്മതയോടുമാത്രം ആരാധകരുമായി പങ്കുവെക്കുന്നവരാണ് അനുഷ്കയും വിരാടും. വിവാഹത്തെക്കുറിച്ച് മാസങ്ങളായി ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നെങ്കിലും അവസാനനിമിഷമാണ് ആരാധകർ അറിയുന്നത്. 

കരൺജോഹർ അവതാരകനായ കോഫീ വിത്ത് കരണിലേക്ക് അനുഷ്കയേയും വിരാടിനെയും ക്ഷണിച്ചിരുന്നുവെങ്കിലും ഇരുവരും സ്നേഹപൂർവ്വം ക്ഷണം നിരസിക്കുകയായിരുന്നു. അത്രയധികം വ്യക്തിജീവിതത്തിലെ സ്വകാര്യതയ്ക്ക് പ്രധാന്യം നൽകുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെയാണ് ഇല്ലാത്ത അഭിമുഖം അച്ചടിച്ചത് അനുഷ്കയെ ചൊടിപ്പിച്ചത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam